അനുപല്ലവി – 6

വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ പൂറത്തിറങ്ങുമ്പോൾ കണ്ടു നിലവിളക്കു കൊളുത്തി പുറത്തേക് വരുന്ന അമ്മയെ
നിലവിളക്ക് വാതിൽക്കൽ കൊണ്ട് വെച്ച് അമ്മ എന്നെ നോക്കി..

ഉണ്ണീ.. കാലും കയ്യും കഴുകീട്ടു വാ ഞാൻ ചായ എടുക്കാം..

ധരിച്ചിരുന്ന ഷൂസും സോക്സും ഊരി പോർച്ചിൽ വെച്ചിരുന്ന സ്റ്റാണ്ടിലേക് വെച്ച് ചെരിപ്പെടുത്തു ധരിച്ചു.. മുറ്റത്തെ കോണിൽ ഉള്ള ടാപ്പിന്റെ അടുത്തേക് നടന്നു..അതു തുറന്നു കാലും കയ്യും മുഖവും കഴുകി.. കത്തിച്ചു വെച്ച നിലവിളക്കും തൊഴുതു.. ഉള്ളിലേക്കു കടന്നു… അമ്മ അടുക്കളയിൽ ചായ എടുക്കുന്ന തിരക്കിൽ ആയിരുന്നു..

റൂമിൽ പോയി പാന്റും ഷർട്ടും മാറി ഒരു കാവി മുണ്ടും വെളുത്ത ടി ഷർട്ടും ധരിച്ചു..
പുറത്തേക് വന്നു..

അപ്പോളേക്കും അമ്മ ചായ റെഡി ആക്കി വെച്ചിരുന്നു… കൂടെ എനിക്കിഷ്ടമുള്ള ഉള്ളിൽ തേങ്ങയും പഞ്ചസാരയും വെച്ച ഇലയടയും…

ആഹാ ഇന്നെന്തു പറ്റി.. അമ്മയുടെ സ്പെഷ്യൽ ഇലയട ഒക്കെ ഉണ്ടല്ലോ..

ഞാൻ വിചാരിച്ചതു ഇന്ന് മുത്തശ്ശിയെ കണ്ട സന്തോഷത്തിൽ പാലട ഉണ്ടാക്കും എന്നാ… ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

പാലട ഉണ്ടാക്കി തരാം… എന്റെ മോൻ മുത്തശ്ശിയെ കൂട്ടി ഇവിടെ കൊണ്ട് വാ…എന്താ പറ്റുവോ.. അമ്മയും ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..

അതു കുറച്ചു റിസ്കുള്ള പണിയല്ലേ… അമ്മേടെ മോൻ ഡോക്ടർ അല്ലേ.. ഗുണ്ട അല്ലല്ലോ…. അമ്മേടെ ശ്രീലകത്തു ചെന്നു ആ മുത്തശ്ശിയെ കൂട്ടി ഇങ്ങോട്ട് കൊണ്ട് വരാൻ…

ഹ്മ്മ്… എന്റെ അജു മോൻ ആയിരുന്നേൽ.. മുത്തശ്ശിയെ അല്ല.. ഇന്ന് കണ്ടില്ലേ.. ആ കൊച്ചിനെ വരെ ഇവിടെ കൊണ്ട് വന്നേനെ.. ഞാൻ പറഞ്ഞാൽ…

അതു വേണ്ടാട്ടാ….

ഏതു…

ആ കൊച്ചിനെ വിട്ടു പിടി… അതിനു വേറെ ആളുണ്ട്…

ആര്?? നിനക്ക് എങ്ങനെ അറിയാം…
അതൊക്കെ അറിയാം..

ആഹാ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ..

അമ്മേ ആ കൊച്ചാണ് അന്ത കൊച്ചു… അന്ന് മതില് ചാടി ഇവിടെ വന്ന കൊച്ചു…

അതു ലക്ഷ്മിയുടെ കൊച്ചല്ലേ… ഇന്ന് നമ്മൾ അമ്പലത്തിൽ കണ്ടത് മുത്തശ്ശിയുടെയും ലക്ഷ്മിയുടെയും കൂടെ

അതെ ചിന്നു…. പല്ലവി എന്ന ചിന്നു.. എന്റെ കൂടെയ അവൾ വർക്ക്‌ ചെയ്യുന്നത് നഴ്സ് ആയിട്ട്..

അവൾക് അറിയാവോ നിന്നെ.. അമ്മ ആകാംഷയോടെ തിരക്കി..

ഹേയ് ഇല്ല ഞാൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു…

അപ്പോ അതിനു വേറെ ആളുണ്ടെന്ന് നീ പറഞ്ഞതോ..? അമ്മ സംശയത്തോടെ എന്നെ നോക്കി…

അതു ഞാൻ ചുമ്മാ പറഞ്ഞതാണേ…

ഉം.. അമ്മ വിശ്വാസം വരാത്തത് പോലെ ഒന്നമർത്തി മൂളി.. എന്നാലും എന്റെ കുട്ടിയെ ഇവിടെ വെച്ച് കണ്ടിട്ടും ഞാൻ അറിയാതെ പോയല്ലോ…

ആള് കുറച്ചു കാന്താരിയാനല്ലേടാ..

കുറച്ചല്ല.. നല്ലോണം കാന്താരിയാ…

പക്ഷെ എന്റെ കയ്യിൽ കിട്ടട്ടെ ഞാനൊരു തൊട്ടാവാടി ആക്കി കൊള്ളാം അതു അമ്മ കേൾക്കാതെ പതിയെ ആണ്‌ പറഞ്ഞത്…

നീ എന്തേലും പറഞ്ഞോ… ഞാൻ പറഞ്ഞത് അമ്മ കേട്ട പോലെ തോന്നി..

ഹേ ഇല്ല…

ഞാൻ വിചാരിച്ചതു ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടാകും എന്നാ…എന്നെ നോക്കി കൊണ്ട് അമ്മ പറഞ്ഞു

എന്നാ അമ്മ പോയി ഒരു പയ്യനെ തപ്പി പിടിച്ചു കൊടുക്ക്‌… അമ്മ പറയുന്നത് കെട്ട് ചെറിയൊരു പരിഭവം വന്നതു കൊണ്ടാണ് അങ്ങനെ പറഞ്ഞത്…

ഞാൻ അതും പറഞ്ഞു പുറത്തെ വരാന്തയിലേക് നടന്നു… പുറത്തെ വരാന്തയിലെ ഉരുളൻ തൂണിലേക് ചാരി നിലത്തിരുന്നു…

പുറത്തെ രാത്രിയിലെ നിലാവു തട്ടിയ കാഴ്ചകൾ എന്റെ നയനങ്ങളെ ഉന്മാദത്തിലാഴ്ത്തുന്നു.. പൂനിലാവ് പൊഴിക്കുന്ന പൗർണമി തന്റെ മിന്നി മിനുങ്ങുന്ന പടയാളികളുമായി രാത്രി ഭൂവിനു പാറാവ് ഇരിക്കുന്നു….

എത്രയോ രാത്രികളിൽ താനൊരു പത്തു വയസ്സുകാരൻ ആയിരിക്കുന്നു…പുറത്തെ നിലാവിൽ എന്നും നിറഞ്ഞു നിന്നിരുന്നത്.. പ്രണയം ആയിരുന്നു… അമാവാസി തൊട്ടു പൗർണമി വരെ ഓരോ രാത്രിയിലും അവളുടെ വളർച്ചകൾ എത്ര സങ്കല്പിച്ചു കൂട്ടിയിരുന്നു…ഒടുവിൽ നിദ്രയെ പുൽകാൻ അവളുടെ പേരിട്ട തലയിണയും കെട്ടി പിടിച്ചു കിടക്കുമ്പോൾ തന്നിലേക്കെത്തിയിരുന്നത് പേരറിയാത്ത അവളുടെ ഗന്ധം ആയിരുന്നു.. തന്റെ പ്രണയത്തിന്റെ ആഴമല്ലേ ഈ ഇരുട്ടിനെ പോലും നിറം പിടിപ്പിക്കുന്നത്… എന്നും തന്റെ സ്വപ്നങ്ങളുടെ തേര് തെളിച്ചവൾ.. അതു അവൾ മാത്രം ആയിരുന്നു… തന്റെ ചിന്നു…
മുടിയിഴകളിൽ വിരലോടുന്നതറിഞ്ഞാണ് കണ്ണ് തുറന്നത്…

അമ്മ അടുത്ത് വന്നിരുന്നത് പോലും അറിഞ്ഞിരുന്നില്ല….

ഉണ്ണീ… നീ എന്താ ആലോചിക്കുന്നത്….

ഹേയ് ഒന്നുമില്ലമ്മേ…

നീ വല്ല്യ ഡോക്ടർ ഒക്കെ ആയിരിക്കും.. പക്ഷെ എന്റെ മകൻ ആണെന്നുള്ളത് മറക്കണ്ട… നിന്റെ മനസ് അറിയാനുള്ള കഴിവ് ഒക്കെ ഈ അമ്മക്കുണ്ട് കേട്ടോ… ചിരിച്ചു കൊണ്ടാണ് അമ്മ പറഞ്ഞത്..

തൂണിൽ ചാരി കാലും നീട്ടി ഇരുന്ന അമ്മയുടെ മടിയിലേക്കു ഞാൻ കിടന്നു…
അമ്മയുടെ കയ്യെടുത്തു എന്റെ നെറ്റിയിൽ വെച്ചു… അമ്മ എന്റെ മുടിയിഴകളിൽ മെല്ലെ തടവി കൊണ്ടിരുന്നു…

പുറത്തൊഴുകി പടരുന്ന നിലാവിലേക്കും….വാനിൽ മിന്നി തെളിയുന്ന താരകങ്ങളിലേക്കും മിഴികൾ പായിച്ചു ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഭയ കേന്ദ്രത്തിൽ അമ്മയുടെ മടിയിൽ ഞാൻ ആ പത്തു വയസ്സുകാരനായി ചുരുണ്ടു കിടന്നു…

പണ്ട് താനും അജുവും തല്ലു കൂടുമ്പോൾ എന്നെയും അജുവിനെയും മടിയിൽ കിടത്തി അമ്മ പറയാറുള്ളത് ഞാൻ ഓർത്തു… ദേ മേലെ നിന്നു അച്ഛൻ കാണുന്നുണ്ട് കേട്ടോ.. കുരുത്തക്കേടൊന്നും കാട്ടല്ലേ…

അച്ഛൻ നമ്മളെ കാണുന്നുണ്ടാവും ല്ലെ അമ്മേ…ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ മടിയിൽ കിടന്നു പെട്ടെന്നാണ് ചോദിച്ചത്… ആ ആകാശത്തിലെ ഒരു നക്ഷത്രം അതു അച്ഛൻ തന്നെ ആയിരിക്കും… മുടിയിഴകളിൽ കൊരുത്തിരുന്ന കൈ വിരലുകൾ മെല്ലെ എന്റെ കവിളിൽ തലോടി…

ഉണ്ണീ നിനക്ക് ചിന്നുവിനെ ഇഷ്ടമാണോ??

അമ്മ ചോദിച്ചത് പെട്ടെന്നാണ്…

അതെന്താ അമ്മ അങ്ങനെ ചോദിച്ചത് ..?

ഉണ്ണീ ഈ ഇഷ്ടം പ്രേമം എന്നൊക്കെ പറയുന്നത് ഒരു മരീചിക പോലെ ആണ്‌ അതിന്റെ വെളിച്ചം ഇങ്ങനെ എപ്പോളും നമുക്ക് ചുറ്റിനും ഉണ്ടാകും… എന്നാൽ ചിലപ്പോൾ ഇല്ലെന്നും തോന്നും…. ചിലപ്പോളൊക്കെ അതിനടുത്തേക് അടുക്കുമ്പോൾ അതു അകന്നകന്നു പോകും…

അങ്ങനെ അകന്നു പോയ വെളിച്ചത്തിലേക്കു ഓടി കേറിയ കൃഷ്ണൻ സഖാവിന്റെ പ്രിയ സഖി എന്താ ഈ വളച്ചു കെട്ടി പറയുന്നതെന്ന് മാത്രം മനസ്സിലായില്ല… കൈകൾ രണ്ടും നെഞ്ചിലേക് കെട്ടി അമ്മയുടെ മടിയിൽ മലർന്നു കിടന്നു അമ്മയുടെ മുഖത്തേക് നോക്കി ഞാൻ ചോദിച്ചു…

അന്നത്തെ ധൈര്യം മകന്റെ കാര്യത്തിൽ ഇന്നെനിക്കില്ല.. അമ്മയുടെ കൈകൾ എന്റെ കയ്യിലേക് കൊരുത്തു പിടിച്ചിരുന്നു അപ്പോൾ…

അതിനു എനിക്ക് ചിന്നുവിനെ ഇഷ്ടമാണെന്നു പറഞ്ഞില്ലല്ലോ…

നിന്റെ മനസ്സറിയാൻ എംബിബിസ് പഠിക്കണം എന്നൊന്നുമില്ല….നിന്റെ മനസ് എനിക്കറിയാം… പിന്നെ നീ ഈ എഴുതി വെച്ചിരിക്കുന്ന ഡയറിയിലെ വരികളും കൂട്ടി വായിച്ചപ്പോൾ എനിക്ക് തോന്നി… നിന്റെ ഇവിടേക്കുള്ള യാത്രയുടെ ഉദ്ദേശം…

Leave a Reply

Your email address will not be published. Required fields are marked *