ബ്ലും…
കുളത്തിന് നടുക്ക് ഒരു ഓളം ഉണ്ടാക്കി കല്ല് വെള്ളത്തിലേക്ക് താണു.. ഇത് എന്റെ സിഗ്നൽ ആണ്. വെള്ളത്തിൽ മുങ്ങി കിടക്കുന്ന ശിവ ചേച്ചിക്ക് പൊങ്ങി വരാനുള്ള സിഗ്നൽ. ഞാൻ ശിവ ചേച്ചിയുടെ എൻട്രിക്ക് വേണ്ടി കാത്തിരുന്നു.. ചേച്ചി പൊങ്ങുന്നില്ല. ഞാൻ വീണ്ടും അപ്പുറെ നോക്കി.
നയന ചേച്ചി വെള്ളത്തിൽ എന്തോ വീഴുന്നത് കേട്ടു. പക്ഷെ കണ്ടില്ല. കുളത്തിന് നടുവിൽ മുകളിൽ നിന്ന് എന്തെങ്കിലും വന്നു വീഴാൻ സാധ്യത തീരെ ഇല്ല. അവിടെ മരങ്ങൾ ഒന്നും തന്നെ ഇല്ല. പിന്നെ അവിടെ എന്തായിരിക്കും വീണത് എന്ന് നയന ചേച്ചിക്ക് സംശയം ആയി. ചേച്ചി അവിടേക്ക് തന്നെ കൂർപ്പിച്ചു നോക്കുന്നത് എനിക്ക് കാണാം.. എന്നാലും ശിവ വെള്ളത്തിന് അടിയിൽ എന്തെടുക്കുവാ. ഇത്രയും നേരം വെള്ളത്തിന് അടിയിൽ കിടന്ന് റെക്കോർഡ് ഇടുവാണോ..? ഇനി വെള്ളത്തിന് അടിയിൽ നിന്ന് ശരിക്കും ഏതെങ്കിലും പ്രേതം ചേച്ചിയെ പിടിച്ചോ…?
എനിക്ക് മനസിലായില്ല. ഞാൻ സിഗ്നൽ കൊടുത്തിട്ടും ചേച്ചി പൊങ്ങണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇനി ഞാൻ കല്ല് എറിഞ്ഞത് വെള്ളത്തിന് അടിയിൽ ആയത് കൊണ്ട് ചേച്ചി അറിഞ്ഞു കാണില്ലേ…? ആ സംശയം തോന്നിയപ്പോ ഞാൻ കല്ല് ഒന്ന് കൂടി എടുത്തു വെള്ളത്തിലേക്ക് എറിഞ്ഞു. അത് നയന ചേച്ചി ഇരിക്കുന്ന കടവിന്റെ അല്പം മുന്നിൽ ആയാണ് ഇട്ടത്. ഇത് ശിവ എന്തായാലും അറിയും.
കല്ല് എറിഞ്ഞത് എവിടെ നിന്നാണ് എന്ന് നയന ചേച്ചിക്ക് മനസിലായില്ല. ഞാൻ മറഞ്ഞു നിന്ന് നോക്കിയപ്പോ നയന ചേച്ചിയുടെ മുഖത്ത് പരിഭ്രമവും ഭീതിയും ഒക്കെ ചെറുതായ് ഉണ്ട്. അപ്പോൾ ചേച്ചിക്ക് പേടി ഒക്കെ ഉണ്ട്. എന്നിട്ടാണ് ശിവ ചേച്ചിക്ക് മുന്നിൽ ഇരുന്നു ഞങ്ങളുടെ മുത്തപ്പനേ വിശ്വാസം ഇല്ലാത്ത പോലെ കളിയാക്കി ചിരിച്ചത്..
ആ ചിരിക്കുള്ള പ്രതികാരം എന്നോണം സംഹാരരുദ്ര ആയ ഏതോ യക്ഷിയെ പോലെ അലറിക്കൊണ്ട് ശിവദ ചേച്ചി വെള്ളത്തിൽ നിന്നും പൊങ്ങി. കൈകൾ കൊണ്ട് മാന്തി പൊളിക്കാൻ വരുന്നത് പോലെ കടവിലേക്ക് അലറിക്കൊണ്ട് ശിവേച്ചി അടുത്തു… ശിവേച്ചിയുടെ മുഖത്ത് വച്ച പേടിപ്പിക്കുന്ന മുഖംമൂടി കൂടി കണ്ടപ്പോ ശിവേച്ചിയേക്കാൾ ഉച്ചത്തിൽ നയന ചേച്ചി അലറി
‘അച്ഛാ…..’
ശിവേച്ചി ഒട്ടും മടിക്കാതെ കരയിലേക്ക് പാഞ്ഞു കയറി.
നയന ചേച്ചിക്ക് ഓടി രക്ഷപെടാൻ ആഗ്രഹം ഉണ്ടായി എങ്കിലും കാലുകൾ അനങ്ങുന്നില്ല എന്ന അവസ്‌ഥയിൽ ആയിരുന്നു. ശിവേച്ചി എന്ന ഭൂതം തന്നെ പിടിക്കും എന്ന് ആയപ്പോൾ പേടിച്ചു വിറച്ചു നയന ചേച്ചിയുടെ ബോധം പോയി. വെട്ടിയിട്ട വാഴ പോലെ നയന ചേച്ചി കടവിലേക്ക് മറിഞ്ഞു വീണു..
നയന ചേച്ചിയുടെ അലറൽ നല്ല ഉച്ചത്തിൽ ആയത് കൊണ്ട് അമ്പലത്തിൽ ഉള്ള ആരെങ്കിലും അത് കേട്ടിട്ട് ഉണ്ടാകും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ പതിയെ ശിവേച്ചിയോട് ഓടിക്കോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ കുളിപ്പുരയിൽ നിന്നും പുറത്തു കടന്ന് ഓടി. ശിവേച്ചി പക്ഷെ ഓടുന്നതിന് പകരം വെള്ളത്തിലേക്ക് ചാടി. എന്നിട്ട് അക്കരക്ക് നീന്തി. ചേച്ചി വെള്ളത്തിൽ ചാടി എന്ന് മനസിലായ ഞാൻ കുളത്തിന് അരികിൽ നിന്ന് ചേച്ചിയെ നോക്കി. വെള്ളത്തിൽ ചേച്ചിയെ കാണുന്നില്ല. ചേച്ചി മുങ്ങാംകുഴി ഇട്ടേക്കുവാ.. ഇനി എവിടെ ആണോ പൊങ്ങുന്നേ…? കഷ്ടകാലത്തിന് ഓടി കൂടുന്ന ആരുടെ എങ്കിലും മുന്നിൽ പൊങ്ങിയാൽ തീർന്നു.. ഞാൻ കുളത്തിന് സമീപം മറഞ്ഞു ഇരുന്നു..
ഭാഗ്യത്തിന് ചേച്ചി കുളത്തിന് ഇക്കരെ ആണ് പൊങ്ങിയത്. അവിടെ നിന്നും തന്നെ മേലേക്ക് കയറാൻ ചേച്ചിക്ക് പറ്റില്ല. ഞാൻ അത് കൊണ്ട് വേഗം അവിടേക്ക് പോയി കൈ നീട്ടി കൊടുത്തു. എന്റെ കയ്യിൽ പിടിച്ചു ചേച്ചി കരയിലേക്ക് കയറുമ്പോ അപ്പുറെ നയന ചേച്ചി ബോധം കെട്ട് കിടക്കുന്ന അവിടെ ആരൊക്കെയോ ഓടി വന്നു..
‘അയ്യോ ആരോ…’
ഞാൻ പറഞ്ഞതും ശിവേച്ചി കരയിലേക്ക് എന്റെ കൈ പിടിച്ചു ചാടി കയറി എന്റെ മേലേക്ക് മറിഞ്ഞു വീണതും ഒരുമിച്ച് ആയിരുന്നു..
