ഫിലിപ് സാറാമ്മയെ നോക്കി പല്ലിറുമി. ജോർജ്ജിന്റെ പുഞ്ചിരി ഒരു നിമിഷം ഒന്ന് മാഞ്ഞെങ്കിലും, വീണ്ടും പുഞ്ചിരിച്ചു കൊണ്ട് കേട്ടിരുന്നു. അതിന് ശേഷം പറഞ്ഞു “അതെല്ലാം പിന്നെ ഉള്ള
കാര്യങ്ങൾ അല്ലെ മാഡം. ആദ്യം കുട്ടികൾ തമ്മില്‍ സംസാരിക്കട്ടേ. അവർക്ക് പരസ്പരം ഇഷ്ടായോ എന്നെല്ലാം നോക്കിയിട്ട് അല്ലെ ബാക്കി കാര്യങ്ങൾ. (അകത്തേക്ക് നോക്കി കൊണ്ട്) മോളെ സാറേ”.
അകത്ത് നിന്ന് ഒരു ചുരിധാറിട്ട് മറ്റൊരു സുന്ദരിക്കുട്ടി ഇറങ്ങി വന്നു. അനിയത്തി ആകും എന്ന് ജോവിന് മനസ്സിലായി. അവന് അവളെ നോക്കി പുഞ്ചിരിച്ചു. അവളും തിരിച്ച് ബഹുമാനത്തോടെ പുഞ്ചിരിച്ചു.
ജോർജ്ജ്:”ചേച്ചി എന്തിയേ മോളെ?”
സാറ:”അകത്തുണ്ട് അപ്പാ”.
ജോർജ്ജ്:”എങ്കിൽ ഈ ചേട്ടനെ ഉള്ളിലേക്ക് കൊണ്ട് ചെല്ല്. അവർ തമ്മില്‍ ഒന്ന് സംസാരിക്കട്ടേ”.
അല്പം ചമ്മലോടെ എഴുന്നേറ്റ് ജോ സാറയുടെ പുറകെ നടന്നു. അകത്ത് ഒരു മുറിയില്‍ തന്റെ സ്വപ്ന സുന്ദരി നില്‍ക്കുന്നത് ജോ കണ്ടു. അവന്റെ ഉള്ളില്‍ വീണ്ടും സന്തോഷം നിറഞ്ഞു.
മുറി പുറത്ത് നിന്ന് ചെറുതായി ചാരിയിട്ട് സാറ കളിയാക്കി ചിരിച്ച് കൊണ്ട് പോയി.
അകത്ത് അല്പനേരം ഒരു നിശബ്ദത നിറഞ്ഞു നിന്നു. ഒടുവിൽ ആ നിശബ്ദത ഭേദിക്കാൻ വേണ്ടി ജോ പറഞ്ഞു “ഹന്ന അനാഥാലയത്തിലെല്ലാം പഠിപ്പിക്കാൻ പോകാറുണ്ടല്ലേ?”
ഹന്ന അത്ഭുതത്തോടെ ചോദിച്ചു “അതെങ്ങനെ സാറിന് അറിയാം?”
തന്നെ സാർ എന്ന് വിളിച്ചത് ജോവിനെ അത്ഭുദപ്പെടുത്തി, പക്ഷെ അത് കാര്യമാക്കാതെ ജോ പറഞ്ഞു “മമ്മി നിങ്ങളെ പറ്റീ എല്ലാം അന്വേഷിച്ചിരുന്നു”.
ഹന്ന ഒരു നേരിയ പുഞ്ചിരിയോടെ പറഞ്ഞു “സാറിന്റെ മമ്മിക്ക് ഞങ്ങളെ ഒന്നും ഇഷ്ടപെട്ടിട്ടില്ല അല്ലെ?”
ജോ ഒരു ചമ്മിയ ചിരിയോടെ “മമ്മി ഒരു പാവം ആണ്. പക്ഷേ കുറച്ച് പഴയ ടൈപ്പ് ആളാണ്. അത് കാര്യമാക്കണ്ട”.
ഹന്ന ഒന്ന് പുഞ്ചിരിച്ചു. കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം “ഞങ്ങളെ
അപ്പ വളര്‍ത്തിയത് കാശിന്റെ മൂല്യം അറിയിച്ച് തന്നെ ആണ്. കാശിനു ജീവിതത്തിൽ ഉള്ള പ്രാധാന്യം ഞങ്ങൾക്ക് നന്നായി അറിയാം. ഇത് വരെ ഉള്ള ഒരു ജീവിതത്തിൽ വഴി വിട്ട് എന്റെ അപ്പ ഒരു രൂപ പോലും ഉണ്ടാക്കിയിട്ടില്ല എന്ന് എനിക്ക് ഉറപ്പാണ്”.
ജോ പുഞ്ചിരിച്ചു കൊണ്ട് അവൾ സംസാരിക്കുമ്പോള്‍ കാണുന്ന മനോഹരമായ പല്ലുകൾ നോക്കി ഇരുന്നു.
ഹന്ന:”ഞാൻ ഒരിക്കലും ആർഭാടങ്ങളോ, സമ്പത്തോ ആഗ്രഹിച്ചിട്ടില്ല. സത്യം പറഞ്ഞാൽ കല്യാണം കഴിക്കണം എന്ന് പോലും ആഗ്രഹിച്ചിട്ടില്ല. പിന്നെ അപ്പയുടെയും അമ്മയുടെയും ആഗ്രഹം കൊണ്ട് സമ്മതിച്ചു എന്ന് മാത്രം. എനിക്ക് സാറിൻ്റെ ആലോചന വന്നപ്പോൾ ആദ്യം തന്നെ ഞാൻ വേണ്ടെന്ന് ചിന്തിച്ചതാ, കാരണം ഒരു വലിയ വീട്ടിലേക്ക് എല്ലാം കല്യാണം കഴിച്ച് പോകണം എന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്നിട്ടും ഞാൻ ഈ പെണ്ണുകാണലിന് സമ്മതിച്ചത് തന്നെ സാറിൻ്റെ പ്രൊഫൈൽ വായിച്ച് നോക്കിയപ്പോൾ എനിക്ക് തോന്നി, സുഖമായി ജീവിക്കാൻ ഉള്ള എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും സർ, അതിന് നിൽക്കാതെ കഷ്ടപ്പെട്ട് പഠിച്ച് സ്വന്തം വഴി കണ്ടെത്തി. അതിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. പക്ഷേ കല്യാണം കഴിക്കുകയാണെങ്കിൽ എന്റെ അപ്പക്ക് കഴിയുന്നത് പോലെ ഉള്ള ഒരു കല്യാണമേ ഞാൻ സമ്മതിക്കൂ. അത് കൊണ്ട് സാർ എന്നോട് ക്ഷമിക്കണം, എനിക്ക് ഈ കല്യാണത്തിന് താൽപര്യം ഇല്ല. എന്നോട് ദേഷ്യം തോന്നരുത്. നമ്മൾ രണ്ട് പേരും രണ്ട് ലോകത്തിൽ ആണ് ജീവിക്കുന്നത്”.
ജോയുടെ മുഖം അല്പമൊന്ന് വാടിയെങ്കിലും അവൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു:”മമ്മി പറഞ്ഞത് മോശമാണെന്ന് എനിക്കും പപ്പക്കും നല്ല ബോധ്യം ഉണ്ട്. പക്ഷെ
എനിക്ക് എന്റെ മമ്മിയെ മാറ്റാൻ പറ്റില്ലല്ലോ. ഞാൻ ഇവിടെ വരെ എത്തിയത് കഷ്ടപ്പെട്ട് കഠിനാധ്വാനം കൊണ്ടാണ്. ഐപിഎസ് പഠിക്കാൻ പോലും ഞാൻ ഒരു ട്രെയിനിങിന് പോയിട്ടില്ല, ഒരു ഹോസ്റ്റലിൽ മുറി എടുത്തിരുന്ന് കുത്തി ഇരുന്ന് പഠിച്ചു അത്ര തന്നെ. പ്ലസ് ടു കഴിഞ്ഞതില്‍ പിന്നെ ഞാൻ വീട്ടില്‍ നിന്ന് ഒരു രൂപ പോലും മേടിച്ചിട്ടില്ല എന്റെ കാര്യങ്ങള്‍ക്ക്. ഞാൻ പാർട്ട് ടൈം ജോലി ചെയ്ത് ആണ് ഐപിഎസ് പരീക്ഷക്ക് ഉള്ള ഫീസ് പോലും കണ്ടെത്തിയത്. അത് പപ്പയുടെയും മമ്മിയുടെയും കാശിനോട് എതിർപ്പുള്ളത് കൊണ്ടൊന്നുമല്ല. പക്ഷേ എൻ്റെ ജീവിതം ഞാൻ തന്നെ കെട്ടിപടുക്കണം എന്ന് തോന്നിയത് കൊണ്ട് മാത്രമാണ്. അത് കൊണ്ട് എനിക്കും കാശിന്റെ മൂല്യം, തന്നെ പോലെ തന്നെ എനിക്കും അറിയാം. തനിക്ക് കല്യാണത്തിന് താൽപര്യം ഇല്ല എന്ന് പറഞ്ഞു. പക്ഷേ താൻ ഇങ്ങനെ തുറന്ന് സംസാരിച്ചപ്പോൾ എനിക്ക് തന്നോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്. അത് കൊണ്ട് എനിക്ക് അറിയേണ്ടത് ഒരേ ഒരു കാര്യമാണ്, തനിക്ക് എന്നെ ഇഷ്ടമായോ എന്ന്. തന്റെ അച്ഛൻ പറഞ്ഞത് പോലെ കല്യാണം എല്ലാം പിന്നത്തെ കാര്യം അല്ലെ”.
