അനുപല്ലവി – 6

മറു സൈഡിലൂടെ അമ്മായിയും ഇറങ്ങി..

മുത്തശ്ശിയെ കണ്ടു ഒരു നിമിഷം അമ്മ സ്തബ്ധയായി നിന്നു… പിന്നെ ഓടി വന്നു.. മുത്തശ്ശിയുടെ രണ്ടു കൈകളും പിടിച്ചു…

അമ്മേ…

മോൾ ഈ വൃദ്ധയെ മറന്നു അല്ലേ.. നിറഞ്ഞ മിഴികളുമായി മുത്തശ്ശി ചോദിച്ചു…

ഒരു എങ്ങലോടെ അമ്മ മുത്തശ്ശിയെ കെട്ടിപിടിച്ചു…

ഞാൻ മറന്നതല്ലല്ലോ അമ്മേ… അമ്മയുടെ മറുപടിയിൽ.. എല്ലാം പ്രതിധ്വനിച്ചിരുന്നു.

മുത്തശ്ശിയുടെ വിറയ്ക്കുന്ന കാൽ പദങ്ങൾക്കു കരുത്തേകാൻ അമ്മയുടെ ചേർത്തു പിടിക്കലിന് കഴിഞ്ഞു..മെല്ലെ മുത്തശ്ശിയുമായി അമ്മ ഉള്ളിലേക്കു നടന്നു… കയറി വാ ലക്ഷ്മിയേച്ചി..ഒരടി മുന്നോട്ടു വെച്ചു തിരിഞ്ഞു നിന്നു അമ്മ അമ്മായിയെ നോക്കി വിളിച്ചു, ഒരു ഏട്ടത്തി യോടുള്ള സ്നേഹം ആ വിളിയിൽ ഉണ്ടായിരുന്നു…

വര്ഷങ്ങളുടെ പരിഭവം.. സങ്കടങ്ങൾ.. എപ്പോളൊക്കേയൊ അനുഭവിച്ച നുറുങ്ങു സന്തോഷങ്ങൾ… രണ്ടു കുഞ്ഞുങ്ങളെ ചിറകിനടിയിൽ ചേർത്തു പിടിച്ചു.. പെയ്യാൻ ഒരുങ്ങി നിന്ന ഇരുണ്ട മാനത്തിനടിയിലൂടെ….കാർമേഘം കുടയാക്കി നടന്നു പോയത്… ഒരു മഴക്കാലം മുഴുവൻ ഒരു രാത്രിയിൽ പെയ്തു തീർത്തപ്പോൾ… സ്വയം നനഞ്ഞു.. മക്കളെ നന്നയ്കാതെ ചേർത്തു നിർത്തിയത്…. അമ്മയ്ക്കു പറഞ്ഞു തീർക്കാനുള്ളത് ഒരു ജന്മത്തെ കഥയാണ്… കുറച്ചു സമയം അവരെ മാത്രമായി വിടാം എന്നു തോന്നി… ഉള്ളിലടക്കിയ വിങ്ങലിന്റെ കാർമേഘം പെയ്തു തീർക്കട്ടെ മൂവരും…

അമ്മേ ഇവരിവിടെ നിക്കട്ടെ.. ഞാൻ വൈകുന്നേരം കൊണ്ട് ചെന്നാക്കാം..

അപ്പോ നീ പോവണോ ഇപ്പൊ..

അതെ അമ്മേ ഹോസ്പിറ്റലിൽ പോയിട്ട് ആവശ്യം ഉണ്ട്‌..

ഞാൻ തിരിച്ചു കാറിനടുത്തേക് വന്നു വണ്ടി റിവേഴ്‌സെടുക്കുന്നതും നോക്കി മൂവരും വാതിൽക്കൽ തന്നെ നിന്നിരുന്നു.. അവരെ കൈ വീശി കാണിച്ചു ഞാൻ വണ്ടി റോഡിലേക്ക് ഇറക്കി…
ഹോസ്പിറ്റലിൽ എത്തുമ്പോളും OP തുടങ്ങാനുള്ള സമയം ആയിരുന്നില്ല… കാറിൽ നിന്നും ഇറങ്ങി ഞാൻ ആദ്യം നോക്കിയത് പല്ലവിയെ ആണ്‌… ഒരുപക്ഷെ ഗാർഡനിൽ തന്നെ ഉണ്ടാകും എന്ന ചിന്തയിൽ ഞാൻ ഗാർഡനിലേക് നടന്നു….

ഞാൻ ദൂരെ നിന്നെ കണ്ടു.. പുറത്തെ പുൽത്തകിടിയിൽ അവളുടെ കപോലങ്ങളിലെ ചുവപ്പ് കടം കൊണ്ടപോലെ നിറയെ പൂത്തു നിൽക്കുന്ന ആ പൂമരം… ആ വാക മരത്തിനു കീഴെ ചാരു ബെഞ്ചിൽ അകലേക്ക്‌ മിഴി നട്ടിരിക്കുന്ന പല്ലവി… കാലടികളുടെ ശബ്ദം കേൾപ്പിക്കാതെയാണ് അവളുടെ അരികിലേക്കു നടന്നതു …

അവളുടെ പിന്നിലെത്തിയിട്ടും അവൾ എന്റെ സാമിപ്യം അറിഞ്ഞിരുന്നില്ല എന്നു തോന്നി ..

ദൂരെ അനന്തതയിലേക് മിഴികൾ ഊന്നി ഇരിക്കുന്ന അവളെ തന്നെ നോക്കി നിന്നു..

ഓർമകളുടെ ചന്ദന മരങ്ങളെ പുൽകി വന്ന ഇളം തെന്നലിനു സുഗന്ധം മാത്രമല്ല ഒരു കാലിഡോസ്കോപ്പിലേക് ചിതറി വീണ പല വർണങ്ങളിലുള്ള വള പൊട്ടുകളുടെ പാദസര കിലുക്കം ഉണ്ടായിരുന്നു…

തൊടിയിലെങ്ങോ അനാഥമായി കിടന്നിട്ടും ചുമ്മാ ചിരിക്കുന്ന കുന്നിക്കുരുവിന്റെ നിഷ്കളങ്കത ഉണ്ടായിരുന്നു…

പൊട്ടിച്ചിരിപ്പിക്കുന്ന ഒന്നുമറിയാത്ത ബാല്യത്തിന്റെ കുസൃതികൾ ഉണ്ടായിരുന്നു….

തനിക്കു ഒന്നും നഷ്ടപ്പെട്ടിട്ടില്ല എന്നു മനസ്സ് പറയുന്നത് പോലെ തോന്നി…

കടൽക്കരയിൽ നിന്നു പെറുക്കി കൂട്ടുംതോറും കാണെ കാണെ കണ്ണിലും മനസ്സിലും നിറയുന്ന ധാരാളം മുത്തും പവിഴവും ചിമിഴും നിറഞ്ഞു ..

മനസ്സിൽ പതിഞ്ഞു പോയ ബാല്യ കാല ചിത്രങ്ങൾ പിന്നെയും ഒരു കാൻവാസിൽ മിഴിവുള്ളൊരു എണ്ണ ഛായ ചിത്രം പോലെ തെളിയുന്നതായി തോന്നി…

“ചിന്നു…” അവളുടെ പിന്നിലെത്തി അവളുടെ തോളിൽ കൈ അമർത്തി ഞാൻ വിളിച്ചു..

എന്റെ സ്വരം പതറിയ പോലെ തോന്നി…

ചാരു ബെഞ്ചിൽ നിന്നും അവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു…

തോളിൽ വെച്ചിരുന്ന എന്റെ കയ്യെടുത്തു മാറ്റി മുന്നോട്ടു നടന്നു….

മാറിൽ പിണച്ചു കെട്ടിയ കൈകളുടെ വിരലുകൾ.. തമ്മിൽ അവൾ കൂട്ടി ഉരസി കൊണ്ടിരുന്നു… എന്തോ ദേഷ്യവും സങ്കടവും അവളുടെ ഉള്ളിൽ ഉള്ള പോലെ..

“ചിന്നു…”

ഞാൻ പിന്നെയും അവളെ വിളിച്ചു…

“ചിന്നു നിനക്ക് എന്നോട് പിണക്കം ആണൊ…”

“ഇഷ്ടം ഉണ്ടെങ്കിൽ അല്ലേ പിണക്കം വരൂ അല്ലേ… ” എന്റെ ശബ്ദം ഇടറിയിരുന്നു..

അവളുടെ അടുത്ത് ചെന്നു രണ്ടു പോക്കറ്റിലേക്കും കൈകൾ തിരുകി… വിദൂരതയിലേക് നോക്കിയാണ് ഞാൻ പറഞ്ഞത്….

“ഉണ്ണിയേട്ടൻ എന്താ പറഞ്ഞത് ” അവളുടെ കൈകൾ രണ്ടും എന്റെ നെഞ്ചിൽ കൂട്ടി പിടിച്ചിരുന്നു എന്റെ ഷർട് അവളുടെ കൈകൾക്കുള്ളിൽ ചുളിവുകളായി ഞെരിഞ്ഞു..
ഇഷ്ടമില്ലായിരുന്നു എന്നോ… ഉണ്ണിയേട്ടന് ഓർമ്മയുണ്ടോ നമ്മൾ അവസാനമായി കണ്ടത് എന്നായിരുന്നു എന്നു….പക്ഷെ ഒരു ആറുവയസ്സുകാരിക് ഓർമയുണ്ട്….
അവളുടെ ഓർമകൾക്ക് തല്ലു കൊണ്ട വേദന ആയിരുന്നില്ല… എന്നെ തല്ലുന്നത് കണ്ടു കണ്ണ് നിറഞ്ഞു നിന്ന ഒരു പത്തു വയസ്സുകാരനെ ഓർത്തായിരുന്നു.. എന്നെ ഓർത്തു കരഞ്ഞ ഒരു പത്തുവയസ്സുകാരൻ പയ്യൻ മനസ്സിൽ എന്നും ഉണ്ടായിരുന്നു.. അന്ന് ഉണ്ണിയേട്ടൻ അണിയിച്ച തുളസി മാലയുടെ അർത്ഥം ഒന്നും അന്നറിയില്ലാരുന്നു… പിന്നെ വളർന്നപ്പോൾ.. കഴുത്തിലിടുന്ന ആ തുളസി മാലയുടെ അർത്ഥം അറിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി… അന്ന് അച്ഛൻ പൊട്ടിച്ചെറിഞ്ഞ മാല കൊരുത്തതു എന്റെ ഹൃദയം കൊണ്ടായിരുന്നു എന്നു… പൊട്ടിച്ചെറിഞ്ഞത് എന്റെ ഹൃദയം തന്നെ ആയിരുന്നു എന്നു….

ഇപ്പോളും അറിയില്ല ഏതു തരത്തിൽ ഉള്ള ഇഷ്ടം ആണ്‌ അതെന്നു…പലപ്പോളും ഓർത്തിട്ടുണ്ട് ഉണ്ണിയേട്ടൻ എന്നെ മറന്നിട്ടുണ്ടാവും എന്നു… ഒരു വിവരവും എവിടെ നിന്നും കിട്ടാതായപ്പോൾ ചിലപ്പോളൊക്കെ സങ്കടം കൊണ്ട് കരഞ്ഞിട്ടുണ്ട്…

എങ്കിൽ ഇനി മുതൽ ഈ കണ്ണ് നിറയണ്ട കേട്ടോ… ഇനി ഈ കണ്ണുകൾ എന്നോട് ചോദിച്ചിട്ട് നിറഞ്ഞാൽ മതി.. അവളുടെ മൃദുലമായ വിരലുകൾ എന്റെ കൈക്കുള്ളിൽ ആയിരുന്നു..

പറഞ്ഞു വന്നതിന്റെ ബാക്കി എന്നോണം അവൾ തുടർന്നു…

പിന്നീടുള്ള ഓരോ നാളും ഞാൻ കാത്തിരുന്നിട്ടുണ്ട്.. ചിന്നു എന്നുള്ള വിളിയുമായി ഉണ്ണിയേട്ടൻ എത്തുന്നതും കാത്തു… എനിക്കിഷ്ടമല്ലാത്ത ദത്തനുമായുള്ള എന്റെ വിവാഹം നിശ്ചയിച്ചപ്പോളും ഞാൻ പ്രതീക്ഷിച്ചിരുന്നത് ഉണ്ണിയേട്ടൻ വരും എന്നു തന്നെയാണ്…

ഒരു ആറു വയസ്സുകാരിയുടെ മനസ്സിലുള്ള ഉണ്ണിയേട്ടന്റെ രൂപത്തിനുള്ള വളർച്ചക്ക് പരിധികൾ ഉണ്ടായിരുന്നു അതാണ് തിരിച്ചറിയാതെ പോയത്…
ഒന്നും തിരിച്ചറിയാതെ കണ്ട നാൾ മുതൽ വഴക്ക് കൂടിയത് ഓർത്തപ്പോൾ സങ്കടം വന്നു… അതാ ഞാൻ…

“ദത്തൻ ” അവൾ പറഞ്ഞ പേരായിരുന്നു എന്റെ മനസ്സിൽ…

ദത്തനുമായി വിവാഹം ഉറപ്പിച്ചോ…? എന്റെ ചോദ്യത്തിൽ നിരാശയും സങ്കടവും നിറഞ്ഞിരുന്നു..

ഹ്മ്മ് ഈ മാസം അവസാനം നടത്താൻ ആണ്‌ തീരുമാനിച്ചിരിക്കുന്നത്…

ചിന്നു സമ്മതിച്ചോ…?

ശ്രീലകത്തു പെണ്ണിന്റെ സമ്മതത്തിനു എന്ത് വില…? ബലി കൊടുക്കാൻ തീരുമാനിച്ചാൽ അതനുസരിച്ചു കഴുത്തു നീട്ടി കൊടുക്കണം അതാണല്ലോ നടന്നു വരുന്നത്….

Leave a Reply

Your email address will not be published. Required fields are marked *