അനുപല്ലവി – 6 6

അറിയാതെ ആണ്‌ മയങ്ങി പോയത്… ഉണർന്നു നോക്കിയത് അനുവിന്റെ മുഖത്തേക്കാണ്… ഇത്ര നേരവും ആ തോളിൽ തല ചായ്ച്ചായിരുന്നു താൻ മയങ്ങി പോയതെന്നോർത്ത പല്ലവിയുടെ ഉള്ളിൽ ഒരു നാണം വന്നു.. അവൾ പെട്ടെന്ന് നിവർന്നിരുന്നു… വണ്ടിക്കുള്ളിലെ വെട്ടം അണച്ചിരുന്നു അവിടവിടെ ആയി കത്തി നിക്കുന്ന ഡിം കളർ ലൈറ്റുകൾ മാത്രം…

പല്ലവിയുടെ തലയുടെ മുകളിലും നീല നിറത്തിൽ ഒരു ബൾബ് ഉണ്ടായിരുന്നു.. അതിന്റെ പ്രകാശം അവളുടെ മുഖത്തേക് ഒഴുകി ഇറങ്ങുന്നത് അനു നോക്കി നിന്നു..

അവളുടെ മുഖത്തിന്റെ പാതി മറച്ചു കൊണ്ട് മുന്നോട്ടു വീണു കിടക്കുകയാണ് മുടിയിഴകൾ…

വണ്ടിക്കുള്ളിൽ ഉറക്കെ വെച്ച പ്രണയ ഗാനത്തിന്റെ ഈരടികളിൽ അനുവിന്റെ മനസ്സ് പ്രണയാർദ്രം ആയിരുന്നു…

ആ വെളിച്ചത്തിൽ അവളുടെ മുഖം പൂർണമായി കാണാൻ അനുവിന്റെ മനസ്സു കൊതിച്ചു

അതെ അവസ്ഥയിൽ തന്നെ ആയിരുന്നു പല്ലവിയും മിഴികൾ വെറുതെ പുറത്തെ കാഴ്ചയെ തേടിയെങ്കിലും അക കണ്ണിൽ അവളുടെ ഉണ്ണിയേട്ടൻ മാത്രമായിരുന്നു….

ഇത്രയും അടുത്തിരുന്നു…ഉണ്ണിയേട്ടന്റെ തോളിൽ തല ചായ്ച്ചു മയങ്ങി എന്നതോർത്തപ്പോൾ.. അവളുടെ ഉള്ളിൽ കുളിര് കോരി…
അനുവിന്റെ കൈ..പല്ലവിയുടെ മുഖത്തേക് വീണു കിടക്കുന്ന മുടിയിഴകളെ ഒതുക്കി ചെവിയുടെ പിന്നിലോട്ടു വെച്ചത് പെട്ടെന്നായിരുന്നു…

ഇരുട്ടിനെ ഭേദിച്ചു വരുന്ന നീല വെളിച്ചം അവളുടെ ഭംഗിയെ പതിന്മടങ്ങു ആക്കുന്നത്.. അവൻ നോക്കി നിന്നു…

തന്റെ മുഖത്തേക് തന്നെ നോക്കിയിരിക്കുന്ന അനുവിന്റെ കണ്ണുകളിലേക്കു പല്ലവിയും മുഖം ഉയർത്തി നോക്കി.. മടിയിൽ വിശ്രമിച്ചിരുന്ന കൈ വിരലുകളിലേക് നേരിയ വിറ വരുന്നതും ഹൃദയം ശക്തമായി മിടിക്കുന്നതും അവൾ തിരിച്ചറിഞ്ഞു..

തമ്മിലിടഞ്ഞ കണ്ണുകളിലെ പിടപ്പ് രണ്ടു പേരിലും ഒരു പോലെ ആയിരുന്നു.. പല്ലവിയുടെ കണ്ണുകളിലെ കൃഷ്ണമണികൾ അതി ദ്രുതം പിടച്ചു.. എന്തോ പറയുവാൻ വന്നതു പിടിച്ചു നിർത്തിയ പോലെ തൊണ്ടക്കുഴിയിൽ അവസാനിച്ചു…

അനുവിന്റെ വലം കൈ തോളിലൂടെ ഇട്ടു തന്നെ അവൻറെ നെഞ്ചിലേക് ചേർക്കുന്നത് പല്ലവി അറിഞ്ഞു… അറിയാതെ ആ നെഞ്ചിലേക് മുഖം ചേർത്തു… അവൻറെ മുഖത്തേക് തന്നെ മിഴികൾ ഊന്നി അവൾ ഇരുന്നു…

“ചിന്നു.. തണുക്കുന്നുണ്ടോ… “ഏതോ ഗുഹയിൽ നിന്നെന്ന വണ്ണം അവൻറെ ശബ്ദം അവൾ കേട്ടു..

അവൾ മറുപടി ഒന്നും പറയാതെ അവനിലേക് കൂടുതൽ ചേർന്നിരുന്നു..

അനു അവളുടെ ചുണ്ടിനു മുകളിൽ തെളിഞ്ഞു നിന്ന കറുത്ത മറുകിന്റെ അഴകിൽ തന്നെ കണ്ണും നട്ടു അവളെ ഒന്ന് കൂടെ തന്നിലേക്കു ചേർത്തു പിടിച്ചു…
❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️
വഞ്ചിയം കവലക്കടുതു … ടെന്റ് ഒക്കെ അടിച്ചു ക്യാമ്പ് ഫയർ അടക്കമുള്ള കാര്യങ്ങൾ പ്ലാൻ ചെയ്തിരുന്നെങ്കിലും പെട്ടെന്ന് വന്ന മഴ എല്ലാ പ്ലാനുകളും തെറ്റിച്ചു..അതു കൊണ്ട് തന്നെ താമസം അടുത്തുള്ള ഒരു റിസോർട്ടിലേക് മാറ്റി…
പിറ്റേദിവസം 8മണി മുതൽ ആണ്‌ മെഡിക്കൽ ക്യാമ്പ് തുടങ്ങാൻ വിചാരിച്ചിരുന്നതെങ്കിലും…കോരി ചൊരിയുന്ന മഴ… എല്ലാം തടസ്സപ്പെടുത്തി.. പത്തു മണിയോട് കൂടി മഴ ശമിച്ചെങ്കിലും.. പ്രോഗ്രാം ക്യാൻസൽ ചെയ്യാൻ തീരുമാനിച്ചു..

എന്തായാലും ഇവിടെ വരെ വന്നതല്ലേ.. നമുക്ക് പൈതൽ മലക് പോയാലോ.. എന്തായാലും ഇപ്പോൾ മഴ തോർന്നു നിൽക്കുകയാണ്.. ഞാനാണ് ആ പ്ലാൻ പറഞ്ഞത്… പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും സമ്മതം…

എല്ലാവരും ഒരുമിച്ചു വഞ്ചിയം കവലയിൽ നിന്നു നടക്കാൻ തീരുമാനിച്ചു… സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4500അടിയിൽ നിൽക്കുന്ന പൈതൽ മലയിലേക്കു..
ഏകദേശം രണ്ടു കിലോമീറ്റർ നടന്നപ്പോൾ.. ഒരു പ്രവേശന കവാടം കണ്ടു… ഉള്ളിലേക്കു കടക്കണമെങ്കിൽ അവിടെ നിന്നും ടിക്കറ്റ് എടുക്കണം എന്നു മനസ്സിലായി… അവിടെ നിന്നും ടിക്കറ്റ് എടുത്ത് കടന്നത് വലിയ നിബിഡമായ വനത്തിലേക്കാണ്… ചുറ്റും കിളികളുടെ കള കലാരവം.. ഇതുവരെ കാണാത്ത ചിത്ര ശലഭങ്ങൾ.. ചുറ്റിനും പറക്കുന്നു… ഇടയ്ക്കിടയ്ക്ക് കണ്ണ് പൊത്തി കളിക്കുന്ന കോട മഞ്ഞു.. ഏറ്റവും പിന്നിലായാണ് ഞാനും പല്ലവിയും നടന്നത്…തൊട്ടു മുന്നിൽ പ്രിത്വിയുടെ കൈക്കുള്ളിലേക്
കയ്യിട്ടു കൊരുത്തു പിടിച്ചു… ഡോണ യുണ്ടായിരുന്നു… കല്ല് പാകിയ വഴിയിലൂടെ ഇടക്കിടക്ക് കാണുന്ന അരുവികളും കടന്നു ഞങ്ങൾ ചെന്നത് വൃക്ഷങ്ങൾ കൊണ്ട് തന്നെ തീർത്ത മറ്റൊരു കവാടത്തിലേക്കാണ്.. അവിടേക്കു പുറത്തു നിന്നും സ്വർണ രേഖകൾ പോലെ വെളിച്ചം അരിച്ചെത്തുന്നു….. മുൻപിൽ കോട മഞ്ഞു മൂടിയ മനോഹരങ്ങളായ പുൽ തകിടികൾ… ഓരോ പ്രാവശ്യം കോട മഞ്ഞു മാറുമ്പോൾ പുല്ലു വളർന്നു നിൽക്കുന്ന മലനിരകൾ തെളിഞ്ഞു വരുന്ന കാഴ്ച ഇതുവരെ കണ്ട കാഴ്ച്ചയിൽ നിന്നും വ്യത്യസ്തം ആയിരുന്നു…മുന്നിലേക് പിന്നെയും നടന്നു… മുന്നിൽ ഇടത്തേക്കും വലത്തേക്കും രണ്ടായി തിരിയുന്ന വഴികൾ.. മുൻപിൽ പോയവരെല്ലാം ഇടത്തെ വഴിയിലേക്കു തിരിഞ്ഞു ദൂരെ ആയി കാണുന്ന വാച് ടവറിനു അടുത്തേക് നീങ്ങി…
ഉണ്ണിയേട്ടാ.. നമുക്ക് ഈ വലത്തേക്കുള്ള വഴിയേ പോകാം…. പല്ലവി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *