അനുപല്ലവി – 6 6

പറഞ്ഞു വന്നതിന്റെ ബാക്കി എന്നോണം അവൾ തുടർന്നു…

പിന്നീടുള്ള ഓരോ നാളും ഞാൻ കാത്തിരുന്നിട്ടുണ്ട്.. ചിന്നു എന്നുള്ള വിളിയുമായി ഉണ്ണിയേട്ടൻ എത്തുന്നതും കാത്തു… എനിക്കിഷ്ടമല്ലാത്ത ദത്തനുമായുള്ള എന്റെ വിവാഹം നിശ്ചയിച്ചപ്പോളും ഞാൻ പ്രതീക്ഷിച്ചിരുന്നത് ഉണ്ണിയേട്ടൻ വരും എന്നു തന്നെയാണ്…

ഒരു ആറു വയസ്സുകാരിയുടെ മനസ്സിലുള്ള ഉണ്ണിയേട്ടന്റെ രൂപത്തിനുള്ള വളർച്ചക്ക് പരിധികൾ ഉണ്ടായിരുന്നു അതാണ് തിരിച്ചറിയാതെ പോയത്…
ഒന്നും തിരിച്ചറിയാതെ കണ്ട നാൾ മുതൽ വഴക്ക് കൂടിയത് ഓർത്തപ്പോൾ സങ്കടം വന്നു… അതാ ഞാൻ…

“ദത്തൻ ” അവൾ പറഞ്ഞ പേരായിരുന്നു എന്റെ മനസ്സിൽ…

ദത്തനുമായി വിവാഹം ഉറപ്പിച്ചോ…? എന്റെ ചോദ്യത്തിൽ നിരാശയും സങ്കടവും നിറഞ്ഞിരുന്നു..

ഹ്മ്മ് ഈ മാസം അവസാനം നടത്താൻ ആണ്‌ തീരുമാനിച്ചിരിക്കുന്നത്…

ചിന്നു സമ്മതിച്ചോ…?

ശ്രീലകത്തു പെണ്ണിന്റെ സമ്മതത്തിനു എന്ത് വില…? ബലി കൊടുക്കാൻ തീരുമാനിച്ചാൽ അതനുസരിച്ചു കഴുത്തു നീട്ടി കൊടുക്കണം അതാണല്ലോ നടന്നു വരുന്നത്….

അവളുടെ കൈകൾ കൂട്ടി പിടിച്ചിരുന്ന എന്റെ കൈകൾ അയഞ്ഞു..
എന്റെയീ പെണ്ണിനെ ഒരു ദത്തനും വിട്ടു കൊടുക്കാനല്ല… ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നത്…തിരിച്ചു ഈ നാട്ടിലേക്കു വന്നതു… വലം കൈ കൊണ്ട് അവളെ നെഞ്ചിലേക് ചേർത്തു… അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു….

എന്താ നോക്കുന്നത്…

ഞാൻ കണ്ണ് നിറച്ചു കാണുകയാ എന്റെ ഉണ്ണിയേട്ടനെ…അവളുടെ ലോകം എന്നിലേക്കു ചുരുങ്ങിയതായി എനിക്ക് തോന്നി…

ഹലോ… ഇത് കബൻ പാർക്കല്ല… എന്താ രണ്ടലൂടെ പരിപാടി… ഞാൻ കുറച്ചു നേരായി വന്നു നിക്കുന്നു…

ശബ്ദം കേട്ടു പല്ലവി പെട്ടെന്ന് ഞെട്ടി അകന്നു…

പ്രിത്വിയും ഡോണയും വന്നതു കണ്ടില്ല.. സത്യത്തിൽ രണ്ടാളും പമ്മി വന്നതു കൊണ്ടാണ് അറിയാതിരുന്നതു..

ഇതൊന്നും ഇവിടെ നടക്കില്ല കേട്ടോ.. പൃഥ്‌വി ഗൗരവത്തിൽ പറഞ്ഞു..

ഏതൊന്നും ഞാൻ അറിയാത്ത മട്ടിൽ ചോദിച്ചു..

ഈ അവിഹിതം..

അവൻറെ പറച്ചിൽ കേട്ടു പല്ലവി ചൂളി നിൽക്കുന്നുണ്ടായിരുന്നു…

പിന്നെ എന്റെ പെണ്ണിനെ അല്ലാതെ നിന്റെ പെണ്ണിനെ കെട്ടി പിടിക്കാൻ പറ്റുവോട പൊറിഞ്ചു… ഞാൻ പല്ലവിയുടെ കൈ പിടിച്ചു എന്റെ അരികിലേക്കു ചേർത്തു നിർത്തി…

അതിനു ഞാൻ റെഡി.. ഡോണ രണ്ടു കയ്യും പൊക്കി എന്നെ ഹഗ് ചെയ്യാൻ എന്ന ഭാവത്തിൽ മുന്നോട്ടു വന്നു…

അതു കണ്ടു പല്ലവി എന്റെ കൈ പിടിച്ചു പിന്നോട്ട് വലിച്ചു…

കണ്ടോ… കണ്ടോ… നിനക്ക് പൂട്ട് വീണു മോനെ അനു… അതു കണ്ട പൃഥ്‌വി ചിരിച്ചു കൊണ്ട് പറഞ്ഞു..

പല്ലവി സിസ്റ്ററെ… ഇവൻ ചെറുപ്പം മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന ചിന്നു വാണു പല്ലവി എന്നു ഞങ്ങൾ അറിഞ്ഞരുന്നു കേട്ടോ.. ഇവൻ പറഞ്ഞിരുന്നു.. പിന്നെ ഇവനായിട്ടു പറയാൻ ഞങ്ങൾ കാത്തിരുന്നതാ….. പല്ലവിയുടെ മുഖം നാണം കൊണ്ട് ചുവന്നു.. അവൾ എന്റെ അരികിലേക്കു ചേർന്നു നിന്നു….

ഇപ്പോൾ ഞങ്ങൾ വേറൊരു കാര്യം പറയാനാണ് വന്നതു… ഒരു മെഡിക്കൽ ക്യാമ്പ്.. നമ്മുടെ പൈതൽ മലയിൽ വെച്ചാകാം ഈ പ്രാവശ്യം…ഒരുക്കങ്ങൾ ഒക്കെ റെഡി ആണ്‌.. നാളെ വൈകുന്നേരം ഇവിടുന്നു പുറപ്പെടാം..നൈറ്റും പിറ്റേ ദിവസവും അവിടെ ക്യാമ്പ് ചെയ്യാം…വൈകുന്നേരം തിരിച്ചു പോരാം.. എന്താ…ഒക്കെ അല്ലേ…. പൃഥ്‌വി ചോദിച്ചു..

ഞാൻ ഒക്കെ… പല്ലവി… ഞാൻ അവളുടെ മുഖത്തേക് നോക്കി…

പല്ലവിയും ഒക്കെ… ഞാൻ തന്നെ പറഞ്ഞു… അവൾ ചിരിച്ചു… വാക പൂക്കൾ ഒരു പുഷ്പ വൃഷ്ടി പോലെ ഞങ്ങളിലേക് പെയ്തു കൊണ്ടിരുന്നു…
****** ****** ***** ***** ****** **** ****
ഉച്ച കഴിഞ്ഞുള്ള സെക്ഷൻ മുൻപേ തീരുമാനിച്ച മൂന്നു സി സെക്ഷൻ ഉണ്ടായിരുന്നു.. വല്ല്യ കോംപ്ലിക്കേറ്റഡ് ഒന്നും അല്ലാത്ത രീതിയിൽ തന്നെ.. കരഞ്ഞു കൊണ്ട് ഭൂമിയിലേക്ക് വന്ന മൂന്നു പുതു ജീവനുകളെ അവരുടെ അമ്മമാർക്ക് സമ്മാനിച്ചു… ഓരോ കുട്ടിയുടെ ജനനവും അവരുടെ ആദ്യത്തെ കരച്ചിലും അമ്മ മാരെ പോലെ തന്നെ എന്നിലും പറഞ്ഞറിയിക്കാനാവാത്ത ഒരു നിർവൃതി സമ്മാനിക്കുന്നെൻഡെന്ന് ഞാൻ ഓർത്തു…

Leave a Reply

Your email address will not be published. Required fields are marked *