മേരി:”അയ്യോ, കുഞ്ഞ് രാവിലെ തല കറങ്ങി വീണോ? എന്താ പറ്റിയത്? എങ്ങനെയാ തല കറങ്ങി വീണത്?”
ഹന്നയുടെ മുഖം നാണം കൊണ്ട് തുടുത്തു. അവൾ വീണ്ടും മുഖം തിരിച്ച് കുക്കിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ജോ:”അതൊന്നുമല്ല മേരി ചേച്ചി. ഇവൾ എന്തോ കണ്ട് പേടിച്ചതാണ്”.
ഹന്നയുടെ നാണവും ജോവിൻ്റെ വാക്കുകളും കേട്ടപ്പോൾ മേരി ചേച്ചിക്ക് ഏകദേശം കാര്യം മനസ്സിലായി. മേരി ചേച്ചിയും ഒരു കളിയാക്കി ചിരിച്ച് കൊണ്ട് “കണ്ടാണോ അതോ കൊണ്ടാണോ മോള് പേടിച്ചത്”.
ജോവും ചെറുതായി ചമ്മി ചിരിച്ചു.
മേരി:”മോളെ എന്തായാലും പോയി എന്തെങ്കിലും കഴിക്ക്. ഇതിനി ഇളക്കി കൊണ്ടിരുന്നാൽ പോരെ? അത് ഞാൻ ചെയ്തോളാം. മോള് ചെന്ന് എന്തെങ്കിലും കഴിക്ക്”.
അത് കേട്ടതും ജോ ഹന്നയുടെ എതിർപ്പ് കണക്കിൽ എടുക്കാതെ അവളുടെ കയ്യിൽ നിന്ന് സ്പൂൺ മേടിച്ച് മേരി ചേച്ചിയുടെ കയ്യിൽ കൊടുത്തു. എന്നിട്ട് അവളെ വലിച്ചും
തള്ളിയും പുറത്തേക്ക് കൊണ്ട് പോയി. പോകുന്ന വഴിക്ക് ജോ തിരിഞ്ഞ് നോക്കി വിളിച്ച് പറഞ്ഞു “ചേച്ചി ഇവൾക്ക് ഉള്ള ഭക്ഷണം ഒന്ന് അങ്ങോട്ട് എടുത്തേരെ”.
ഹന്ന അവൻ്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു “എന്താ ഇച്ഛാ ഇത്. മമ്മി അവിടെ ഉണ്ട്.എന്നെ വിട്”.
ജോ പക്ഷെ അവളെ പിടിച്ച് വലിച്ച് കൊണ്ട് പോയി തീൻമേശയിൽ ഇരുത്തി. ഹന്ന അവിടെ ഇരുന്ന് അല്പം ഭയത്തോടെ ഫയലുകൾ നോക്കി ഇരിക്കുന്ന മമ്മിയെ നോക്കി.
ഹന്ന ശബ്ദം താഴ്ത്തി പറഞ്ഞു “ഇച്ഛാ,പറയുന്നത് കേൾക്ക്. ഞാൻ പിന്നെ ഉച്ചയൂണ് കഴിച്ചോളാം. ഇപ്പൊ എനിക്ക് വിശക്കുന്നില്ല”.
ജോ:”അതൊന്നും പറഞാൽ പറ്റില്ല. ചെറുതായിട്ട് നമുക്ക് ഇപ്പൊൾ കഴിക്കാം എന്നിട്ട് നമുക്ക് കുറച്ച് കഴിഞ്ഞ് നമുക്ക് ഉച്ചയൂണ് കഴിക്കാം”.
അപ്പോഴേക്കും മേരി ഭക്ഷണവും ആയി വന്നു. ജോ തന്നെ ഹന്നയുടെ പാത്രത്തിലേക്ക് ചപ്പാത്തിയും കോഴിക്കറിയും വിളമ്പി കൊടുത്തു. എന്നിട്ട് അവളോട് കഴിക്കാൻ പറഞ്ഞു. ഹന്ന ഒരിക്കൽ കൂടെ മമ്മിയെ അല്പം ഭയത്തോടെ നോക്കിയിട്ട് കഴിക്കാനായി എടുത്തു. എന്നാൽ അപ്പോഴേക്കും സാറാമ്മ എഴുന്നേറ്റ് ഉള്ളിലേക്ക് പോയി. ഹന്നയ്ക്ക് വീണ്ടും വിഷമമായി.
എന്നാൽ ജോ അവളോട് “അതൊന്നും നീ കാര്യമാക്കേണ്ട” എന്നും പറഞ്ഞ് കഴിക്കാൻ മടിച്ചിരുന്ന അവൾക്ക് വാരി കൊടുക്കാൻ തുടങ്ങി. രണ്ട് മൂന്ന് തവണ അവൾക്ക് വാരി കൊടുത്തപ്പോൾ “മതി ഇനി ഞാൻ തനിയെ കഴിച്ചോളാം” എന്ന് പറഞ്ഞ് ഹന്ന തനിയെ കഴിച്ച് തുടങ്ങി.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ഉച്ചക്ക് ഫിലിപ്പ് വന്നപ്പോൾ എല്ലാവർക്കും ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞ് ഹന്നയേയും ജോവിനെയും കഴിക്കാൻ വിളിച്ചു.
കുറച്ച് കഴിഞ്ഞ് എല്ലാവരും ഒരുമിച്ച്
കഴിക്കാൻ ഇരുന്നപ്പോൾ ഫിലിപ്പ് “മോളെ, ഈ വീടും സ്ഥലവും എല്ലാം ഒന്ന് ചുറ്റി കണ്ടായിരുന്നോ?” എന്ന് ചോദിച്ചു.
ഹന്ന”ഇല്ല പപ്പാ.ഇനിയും സമയം ഉണ്ടല്ലോ. കുറച്ച് കഴിഞ്ഞ് കണ്ടോളാം”.
ഫിലിപ്പ്:”ഡാ ജോ. ഒന്ന് മോളെ എല്ലാം ഒന്ന് കാണിച്ച് പറഞ്ഞ് കൊടുക്കട”.
അപ്പോഴേക്കും മേരി ചേച്ചിയും ശാന്ത ചേച്ചിയും കൂടെ ഭക്ഷണം എല്ലാം കൊണ്ട് വന്ന് വിളമ്പി കൊടുക്കാൻ തുടങ്ങി.
ജോ:”ഹാ, പപ്പാ. ഞാൻ അല്ലെങ്കിലും വൈകുന്നേരം ആകുമ്പോഴേക്കും ഇവളെയും കൂട്ടി ഒന്ന് നടക്കാൻ ഇറങ്ങാനുള്ള പ്ലാൻ ഉണ്ടായിരുന്നു”.
ഫിലിപ്പ്:”അത് പോലെ പ്ലാൻ്റേഷനിലെയും, ഫാം ഹൗസിലെയും മാനേജർമാരെ മോൾക്ക് ഒന്ന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യൂ”.
ജോ:”ശരി പപ്പാ”.
ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ഫിലിപ്പ്:”ഇന്നത്തെ ബീഫ് നല്ലൊരു പുതുമയുള്ള സ്വാദ്. നന്നായിട്ടുണ്ട്”.
സാറാമ്മ:” ശരിയാ. നന്നായിട്ടുണ്ട്. പക്ഷെ മേരി, ഇന്നത്തെ പ്ലാനിൽ ബീഫ് ഇല്ലായിരുന്നല്ലോ. പിന്നെ ഇത് എങ്ങനെയാ?”
മേരി:”ഇത് മോള് ഉണ്ടാക്കിയതാണ്. പാവം രാവിലെ ഭക്ഷണം പോലും കഴിക്കാതെ നിന്ന് ഉണ്ടാക്കി. ഞങ്ങള് സഹായിക്കാമെന്ന് പറഞ്ഞിട്ട് പോലും സമ്മതിച്ചില്ല”.
ഫിലിപ്പ്:”വാവ്, ഇത്ര നല്ല കൈപ്പുണ്യം ഉണ്ടല്ലേ അപ്പോൾ. ശരിക്കും നന്നായിട്ടുണ്ട് മോളെ”.
