മീനാക്ഷി കല്യാണം – 5അടിപൊളി  

**************

ഇരുളുരുണ്ട് കയറിയ ആകാശത്ത് കാർമേഘപടലങ്ങൾ മദയാനകൂട്ടമെന്ന പോലെ സർക്കീട്ടിനിറങ്ങി. ഭയമൊട്ടുമില്ലാതെ കൊമ്പുകോർത്തവർ ചിന്നംവിളിച്ചു കൊണ്ടേയിരുന്നു. എങ്കിലും കലിയൊട്ടും തീരാതെ വന്നവർ, മണ്ണിൽ കൂർത്ത കൊമ്പുകളാഴ്ത്തി കുത്തിമറിക്കുമെന്നപോൽ, മിന്നൽപിണരുകൾ മണ്ണിൽ പതിച്ചു. എതിരെയടിച്ച ഈർപ്പമുള്ള തണുത്ത കാറ്റിനെ വകഞ്ഞ് മാറ്റി, ഞാൻ ആശുപത്രിയിൽ നിന്നും പത്തടി മാത്രം അകലെയുള്ള സ്റ്റോറിനെ ലക്ഷ്യമാക്കിയോടി. ആശുപത്രിയുടെ പരിമിതമായ ചുറ്റുപാടിൽ ഒരാൾക്കു അതിജീവിക്കാൻ അത്യാവശ്യമായവ മാത്രം വിൽക്കുന്ന ഒരു കൊച്ചുകട. കടയിൽ ഓരത്ത് ചേർത്ത് വച്ചിരുന്ന ബ്രിട്ടാനിയയുടെ മിൽക്ക് റസ്ക്ക് എടുത്ത്, ഞാൻ അയാൾക്ക് നേരെ ഒരു ഇരുപത് രൂപാനോട്ട് നീട്ടി. നിസ്സംഗ ഭാവത്തിൽ എത്രയെന്നു പോലും നോക്കാതെ അയാളതു വാങ്ങി പെട്ടിയിൽ നിക്ഷേപിച്ചു. ആ കണ്ണുകൾ പൂർവ്വകലത്തിലെങ്ങോ ക്ഷണികമായ മനുഷ്യ ജീവിതങ്ങൾ കണ്ടു കണ്ട് മരിച്ചു മരവിച്ചവയിയിരുന്നു. ആശുപത്രി ചുവരുകൾക്കുള്ളിൽ നിറഞ്ഞ് നിന്നിരുന്ന ആ നിർവികാരത, ഏതൊരു സഹജീവിയേയും എന്ന പോലെ അയാളിലും നിഴലിച്ചിരുന്നു. ഇവിടെയാരും വരുന്നത് സുഹൃത്തുകളെ ഉണ്ടാക്കാൻ അല്ലല്ലോ. ഇന്നുകാണുന്നവരെ നാളെ കാണുമെന്ന് തന്നെ ഉറപ്പില്ലാത്ത ലോകം.
ഈ നശിച്ച മഴ വീണ്ടും പെയ്തു തുടങ്ങിയിരിക്കുന്നു. ഞാൻ തലയിൽ കൈപൊത്തി ആശുപത്രി വരാന്തയിലേക്ക് ഓടി.

തിരക്ക് പിടിച്ച കാഷ്വാലിറ്റിയും കഴിഞ്ഞ് ഞാൻ നടന്നു. ഗൈനക്കോളജി ബ്ലോക്കിൽ പുത്തൻപ്രതീക്ഷയിൽ വിടർന്ന മുഖത്തോടുകൂടി കൈകേർത്തിരിക്കുന്ന സ്ത്രീപുരുഷൻമാരെയും കടന്ന് നടന്നു. ഗൈനക്കോജി ബ്ലോക്കിൻ്റെ തെക്കേ ചെരുവിൽ വൈറോളജി ലാബാണ്, അത് കഴിഞ്ഞു ഒരു ഇറക്കമിറങ്ങി വലത്തോട്ട് തിരിഞ്ഞാൽ ഓൻക്കോളജി വിഭാഗമായി. അതിൻ്റെ ഏറ്റവും അറ്റത്താണു ഓൻക്കോളജി ഐ.സി.യു., എനിക്കങ്ങോട്ടാണ് പോകണ്ടത്. ഞാൻ പാസ് പോക്കറ്റിൽ നിന്നു തപ്പി പുറത്തെടുത്തു. അതില്ലാതെ ഉള്ളിലേക്ക് കടത്തില്ല. മീനാക്ഷിക്കിപ്പോ ഇസഡ് കാറ്റഗറി പ്രൊട്ടക്ഷനാണ്. ഞാൻ ഓൻക്കോളജി വാർഡിലേക്ക് വെറുതെ നോക്കി. മറ്റു വാർഡുകൾ പോലെയല്ല, ആരുടെ മുഖത്തും ചിരിയില്ല, ഒരു സംസാരമില്ല, ദുഃഖം മാത്രം അന്തരീക്ഷത്തിൽ തളംകെട്ടിനിൽക്കുന്നു. ചിരിച്ചിട്ട് ഒരുപാട് നാളുകളായെന്ന് അവരെ ഓരോരുത്തരെയും കണ്ടാലറിയാം, കവിളെല്ലുകൾ ഇടിഞ്ഞ് ബലപ്പെട്ടുകിടക്കുന്നു, ചുണ്ടിനടുത്ത തൊലി വലിഞ്ഞുമുറുകി നിൽക്കുന്നു.

മീനാക്ഷി അവരെയാരെയും പോലെയായിരുന്നില്ല. ഒരുപാട് വയ്യെങ്കിലും അവളിപ്പോഴും ചിരിക്കും, ആ നുണകുഴികൾ കാട്ടി. ഞാൻ ഐ.സി.യു.വിനടുത്തേക്ക് നടന്നു.

മീനാക്ഷിക്ക് പാലിഷ്ടമല്ല, എത്ര പറഞ്ഞാലും അവളത് കുടിക്കില്ല. ഞാൻ തേൻചേർത്തും, ബിസ്ക്കറ്റ് പൊടിച്ച് ചേർത്തും പഠിച്ച പണി പതിനെട്ടും നോക്കി. തുടരെ തുടരെയുള്ള കീമോപ്രയോഗത്തിൽ അവളുടെ വായിലെ തൊലിയെല്ലാം പൊയ്പോയിരുന്നു. എന്ത് കഴിച്ചാലും ഛർദ്ദിയാണ്. ആ സുന്ദരമായ ചുരുൾമുടികളെങ്കിലും ബാക്കിയുണ്ടായിരുന്നെങ്കിൽ ഇത്രയും ക്ഷീണം തോന്നില്ലായിരുന്നു. എങ്കിലും അവളിപ്പോഴും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും സുന്ദരിയാണ്.

മധുരമിട്ട പാലിൽ റസ്ക് കുതിർത്ത് നേർപ്പിച്ചു കൊടുത്താൽ, കുറച്ചെങ്കിലും ഇഷ്ടത്തോടെ കഴിക്കും. എന്തെങ്കിലും കഴിക്കാതിരുന്നാൽ ആ മരവിച്ച കൈകളിൽ, ബാക്കിയുള്ള ഞരമ്പുകളിൽ കൂടി ക്യാനുലസൂചി കുത്തികയറ്റി ഡ്രിപ്പ് ഇടണ്ടിവരും, അത് എന്തായാലും വേണ്ട. ഇനി ഒരു കീമോ കൂടിയേ ഉള്ളു. പിന്നെ എല്ലാം പഴയതുപോലെ. ഞാൻ കുറച്ച് വേഗത്തിൽ നടന്നു.

അകലെ ഐ.സി.യു.വിലേക്കു ഡോക്ടർമാർ തുടരെ തുടരെ ഓടികയറുന്നു, ഇറങ്ങിപോകുന്നു. കോമൺ ഐ.സി.യു. ആണ്, ഇതിവിടെ സ്ഥിരം സംഭവമായത് കൊണ്ട് എനിക്ക് പ്രത്യേകതയൊന്നും തോന്നിയില്ല. ചിലരെ ഇങ്ങനെ ഇടയ്ക്ക് വച്ച് ഐ.ഐ.സി.യു.വിലേക്ക് മാറ്ററുണ്ട്. ഞാൻ പാസ് കൊടുത്ത് ഉള്ളിലേക്ക് കയറി. പക്ഷെ അവരെല്ലാം പായുന്നത് ആറാം നമ്പർ ബെഡിലേക്കാണെന്ന് കണ്ട എൻ്റെ സപ്തനാസികളും തളർന്നു, കാലിടറി, കണ്ണുകളിൽ ഇരുട്ട് കയറി. ഞാൻ തപ്പിതടഞ്ഞ് അവൾക്കരിലെത്തി. ആ തളർന്ന കൈകളിൽ പിടിച്ചു. അതിൽ തണുപ്പ് പടർന്ന് കയറും പോലെ, അവശേഷിക്കുന്ന ചൂടും അവളെ വിട്ട് പോകാതിരിക്കാൻ കരഞ്ഞു കൊണ്ട് വെറുംനിലത്തിരുന്ന് ഞാൻ അതിൽ അണച്ച് പിടിച്ചു. ശബ്ദം പുറത്ത് വരുന്നില്ല, ഞാൻ ശ്വാസം കിട്ടാത്തപോലെ കരഞ്ഞു കൊണ്ടിരുന്നു. ആരോ എന്നെ വലിച്ചൊരു ഭാഗത്തിട്ട്, തയ്യാറാക്കി നിറുത്തിയിരുന്ന ഡിഫിബ്രിലേറ്ററിൽ നിന്ന് നെഞ്ചിൽ ഷോക്ക് കൊടുത്തു കൊണ്ടിരുന്നു.
‘അത് ചെയ്യുമ്പോൾ ആരും ദേഹത്ത് പിടിക്കാൻ പാടില്ല,600 തെട്ട് 1000 വരെ വോൾട്ട് കരണ്ട് ഉണ്ടാകും. അത് ധാരാളമാണ് നോർമൽ ആളുകളുടെ പ്രവർത്തിക്കുന്ന ഹൃദയം നിന്നു പോകാൻ.’ ഇതെല്ലാം പറഞ്ഞ് തന്നത് മീനാക്ഷിയാണ്.

ഡോക്ടർമാർ വോൾട്ടേജ് കൂട്ടി വീണ്ടും വീണ്ടും അത് അവളുടെ ക്ഷീണിച്ച നെഞ്ചിൽ വച്ചമർത്തി. ഒരോ ഇടിക്കും അവൾ ഉയർന്നു പൊങ്ങി, തിരികെ കട്ടിലിൽ പതിച്ചു, അതിലൊന്നിലവൾ എഴുന്നേൽക്കുമെന്നു ഞാൻ ഒരുപാടാശിച്ചു കൊണ്ട് നിലത്തു തന്നെയിരുന്നു. ആരോ എന്നെ പുറത്താക്കാൻ പറഞ്ഞു, അത് കേട്ട് സെക്യൂരിറ്റി എന്നെയും വലിച്ച് പൊക്കി പുറത്തേക്കു നടന്നു. ഞാൻ ഒരുമാത്ര തിരിഞ്ഞ് അവളുടെ ചലനമറ്റ കാപ്പിപ്പൊടി കണ്ണുകളിലേക്ക് നോക്കി. അവൾ പോയി, എന്നോടൊരു യാത്ര പോലും പറയാൻ കാത്തുനിൽക്കാതെ, ഒരു തണുത്ത വെളുപ്പാൻ കാലത്ത് അവൾ ആകസ്മികമായി കയറിവന്നതു പോലെതന്നെ തിരികെ പോയി. ഞാൻ അവൾക്കാരായിരുന്നു. അതിനു മാത്രം ഉത്തരം എൻ്റെ കയ്യിലില്ല.

ഐ.സി.യു. വിന് വെളിയിലെ ടൈൽ വിരിച്ച തണുത്തുറഞ്ഞ തറയിൽ ഞാനിരുന്നു. അവൾക്ക് വേണ്ടി അവസാനമായി വാങ്ങിയ റസ്ക് ഞാൻ വിടാതെ കൈയ്യിൽ അമർത്തി പിടിച്ചിരുന്നു. കണ്ണുനീരുപോലും വറ്റിതീർന്നിരുന്നു.

‘മരണം ദൈവത്തിൻ്റെ തമാശയാണ്, പറഞ്ഞ് തീർന്നപ്പോൾ ആരും ചിരിക്കാതെ പോയ ക്രൂരമായൊരു തമാശ.’

എത്ര നേരം ഞാൻ അവിടെയിരുന്നു എന്നെനിക്കറിയില്ല. ആരൊക്കെയോ വന്നും, പോയും കൊണ്ടിരുന്നു. ആരൊക്കെയോ കരയുന്നുണ്ടു. ഒന്നെഴുന്നേറ്റ് സ്ട്രക്ചറിൽ ഒരു ഓരത്ത് കൊണ്ടു നിർത്തിയ അവളെ ഒന്നു കാണണം എന്നുണ്ട്. എഴുന്നേൽക്കാൻ ഉള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. ഞാൻ ആ വിളറിയ തുണിക്ക് വെളിയിൽ കണ്ട അവളുടെ ക്ഷീണിച്ച വിരലുകളെ നോക്കിയിരുന്നു. അവ ഞാൻ ചേർത്ത് പിടിക്കുന്നതും കാത്ത്, കുഞ്ഞു പരിഭവത്തോടെ എന്നെയും നോക്കി കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *