ഒരു അവധി ദിവസം പതിവ് പോലെ ഞാൻ പാലയ്ക്കൽ ചെന്നപ്പോ ശിവേച്ചിയും വേദുവും കൂടി എന്തോ മുറിയിൽ ഇരുന്നു കുശുകുശുക്കുന്നത് ഞാൻ കേട്ടു. അവർ എന്താണ് പറയുന്നത് എന്ന് എനിക്ക് ശരിക്കും കേൾക്കാൻ വയ്യ. എന്തോ സീരിയസ് കാര്യമാണ്. പുറത്ത് നിന്ന് വട്ടം പിടിച്ചിട്ട് ഒന്നും തിരിയുന്നില്ല. എന്തോ രഹസ്യം ആണ്. കേറി ചെന്നാലോ..? ചിലപ്പോൾ എന്നോടും പങ്ക് വച്ചേക്കുമല്ലോ. രണ്ടും കൽപ്പിച്ചു ഞാൻ മുറിയിലേക്ക് കയറി
‘എന്താ രണ്ട് പേരും കൂടി എന്തോ ഉടായിപ്പ് പ്ലാൻ…?
ഞാൻ കേറിയ പാടെ ചോദിച്ചു
‘എന്ത് ഉടായിപ്പ്..? ഒന്നുമില്ല..’
വേദു പറഞ്ഞു. ആ പറച്ചിലിൽ തന്നെ എന്തോ ഉണ്ടെന്ന് എനിക്ക് മനസിലായി. എന്തോ എനിക്ക് മനസിലായെന്ന് ചേച്ചിക്കും മനസിലായി
‘നീ വല്ലതും കേട്ടോ ..?
ശിവേച്ചി സംശയത്തോടെ ചോദിച്ചു.
‘കേട്ടെങ്കിൽ…?
ഞാൻ കേട്ടു എന്ന രീതിയിൽ സംസാരിച്ചു
‘കേട്ടെങ്കിൽ മിണ്ടാതെ ഈ മൂലയ്ക്ക് ഇരി..’
ചേച്ചി പറഞ്ഞു എന്നെ ഒരു മൂലയ്ക്ക് ഇരുത്തി. ഈ വായാടിയോട് അധികം നവാടാൻ കൊള്ളില്ല
‘ചേച്ചി എനിക്ക് പേടി ഉണ്ട് ..’
വേദു ഞാൻ ഇരിക്കുന്നത് കാര്യം ആക്കാതെ തുടർന്നു
‘നീ ഒന്നും പേടിക്കണ്ട. ഞാൻ പറയുന്നത് പോലെ ചെയ്താൽ മതി..’
ശിവേച്ചി പറഞ്ഞു
‘എനിക്ക് ശരിക്കും പേടിയുണ്ട്. എന്തെങ്കിലും പ്രശ്നം ആയാൽ…?
വേദു പേടിയോടെ പറഞ്ഞു
‘ഒരു പ്രശ്നവും ഉണ്ടാവില്ല. ഞാനില്ലേ കൂടെ..’
‘എന്താണ് പ്രശ്നം ..?
പ്രശ്നം പ്രശ്നം എന്ന് പറയുന്നത് അല്ലാതെ പ്രശ്നം എന്താണെന്ന് ഇവർ പറയുന്നില്ല. സഹികെട്ടു ഞാൻ അത് ചോദിച്ചു
‘അപ്പോൾ നീ ഒന്നും കേട്ടിട്ടില്ല …’
ശിവേച്ചി പറഞ്ഞു
‘കേട്ടില്ല. എന്താന്ന് വച്ചാൽ എന്നോട് കൂടി പറ..’
ഞാൻ പറഞ്ഞു
‘ഇതീ മുറി വിട്ടു പുറത്ത് പോകുമോ ..?
ശിവേച്ചി എന്നോട് ചോദിച്ചു
‘ഞാൻ അങ്ങനെ ചെയ്യുമോ…?
ഞാൻ തിരിച്ചു ചോദിച്ചു
‘അങ്ങനെ ആരോടെങ്കിലും നീ ഇത് കത്തിച്ചാൽ ഞാൻ നിന്നേ ഒരു പരുവം ആക്കും. പിന്നെ ഒരു കാര്യം നിന്നോട് പറയില്ല. സൈക്കിളും തരില്ല…’
എന്നെ കൊണ്ട് സത്യം ഇടീക്കാൻ എന്നോണം ചേച്ചി പറഞ്ഞു
‘സത്യം ആയും ഞാൻ ആരോടും പറയില്ല. എന്നെ വിശ്വസിക്ക്…’
ഞാൻ പറഞ്ഞു
‘ഏഹ് ..? ചേച്ചി ഇവന് സൈക്കിൾ ഓടിക്കാൻ കൊടുക്കുന്നുണ്ടോ…?
വേദു അത്ഭുതത്തോടെ ചോദിച്ചു. കാര്യം കൈ വിട്ടു പോയി എന്ന് ശിവേച്ചിക്ക് മനസിലായി
‘ഒരു തവണ കൊടുത്തടി. കുറേ വട്ടം ചോദിച്ചു വന്നപ്പോൾ…..’
ശിവേച്ചി അത് പറഞ്ഞപ്പോ തന്നെ അവളുടെ മുഖം മാറി. ചേച്ചി സൈക്കിൾ ഇവിടെ ആർക്കും കൊടുക്കാറില്ല. വേദുവിന് പോലും. അതിന്റെ കാരണം ചേച്ചി തന്നെ എന്നോട് മുമ്പ് പറഞ്ഞിട്ടുണ്ട്. ഞാൻ സൈക്കിൾ പണി ഒന്നും വരുത്താത്ത കൊണ്ട് എനിക്ക് കുറേ തവണ ആരും അറിയാതെ ചേച്ചി സൈക്കിൾ തന്നിട്ടുണ്ട്..
‘എങ്കിൽ നിങ്ങൾ രണ്ട് പേരും കൂടി ആയിക്കോ.. ഞാൻ ഇനി ഒന്നിനും ഇല്ല..’
വേദു പിണങ്ങി എണീറ്റ് പോയി
‘എടി പോവല്ലേ.. സോറി..’
ചേച്ചി പറഞ്ഞത് കേൾക്കാത്ത മട്ടിൽ തുള്ളി എണീറ്റ് വേദു പോയി. വേദു സാധാരണ ഇങ്ങനെ വഴക്ക് ഉണ്ടാക്കുന്നത് അല്ല. അതൊക്കെ അവളുടെ ഇരട്ട മീതുവിന്റെ രീതി ആണ്. എന്നാലും ചുരുക്കം ചില അവസരങ്ങളിൽ വേദു വഴക്കാളി ആകും. ശിവേച്ചി അവൾക്ക് കൊടുക്കാത്ത പരിഗണന വേറെ ആർക്കേലും കൊടുക്കുന്നത് അവൾക്ക് ഇഷ്ടം അല്ല. എന്റെ കാര്യത്തിൽ ഇതിപ്പോ കുറച്ചായി. മുമ്പ് തലയിൽ തേക്കാൻ എണ്ണ ഇപ്പൊ സൈക്കിളും..
‘അവൾ പിണങ്ങിയോ..?
ഞാൻ ചോദിച്ചു
‘ആ.. കുഴപ്പമില്ല. ഒരു ദിവസം മിണ്ടാതെ ഇരുന്നിട്ട് പിന്നെ ഇങ്ങ് പോരും..’
ചേച്ചി അവളെ ശരിക്കും അറിയുന്നത് പോലെ പറഞ്ഞു
‘സൈക്കിളിന്റെ കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞിട്ട് ചേച്ചി തന്നെ പറഞ്ഞില്ലേ..?
ഞാൻ ചോദിച്ചു.
‘അത് എന്റെ നാവിൽ നിന്ന് വീണു പോയി. പുല്ല്.. അവളെ ഞാൻ ഒരുവിധം സമ്മതിപ്പിച്ചു കൊണ്ട് വന്നതാ. അത് പോയി. നീ കാരണം…’
