അനുപല്ലവി – 6 6

പുറത്തൊഴുകി പടരുന്ന നിലാവിലേക്കും….വാനിൽ മിന്നി തെളിയുന്ന താരകങ്ങളിലേക്കും മിഴികൾ പായിച്ചു ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഭയ കേന്ദ്രത്തിൽ അമ്മയുടെ മടിയിൽ ഞാൻ ആ പത്തു വയസ്സുകാരനായി ചുരുണ്ടു കിടന്നു…

പണ്ട് താനും അജുവും തല്ലു കൂടുമ്പോൾ എന്നെയും അജുവിനെയും മടിയിൽ കിടത്തി അമ്മ പറയാറുള്ളത് ഞാൻ ഓർത്തു… ദേ മേലെ നിന്നു അച്ഛൻ കാണുന്നുണ്ട് കേട്ടോ.. കുരുത്തക്കേടൊന്നും കാട്ടല്ലേ…

അച്ഛൻ നമ്മളെ കാണുന്നുണ്ടാവും ല്ലെ അമ്മേ…ഒരു കൊച്ചു കുട്ടിയെ പോലെ ഞാൻ മടിയിൽ കിടന്നു പെട്ടെന്നാണ് ചോദിച്ചത്… ആ ആകാശത്തിലെ ഒരു നക്ഷത്രം അതു അച്ഛൻ തന്നെ ആയിരിക്കും… മുടിയിഴകളിൽ കൊരുത്തിരുന്ന കൈ വിരലുകൾ മെല്ലെ എന്റെ കവിളിൽ തലോടി…

ഉണ്ണീ നിനക്ക് ചിന്നുവിനെ ഇഷ്ടമാണോ??

അമ്മ ചോദിച്ചത് പെട്ടെന്നാണ്…

അതെന്താ അമ്മ അങ്ങനെ ചോദിച്ചത് ..?

ഉണ്ണീ ഈ ഇഷ്ടം പ്രേമം എന്നൊക്കെ പറയുന്നത് ഒരു മരീചിക പോലെ ആണ്‌ അതിന്റെ വെളിച്ചം ഇങ്ങനെ എപ്പോളും നമുക്ക് ചുറ്റിനും ഉണ്ടാകും… എന്നാൽ ചിലപ്പോൾ ഇല്ലെന്നും തോന്നും…. ചിലപ്പോളൊക്കെ അതിനടുത്തേക് അടുക്കുമ്പോൾ അതു അകന്നകന്നു പോകും…

അങ്ങനെ അകന്നു പോയ വെളിച്ചത്തിലേക്കു ഓടി കേറിയ കൃഷ്ണൻ സഖാവിന്റെ പ്രിയ സഖി എന്താ ഈ വളച്ചു കെട്ടി പറയുന്നതെന്ന് മാത്രം മനസ്സിലായില്ല… കൈകൾ രണ്ടും നെഞ്ചിലേക് കെട്ടി അമ്മയുടെ മടിയിൽ മലർന്നു കിടന്നു അമ്മയുടെ മുഖത്തേക് നോക്കി ഞാൻ ചോദിച്ചു…

അന്നത്തെ ധൈര്യം മകന്റെ കാര്യത്തിൽ ഇന്നെനിക്കില്ല.. അമ്മയുടെ കൈകൾ എന്റെ കയ്യിലേക് കൊരുത്തു പിടിച്ചിരുന്നു അപ്പോൾ…

അതിനു എനിക്ക് ചിന്നുവിനെ ഇഷ്ടമാണെന്നു പറഞ്ഞില്ലല്ലോ…

നിന്റെ മനസ്സറിയാൻ എംബിബിസ് പഠിക്കണം എന്നൊന്നുമില്ല….നിന്റെ മനസ് എനിക്കറിയാം… പിന്നെ നീ ഈ എഴുതി വെച്ചിരിക്കുന്ന ഡയറിയിലെ വരികളും കൂട്ടി വായിച്ചപ്പോൾ എനിക്ക് തോന്നി… നിന്റെ ഇവിടേക്കുള്ള യാത്രയുടെ ഉദ്ദേശം…

എന്റെ ഡയറിയോ…? അമ്മ എപ്പോ വായിച്ചു..?
ആൺ പിള്ളേര് പ്രായം ആയാലേ ഒരു കണ്ണ് അവരുടെ മേലെ വേണമെന്നുള്ള പാഠം ഞാൻ നേരത്തെ പഠിച്ചാരുന്നു..
ഹ്മ്മ് കട്ടെടുത്തു വായിച്ചിട്ടു.. ഫിലോസഫി പറയുന്നോ?

കട്ടെടുക്കാൻ നീ ഒളിപ്പിച്ചു അല്ലലോ വെച്ചിരുന്നത്… ദാ ഇങ്ങനെ തുറന്നു മലർത്തി വെച്ചിട്ടുണ്ടായിരുന്നു ടേബിളിൽ..

ഓഹ് രാവിലെ എന്തോ എടുത്ത കൂട്ടത്തിൽ ഡയറി എടുത്തു ടേബിളിൽ വെച്ചിരുന്നു ഞാൻ ഇപ്പൊ ആണ്‌ ഓർത്തത്‌..

” നിന്റെ കരിങ്കൂവള മിഴികൾ തേടിയാണ് എന്റെ യാത്ര… തുളസി കതിരിൽ കോര്ത്തിട്ടു എന്നോ നെയ്തു തുടങ്ങിയ സ്വപ്നങ്ങൾക്കു…നിന്റെ നിറമാണ്.. നോവുന്ന ഓർമകൾക്ക് അപ്പുറം.. നിന്നെ സ്വന്തം ആക്കാനാണ് എന്റെ ഈ യാത്ര…
നിന്റെ മനസ്സിൽ ഞാൻ ഉണ്ടോ എന്നോ നീ മറ്റാരുടെയെങ്കിലും ആയോ എന്നോ അറിയാതെ ആണ്‌ ഈ യാത്ര.. അങ്ങനെയെങ്കിൽ.. ആരോടും പറയാതെ ആരും അറിയാതെ…എന്റെ ഉള്ളിൽ സൂക്ഷിച്ചതൊക്കെയും എന്നോട് കൂടെ മണ്ണടിയും. “

ഇതിന്റെ അർത്ഥം എന്താടാ.. അമ്മയുടെ കയ്യിലിരുന്ന ഡയറിയിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ വായിച്ചു അമ്മ എന്നോട് ചോദിച്ചു…

അതു ചുമ്മാ…

ഹും ചുമ്മാതെ ആണെന്നു എനിക്ക് തോന്നുന്നില്ല.. എന്തോ മനസ്സിലാക്കിയത് പോലെ അമ്മ പറഞ്ഞു…

നിന്റെ വിശ്വനാഥൻ അമ്മാവനെ നിനക്കറിയില്ല….ഏതോ ഓർമയിൽ അമ്മയുടെ മിഴികൾ സജലങ്ങൾ ആവുന്നത് ഞാൻ അറിഞ്ഞു….

അമ്മയെ സ്‌നേഹിക്കുമ്പോൾ അച്ഛനും ഉണ്ടായിരുന്നില്ലേ അമ്മേ പ്രതിബന്ധങ്ങൾ..എന്നിട്ടും അച്ഛൻ അമ്മയെ സ്വന്തം ആകിയില്ലേ…

അമ്മ തന്നെ പറഞ്ഞു തന്ന വരികൾ അമ്മയ്ക്ക് ഓർമയില്ലെ..

ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
അവളെ കല്ലിനുള്ളിൽനിന്ന്
ഉയിർത്തെഴുന്നേല്പിക്കുകയെന്നാണർത്ഥം
അടിതൊട്ടു മുടിവരെ പ്രേമത്താലുഴിഞ്ഞ്
ശാപമേറ്റുറഞ്ഞ രക്തത്തിന്
സ്വപ്നത്തിന്റെ ചൂടു പകരുകയെന്നാണർത്ഥം
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കരിയും മെഴുക്കും പുരണ്ട അവളുടെ പകലിനെ
സ്വർഗ്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുകയെന്നാണ്
രാത്രി ആ തളർന്ന ചിറകുകൾക്കു ചേക്കേറാൻ
ചുമൽ കുനിച്ചു നില്ക്കുന്ന
തളിരു നിറഞ്ഞ മരമായി മാറുകയെന്നാണ്
ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ
കാറ്റും കോളും നിറഞ്ഞ കടലിൽ
മേഘങ്ങൾക്കു കീഴിൽ പുതിയൊരു ഭൂഖണ്ഡം തേടി
കപ്പലിറക്കുകയെന്നാണർത്ഥം
സ്വന്തം വീട്ടുമുറ്റത്തുണ്ടായ ഒരു നാലുമണി
ആരും കണ്ടിട്ടില്ലാത്ത ഒരു വൻകരയിൽ
കൊണ്ടുചെന്നു നട്ടുപിടിപ്പിക്കുകയെന്നാണർത്ഥം

Leave a Reply

Your email address will not be published. Required fields are marked *