“മേമ ശരിക്കും പറഞ്ഞതാണോ എന്നോട് പൊയ്ക്കോളാന്‍..?”
എന്റെ ചോദ്യം കേട്ട് ആ കണ്ണുകളൊന്നു പിടഞ്ഞുയര്‍ന്നു. പെട്ടെന്നങ്ങനെ പറഞ്ഞു പോയത് അബദ്ധമായിപ്പോയോ എന്നൊരു വിഭ്രാന്തി അതില്‍ നിഴലിച്ചിരുന്നു. എന്തോ പറയാന്‍ ശ്രമിച്ചിട്ട് പറ്റാത്ത പോലെ ആ ചുണ്ടുകളിലൊരു വിറ പടര്‍ന്നു.
“മേമയ്ക്ക് ഞാന്‍ പോകുന്നതാണ് നല്ലതെങ്കില്‍…ശരി..ഞാന്‍ പോയേക്കാം..!”
പൊടുന്നനെ ഞാന്‍ അവരെക്കടന്ന് വേഗത്തില്‍ നടന്നു. പിന്നില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്തതിനാല്‍ ഒരു തിരിച്ചു വിളി പ്രതീക്ഷിച്ചു കൊണ്ട് ഞാന്‍ അല്പമൊന്നു സ്പീഡ് കുറച്ചു.
“കണ്ണാ നിക്ക്..!”
പ്രതീക്ഷ തെറ്റിയില്ല. ഒരു ആന്തലോടെയുള്ള മേമയുടെ ശബ്ദം കേട്ട് ഞാന്‍ സഡന്‍ ബ്രേക്കിട്ടപോലെ നിന്നു.
അവര്‍ മെല്ലെ എന്റെ അരികിലെത്തി. ആ മിഴികള്‍ താഴ്ന്നിരുന്നു.
“ഇന്നലെ രാത്രിയില്‍ കണ്ടില്ലേ…അയാളാണ് മുമ്പ് ഇവിടെ തൊഴുത്തിലെ കാര്യമൊക്കെ നോക്കിയിരുന്നത്. പക്ഷെ, കഴിഞ്ഞ ആഴ്ച എനിക്കയാളെ പറഞ്ഞു വിടേണ്ടി വന്നു. പിന്നെ എന്നും രാത്രിയില്‍ ഇവിടെ വന്ന്‍….ഇന്നലെ കേട്ടില്ലേ..അതുപോലൊക്കെ…!”
മേമ ഒരു നിമിഷം ഇടറിപ്പോയി. പെട്ടെന്നുതന്നെ അത് തിരിച്ചറിഞ്ഞ് ശബ്ദം ശരിയാക്കുന്ന പോലെ ഒന്ന് മുരടനക്കി.
രാത്രിയില്‍ കുടിച്ചു പൂസായി തെറിവിളിച്ച് ആളെ എനിക്കോര്‍മ്മ വന്നു.
‘സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു..അയാളുടെ ഭാര്യ ഒരു പാവമാ..ഒരു കാന്‍സര്‍ രോഗി…അവരെന്റെ കാലുപിടിച്ച് കരഞ്ഞപ്പോ മനസ്സലിഞ്ഞ് പരാതി പിന്‍വലിച്ചു. പക്ഷെ അയാള്‍ നിര്‍ത്തിയില്ല, എന്നും വരും രാത്രീല്‍..!
അവര്‍ മുഖമുയര്‍ത്തി എന്നെ നോക്കി.
“അയാളുടെ തൊണ്ട കഴയ്ക്കുന്നത് വരെയല്ലേ…പറഞ്ഞോട്ടെ എനിക്ക് പ്രശ്നമില്ല. പക്ഷെ, ഒരാള്‍ കൂടെ ഒപ്പമുണ്ടെങ്കില്‍….വേറൊന്നിനുമല്ല..ഒരു ധൈര്യത്തിന്..! അത്രേ വേണ്ടൂ..!
ഇനിയെന്താണ് പറയേണ്ടതെന്നറിയാതെ അവരെന്നില്‍ നിന്നും നോട്ടം മാറ്റിക്കളഞ്ഞു.
അവിടൊരു നിശ്ശബ്ദത അപ്പൊ ഒട്ടും യോജിക്കുന്നതല്ലെന്ന്‍ എനിക്ക് തോന്നി. അവര്‍ പറഞ്ഞു കഴിഞ്ഞു…ഇനി പറയേണ്ടത് ഞാനാണ്. അതാണവര്‍ കാത്തിരിക്കുന്നതും.
എന്താണ് പറയേണ്ടതെന്നറിയാം..പക്ഷെ എങ്ങനെ പറയണമെന്നാണ് ഞാന്‍ പിന്നെ ചിന്തിച്ചത്.
“മേമേ..!”
ചെറിയൊരു തമാശ ഒപ്പിക്കാമെന്ന ചിന്തയില്‍ ഞാനൊരല്പം നാടകീയമായാണ് വിളിച്ചത്.
“ഇയര്‍ഫോണ്‍ വര്‍ക്ക് ചെയ്യാത്ത അമ്മമ്മ… വൈറസ് കയറിയ CPU പോലെ സ്ലോ ആയ അമ്മച്ചന്‍..പച്ചപ്പുല്ലേതാ വൈക്കോലേതാ എന്ന് തിരിച്ചറിയാന്‍ ശേഷിയില്ലാത്ത കുറെ പാവപ്പെട്ട പൈക്കള്‍…പിന്നെ ആട്ടിന്‍ കുട്ടിയുടെ മനസ്സുള്ള മേമ..!”
ഞാന്‍ ഒന്ന് നിര്‍ത്തി, ആ മുഖത്തേക്ക് നോക്കാതെ കള്ളദൃഷ്ടി കൊണ്ട് അവരുടെ ഭാവത്തില്‍ വല്ല മാറ്റവുമുണ്ടോ എന്ന് ചെക്ക് ചെയ്തു.
കിളി പോയൊരാളെ നോക്കുന്നത് പോലെയാണ് അവരെന്നെ നോക്കുന്നത്. ഇവനെന്തോക്കെയാണ് പറയുന്നതെന്ന അമ്പരപ്പും തെല്ലൊരു ആശ്ചര്യവും നിറഞ്ഞ ഭാവം.
യെസ്..സംഗതി വര്‍ക്ക് ചെയ്യുന്നുണ്ട്.
“മേമ പേടിക്കണ്ട..മന്ദബുദ്ധികളായ കുഞ്ഞുങ്ങളെ നോക്കുന്നപോലെ നിങ്ങളെ സംരക്ഷിച്ചു കൊള്ളാമെന്നു ഞാന്‍ അമ്മയ്ക്ക് വാക്ക് കൊടുത്തതാണ്…! പെറ്റമ്മയ്ക്ക് കൊടുത്ത വാക്കും ജിയോ ഫോണിലെ സിമ്മും ഒരുപോലെയാണ്…മാറ്റാന്‍ പാടില്ല..! സോ…ഞാന്‍ ഇവിടെത്തന്നെ കാണും.. ഒരടി കൂടെ നടന്നു കഴിഞ്ഞിട്ടും മേമ വിളിച്ചില്ലെങ്കില്‍ ഞാനായിട്ട് തന്നെ വന്നു പറഞ്ഞേനെ.. പോകുന്നില്ലെന്ന്..!”
സത്യനെ അനുകരിച്ച ബിനു അടിമാലിയെപ്പോലെ മേമയുടെ പ്രതികരണമറിയാനായി ഞാന്‍ കണ്‍കോണിലൂടെ പാളി നോക്കി.
‘എനിക്ക് നിങ്ങളെ മനസ്സിലാവുന്നില്ല മിസ്റ്റര്‍’ എന്ന ഭാവത്തില്‍ താടിയ്ക്ക് കൈ കൊടുത്തുകൊണ്ട് എന്നെത്തന്നെ നോക്കി നില്‍ക്കുകയായിരുന്ന മേമയുടെ മുഖത്ത് മെല്ലെ ഒരു ചിരി വിരിഞ്ഞു.
സംഗതി ഏറ്റെന്ന് മനസ്സിലായപ്പോള്‍ ധൈര്യപൂര്‍വ്വം ഞാനാ മുഖത്തേക്ക് നോക്കി.
