ഹേയ്… അവിടുന്ന് അതിനൊക്കെ നിക്കുമോ… അത് നിങ്ങളെ തോന്നലാവും…
അയാളെ വില്ലയിൽ താമസിക്കുന്ന ഒരാൾ ഇവിടെ അടുത്തുന്നു കല്യാണം കഴിച്ചതാ… ഒരിക്കൽ അവനും അവന്റെ കെട്ടിയോളും ഇവിടെ വന്നപ്പോ അവൻ അയാളെ ഫോട്ടോ കണ്ട് എന്നോട് ഭർത്താവാണോ എന്ന് ചോദിച്ചു… അന്നവൻ പോയശേഷം കെട്ടിയോളെ ഫോണിൽ നിന്ന് നമ്പർ എടുത്ത് എന്നെ വിളിച്ചു അവൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടും എനിക്കൊരു കുലുക്കവും ഇല്ലെന്നു കണ്ട് വിശ്വാസം ഇല്ലേൽ അവൻ അവിടെ എത്തിയിട്ട് വീഡിയോ ഇട്ട് തരാം എന്ന് പറഞ്ഞു ഫോൺ വെച്ചു പിന്നെ ഒരു മാസം കഴിഞ്ഞു അവൻ തിരിച്ച് പോയി അവിടെവെച്ചു അയാളെയും കൂടെ ഉള്ളൊരു പെണ്ണിന്റെയും ഫോട്ടോയും അവരു റൂമിൽ ചെല്ലുന്നതിന്റെ വീഡിയോയും അയച്ചുതന്നു കൂടെ കുറേ സമാധാനിപ്പിക്കലും സഹദാപോം സ്നേഹോം പുകഴ്ത്തലും ഞാൻ മൈന്റ് ചെയ്തില്ലേലും മിക്ക മാസങ്ങളിലും ഒലിപ്പിക്കലും കൊണ്ട് അവൻ ഈ വിഡിയോയും ഫോട്ടോയും വരും… ഈ കഴിഞ്ഞ മാസവും വന്നു… ഇത്ര കാലമായിട്ടും ഞാൻ കണ്ടതോ അറിഞ്ഞതോ ഞാൻ അയാളോട് പറഞ്ഞിട്ടില്ല എനിക്കറിയാം ഞാനത് ചോദ്യം ചെയ്താൽ അന്ന് ഞാനീ പഠിക്ക് പുറത്താവും… മോളെയും കൊണ്ട് ഞാൻ എങ്ങോട്ട് പോവും അവളെ പോറ്റാനും പഠിപ്പിക്കാനും കല്യാണം കഴിച്ചയക്കാനും എന്ത് ചെയ്യും എന്ന പേടി ആയിരുന്നു… മോളേം കൊണ്ട് തിരിച്ച് വീട്ടിലേക്ക് ചെന്നാൽ ആങ്ങള മാര് തിരിഞ്ഞു നോക്കില്ലെന്ന് എനിക്കുറപ്പാ…അതുകൊണ്ട് മാത്രമാ ഒന്നും കാണാതെയും കേൾക്കാതെയും ഞാനിവിടെ നിന്നെ… അവളെ കല്യാണം കഴിഞ്ഞ് അവൾ പോയതോടെ എനിക്ക് ആരുമില്ലാതെ ആയി എന്ന തോന്നലായിരുന്നു… പുറത്ത്തുനിന്ന് നോക്കുന്നവർക്ക് ഇത്രേം വലിയ വീട്ടിൽ സുഖസൗകര്യങ്ങളോട് ജീവിക്കുന്ന എന്നോട് അസൂയ… എനിക്കല്ലേ അറിയൂ ഞാനിവിടത്തെ ആരുമല്ലെന്ന്…
എന്റെ പതിനേഴു വയസിനു ശേഷം ഞാൻ അയാളുടെ കൂടെയോ വേറെ ആരുടെയെങ്കിലും കൂടെയോ കിടന്നിട്ടില്ല… പലരും ഒളിഞ്ഞും തെളിഞ്ഞും എന്റെ അടുത്ത് വന്നെങ്കിലും ആരെയും ഞാൻ അടുപ്പിച്ചില്ല… അയാള് കാരണം എനിക്ക് എല്ലാ ആണുങ്ങളോടും വെറുപ്പായിരുന്നു… നിന്റെ കാര്യം പറയുമ്പോ നീ തല്ലും പിടിയും കൊട്ടേഷനും ആയി നടക്കുന്ന ഒരുത്തനാണെന്നാ ഇവിടുന്ന് അവരെല്ലാം പറഞ്ഞത്… കുടുംബത്തിന്റെ മാനമോ അന്തസോ ഓർത്തിട്ടല്ല ഞാനന്ന് അവരെ കൂടെ നിന്നത് അവളെ അങ്ങനെ ഒരുത്തന്റെ കൂടെ പറഞ്ഞയച്ചവളും എന്നെപോലെ ആരും ഇല്ലാത്തവൾ ആവരുത് എന്നോർത്താ… അവൾക്കെന്താ അവളെ മൂത്ത മാമനോട് ഇത്ര ദേഷ്യം എന്ന് നിനക്കറിയുമോ… നിനക്ക് ആക്സിഡന്റ് ആയപ്പോ അവൾ ഗർഭിണി ആയിരുന്നു നിന്റെ കുഞ്ഞിനെ അവളെ വയറ്റിലിട്ട് അവൻ ചവിട്ടി കൊന്നതാ… അവളെ അവൻ അടിക്കുന്നത് കണ്ട് അവളെ ഒന്നും ചെയ്യല്ലേ എന്ന് അവന്റെയും അവളെ ഉപ്പാന്റെയും കാല് പിടിച്ച് ഞാൻ പറഞ്ഞതാ… അവളെ അടിക്കാതിരിക്കാൻ അവളെ പൊതിഞ്ഞു പിടിച്ച എന്നെ അവര് അടിച്ച് പിടിച്ച് വലിച്ചു പുറത്തിട്ട് വാതിലടച്ചു…അന്നെന്റെ മോളേ കരച്ചിൽ അകത്തുനിന്ന് കേട്ടത് ഇപ്പോഴും ഇടക്ക് സ്വപ്നംകണ്ട് ഞാൻ ഞെട്ടി ഉണരും… അന്ന് ഇവിടെ അവളെ ഒന്നും ചെയ്യല്ലേ എന്ന് പറയാൻ അവളെ ചെറിയ മാമന്റെ കെട്ടിയോൾ ഫാസിന അല്ലാതെ ആരും ഇല്ലായിരുന്നു… നീ ഇപ്പൊ വന്ന് എന്നെ ചേർത്തുപിടിച്ച ചുമരില്ലേ അവിടെയാ… അവിടെയാ… അവനെന്റെ മോളേ ചേർത്തു പിടിച്ചേ… ഒന്നെതിർക്കാൻ പോലും പറ്റാതെ… എന്തിന് അവളെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും വിടാതെ എന്നെയും ഫാസിനാനെയും അവര് പിടിച്ചുവെച്ചു… (അവരെ കണ്ണിൽ നിന്നും കണ്ണീര് ഒഴുകികൊണ്ടിരുന്നു) എന്റെ മോളേ അതിൽ പിന്നെ ഞാൻ പഴയപോലെ കണ്ടിട്ടില്ല ഇപ്പോഴാ അവളൊന്ന് പഴയപോലെ ആയിവരുന്നത്… ഇതെല്ലാം നിന്നോട് പറയാൻ ഒരുപാട് വട്ടം ഞാൻ ആലോചിച്ചതാ… അവളെ കാര്യം പറഞ്ഞു നിന്നെ സങ്കടപെടുത്തരുത് എന്ന് അവളെനെ കൊണ്ട് സത്യം ചെയ്യിച്ചതാ… പക്ഷേ ഇപ്പൊ ഇത് പറഞ്ഞില്ലേൽ അവരെ എന്തേലും ചെയ്യാൻ പോയി നിനക്കെന്തെങ്കിലും പറ്റിയാൽ… ഒരുപ്രാവശ്യം കൂടെ നിന്നെ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും എനിക്കെന്റെ മോളേ പഴയപോലെ കിട്ടില്ലെന്ന പേടിയാ എനിക്ക്… അതുകൊണ്ടാ ഞാനിതിപ്പോ നിന്നോട് പറഞ്ഞേ… അവളെ മാമന്മാരും ഉപ്പയും കണ്ണിൽ ചോരയില്ലാത്തവരാ അവരെന്ത്ചെയ്യാനും മടിക്കില്ല…
