അല്ല….ഇയാളിവിടെ നിന്നോളും.”
പെട്ടെന്ന് വായിൽ വന്ന ഏട്ടത്തിയെ കടിച്ചമർത്തി കിച്ചു പറഞ്ഞു.
“കെട്ടി കൊല്ലം ഒന്നാവാറായിട്ടും നിനക്കിവൾ ഏട്ടത്തിയാ അല്ലെ….നിങ്ങൾ എന്താ വിചാരിച്ചേ നിക്കൊന്നും മനസിലായിട്ടില്ല ന്നൊ….എന്റെ മുന്നിൽ നിങ്ങൾ എത്ര അഭിനയിച്ചാലും രണ്ടിന്റെയും ഉള്ള് എനിക്ക് കാണാം….”
അമലയുടെ കണ്ണീർ പൊഴിഞ്ഞു.
“‘അമ്മ….”
ഇടറുന്ന സ്വരത്തോടെ പതിയെ നീരജ വിളിക്കുമ്പോൾ ഇടിവെട്ട് ഏറ്റ പോലെ മൗനമായി ഇരിക്കാനെ കിച്ചുവിന് കഴിഞ്ഞുള്ളു.
“നിങ്ങൾക്ക് എത്രത്തോളം തമ്മിൽ അറിയാം എന്നു എനിക്കറിയില്ല പക്ഷെ…ഈ ജന്മം ഒന്നിക്കേണ്ടത് നിങ്ങൾ തമ്മിലാ….അതിന് വേണ്ടി നടന്നതാ ബാക്കി ഉള്ളതൊക്കെ…എനിക്ക് അത്ര വിശ്വാസാ….”
നീരജയും കിച്ചുവും പരസ്പരം നോക്കി…കണ്ണുകളിൽ കുറ്റബോധം ആയിരുന്നു രണ്ടുപേർക്കും.
“അതോണ്ട് തന്നെയാ ഞാൻ പറയണേ….പോകുവാണേൽ നീ ഇവളെയും കൂടെ കൂട്ടണം…ഇല്ലാച്ചാ നീ ഒറ്റയ്ക്ക് പോവില്ല…എവിടെയും…. എന്റെ കാര്യം ഓർത്തു വിഷമിക്കാനുള്ള ഒന്നും ഇല്ല… നിന്നേം നിന്റെ ഏട്ടനേം ഞാൻ വളർത്തിയത് ഒറ്റയ്ക്കാ…ആ തന്റേടം നിക്കിപ്പോഴും ഉണ്ട്.”
പാത്രത്തിലേക്ക് കൈകുടഞ്ഞു അമലാമ്മ അകത്തേക്ക് നടക്കുമ്പോൾ ഇനിയെന്ത് എന്ന ചിന്തയോടെ അവർ രണ്ടു പേരും അവിടെ തന്നെ നിന്നു.
“ഒത്തിരി കൊതിച്ചിട്ടുണ്ട്… കിട്ടില്ല എന്നു അത്രയും ഉറപ്പായിരുന്നു, അത്രയും ഇഷ്ടം ഉള്ളിൽ ഉണ്ടായിരുന്നത് കൊണ്ടാവണം ഇതുവരെ മറ്റൊരാളോട് പോലും ഇഷ്ടം തോന്നാതിരുന്നെ,… പക്ഷെ ഒട്ടും പ്രതീക്ഷിക്കാതെ സ്വർഗം കൈ വെള്ളയിൽ കൊണ്ടു തന്ന തന്റെ പ്രണയം സന്തോഷത്തേക്കാളും അധികം വേദനയും അപമാനവുമാണ് ഏട്ടത്തിക്ക് നൽകിയത് എന്നു മനസിലായ നിമിഷം മുതൽ ഒഴിഞ്ഞു പോവാനാണ് ശ്രെമിച്ചത്… കണ്ണകന്നു ഒടുക്കം മനസ്സും അകലാൻ ദൂരേക്ക് മാറുമ്പോഴും വിധി സമ്മതിക്കുന്നില്ലല്ലോ ഈശ്വര….”
ചാര് കസേരയിൽ ഇരുന്ന് ചിന്തകളിലൂടെ ഒഴുകുകയായിരുന്നു കിച്ചു.
“എപ്പോഴാ നിങ്ങൾക്ക് പോവണ്ടേ….”
പിറകിൽ അമ്മയുടെ സ്വരം.
തിരിഞ്ഞ കിച്ചു കണ്ടു വാതിൽപടിയിൽ പിടിച്ചുകൊണ്ടു അമലാമ്മയെ.
“അടുത്തയാഴ്ച്ച ജോയിൻ ചെയ്യണം…”
“അവളും വരും…അവിടെ വാടകയ്ക്ക് വീട് കിട്ടുവോന്നു നോക്ക്…പിന്നെ അവൾക്ക് എന്തേലും വാങ്ങാനൊക്കെ കാണും, ഒന്നു കൊണ്ടു പോ… നേരാം വണ്ണം ആ പെണ്ണ് പുറത്തിറങ്ങിയിട്ട് കാലങ്ങളായി,… ഇതൊക്കെ ഇനി നീ എന്നാ ഒന്നു കണ്ടറിഞ്ഞു ചെയ്യുന്നത്,….. എന്നും പറഞ്ഞു തരാൻ ഞാൻ ഉണ്ടായെന്നു വരില്ല…”
അമ്മയുടെ കണ്ണിൽ നിറഞ്ഞ ശാസന വാക്കുകളായി പുറത്തു വന്നു.
“ഉം…”
പതിഞ്ഞൊരു മൂളലിൽ അവൻ മറുപടിയൊതുക്കി. *******************************
“പോയി വാങ്ങേണ്ടതൊക്കെ വാങ്ങിക്കു മോളെ…”
കുറച്ചു നോട്ടുകൾ നീരജയുടെ കയ്യിലേക്ക് പിടിപ്പിച്ചു അമല പുറത്തു അവളെ കാത്തു നിന്നിരുന്ന കിച്ചുവിനടുത്തേക്ക് നടത്തി.
“ഞാൻ ഏട്ടന്റെ വീട്ടിലേക്ക് പോവുവ…നിങ്ങൾ കഴിഞ്ഞെത്തുമ്പോൾ വിളിച്ചാൽ മതി. പിന്നെ വൈകുവാണേൽ പുറത്തൂന്നു കഴിച്ചേക്കണം വിശന്നു നിക്കരുത്…കേട്ടല്ലോ രണ്ടും.”
നീരജ തലയാട്ടി, ബൈക്കിൽ ഇരിക്കുന്ന കിച്ചുവിന്റെ പിറകിൽ ചരിഞ്ഞിരുന്നു അമ്മയെ നോക്കി.
ചിരിയോടെ യാത്ര പറയുന്ന അമലയെ നോക്കി പതിഞ്ഞ പുഞ്ചിരി നൽകി. പിന്നിൽ ഇരിക്കുമ്പോഴും കിച്ചുവിനെ തൊടാതെ നീങ്ങിയാണ് അവൾ ഇരുന്നത്. ചാര സാരിയിലും ബ്ലൗസിലും ഒന്നു തെളിഞ്ഞ മുഖമില്ലെങ്കിൽ പോലും വിഷാദം പടർന്ന നീരജയുടെ ലാവണ്യം കാണുന്നവരുടെ ഉള്ളിൽ കൊളുത്തി വലിക്കുന്ന ഭംഗി ആയിരുന്നു.
കണ്ണാടിയിലൂടെ നോക്കുമ്പോഴെല്ലാം എന്തൊക്കെയോ ആലോചിച്ചു എങ്ങോ ഉറപ്പിച്ചു വെച്ചിരുന്ന കണ്ണുകൾ കണ്ട കിച്ചുവും ഒന്നും മിണ്ടിയില്ല…
എന്നാൽ ഏട്ടത്തിയെ കല്യാണം കഴിച്ച അനിയനേയും പുതുപെണ്ണിനേയും ഒരുമിച്ചു ആദ്യമായി പുറത്തു കണ്ട നാട്ടുകാർ നോട്ടം കൊണ്ടു തീണ്ടുന്നത് കിച്ചു അറിയുന്നുണ്ടായിരുന്നു.
“എന്തൊക്കെയാ…വാങ്ങേണ്ടേ…”
