‘അതേ. പിച്ചി പറിച്ചു..’
ഞാൻ പറഞ്ഞു
‘എന്തൊരു സാധനം ആണോ..? ഇങ്ങനെ ആണോ നുള്ളുന്നെ ..?
എന്റെ കയ്യിലേക്ക് നോക്കി ആഷിക പറഞ്ഞു. ആദ്യമായ് ആണ് ആഷിക എന്റെ അടുത്ത് ഇങ്ങനെ സംസാരിക്കുന്നത്
‘എന്നാലും നീ എങ്ങനെ ഇത്രയും പിച്ചിയിട്ടും ഒന്ന് കരഞ്ഞില്ലാലോ. സമ്മതിച്ചു നിന്നേ..’
അപർണ അത്ഭുതത്തോടെ എന്നെ നോക്കി അത് പറഞ്ഞപ്പോ കയ്യിലെ വേദനക്ക് ചെറിയൊരു ശമനം തോന്നി. പെണ്ണിന്റെ ഒരു പവറേ
‘കരയാഞ്ഞത് കൊണ്ടാണ് ഇങ്ങനെ പിച്ചി വച്ചത്..’
ഞാൻ പറഞ്ഞു
‘നീ കംപ്ലയിന്റ് കൊടുക്ക്. ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല ..’
ആഷിക പറഞ്ഞു
എന്റെ കയ്യിൽ എല്ലാവരും വട്ടം നിന്ന് നോക്കുന്നത് കണ്ടാണ് ക്ലാസ്സ് എടുക്കാൻ വന്ന അഫ്രിയ ടീച്ചർ ഞങ്ങളുടെ അടുത്തേക്ക് വന്നത്
‘എന്താ എല്ലാവരും വട്ടം നിന്ന് നോക്കുന്നെ..?
ടീച്ചർ ചോദിച്ചു
‘ഇവന്റെ കൈ നോക്ക് ടീച്ചറെ പിച്ചി വെച്ചേക്കുന്നേ..’
അലൻ എന്റെ കൈ ടീച്ചറെ കാണിച്ചു
‘ഇതാരാ ഇങ്ങനെ പിച്ചിയെ..?
അഫ്രിയ ടീച്ചർ ചോദിച്ചു
‘ആ മീനു..’
ആഷിക എടുത്തടി പറഞ്ഞു
‘മീനു ടീച്ചർ ..’
അപർണ അതിന്റെ ബാക്കി എന്നോണം കേറി പറഞ്ഞു. ആഷികയ്ക്ക് പക്ഷെ അങ്ങനെ പറഞ്ഞതിൽ ഒരു കുലുക്കവും ഇല്ലായിരുന്നു. ശരിക്കും ഒരു ഐറ്റം തന്നെ അവൾ
‘നീ വന്നേ…’
അഫ്രിയ ടീച്ചർ എന്റെ കൈ പിടിച്ചു കൊണ്ട് ഓഫിസിലേക്ക് നടന്നു
‘എങ്ങോട്ടാ ടീച്ചറെ..?
ഞാൻ ചോദിച്ചു
‘കംപ്ലയിന്റ് ചെയ്യാൻ. ഇങ്ങനെ പിച്ചി ഉപദ്രവിക്കാൻ ഒന്നും ആർക്കും അവകാശം ഇല്ല..’
ടീച്ചർ പറഞ്ഞു.
‘അത് വേണ്ട ടീച്ചറെ..’
ഞാൻ പറഞ്ഞു
‘വേണം..’
ടീച്ചർ പറഞ്ഞു
‘ഞാൻ ക്ലാസ്സിൽ ഇരുന്നു സംസാരിച്ചത് കൊണ്ടാണ്..’
എന്റെ ഭാഗത്തും തെറ്റ് ഉണ്ടല്ലോ. പിന്നെ കംപ്ലയിന്റ് ഒക്കെ ചെയ്യുന്നത് എന്നെ സംബന്ധിച്ചടുത്തോളം ഭീരുക്കളുടെ പണി ആയിരുന്നു
പിന്നെ ടീച്ചർ എന്നെ അധികം നിർബന്ധിച്ചില്ല. പക്ഷെ എന്നെ ബലം പിടിച്ചു ഓഫിസിൽ കൊണ്ട് പോയി മുറിവിൽ മരുന്ന് തേച്ചു തന്നു. സ്വല്പം നീറ്റൽ ഉണ്ടായിരുന്നു. പക്ഷെ മുറിവ് ഉണങ്ങിക്കോളും എന്നാണ് ടീച്ചർ പറഞ്ഞത്. ഭാഗ്യത്തിന് ഓഫിസിൽ വേറെ ആരും ഇല്ലായിരുന്നു.
‘ക്ലാസ്സിൽ സംസാരിച്ചത് ആണേലും ഇങ്ങനെ ഒന്നും പിച്ചരുത് പിള്ളേരെ..’
അമർഷത്തോടെ ആണ് അഫ്രിയ ടീച്ചർ സംസാരിച്ചത്. എന്നോട് അല്ല സ്വയമേ സംസാരിക്കുന്നത് ആണെന്ന് തോന്നി
‘ഇനി ഇങ്ങനെ ഉപദ്രവിച്ചാൽ എന്നോട് വന്നു പറയണം.. കേട്ടല്ലോ..’
ടീച്ചർ എന്നോട് പറഞ്ഞു
മീനു പഠിച്ച പണി മുഴുവൻ നോക്കി നഖം കൊണ്ട് തൊലി പൊളിച്ചിട്ടും വരാത്ത കണ്ണുനീർ അഫ്രിയ ടീച്ചർ മരുന്ന് പുരട്ടിയപ്പോ കണ്ണിൽ വന്നു നിറഞ്ഞു
‘കരയുവാണോ ..?
ടീച്ചർ അത് ശ്രദ്ധിച്ചു.
‘അല്ല..’
ഞാൻ കണ്ണുനീർ ഒരുവിധം അടക്കി
‘ടീച്ചറിന്റെ വിരലിൽ എന്ത് പറ്റി..?
അപ്പോളാണ് ടീച്ചറുടെ വിരലിൽ ഒരു വെച്ച് കെട്ട് ഞാൻ ശ്രദ്ധിച്ചത്
‘ഓ. അതോ.. അത് കതകിന് ഇടയിൽ വച്ചു അമങ്ങിയതാ..’
ടീച്ചർ പറഞ്ഞു
ക്ലാസിൽ ഇരുന്നു സംസാരിക്കരുത് എന്ന് ശകാരിക്കുക കൂടി ചെയ്തിട്ട് ടീച്ചർ എന്നെ ക്ലാസ്സിലേക്ക് വിട്ടു. അതിൽ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. അർഹത ഉള്ളവർ തല്ലിയാലും നുള്ളിയാലും വഴക്ക് പറഞ്ഞാലും നമുക്ക് അതൊരു പ്രശ്നം അല്ല..
മീനുവിന്റെ നുള്ള് കിട്ടിയ കലിപ്പ് ഉള്ളിൽ കിടക്കുമ്പോ ആണ് വേറൊരു വള്ളി എന്നെ തേടി വരുന്നത്.
ഉച്ചക്ക് ചോർ ഉണ്ട് കഴിഞ്ഞു പാത്രം കഴുകുന്ന അവിടെ വച്ചായിരുന്നു സംഭവം. അതും ഞാനുമായി അല്ല വയ്യാത്ത റോഷനുമായി ആണ്. അവൻ കുലുക്കുവിഴിഞ്ഞു തുപ്പിയത് ആരുടെയോ കാലിൽ വീണെന്ന് പറഞ്ഞു അവൻ വന്നു റോഷനെ തള്ളി. റോഷനും തിരിച്ചു തള്ളി. അവനു ഇതൊന്നും ബോധം ഇല്ലല്ലോ.. അങ്ങനെ അടിയായപ്പോ ഞാൻ ഇടയ്ക്ക് കയറി
ഹ്യുമാനിറ്റീസിലെ മനു ആയാണ് വഴക്ക്. ഞാൻ അവനെ റോഷന്റെ അടുത്ത് നിന്ന് തള്ളി മാറ്റാൻ ശ്രമിച്ചു എങ്കിലും അവസാനം അത് എന്റെ പിടലിക്ക് ആയി. ഉന്തും തള്ളും ഞാനും മനുവും തമ്മിൽ ആയി. അവൻ എന്റെ നെഞ്ച് നോക്കി ഒരടി തന്നപ്പോ ഞാൻ അവന്റെ പിടലി നോക്കി ഒരു കീച്ചു കൊടുത്തു. അവിടെ മൊത്തം ഞങ്ങളെ പിടിച്ചു മാറ്റാൻ ആളുകൾ ഉള്ളോണ്ട് പിന്നെ കാര്യമായി ദേഹത്ത് കൈ വീണില്ല.. നിന്നേ എടുത്തോളാമെടാ എന്നൊക്കെ ആക്രോശിച്ചു മനു അവിടുന്ന് പോയി. അതിനിടയിൽ എന്നെ പറ്റി ആരോ മനുവിനോട് പറയുന്നത് ഞാൻ അത്ര വ്യക്തം അല്ലാതെ കേട്ടു
