“ഞാൻ ഈ കണ്ട തല്ലും, ഇടിയുമൊക്കെ കൊണ്ട്, എൻ്റെയീ കഷ്ടപ്പാടിനിടയിലും കെട്ടിയതല്ലെ നിന്നെ.”
“അതിന്”
“അപ്പൊ ഇനീം കഷ്ടപ്പാട് വരുമ്പൊ എനിക്കിത് പണയം വക്കാൻ തരോ….”
“യെന്ത് യെൻ്റ വയറോ” ( അവളെരു കെറുവോടെ ചോദിച്ചു )
“യേയ്, ദതല്ല, ദിത്”
ഞാൻ അവളുടെ സാരിക്ക് പുറത്ത് മേനിയോട് പറ്റിക്കിടന്നിരുന്ന അരഞ്ഞാണ തൊങ്ങലിൽ കടിച്ച് അത് മുഴുവനായും ആ കോട്ടൻ സാരിക്ക് പുറത്തിട്ടു. അത്ര കൊതി തോന്നിയതോണ്ട് ചെയ്തതാണ്. പേരിനൊരു അരഞ്ഞാണമാണെങ്കിലും അവളുടെ അരയഴകാണ് അതിൻ്റെ മാറ്റ്. സ്വർണ്ണനൂലുപോലുള്ള അത്, അവളുടെ പൊന്നുടലിൽ ചേർന്നിരുന്നാൽ കണ്ടുപടിക്കാൻ പോലും പ്രയാസമാവും.
അവളുടെ നേർത്ത മേനിയിലെൻ്റെ ചുണ്ടുരഞ്ഞ് പോയി. പെട്ടന്നുണ്ടായ ഇന്ദ്രിയബോധത്തിൽ, അനുഭൂതിയിൽ അവൾ നടുങ്ങി കൈകൾ എൻ്റെ ഇടത് തോളിലും വലത്ത് നെഞ്ചിലും കുത്തി പുളഞ്ഞുയർന്നു.
ഇതുവരെ ഉലകിതിലാർക്കും ദർശനഭാഗ്യം സിദ്ധിക്കാത്ത മീനാക്ഷിയുടെ പൊന്നരഞ്ഞാണം ഞാൻ കൺനിറയെ കണ്ടു. അതിനവളുടെ രുചിയായിരുന്നു. കാലിൻ നഖമുനത്തൊട്ട്, വൈശിഷ്ട്യമായ നിമ്നോന്നതികളോടെ വളഞ്ഞ് പുളഞ്ഞൊഴുകി ലാളിത്യത്തിൻ്റെയും, സൗകുമാര്യത്തിൻ്റെയും, ഉത്തുംഗശൃംഗമായ സിരസ്സിലെത്തി നിൽക്കുന്ന അവളുടെ സർപ്പസൗന്ദര്യം, ഉലഞ്ഞ് മുടിയാട്ടമാടി എന്നെ നോക്കി സംഭ്രമപ്പെട്ട് തെല്ലൊരു പിണക്കത്തോടെ പറഞ്ഞു.
“ശ്ശൊ… ഒരു നാണോം നാളികേരോം ഇല്ലാത്ത മനുഷ്യൻ, തനി വഷളൻ, എന്നെ അങ്ങോട്ട് കയറ്റി വിട്, ഇല്ലെങ്കി ഞാൻ ഉണ്ണിയേട്ടനെ തള്ളി താഴെയിടും. അപ്പൊ ആവി ശരിക്കും ആവിയാവും.
ആ പറഞ്ഞതിലെ ലോജിക്ക് എനിക്ക് ശരിക്ക് കിട്ടിയില്ല. എന്നെ തള്ളി താഴെയിട്ടാ അവളും കൂടെ പോരൂല്ലെ. വല്ലാണ്ട് ചിന്തിക്കാൻ നിന്നില്ല. അവളത്രക്കങ്ങട് ചിന്തിച്ചിട്ടില്ലെങ്കിൽ, പിന്നെ ചിന്തിക്കണ്ടി വരില്ല. ഞാനവളെ ഉന്തിതള്ളി കയറ്റിവിട്ട്, പോകാൻ തിരികെ നടന്നു. അപ്പൊ പിന്നീന്ന് വിളിച്ചു.
“ ഉണ്ണിയേട്ടോയ് …..” ( ഞാൻ തിരിഞ്ഞ് നോക്കി, ജനൽപ്പടിയിൽ കൈകുത്തി ഇളിച്ച് നിൽപ്പുണ്ട്, എന്തോ കാര്യസാധ്യത്തിനാണ്. )
“ എന്തോയ് ”
“നിക്ക് ഒരു കഥ പറഞ്ഞ് തെരോ….?” ( അവൾ കൊച്ചുകുഞ്ഞെന്ന പോലെ ചിണുങ്ങി)
ഞാൻ ഇവക്കെന്താ പ്രാന്തായോ എന്ന് നിരീച്ച് ശ്രദ്ധിച്ച് നോക്കി.
“ സൂക്ഷിക്ക് നോക്കണ്ട ഉണ്ണിയേട്ട, ഞാൻ ഉണ്ണിയേട്ടനെ കെട്ടിയേൻ്റെ മഹ്റായി കൂട്ടിയാ മതി.”
“ മഹ്റോ !!! സ്ത്രീധനം ആയിട്ട് നിൻ്റെ അച്ഛനും ചേട്ടൻമാരും, എനിക്ക് തന്നത് നല്ല പൂവൻപഴം പോലത്ത ഇടിയാണ്. അതെന്ന അങ്ങട് തന്നാ മതിയോ.”
അവള് നിർത്താതെ ചിരിക്കുന്നുണ്ട്, ഞാൻ ജനലിൽ പിടിച്ച് ഉള്ളിലേക്ക് കയറി തുടങ്ങി.
ഒറക്കത്തീന്ന് എണീക്കാൻ പോയ എന്നെ ഇടിച്ച് കുരുകളഞ്ഞതും പോര. ആ ഇടി വാങ്ങിയതിന് ഞാൻ പെറ്റിയും അടക്കണോ.
“ചെലപ്പൊ അടക്കണ്ടി വരും, വെറുതെ അല്ലല്ലോ മിസ്റ്റർ നല്ല പൂവൻപഴം പോലത്തെ പ്രാണപ്രേയസിയെ അങ്ങ്ട് കിട്ടിയില്ലെ.”
“ഹൊ, ഇതിലും ഭേദം ബഷീറിൻ്റെ പൂവൻപഴത്തിലെ ഭാര്യയായിരുന്നു.”
“അതോതാ ആ പെണ്ണുമ്പിള്ള, എന്നാ ആദ്യം ആ കഥ പറയ്.”
അവിടന്ന് തുടങ്ങിയ കഥയാണ്, പറഞ്ഞ് പറഞ്ഞ് നാക്കുളുക്കി തുടങ്ങി. ഞാൻ അത് കാര്യമാക്കിയില്ല. അവൾക്ക് വാശി പിടിക്കാനും ഞാൻ അല്ലെ ഉള്ളൂ. കഥ പറഞ്ഞ് കൊടുക്കാൻ എനിക്കു അവളും. ഇടത്കൈ തലയിൽ ചാരി അവള് അനന്തശയനത്തിലാണ്. ഒരാൾക്ക് കിടക്കാനുള്ള സ്ഥലമേ കഷ്ടി ആ കട്ടിലിനുള്ളു അതിലെന്നെ നിർബന്ധിച്ചവൾ കിടത്തിയിട്ടുണ്ട്. തിങ്ങിഞ്ഞെരുങ്ങി അവളുടെ മാറിൻ ചൂടേറ്റ് ഞാൻ അതിൽ ബദ്ധപ്പെട്ടു കിടന്നു.
കഥകളുടെ രസചരടുപ്പൊട്ടാതെ മുന്നേറിയപ്പോൾ അവളെൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ്കിടന്നു വട്ടം കെട്ടിപ്പിടിച്ചു. ഒരു കൊച്ച് കുഞ്ഞ്, അച്ഛൻ്റെ നെഞ്ചിൽ തലചായ്ച്ചു കഥകേട്ട് ഉറങ്ങും പോലെ. ബാല്യകാല സ്മൃതിപഥങ്ങളിലെങ്ങും അവൾക്ക് അനുഭവിക്കാൻ കഴിയാതെ പോയ ഒരു അച്ഛൻ്റെ സ്നേഹം ആസ്വദിച്ച് അവളെൻ്റെ നെഞ്ചിൻ്റെ ചൂടിൽ ആലസ്യത്തിൽ കിടന്നു. ഇത്തരം പരമരഹസ്യമായ ഒരുകുന്ന് ബാലിശസ്വപ്നങ്ങളുടെ കൂട്ടമാണ് മീനാക്ഷി എന്നെനിക്ക് തോന്നിപോയി. ഈ നാട്യങ്ങളുടെ അരങ്ങഴിഞ്ഞ് വീണാൽ അവളൊരു വെറും എട്ട് വയസ്സ്കാരി പൊട്ടി കുട്ടിയാണ്.
അവളുടെ മുടിയിഴകളിൽ തലോടി ഞാൻ കഥ പറഞ്ഞു കൊണ്ടിരുന്നു, പെരുംനാഗത്തെ നാഭിയിലൊളിപ്പിച്ച രാജക്കുമാരിയുടെ കഥ, പയറുചെടിയിൽ കയറി സ്വർഗ്ഗത്തിൽ പോയ ബാലൻ്റെ കഥ, ആലിബാബയുടെയും വെന്ത് മരിച്ച നാൽപ്പത്തൊന്ന് കള്ളൻമാരുടേയും കഥ, കുറുക്കൻ കാട്ടിലെ രാജാവായ കഥ, സുമോറോ ദ്വീപിലെ കടൽകിഴവൻ്റെ കഥ, പല്ലവൻകാട്ടിലെ കുടവയറൻ ഭൂതത്താൻ്റെ കഥ, രാത്രികളിൽ മാനം നിറയെ നക്ഷത്രങ്ങൾ പൂത്തുലഞ്ഞ കഥ, ഞാൻ നിറുത്താതെ പറഞ്ഞു കൊണ്ടിരുന്നു. അവളത് കേട്ട് കിടന്നു. നെഞ്ചിൽ കണ്ണീരിൻ്റെ ചൂടെനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അവൾക്കിനിയും എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിലുണ്ട്. അവയൊക്കെ എന്നോട് അവൾക്ക് പറയാൻ കഴിയുന്ന അത്രയും ഞാൻ അവളെ സ്നേഹിക്കുന്ന കാലം വരും. ഞാൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ച് നെറുകിൽ തലോടി മൂർദ്ധാവിൽ മുത്തമിട്ടു.
