സഞ്ജു പറ്റെ തകർന്നു തുടങ്ങിയിരുന്നു…
മനസ്സു തുറക്കാനൊരാളില്ല..
ചെറുപ്പത്തിലേ വിദേശവാസമായതിനാൽ സുഹൃത്തുക്കളും കുറവ്…
ഉള്ളവർ തന്നെ അവരുടേതായ തിരക്കിലും…
ശരിക്കും ശ്വാസം മുട്ടുന്ന അവസ്ഥ…
ഭിത്തിയിൽ തലയിടിച്ച് ഒന്നു പൊട്ടിക്കരയാൻ അവന്റെയുള്ളം എപ്പോഴും അലമുറയിട്ടു കൊണ്ടിരുന്നു…
പിന്നീടവൻ സ്വയം നിയന്ത്രിക്കും…
അമ്മ:…
സഹോദരി……..
രച്ചുമോൾ…….
താൻ തകർന്നാലോ ഇല്ലാതായാലോ എല്ലാം അസ്തമിക്കുന്നുവെന്ന തിരിച്ചറിവിൽ അവൻ നിശബ്ദനായിരുന്നു തേങ്ങും…
പിന്നെ, എല്ലാം വിധിയെന്ന അവസാന വാചകത്തിൽ സമാശ്വസിക്കും…
രണ്ടു പേരുടെയും കേസ് ഓരോ വിസ്താരം കഴിഞ്ഞിരുന്നു…
നിലത്തിഴഞ്ഞിരുന്ന രച്ചുമോൾ പതിയെ പിടിച്ചു നടന്നു തുടങ്ങി…
സൂര്യനും ചന്ദ്രനും ചക്രവാളങ്ങളിൽ പലതവണ വന്നും പോയുമിരുന്നു…
ഉമ്മറത്തെ ചാരുകസേരയിൽ മിഴികളടച്ച് നിശബ്ദം ധ്യാനത്തിലെന്നപോലെ , ചിന്തകളിൽ, കിടക്കുകയായിരുന്നു സഞ്ജു…
തന്റെ നെറ്റിയുടെ ഇരുവശങ്ങളിലും കൈവിരലുകളുടെ നനുത്ത സ്പർശമേറ്റിട്ടും അവനനങ്ങാതെ കിടന്നു…
അഞ്ജുവല്ലാതെ മറ്റാര്…….?
നെറ്റിയിലെ ഇരുവശങ്ങളിലും പുരികക്കൊടികളിലും അവളുടെ വിരലുകൾ പതിയെ തടവിയിറങ്ങുന്നതറിഞ്ഞ്, അവൻ അനങ്ങാതെ കിടന്നു…
ഒരു നേരിയ സുഖം…
തൂവൽ സ്പർശം പോലെ…….
അവളുടെ വിരലുകളുടെ സാമീപ്യത്താൽ തലവേദനയൊഴിയുന്നതു പോലെയോ , മാനസിക ഭാരം ലഘൂകരിച്ചു പോകുന്നതു പോലെയോ
അവന് അനുഭവേദ്യമായി… ….
കേവലം വിരലുകൾക്കിത്ര മാന്ത്രിക ശക്തിയോ… ?
സഞ്ജുവിന് അത്ഭുതം തോന്നി…
താൻ നെഞ്ചുപൊടിഞ്ഞു തകർന്ന ദിനങ്ങളിൽ ഇങ്ങനൊയൊരു സ്പർശനം ആഗ്രഹിച്ചിരുന്നു…
ഇങ്ങനെയൊരാളുടെ സാമീപ്യം ആഗ്രഹിച്ചിരുന്നു… ….
ആരുമില്ലായിരുന്നു…
അഞ്ജുവുമില്ലായിരുന്നു…
അവളെയും കുറ്റപ്പെടുത്താനാകില്ല..
അതിലേറെ തകർന്നിരുന്നു അവൾ..
അഞ്ജുവിന്റെ വിരലുകൾ കവിളുകളിൽ തഴുകുന്നതറിഞ്ഞിട്ടും അവൻ അറിയാത്ത ഭാവത്തിൽ വിരൽ സ്വാന്തനത്തിൽ ലയിച്ചു കിടന്നു….
“ചഞ്ചൂ…….”
കാതോരമായിരുന്നു അവളുടെ വിളി…
അവൻ അനങ്ങിയില്ല..
“ചഞ്ചൂസേ……..”
“ഉം…….”
ഇത്തവണ അവൻ വിളി കേട്ടു…
“എന്തൊരിരിപ്പാടോയിത്…….? ഞാൻ കുറച്ചു ദിവസമായി ശ്രദ്ധിക്കുന്നു…….”
സഞ്ജു മറുപടി പറയാതെ ഒന്നിളകിയിരുന്നു…
“ ഈ താടിയൊക്കെ വടിച്ച്, ഒന്നു സുന്ദരനാക്….”
അവൾ അവന്റെ താടിരോമങ്ങളിൽ വേദനിപ്പിക്കാതെ വലിച്ചു കൊണ്ട് പറഞ്ഞു…
“എഴുന്നേൽക്ക്… …. ഞാൻ ചെയ്തു തരാം…….”
സഞ്ജു പതിയെ കസേരയിൽ നിന്ന് എഴുന്നേൽക്കാനാഞ്ഞത് കണ്ടു കൊണ്ട് അവൾ അകത്തേക്ക് പോയി…
അഞ്ജു, തിരിച്ചു വരുമ്പോഴും അവനതേ ഇരിപ്പായിരുന്നു…
“ആഹാ……. എഴുന്നേറ്റില്ലേ…….”
അവൾ ഒരു കയ്യാൽ അവനെ പിടിച്ചു വലിച്ചതും പതിയെ അവൻ എഴുന്നേറ്റു…
പുറത്തെ പ്ലാസ്റ്റിക് കസേരയിൽ അവൻ ഇരുന്നതും അവൾ ഷേവിംഗ് ഫോം കയ്യിലെടുത്തു…
“എന്നാ ഒരു മ്ലാനത മുഖത്ത്… ?”
“സന്തോഷിക്കാവുന്ന കാര്യമാണല്ലോ എല്ലാം……”
അവൻ മറുചോദ്യമെറിഞ്ഞു…
“എന്റെ കാര്യമാണെങ്കിൽ വേണ്ട.. ആം ഓൾവെയ്സ് ഹാപ്പി… ….”
പുഞ്ചിരി എടുത്തണിഞ്ഞ് അവൾ ഷേവിംഗ് ഫോം അവന്റെ താടിയിൽ തേച്ചു തുടങ്ങി…
“ പിന്നെന്താ പ്രശ്നം…….?”
“എന്ത് പ്രശ്നം…….?”
“ ഈ കരിപിടിച്ച പോലത്തെ മോന്തയുടെ കാരണം എന്താണെന്നാണ് ഭവതിയുടെ ചോദ്യം…”
അവൾ റേസർ കയ്യിലെടുത്തു…
“സത്യമേ പറയാവൂ… കയ്യിലിരിക്കുന്നത് ബ്ലേഡാ…….”
അവൾ ചിരിച്ചു….
“ ഒന്നുമില്ല പൊന്നാവേ……. നീ ഷേവ് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യ്…….”
സഞ്ജു, അയഞ്ഞു തുടങ്ങി….
.” ചഞ്ചു എന്നെക്കാണാൻ തുടങ്ങിയിട്ട് ഇരുപത്തിമൂന്ന് വർഷമേ ആയിട്ടുള്ളൂ… പക്ഷേ ഞാൻ ജനിച്ചപ്പോൾ മുതൽ ചഞ്ചുവിനെ കാണുന്നതാ…”
അവൾ കവിൾ കോട്ടി ചിരിച്ചു കൊണ്ട് തുടർന്നു…
“ ഈ മുഖത്തും മനസ്സിലും ഞാനറിയാത്ത രഹസ്യമുണ്ടെങ്കിൽ എനിക്കു മനസ്സിലാകും…….”
“എന്ത് രഹസ്യം…….?”
അവൻ അജ്ഞത ഭാവിച്ചു…
“സാധാരണ ചഞ്ചുവിന്റെ പ്രശ്നമെന്താ…? ഏട്ടത്തി… വീണ്ടും
പിണങ്ങിയോ… ?”
അവൾ ഫോമിൽ കുതിർന്ന രോമങ്ങൾ വടിച്ചെടുത്തു ടിഷ്യുവിൽ തേച്ചു…
