ജോ ഊഹിച്ചത് തന്നെ കാര്യം. അവന്‍ ഒന്ന് ചിരിച്ചു.
ജോ:”മമ്മി അതിന് ട്രെയിനിങ് കഴിഞ്ഞിട്ടില്ലല്ലോ. കഴിയട്ടെ, എന്നിട്ട് ആലോചിക്കാം”.
പക്ഷെ സാറാമ്മ അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു “അതിന് നിന്നോട് നാളെ തന്നെ കെട്ടണം എന്നല്ലല്ലോ പറഞ്ഞത്. ഈ വരവിന് അറ്റ്ലീസ്റ്റ് നമുക്ക് ഒന്ന് പെണ്ണ് കാണുക എങ്കിലും വേണം. ഇഷ്ടപ്പെടുന്ന ഒരാളെ കണ്ട് പിടിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ പരസ്പരം എല്ലാം സംസാരിച്ച് നിന്റെ ട്രെയിനിങ് കഴിഞ്ഞിട്ട് മതി കല്യാണം. അല്ലെങ്കിൽ ട്രെയിനിങ് കഴിഞ്ഞിട്ട് നിനക്ക് പോസ്റ്റിങ്ങ് വല്ല കാട്ടുമുക്കിലും ആണെങ്കിൽ വീണ്ടും ഇത് അങ്ങ് നീണ്ട് നീണ്ട് അങ്ങ് പോകും”.
കുറച്ച് വർഷങ്ങൾ കൂടെ കഴിഞ്ഞിട്ട് മതി കല്യാണം എന്ന് ഉറച്ച തീരുമാനം ഉണ്ടായിരുന്നെങ്കിലും മമ്മിയെ സമാധാനിപ്പിക്കാൻ, പെണ്ണ് കാണാം എന്ന് സമ്മതിച്ചു.
അടുത്ത ദിവസം തന്നെ രാവിലെയും ഉച്ചക്കും വൈകിട്ടും ആയി മൂന്ന് ബ്രോക്കര്‍മാർ അവിടെ വന്ന് പോയി. അവരുടെ കൈയ്യിൽ ഉള്ള വലിയ
കുടുംബങ്ങളിലെ ഡോക്ടർമാരെയും, എഞ്ചിനീയറിംഗ് കഴിഞ്ഞ കുട്ടികളെയും എല്ലാം ജോ കണ്ടു. കളക്ടര് വരെ ഉണ്ടായിരുന്നു അവരുടെ കൈയ്യിൽ. പക്ഷെ ജോ എല്ലാവർക്കും ഓരോ കാരണങ്ങൾ കണ്ടു പിടിച്ച് ഒഴിവാക്കി വിട്ടു. പിന്നെ വൈകുന്നേരം ആയപ്പോൾ പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ മാട്രിമോണി വെബ്സൈറ്റിന്റെ ഏജന്റും വന്ന് അവിടെയും ഒരു account റജിസ്റ്റര് ചെയ്തിട്ടു.
അത്താഴം കഴിക്കുന്ന നേരത്ത് സാറാമ്മ പറഞ്ഞു ഇന്ന് വൈകുന്നേരം ഉറങ്ങുന്നതിന് മുമ്പ് ആ വെബ്‌സൈറ്റിൽ ഉള്ള ഒരു മുപ്പത് പെണ്ണുങ്ങളെ എങ്കിലും നീ നോക്കിയിരിക്കണം”.
ഫിലിപ് ചിരിച്ചു.
ജോ ചിരിച്ച് കൊണ്ട് “ഹോംവർക്ക് പോലെ പെണ്ണുങ്ങളെ നോക്കാൻ പറയുന്ന ഒരു അമ്മ. മമ്മി എന്നെ ഒരു professional വായിനോക്കി ആക്കാന്‍ ഉള്ള ഉദ്ദേശ്യത്തോടെ ആണോ ഇരിക്കുന്നത്?”.
സാറാമ്മ:”അതൊന്നും എനിക്ക് പ്രശ്നം അല്ല. 30 പ്രൊഫൈൽ എങ്കിലും നോക്കണം. അല്ലാതെ ഉറങ്ങരുത്. ഞാൻ നാളെ ചെക്ക് ചെയ്യും?”.
ജോ:”എന്റെ പൊന്ന് മമ്മി. ഞാൻ ഒന്നുമില്ലേലും ഒരു ഐപിഎസ് ഓഫീസർ അല്ലെ. ഇങ്ങനെ നാണം കൊടുത്തല്ലേ”.
സാറാമ്മ:”നീ ഐപിഎസ് അല്ല ദൈവം തമ്പുരാൻ ആണെങ്കിലും എനിക്ക് അത് വിഷയമല്ല. ഈ വീട്ടില്‍ ഞാൻ ആണ് നിന്നേക്കാളും വലിയ ഐപിഎസ്”.
ജോയും ഫിലിപ്പും ചിരിച്ചു.
രാത്രി പാതി ഉറക്കത്തിൽ കിടന്നാണ് ജോ ഓരോരോ പ്രൊഫൈലുകൾ മാറ്റി മാറ്റി നോക്കി കൊണ്ടിരുന്നത്. ചിലതെല്ലാം അവന്‍ അതിന്റെ താഴേക്ക് പോയി അവരുടെ വിവരങ്ങൾ കൂടെ വായിച്ചു. നോക്കി നോക്കി മമ്മി പറഞ്ഞ മുപ്പത് എണ്ണവും അവന്‍ നോക്കി. ഇനി എന്തായാലും മമ്മീടെ വായിൽ നിന്ന് നാളെ ചീത്ത കേള്‍ക്കേണ്ടല്ലോ എന്ന് ഒരു
പുഞ്ചിരിയോടെ ചിന്തിച്ച് കൊണ്ട് ആപ്പ് ക്ലോസ് ചെയ്യാൻ നോക്കിയപ്പോൾ ആണ് വിരൽ തട്ടി തൊട്ട് അടുത്ത പ്രൊഫൈൽ കൂടെ തുറന്നത്. ജോ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്ന് ആ മുഖത്തേക്ക് നോക്കി പോയി. അത്ര ഐശ്വര്യം ഉള്ള മുഖം അവന്‍ മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല. മനോഹരമായ പുഞ്ചിരി. ഇടതൂർന്ന സില്‍ക്ക് പോലത്തെ മുടി നീളത്തില്‍ തോളിലൂടെ ഒതുക്കി വച്ചിരിക്കുന്നത് കാണാം. മനോഹരമായ ഒരു സാരി ഉടുത്തുള്ള ആ ഫോട്ടോ കണ്ടപ്പോൾ തന്നെ ജോയുടെ മനസ്സ് അവനോട് മന്ത്രിച്ചു. ഇവളാണ് എന്റെ ഭാവി വധു.
അവന്‍ കഷ്ടപ്പെട്ട് അവളുടെ മുഖത്ത് നിന്ന് കണ്ണുകൾ പിന്‍വലിച്ച് ആ പ്രൊഫൈലിൽ ബാക്കി ഉള്ള വിവരങ്ങൾ വായിച്ചു, പേര് ഹന്ന ജോർജ്ജ്, വയസ്സ് 24, വീട് പത്തനംതിട്ട, എക്കണോമിക്സിൽ ബിരുദം കഴിഞ്ഞ് നില്‍ക്കുന്നു. ഇപ്പോൾ ജോലി ഇല്ല. അച്ഛൻ ജോർജ്ജ് സർക്കാർ ഉദ്യോഗസ്ഥൻ, ഏതോ സര്‍ക്കാര്‍ ഓഫീസിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അമ്മ എലിസബത്ത് ഹൗസ് വൈഫ് ആണ്. ഒരു ഇളയ പെങ്ങള്‍ ഉണ്ട് പഠിക്കുന്നു. പാഷൻ ഭരതനാട്യം, കഥക്. ഹോബി വായന, കുക്കിംഗ്. വീണ്ടും എന്തെല്ലാമോ എല്ലാം ഉണ്ട്. ജോ എന്തായാലും ആ പ്രൊഫൈലിലേക്ക് ഒരു ‘ഹായ് എന്റെ പേര് ജോനാഥൻ. നമുക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ’ എന്ന് ഒരു മെസേജ് അയച്ചു. കുറച്ച് നേരം കൂടെ ഹന്നയുടെ മുഖം സൂം ചെയ്ത് നോക്കി കൊണ്ടാണ് അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണത്.
