എൽ ഡൊറാഡോ – 6 11അടിപൊളി 

 

ശിവേച്ചി പേടിച്ചത് പോലെ അമ്പലത്തിലെ കമ്മറ്റിക്കാർ പണിക്കരുടെ അടുത്ത് പോയി പ്രശ്നം വെപ്പിച്ചു. അത്രയും സമയം അയാളെ വിശ്വാസം ഇല്ലാതിരുന്ന എന്നിൽ ചെറിയൊരു വിശ്വാസം ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു അയാളുടെ ഉത്തരം. അവിടെ യാതൊരു പ്രശ്നവും ഇല്ലെന്ന് പണിക്കർ ഉറപ്പിച്ചു പറഞ്ഞു. ദൈവീകമായോ പൈശാചികം ആയോ ഒരു ശക്തിയും അവിടെ ആരെയും ഉപദ്രവിക്കാൻ ഇല്ല എന്ന് തന്നെ അയാൾ പറഞ്ഞു.. അത് കേട്ടപ്പോൾ എനിക്ക് അയാളോട് എന്തോ ഒരു ബഹുമാനം തോന്നി. അവിടെ ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിലൊന്നും കടിച്ചു തൂങ്ങാതെ അയാൾ അയാളുടെ അറിവ് കൊണ്ട് മറുപടി കൊടുത്തു. അതും അവിടെ യാതൊരു പ്രശ്നവും ഇല്ലെന്ന് മനസിലാക്കിയ അയാൾക്ക് ചേച്ചി കണ്ടത് ഒരു മനുഷ്യനെ ആണെന്നും മനസിലായിട്ടുണ്ടാകും. ആളുകൾ പണിക്കരെ പൊക്കി പറയുന്നതിലും കുറച്ചൊക്കെ കാര്യം ഉണ്ടെന്ന് എനിക്ക് തോന്നി

 

പണിക്കർ അങ്ങനെ പറഞ്ഞെങ്കിലും നയന ചേച്ചിയുടെ അച്ഛൻ അച്യുതൻ വാര്യർക്ക് മനസമാധാനം കിട്ടിയിരുന്നില്ല. അയാൾ എങ്ങനെയോ നയന ചേച്ചിയിൽ നിന്ന് മുത്തപ്പന്റെ കാര്യം ചോദിച്ചു അറിഞ്ഞു. ഈശ്വരകോപം വരുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് കൂടെ കൂടെ ചോദിച്ചു കൊണ്ടിരുന്നപ്പോൾ മുത്തപ്പന്റെ കാര്യം പറഞ്ഞപ്പോ ശിവദ ചേച്ചിയെ കളിയാക്കി ചിരിച്ചത് നയന ചേച്ചി അച്ഛന് പറഞ്ഞു കൊടുത്തു. നയന ചേച്ചിയുടെ പനി കുറഞ്ഞ ഒരു ദിവസം സന്ധ്യക്ക്‌ തൊട്ട് മുമ്പ് അച്ഛനും മകളും പിച്ചിക്കാവിലേക്ക് വന്നു..

 

‘നയന ചേച്ചിയും അച്ഛനും..’

വേദുവിന്റെ വീട്ടിൽ ഇരുന്നു ഏണിയും പാമ്പും കളിക്കുക ആയിരുന്നു ഞാനും ശിവേച്ചിയും വേദുവും. കൂടെ മീതുവും ഉണ്ട്. ജാനു ചേച്ചി പോയതോടെ ഏക കൂട്ട് പോയ മീതുവിന് ഞങ്ങളുടെ കൂടെ കൂട്ട് കൂടുക അല്ലാതെ വേറെ വഴി ഇല്ലായിരുന്നു. ഇടയ്ക്ക് ഒക്കെ ഞങ്ങളുടെ കൂടെ അവൾ കളിക്കാൻ വരും. മിക്കപ്പോഴും മീതു കളി നിർത്തി പോകുന്നത് ശിവ ആയി വഴക്കിട്ടു ആകും.. ഞങ്ങൾ കളിച്ചോണ്ട് ഇരിക്കുമ്പോ ആയിരുന്നു നയന ചേച്ചിയും അച്ഛനും അവിടേക്ക് വരുന്നത്. മീതു ആണ് അത് ആദ്യം കണ്ടത്

 

‘പണി പാളി മോളെ…’

ഞാൻ ശിവേച്ചിയുടെ കയ്യിൽ നുള്ളി അവർ രണ്ടും കേൾക്കാതെ പറഞ്ഞു.

 

‘നമ്മളെ ആരും കണ്ടിട്ടില്ലല്ലോ. നമ്മൾ അല്ലെന്ന് തന്നെ പറയണം..’

ശിവേച്ചി സ്വകാര്യം പോലെ എന്നോട് പറഞ്ഞു. മുഖത്ത് പക്ഷെ പരിഭ്രമം ഉണ്ട്

 

‘ചേച്ചി പറഞ്ഞു നിന്നോ. ഞാൻ നാട് വിടുവാ..’

ഞാൻ പറഞ്ഞു

 

‘നീ പേടിക്കാതെ നില്ല്..’

മുഖത്തുള്ള പരിഭ്രമം മാറ്റാൻ ഒരു ശ്രമം നടത്തി കൊണ്ട് ശിവേച്ചി പറഞ്ഞു

 

 

എങ്ങനെയോ അവർ അത് കണ്ടു പിടിച്ചിരിക്കുന്നു. ഞങ്ങൾ ആണ് മകളെ പേടിപ്പിച്ചത് എന്ന് മനസിലാക്കിയ വാര്യർ മകളെയും കൂട്ടി അത് ചോദിക്കാൻ പാലയ്ക്കൽ വന്നതാണ്. എന്നാലും എങ്ങനെ അത് കണ്ടു പിടിച്ചു. ഞങ്ങളെ ഞങ്ങൾ അറിയാതെ ആരെങ്കിലും കണ്ടോ..? അതോ പണിക്കർ മഷി ഇട്ടു നോക്കിയപ്പോ ഞങ്ങളുടെ മുഖം അതിൽ തെളിഞ്ഞു വന്നോ..? എന്തായാലും ഞങ്ങൾ രണ്ടും പെട്ടു.. ആകെ അങ്കലാപ്പിൽ ഞങ്ങൾ രണ്ട് പേരും അവിടെ നിന്നു. വാര്യരും നയനയും പാലയ്ക്കലേക്ക് കയറി ചെല്ലുന്നത് നോക്കി ഞങ്ങൾ മായ ചിറ്റയുടെ വീട്ടിൽ നിന്നു

 

പക്ഷെ അത് ഉണ്ടായില്ല. അവർ പാലയ്ക്കൽ കയറിയില്ല. നേരെ മുന്നോട്ടു നടന്നു. ഇവർ ഇത് എങ്ങോട്ടാ..? എനിക്ക് മനസിലായില്ല. ഇനി എന്റെ വീട്ടിലോട്ട് ആണോ..? ചിലപ്പോൾ എന്നെ മാത്രമേ കണ്ടു കാണുള്ളൂ. ശിവേച്ചി രക്ഷപ്പെട്ടു. പക്ഷെ ഞാൻ പെട്ടു.. അവർ എന്റെ വീട്ടിൽ കയറി അമ്മയുടെ അടുത്ത് എന്നെ പറ്റി പുലഭ്യം പറയുന്നത് ഇപ്പൊ സംഭവിക്കുമെന്ന മട്ടിൽ ഞാൻ നിന്നു..

 

പക്ഷെ വാര്യർ എന്റെ വീടും കടന്നു രേഷ്മയുടെ വീടും കടന്നു ഗോപിക ചേച്ചിയുടെ വീടും കടന്നു മുന്നോട്ടു പോയി. ഇനി ഇവിടെ ആരുടെ വീട്..? അപ്പോളാണ് എനിക്ക് മനസിലായത്. അവർ ആരുടെയും വീട്ടിൽ വന്നതല്ല. അവർ കാവിൽ വന്നതാണ്. കാവിലെ മുത്തപ്പനേ കളിയാക്കിയതിന് പ്രായശ്ചിത്തം ആയിട്ട് തിരി വയ്ക്കാനും മാപ്പ് എഴുതി നാണയം വയ്ക്കാനും മകളുമായി വന്നതാണ് പുള്ളിക്കാരൻ. ഞങ്ങൾ രണ്ടും അത് ഞങ്ങളെ പിടിക്കാൻ വന്നതാണ് എന്ന് കരുതി വെറുതെ കുറച്ചു ഭയന്നു..

Updated: October 9, 2025 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *