ജോ:”എന്താ മമ്മി ഇത്? ഇങ്ങനെ ഒക്കെ ആണോ സംസാരിക്കുന്നത്? അവൾ എൻ്റെ ഭാര്യയാണെന്ന് മറക്കരുത്”.
സാറാമ്മ:”ഓ. നിൻ്റെ ഭാര്യയാണെന്ന് ഞാൻ അറിഞ്ഞില്ല. എങ്കിൽ നീ പോക്കറ്റിൽ ഇട്ടോണ്ട് നടക്കട. എങ്കിൽ പിന്നെ ഇങ്ങനെ തപ്പി നടക്കണ്ടല്ലോ”.
ജോ ചിരിച്ച് കൊണ്ട് “രാവിലെ തന്നെ സാറാമ്മ നല്ല കോമഡി മൂഡിൽ ആണല്ലോ”.
സാറാമ്മ മൈൻഡ് ചെയ്യാതെ അവിടെ ഇരുന്ന് ഫയലുകൾ നോക്കി.ജോ മുൻപിലും ഗാർഡനിലും ഒന്നും ഹന്നയെ കാണാതെ അടുക്കളയിലേക്ക് നടന്നു. അവിടെ ഹന്ന എന്തെല്ലാമോ കാര്യമായിട്ട് ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു.
ജോ:”അല്ല, എൻ്റെ അന്നക്കുട്ടി ഇവിടെ ആയിരുന്നോ. ഞാൻ എല്ലായിടത്തും നിന്നെ നോക്കുവായിരുന്നു. ഇവിടെ എന്താ പണി?
ഹന്ന:”ഇവിടെയോ? ഇവിടെ ഞാൻ ഒന്ന് നീന്തൽ പഠിക്കാൻ വന്നതാ”.
ജോ ചിരിച്ച് കൊണ്ട് “എനിക്ക് വയ്യ. രാവിലെ തന്നെ എല്ലാവരും ഭയങ്കര കോമഡി മൂഡിൽ ആണല്ലോ. മമ്മിയും നീയും എല്ലാവരും കോമഡി പറഞ്ഞ് കത്തി കയറുവാണല്ലോ”.
മമ്മിടെ കാര്യം കേട്ടപ്പോൾ ഹന്നയുടെ മുഖം അല്പം ഒന്ന് വാടി. അവൾ വീണ്ടും കുക്കിങ്ങിലേക്ക് തിരിഞ്ഞു.
ഹന്ന:”ഇച്ചക്ക് ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുക്കട്ടെ?”
ജോ:”രാവിലെ എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ് മേരി ചേച്ചി നേരത്തെ എടുത്ത് വെച്ചിട്ടുണ്ടാകും. ഞാൻ ചേച്ചിയോട് പറഞ്ഞോളാം. നിൻ്റെ പണി നടക്കട്ടെ”.
ജോ ഉച്ചത്തിൽ “മേരി ചേച്ചീ… എൻ്റെ ബ്രേക്ക്ഫാസ്റ്റ്
ഒന്ന് എടുക്കാമോ”.
എന്നിട്ട് ജോ ഹാളിലേക്ക് ചെന്ന് ഇരുന്ന് ന്യൂസ് പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് മേരി ചേച്ചി ഒരു ട്രേയിൽ പ്രോട്ടീൻ ഡ്രിങ്കും, 8 മുട്ടയുടെ വെള്ളയും, അവക്കാഡോ ബ്രഡ് ടോസ്റ്റും, കുറച്ച് നട്സും എല്ലാം ആയിട്ട് വന്നു.
ഒരു അര മണിക്കൂറോളം എടുത്ത് പത്രം വായിച്ച് കൊണ്ട് ജോ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കഴിഞ്ഞപ്പോൾ ജോ വീണ്ടും ഉള്ളിലേക്ക് നോക്കി വിളിച്ചു “മേരി ചേച്ചീ. ദാ ഇതെല്ലാം അങ്ങ് എടുത്തോളൂ”.
മേരി ചേച്ചി വന്ന് പാത്രവും ഗ്ലാസ്സും എല്ലാം എടുത്ത് ട്രേയിൽ തിരിച്ച് എടുത്ത് വെച്ചു. എന്നിട്ട് തിരിഞ്ഞ് നടക്കാൻ പോയപ്പോൾ എന്തോ ആലോചിച്ചിട്ട് എന്ന പോലെ തിരഞ്ഞിട്ട് “മോനേ. ഒരു കാര്യം പറഞ്ഞോട്ടെ?”
ജോ പത്രത്തിൽ നിന്ന് കണ്ണെടുക്കാതെ “എന്താ ചേച്ചി?”
മേരി:”മോനേ ആ പാവം മോള് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല. ഒരു ചായ പോലും കുടിച്ചില്ല. ചോദിച്ചപ്പോൾ വിശക്കുന്നില്ല എന്നാണ് പറഞ്ഞത്”.
ജോ അത്ഭുതത്തോടെ തല ഉയർത്തി “ഹേ? അന്ന ഒന്നും കഴിച്ചില്ലേ?”
ജോ പെട്ടെന്ന് എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു. ഹന്ന അപ്പോഴും ബീഫ് ഇളക്കി കൊണ്ടിരിക്കുകയായിരുന്നു. ജോ പുറകിൽ നിന്ന് അവളെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു “സോറി അന്നക്കുട്ടി. മോള് ഒന്നും കഴിച്ചിട്ടില്ല എന്ന് ഞാൻ അറിഞ്ഞില്ല. എന്നോട് ക്ഷമിക്ക് മോളെ”
ഹന്ന ഒരു പുഞ്ചിരിയോടെ:”അതിന് ഇച്ഛ എന്തിനാ സോറി എല്ലാം പറയുന്നത്? എനിക്ക് രാവിലെ അങ്ങനെ വിശന്നില്ല. അത് കൊണ്ട് കഴിച്ചില്ല എന്ന് മാത്രം”.
രാഹുൽ:”അതല്ല മോളെ. നീ കഴിച്ചോ എന്ന് ചോദിക്കാതെ ഒറ്റക്ക്
കഴിച്ചത് വലിയ തെറ്റ് തന്നെയാ. സോറി അന്നക്കുട്ടി. സാധാരണ ഞാൻ എക്സർസൈസ് എല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും എല്ലാവരും കഴിച്ചിട്ട് അവരുടെ പണിയിൽ ആയിരിക്കും. അത് കൊണ്ട് സ്ഥിരമായി ഒറ്റക്ക് ഇരുന്നാണ് കഴിക്കാറ്. അത് കൊണ്ട് ഞാൻ വിചാരിച്ചു അന്നക്കുട്ടിയും പപ്പയുടെയും മമ്മിയുടെയും കൂടെ കഴിച്ച് കാണുമെന്ന്”.
ഹന്ന:”അതൊന്നും കുഴപ്പമില്ല ഇച്ഛാ. സത്യമായിട്ടും എനിക്ക് വിശക്കാത്തത് കൊണ്ടാ ഞാൻ കഴിക്കാത്തത്. അല്ലെങ്കിൽ ഞാൻ ഇച്ചയുടെ കൂടെ വന്നിരുന്നു കഴിക്കില്ലേ. അതിന് എന്നെ പ്രത്യേകം വിളിക്കേണ്ട കാര്യമൊന്നുമില്ലല്ലോ”.
ജോ:”അതൊന്നും പറഞാൽ പറ്റില്ല. കഴിച്ചേ പറ്റു. രാവിലെ ഒന്ന് തല കറങ്ങി വീണതാ.ഇനിയും പറ്റില്ല”.
അതും കേട്ടാണ് മേരി അങ്ങോട്ട് വന്നത്.
