ഏട്ടത്തി – 2അടിപൊളി  

ഒരിക്കൽ തന്നെ ഏറ്റവും അടുത്തു കൊണ്ടു നടന്നു സ്നേഹിച്ച ഏട്ടത്തി ഇന്ന് തന്റെ താലി കഴുത്തിൽ വീണപ്പോൾ തീർത്തും അന്യയായി തീരുന്നത് നെഞ്ചു പൊടിയുന്ന വേദനയോടെയാണ് കിച്ചു കണ്ടു നിന്നത്.

എം ബി എ മോഹങ്ങൾക്ക് ചിറകു മുളച്ചുകൊണ്ടു കിച്ചുവിന് തിരുവനന്തപുരത്തു കോളേജിൽ കിട്ടിയതും അവൻ അതിനു കാര്യങ്ങൾ നീക്കിയതും പെട്ടെന്നായിരുന്നു.

“നീയ്….ഇതെന്തു ഭാവിച്ച കിച്ചു…ഇവിടൊന്നും പഠിക്കാൻ ഇടല്ല്യാഞ്ഞിട്ടാ ഇനി അവിടെ പോയി പഠിക്കണേ…”

ഊണ് മേശയിൽ ഇരിക്കുമ്പോൾ കിച്ചു പറഞ്ഞത് കേട്ട അമല കിച്ചുവിന്റെ തീരുമാനത്തോട് ആദ്യമേ എതിർത്തു.

“അവിടെയാ കിട്ടിയേ….പിന്നെന്ത് ചെയ്യാനാ…”

“പോണം ന്നു നിനക്ക് നിര്ബന്ധാച്ചാൽ ആക്കിക്കോ…ന്റെ കുട്ടിയേം കൂടെ കൊണ്ടു പോണം…”

വിളമ്പി കൊണ്ടിരുന്ന നീരജയുടെ കയ്യിൽ പിടിച്ചുകൊണ്ടു അമല പറഞ്ഞു.

താൻ കാരണം ഏട്ടത്തിക്കൊരു ബുദ്ധിമുട്ട് ആവണ്ട എന്നു കരുതി മനപൂർവ്വം ഇവിടുന്ന് മാറി നിൽക്കാൻ വേണ്ടി ചെയ്ത കിച്ചുവിന് അമ്മയുടെ ആവശ്യം അംഗീകരിക്കാൻ തോന്നിയില്ല.

“അപ്പൊ അമ്മ ഇവിടെ ഒറ്റയ്ക്കോ…… ഏട്ടത്തി………

അല്ല….ഇയാളിവിടെ നിന്നോളും.”

പെട്ടെന്ന് വായിൽ വന്ന ഏട്ടത്തിയെ കടിച്ചമർത്തി കിച്ചു പറഞ്ഞു.

“കെട്ടി കൊല്ലം ഒന്നാവാറായിട്ടും നിനക്കിവൾ ഏട്ടത്തിയാ അല്ലെ….നിങ്ങൾ എന്താ വിചാരിച്ചേ നിക്കൊന്നും മനസിലായിട്ടില്ല ന്നൊ….എന്റെ മുന്നിൽ നിങ്ങൾ എത്ര അഭിനയിച്ചാലും രണ്ടിന്റെയും ഉള്ള് എനിക്ക് കാണാം….”

അമലയുടെ കണ്ണീർ പൊഴിഞ്ഞു.

“‘അമ്മ….”

ഇടറുന്ന സ്വരത്തോടെ പതിയെ നീരജ വിളിക്കുമ്പോൾ ഇടിവെട്ട് ഏറ്റ പോലെ മൗനമായി ഇരിക്കാനെ കിച്ചുവിന് കഴിഞ്ഞുള്ളു.

“നിങ്ങൾക്ക് എത്രത്തോളം തമ്മിൽ അറിയാം എന്നു എനിക്കറിയില്ല പക്ഷെ…ഈ ജന്മം ഒന്നിക്കേണ്ടത് നിങ്ങൾ തമ്മിലാ….അതിന് വേണ്ടി നടന്നതാ ബാക്കി ഉള്ളതൊക്കെ…എനിക്ക് അത്ര വിശ്വാസാ….”

നീരജയും കിച്ചുവും പരസ്പരം നോക്കി…കണ്ണുകളിൽ കുറ്റബോധം ആയിരുന്നു രണ്ടുപേർക്കും.

“അതോണ്ട് തന്നെയാ ഞാൻ പറയണേ….പോകുവാണേൽ നീ ഇവളെയും കൂടെ കൂട്ടണം…ഇല്ലാച്ചാ നീ ഒറ്റയ്ക്ക് പോവില്ല…എവിടെയും…. എന്റെ കാര്യം ഓർത്തു വിഷമിക്കാനുള്ള ഒന്നും ഇല്ല… നിന്നേം നിന്റെ ഏട്ടനേം ഞാൻ വളർത്തിയത് ഒറ്റയ്ക്കാ…ആ തന്റേടം നിക്കിപ്പോഴും ഉണ്ട്.”

പാത്രത്തിലേക്ക് കൈകുടഞ്ഞു അമലാമ്മ അകത്തേക്ക് നടക്കുമ്പോൾ ഇനിയെന്ത് എന്ന ചിന്തയോടെ അവർ രണ്ടു പേരും അവിടെ തന്നെ നിന്നു.

“ഒത്തിരി കൊതിച്ചിട്ടുണ്ട്… കിട്ടില്ല എന്നു അത്രയും ഉറപ്പായിരുന്നു, അത്രയും ഇഷ്ടം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാവണം ഇതുവരെ മറ്റൊരാളോട് പോലും ഇഷ്ടം തോന്നാതിരുന്നെ,… പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ സ്വർഗം കൈ വെള്ളയിൽ കൊണ്ടു തന്ന തന്റെ പ്രണയം സന്തോഷത്തേക്കാളും അധികം വേദനയും അപമാനവുമാണ് ഏട്ടത്തിക്ക് നൽകിയത് എന്നു മനസിലായ നിമിഷം മുതൽ ഒഴിഞ്ഞു പോവാനാണ് ശ്രെമിച്ചത്… കണ്ണകന്നു ഒടുക്കം മനസ്സും അകലാൻ ദൂരേക്ക് മാറുമ്പോഴും വിധി സമ്മതിക്കുന്നില്ലല്ലോ ഈശ്വര….”

ചാര് കസേരയിൽ ഇരുന്ന് ചിന്തകളിലൂടെ ഒഴുകുകയായിരുന്നു കിച്ചു.

“എപ്പോഴാ നിങ്ങൾക്ക് പോവണ്ടേ….”

പിറകിൽ അമ്മയുടെ സ്വരം.

തിരിഞ്ഞ കിച്ചു കണ്ടു വാതിൽപടിയിൽ പിടിച്ചുകൊണ്ടു അമലാമ്മയെ.

“അടുത്തയാഴ്ച്ച ജോയിൻ ചെയ്യണം…”

“അവളും വരും…അവിടെ വാടകയ്ക്ക് വീട് കിട്ടുവോന്നു നോക്ക്…പിന്നെ അവൾക്ക് എന്തേലും വാങ്ങാനൊക്കെ കാണും, ഒന്നു കൊണ്ടു പോ… നേരാം വണ്ണം ആ പെണ്ണ് പുറത്തിറങ്ങിയിട്ട് കാലങ്ങളായി,… ഇതൊക്കെ ഇനി നീ എന്നാ ഒന്നു കണ്ടറിഞ്ഞു ചെയ്യുന്നത്,….. എന്നും പറഞ്ഞു തരാൻ ഞാൻ ഉണ്ടായെന്നു വരില്ല…”

അമ്മയുടെ കണ്ണിൽ നിറഞ്ഞ ശാസന വാക്കുകളായി പുറത്തു വന്നു.

“ഉം…”

പതിഞ്ഞൊരു മൂളലിൽ അവൻ മറുപടിയൊതുക്കി. *******************************

“പോയി വാങ്ങേണ്ടതൊക്കെ വാങ്ങിക്കു മോളെ…”

കുറച്ചു നോട്ടുകൾ നീരജയുടെ കയ്യിലേക്ക് പിടിപ്പിച്ചു അമല പുറത്തു അവളെ കാത്തു നിന്നിരുന്ന കിച്ചുവിനടുത്തേക്ക് നടത്തി.

“ഞാൻ ഏട്ടന്റെ വീട്ടിലേക്ക് പോവുവ…നിങ്ങൾ കഴിഞ്ഞെത്തുമ്പോൾ വിളിച്ചാൽ മതി. പിന്നെ വൈകുവാണേൽ പുറത്തൂന്നു കഴിച്ചേക്കണം വിശന്നു നിക്കരുത്…കേട്ടല്ലോ രണ്ടും.”

നീരജ തലയാട്ടി, ബൈക്കിൽ ഇരിക്കുന്ന കിച്ചുവിന്റെ പിറകിൽ ചരിഞ്ഞിരുന്നു അമ്മയെ നോക്കി.

ചിരിയോടെ യാത്ര പറയുന്ന അമലയെ നോക്കി പതിഞ്ഞ പുഞ്ചിരി നൽകി. പിന്നിൽ ഇരിക്കുമ്പോഴും കിച്ചുവിനെ തൊടാതെ നീങ്ങിയാണ് അവൾ ഇരുന്നത്. ചാര സാരിയിലും ബ്ലൗസിലും ഒന്നു തെളിഞ്ഞ മുഖമില്ലെങ്കിൽ പോലും വിഷാദം പടർന്ന നീരജയുടെ ലാവണ്യം കാണുന്നവരുടെ ഉള്ളിൽ കൊളുത്തി വലിക്കുന്ന ഭംഗി ആയിരുന്നു.

കണ്ണാടിയിലൂടെ നോക്കുമ്പോഴെല്ലാം എന്തൊക്കെയോ ആലോചിച്ചു എങ്ങോ ഉറപ്പിച്ചു വെച്ചിരുന്ന കണ്ണുകൾ കണ്ട കിച്ചുവും ഒന്നും മിണ്ടിയില്ല…

എന്നാൽ ഏട്ടത്തിയെ കല്യാണം കഴിച്ച അനിയനേയും പുതുപെണ്ണിനേയും ഒരുമിച്ചു ആദ്യമായി പുറത്തു കണ്ട നാട്ടുകാർ നോട്ടം കൊണ്ടു തീണ്ടുന്നത് കിച്ചു അറിയുന്നുണ്ടായിരുന്നു.

“എന്തൊക്കെയാ…വാങ്ങേണ്ടേ…”

തന്നെ മുട്ടാതെ നീങ്ങിയിരുന്ന നീരജയോട് അവൻ ചോദിച്ചു.

“എനിക്ക് ഒന്നും വാങ്ങാൻ ഇല്ല….നിനക്ക്… ഒട്ടൊരു നിമിഷത്തെ മൗനത്തിന് ശേഷം.

“…..കിച്ചൂന് എന്താന്ന് വെച്ച വാങ്ങിക്കാം…”

പതിഞ്ഞ സ്വരത്തിൽ അവൾ മറുപടി പറഞ്ഞു. പിന്നീടൊന്നും ചോദിക്കാതെ കിച്ചു ബൈക്ക് ഇരപ്പിച്ചു മുന്നോട്ടു പായിച്ചു.

ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുന്നിൽ ബൈക്ക് നിർത്തി ഇറങ്ങിയപ്പോൾ ഭാര്യയെ എന്ന പോലെ അവനു പിന്നിൽ നീരജ നടന്നു.

തനിക്ക് വേണ്ട ഷർട്ടും കുറച്ചു പാന്റ്സും എടുക്കുമ്പോൾ അവളെ കാണിക്കാൻ എന്നോണം നിവർത്തി വെച്ചു അവളെ നോക്കുമെങ്കിലും ചിന്തയിൽ ആണ്ടു നിൽക്കുന്ന നീരജയെ കണ്ട അവനു വല്ലാത്ത വിഷമം തോന്നി.

“ലേഡീസ് വെയർ എവിടെയാ…”

“1st ഫ്ലോറിൽ ആണ്…”

കിച്ചു ചോദിക്കുന്നതും പെണ്കുട്ടി മറുപടി പറഞ്ഞതും പെട്ടെന്ന് കേട്ടു മനസ്സ് എത്തും മുന്നേ അവളുടെ കയ്യിൽ പിടിച്ചു കിച്ചു നടന്നിരുന്നു. പെട്ടെന്ന് അവളുടെ കൈത്തണ്ടയിൽ അവന്റെ കൈ മുറുകിയപ്പോൾ ഒന്നു വിറച്ചത് അവൾ അറിഞ്ഞു, അധികാരത്തോടെ തന്റെ കയ്യും പിടിച്ചു നടന്നു പോവുന്ന കിച്ചുവിനെ ഒരു നിമിഷം അവൾ കൊതിയോടെ നോക്കി.

“എനിക്കൊന്നും വേണ്ട കിച്ചു…”

കൈ പതിയെ വലിച്ചുകൊണ്ട് നീരജ പറഞ്ഞു.

“എനിക്ക് വേണം…”

അവളെ നോക്കി ചെറുതായി ചിരിച്ചു കൊണ്ട് കിച്ചു നടന്നു. പിന്നീട് എതിർക്കാൻ നിൽക്കാതെ അവൾ കൂടെ നടന്നു.

“ഇതൊന്നും വേണ്ട കിച്ചു…”

മുൻപിലേക്ക് അവൻ പെറുക്കി ഇട്ട ടോപ്പുകളും ലെഗ്ഗിൻസുകളും കണ്ട നീരജ നീരസത്തോടെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *