ഇരു കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് വരവു പോക്കുകൾ നടന്നു…
സഹോദരിയുടെ സ്റ്റാറ്റസിനു കളങ്കമേൽക്കാതിരിക്കാൻ ഒരു ഇന്നോവയും സഞ്ജു ഇതിനിടയിൽ ബുക്ക് ചെയ്തിരുന്നു…
അങ്ങനെ നിശ്ചയം കഴിഞ്ഞു… ….
“ അനുവിനെ കൊണ്ടുവരാൻ വേണ്ടി , ഏട്ടൻ പൊന്നാവയെ ഇറക്കി വിടുകയൊന്നും അല്ലാട്ടോ… ….”
അഞ്ജുവിന്റെ ചുമലിൽ പിടിച്ച് അവൻ പറഞ്ഞു…
“ചഞ്ചുവിന്റെ മനസ്സ് എനിക്കറിയാം… ഞാൻ കാരണമല്ലേ…….”
അവൾ വിങ്ങിപ്പൊട്ടി…
“അങ്ങനെയൊന്നും പറയല്ലേ പൊന്നാവേ……..”
നിറമിഴികളോടെ അവൻ അവളുടെ വായ പൊത്തി….
“ചഞ്ചുവേ……………’’
ഒരു നിലവിളിയോടെ അവൾ ഏട്ടന്റെ നെഞ്ചിലേക്ക് വീണു പൊട്ടിയടർന്നു…
കുറച്ചു മാസങ്ങളായി മനസ്സിൽ അടക്കിപ്പിടിച്ചിരുന്ന കുറ്റബോധത്തിന്റെയും വേദനയുടെയും തിരത്തള്ളലായിരുന്നു അത്…
“ ന്നോട് പിണങ്ങല്ലേ……..”
അവൾ വിങ്ങിപ്പൊട്ടി…
“ അതിനെനിക്കു പറ്റുമോടീ……. “
സഞ്ജു അവളുടെ മൂർദ്ധാവിൽ ചുംബിച്ചു…
ഒടുവിൽ സഞ്ജു അവളെ അടർത്തിമാറ്റുമ്പോൾ
ഈ ഒരാശ്രയം തനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടാൻ തുടങ്ങുകയാണെന്ന ചിന്തയിൽ അഞ്ജുവിന്റെ ഉള്ളം പിടഞ്ഞു…
ചഞ്ചുവിനോടൊപ്പം കൈ പിടിച്ചു നടന്ന പാട വരമ്പുകൾ…
കൈത്തോട്ടിലായി, തന്നെ കയ്യിൽ കിടത്തി നീന്തൽ പഠിപ്പിച്ച ചഞ്ചു…
സ്നേഹവും സമ്മാനങ്ങളും…
ആഗ്രഹങ്ങൾ പറഞ്ഞാൽ മാത്രം മതിയായിരുന്നു…
ഒരിക്കൽ പോലും നുള്ളി നോവിക്കാത്തൊരേട്ടൻ…
അയാൾ വിഷമിച്ചതും ക്ഷമിച്ചതും താനൊരാൾക്കു വേണ്ടിയായിരുന്നു… ….
അവളുടെ ഹൃദയം അലമുറയിട്ടു കരഞ്ഞു…
നാളെയോ മറ്റന്നാളോ ഏട്ടത്തി വരും…
താൻ പടിയിറങ്ങുകയാണ്…
വല്ലപ്പോഴും ഏട്ടനോ, അമ്മയോ കാണാൻ വരുമായിരിക്കും….
നെഞ്ഞ് പിഞ്ഞിപ്പറിഞ്ഞ്, ഉലയുന്ന ഹൃദയവും അലയടിക്കുന്ന മനസ്സുമായി, അഞ്ജു അവളുടെ ജീവിത സാഗരത്തിനു നേർക്കു നടന്നു….
“ ഒന്നുകിൽ ഇവിടെ വന്നു നിൽക്കാം… …. അല്ലെങ്കിൽ മറ്റൊരു വീട് എടുക്കാം… “
മൂന്നാമത്തെ നിബന്ധനയതായിരുന്നു…
ക്ഷോഭത്തിന്റെ കൊടുമുടിയിലായിരുന്നു സഞ്ജു…
ജോലി പോയ വിഷമം ഒരു വശത്ത്…
അതിനിടയിൽ ഉണ്ടായ മറ്റു പ്രശ്നങ്ങൾ…
അതിനിടയിൽ അവസാനം അമ്മയെ വെച്ചു അനുപമ വിലപേശിയതും അവന്റെ നിയന്ത്രണം വിട്ടു…
“ മാമനൊരു കാര്യം ചെയ്യ്… ഞാൻ ഒരു പെറ്റീഷൻ ഫയൽ ചെയ്തയയ്ക്കാം… അവളോട് ഒപ്പിട്ടു തരാൻ പറഞ്ഞാൽ മതി…
നിങ്ങളൊക്കെയല്ലേ ഉത്തരവാദികൾ… ….?”
“ എന്നു പറഞ്ഞാൽ ഒരു ആലോചന വന്നപ്പോൾ ഞങ്ങൾ പറഞ്ഞു… ചക്കയൊന്നുമല്ലല്ലോ തുരന്നു നോക്കാൻ……”
അവർക്കും മുഷിഞ്ഞു തുടങ്ങിയിരുന്നു…
എല്ലാവരും കൈയ്യൊഴിയുകയാണെന്ന് സഞ്ജുവിന് മനസ്സിലായി…
എല്ലാവർക്കും അവരവരുടേതായ ജീവിതം…
തന്റെ ഒരു വിവാഹം കൊണ്ട് ഉണ്ടായ മാറ്റം….!
അവനിരുന്ന് തല കുടഞ്ഞു…
“ പെണ്ണെന്ന് പറഞ്ഞാൽ അങ്ങനാടാ… … അവൾ എവിടെയും തോൽവി സമ്മതിക്കില്ല… അംഗീകരിക്കില്ല… സ്നേഹത്തിനു മുന്നിലല്ലാതെ……”
പത്മാവതി മകന്റെ വിഷമം മനസ്സിലാക്കി പറഞ്ഞു തുടങ്ങി…
സഞ്ജു മുഖമുയർത്തി…
“നിന്നേപ്പോലെയല്ലല്ലോ ഞങ്ങൾ… അവൾക്ക് ഞങ്ങളുടെ നേരെ നോക്കുവാനും സംസാരിക്കുവാനും മടി കാണും… ജോലിയുള്ള പെണ്ണല്ലേ…:”
സഞ്ജു മിണ്ടിയില്ല…
“ പോരാത്തതിന് നാട്ടുകാർ… …. എങ്ങനെയൊക്കെ മൂടി വെച്ചാലും അവരത് മണത്തു കണ്ടുപിടിക്കും…”
സഞ്ജു വീണ്ടും നിശബ്ദം:…
“നീ കുറച്ചു ദിവസം അവളുടെ വീട്ടിൽപ്പോയി നിൽക്ക്… ഒന്നുരണ്ടു മാസം കൊണ്ട് എല്ലാം ശരിയാകും… “
“ അമ്മയ്ക്കും വട്ടായിത്തുടങ്ങിയോ…….?”
“ ഞാൻ
കാര്യമാ പറഞ്ഞത്…… “
“അഞ്ജുവിന്റെ കല്യാണത്തിന്, ഞാൻ വേണ്ട എന്ന് പറഞ്ഞിട്ടും നാണം കെട്ട് അമ്മയും മാമനും കൂടി പോയി വിളിച്ചതല്ലേ……..? എന്നിട്ട് ആരെങ്കിലും വന്നോ…….? അവിടേക്ക് ഞാൻ പൊറുതിയ്ക്ക് പോകണമെന്ന് പറയാൻ അമ്മയ്ക്ക് തോന്നിയല്ലോ……… “
സഞ്ജു കോപത്തോടെ എഴുന്നേറ്റു പോയി…
രണ്ടു ദിവസം കഴിഞ്ഞ് പത്മാവതി വീണ്ടും അവനടുത്ത് ചെന്നു…
“അക്കരേലെ ദേവിയുടെ മരുമോൾക്കും ചെന്നെയിൽ തന്നെ ജോലി ശരിയായി… അവൻ അവിടെ തന്നെ ആണല്ലോ……”
