തോർത്തും സോപ്പുമായി പാടത്തിനു നടുവിലൂടെയുള്ള തോട്ടിലേക്ക് കുളിക്കാനിറങ്ങുമ്പോൾ അവൻ ചോദിച്ചു…
ഇല്ലെന്ന ആംഗ്യത്തിൽ അഞ്ജു ചുമൽ കൂച്ചി…
“ഇഞ്ചയും ചകിരിയും കൂട്ടി , എന്റെ പുറം പണ്ട് ഉരച്ചു മാന്തി നീറ്റിച്ചവളാ…”
സഞ്ജു ചിരിയോടെ പറഞ്ഞു…
അല്ലെങ്കിലും അവളെ ഇനി അങ്ങനെയൊന്നും വിളിക്കരുതെന്ന് അവനും നിശ്ചയമുണ്ടായിരുന്നു…
അവനോട് അകൽച്ചയുണ്ടായിരുന്നുവെങ്കിലും അവൻ കൊണ്ടുവന്ന വസ്ത്രങ്ങളും ചോക്ക്ലേറ്റുകളും മേക്കപ്പ് സാധനങ്ങളും ഒന്നും ഒഴിയാതെ അഞ്ജു കൈക്കലാക്കി..
“ പൂച്ചയെ കൊള്ളാം… പൂച്ചയുടെ കണ്ണ് കൊള്ളത്തില്ല….”
പത്മാവതിയമ്മ അവളെ കളിയാക്കി.
“പിന്നേ… ചഞ്ചു വരൂന്നും പറഞ്ഞ് ഞാൻ എല്ലാവരുടെയും മുന്നിൽ ഗമയടിച്ചതാ… ഇതൊന്നുമില്ലാതെ എനിക്ക് ക്ലാസ്സിൽ പോകാൻ പറ്റില്ല….”
അവൾ അമ്മയെ കൊഞ്ഞനം കുത്തിക്കാണിച്ചു…
“ പൊന്നാവയെന്തിനാ എന്റെ ചെറിയ ബോക്സ് കൂടി എടുത്തത്… അതിലെന്റെ ഷേവിംഗ് സെറ്റും ക്രീമും ഒക്കെയാ… “
സഞ്ജു ചോദിച്ചു…
“ മീശ വടിക്കാനായിരിക്കും… നീ പോയതിൽപ്പിന്നെ അവളല്ലായിരുന്നോ ഇവിടുത്തെ ഭരണം… “
പത്മാവതി ചിരിച്ചു…
“ഓ……. അങ്ങ് തന്നേക്കാം… ഞാൻ മൊട്ടായി ആണെന്ന് കരുതി എടുത്തതാ…”
അഞ്ജു പിണങ്ങി…
പിറ്റേന്ന് സഞ്ജു ഗൾഫിൽ നിന്ന് വന്നത് പോലെയാണ് ,
അഞ്ജു ക്ലാസ്സിലേക്കിറങ്ങിയത്…
അവളുടെ ബാഗ് കൂടാതെ മറ്റൊരു ബാഗ്…
“നീയാണോ ദുബായീന്ന് വന്നത്….?”
പത്മാവതി ചോദിച്ചു…
“അവളെല്ലാവർക്കും കൊടുക്കട്ടേയമ്മേ… ഇവിടെയിരുന്നിട്ട് ആര് കഴിക്കാനാ… ?”
സഞ്ജു അവളുടെ രക്ഷയ്ക്കെത്തി…
“നീ കയറ്….”
സഞ്ജു അച്ഛന്റെ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
“ ഞാൻ പൊക്കോളാം…….”
“ഇതും തൂക്കിപ്പിടിച്ചോ…? ഇങ്ങോട്ട് കേറ് പൊന്നാവേ, …….’’
സഞ്ജു അവളുടെ കയ്യിൽ നിന്ന് ബാഗ് വാങ്ങി…
അവനെ ഒന്നു നോക്കിയ ശേഷം അവൾ ബുള്ളറ്റിനു പിന്നിൽ കയറി…
പ്ലസ് ടു വിലാണ് അഞ്ജു…
“ നിന്റെ പഠിത്തമൊക്കെ എങ്ങനെ……?”
“അതങ്ങനെ പോണ്… ….”
“നിനക്കെന്നാ ഒരു പിണക്കം….?”
“എനിക്കെന്നാ പിണക്കം….?”
ബുള്ളറ്റ് ഓടിക്കുന്നതിനിടയിൽ അവർ സംസാരിച്ചു കൊണ്ടിരുന്നു…
“ നീ പഴയതു പോലെ അല്ലാന്ന്…”
“അതിനു ചഞ്ചുവും പഴേ പോലെ അല്ലല്ലോ… “
“ ഞാനോ…….?”
“ആ……… “
“എനിക്കെന്നാ പറ്റി…?”
“ തടി വെച്ചു… താടി വെച്ചു… ബ്ളാ……. ഒരു വക കോലം….”
അവൾ ഇഷ്ടപ്പെടാത്ത മട്ടിൽ പറഞ്ഞു…
“അതാണോ…….?”
സഞ്ജു ചിരിച്ചു…
“പിന്നല്ലാതെ… ഇവിടുന്നു പോയ ചഞ്ചുവല്ല….”
“അതിപ്പോ, മനുഷ്യർക്ക് മാറ്റം വരില്ലേ പൊന്നാവേ…….”
“ ഓ… “
സ്കൂൾ ഗേയ്റ്റിൽ എത്തിയിരുന്നു…
“ തടി എന്തായാലും കുറയ്ക്കാൻ പറ്റില്ല… താടി നീ വൈകുന്നേരം വന്ന് എന്താണെന്ന് വെച്ചാൽ ചെയ്തോ……..”
ബാഗ് കൊടുക്കുന്നേരം അവൻ പറഞ്ഞു…
ബാഗുമായി അവൾ കൂട്ടുകാരികളുടെ ഇടയിലേക്ക് കയറിയതും സഞ്ജു അവളെ വിളിച്ചു…
“ പൊന്നാവേ… …. വൈകിട്ട് ഇവിടെ നിന്നാൽ മതീട്ടോ….”
അഞ്ജുവിന്റെ കൂട്ടുകാരികൾ അവളുടെ ചുമലിൽ കളിയായി തല്ലുന്നതു കണ്ട് സഞ്ജു ബുള്ളറ്റ് തിരിച്ചു…
വീട്ടിലെത്തി, ഭക്ഷണം കഴിച്ച ശേഷം അമ്മയോട് സംസാരിച്ചിരുന്നു…
പ്രധാനമായും അവന്റെ വിവാഹക്കാര്യമായിരുന്നു വിഷയം…
ഏതായാലും ഒന്നു കൂടി പോയി വന്നതിനു ശേഷം ആലോചിക്കാമെന്ന് അവൻ പറഞ്ഞൊഴിഞ്ഞു…
പിന്നെ, അഞ്ജുവിന്റെ കാര്യമായിരുന്നു..
തല്ക്കാലം അവൾ പഠിക്കട്ടെ എന്ന തീരുമാനത്തിലേക്ക് അമ്മയേയും അവനെത്തിച്ചു…
വൈകുന്നേരം അഞ്ജുവിനെ കൂട്ടാൻ ചെന്നപ്പോൾ കൂട്ടുകാരികളുടെ ഇടയിൽ കടന്നൽ കുത്തിയ മുഖവുമായി അഞ്ജു നിൽപ്പുണ്ടായിരുന്നു…
സഞ്ജുവിനോട് അവളുടെ കൂട്ടുകാരികൾ എല്ലാം താങ്ക്സ് പറഞ്ഞു…
“ ചേട്ടായിക്ക് അവിടെ
നല്ല സാലറി ഉണ്ടാകുമല്ലോ… “
അല്പം തടിച്ച ശരീരപ്രകൃതിയുള്ള ഒരുവൾ ചോദിച്ചു…
സഞ്ജുവിനോട് മുട്ടി നിന്നായിരുന്നു അവളുടെ ചോദ്യം…
“ അതെന്താ…….?”
“ Rafallo,Mirsam, ഇത്ര കോസ്റ്റ്ലി ചോക്കളേറ്റ് ഒക്കെ ഒരുപാട് കൊണ്ടുവന്നതു കൊണ്ട് ചോദിച്ചതാ… “
“അതിപ്പോ, അവളുടെ ഫ്രണ്ട്സ് എന്റെയും ഫ്രണ്ട്സല്ലേ…….”
