മീനാക്ഷി കല്യാണം – 5അടിപൊളി  

“ എന്താ….. ആരാ…” അവൻ കിതച്ച് കൊണ്ട് ചോദിച്ചു.

“അതിനു നീയെന്തിനാ ഇറങ്ങിയത്” ഞാൻ തലയിൽ കൈവച്ച് പറഞ്ഞു. അപ്പോഴേക്കും ആളുകൾ ഓടികൂടി ദിൽബറിനെ പൊതിഞ്ഞു. അവനു ഹിന്ദിയിലും, തമിഴിലും, മലയാളത്തിലും, തെലുങ്കിലും, ഒരുപോലെ ഹിറ്റ് പടങ്ങളും ആരാധകരും ഉണ്ട്. പെൺകുട്ടികൾ സെൽഫി എടുക്കാൻ പേപ്പട്ടികടിച്ച പോലെ ഓടി വന്നു. അവൻ രക്ഷിക്കാൻ എന്നെ ദയനീയമായി നോക്കി. ഞാൻ പക്ഷെ ചുറ്റും പോക്കറ്റടിക്കാരൻ്റെ പോലെ ഓടിനടന്ന്, ഈ വന്നവരിൽ അവരുണ്ടോന്ന് നോക്കുകയായിരുന്നു. ദിൽബറ് ഒരു ജീവനുള്ള ഹണീ ട്രാപ്പ് ആയി വർക്ക് ചെയ്ത് കൊണ്ടിരുന്നു.
പെട്ടന്ന് ശ്രീറാമിൻ്റെ കൂടെയുണ്ടായിരുന്ന പെണ്ണ് അവനെയും പിടിച്ച് വലിച്ച്, മുകളിൽ നിന്നും ഞങ്ങടെ ഹണീട്രാപ്പിലേക്ക് ഓടിവരുന്നു. ദിൽബറിന് പ്രാന്തായി തുടങ്ങി. ആൾക്കാർ അവനെ പിച്ചി തിന്നുമോന്നു വരെ തോന്നിപോയി. ഞാൻ അത് കാര്യമായി മൈൻഡ് ചെയ്തില്ല. പെണ്ണു ഓടിവന്നു കൂട്ടത്തിലേക്ക് കയറിപ്പോയി, ശ്രീറാം വാച്ചിൽ സമയവും നോക്കി ആ ചക്രവ്യൂഹത്തിന് പുറത്ത് നിൽപ്പുണ്ട്. ഞാൻ അവനെ കോളറിൽ പിടിച്ച് വലിച്ച് ഒരു ഓരത്ത് ചുമരിനോട് ചേർത്ത് വച്ച്, മൂക്കിനിട്ടൊന്നു കൊടുത്തു. അത് രാവിലെ ഓങ്ങിവച്ചതാണ്. മൂക്ക് പൊട്ടി ചോരചാടിതുടങ്ങി.

“നിനക്ക് എത്ര കാമുകി ഉണ്ടെന്നു ഞാൻ ചോദിക്കണില്ല, നിനക്കെത്ര തന്തയുണ്ട്. നന്നായി ആലോചിച്ചിട്ട് ഉത്തരം പറഞ്ഞാ മതി”

“നിനക്കെന്താടാ പ്രാന്താ” അവൻ മൂക്ക് തുടച്ചു ചീറി. നല്ല ഒന്നാന്തരം പോർട്ട് കൊച്ചി മലയാളത്തിൽ.

“ അല്ലേ… നുമ്മക്കിന് മേണം. ഒരു സീനും ഇല്ലാണ്ട് വല്ലോനെ ഹെൽപ്പാക്കാൻ പോണ ബഡികൾക്കൊക്കെ ഇത് തന്നെ വേണം. നീയൊക്കെ ഏതാണ്. എനിക്ക് എന്തിൻ്റെ വേദനയായിരുന്ന്. അവളന്ന് പറഞ്ഞപ്പളേ ഓർക്കണ്ടതായിരുന്ന് വല്ല ഡാർക്ക് സീനും ആവുന്ന്.”

അവൻ നല്ല റോളിലാണ് ഡയലോഗ് അടിക്കണതെങ്കിലും കണ്ണ് നിറഞ്ഞ് ഒഴുകണുണ്ടാർന്നു. പാവം തല്ലാണ്ടാർന്നു. ഞാൻ പല്ല് കടിച്ചു പിന്നോട്ട് തലയാക്കി ഒന്നറച്ച് അവനെ നോക്കി. അവൻ പുറം കൈ വെച്ച് മൂക്ക് തൊടച്ച്, അതിലേക്ക് നോക്കി.

“ഇയ്യോ.. ചോര, നീയ്യെ… വേഗം പടി ആയിക്കൊ നീ, നിനക്ക്ള്ള പണി ഞാൻ തരിണ്ണ്ട്.” അവൻ എന്നെ തള്ളി മാറ്റി നടന്നു.

ശ്ശെ, കുഞ്ഞിപിള്ളേരെ തല്ലിയ പോലെയായി. വേണ്ടായിരുന്നു.

ഞാൻ ദിൽബറിനേയും വലിച്ചെടുത്ത്, ആൾക്കാരെ തള്ളിമാറ്റി നടന്നു. ഞങ്ങൾ വണ്ടിയെടുത്ത് വേഗം അവിടെ നിന്നും വലിഞ്ഞു.

“ വല്ലാത്ത പണിയായി നീ തന്നത്” ദിൽബറ് പറയാണ്

“ ഞാൻ തന്നതാ. നിൻ്റെ തലയ്‌ക്കെന്താ വല്ല ഓളം വെട്ടണിണ്ടാ. നിന്നോടാരാണ് വണ്ടീന്ന് എറങ്ങാൻ പറഞ്ഞത്. ഒന്നുമില്ലേലും ഇത്ര കൊല്ലായില്ലെ സിനിമേല്, നിനക്കറിഞ്ഞൂടെ നിന്നെ കണ്ട ആള് കൂടുംന്ന്.” ഞാൻ അപ്പോഴെത്തെ ദേഷ്യത്തിന് അവനെ ചീത്ത പറഞ്ഞു. അവൻ ചെറുതായി പിണങ്ങി.
“എന്തായാലും നന്നായി. അതോണ്ടു ആൾക്കാരുടെ ശ്രദ്ധതിരിഞ്ഞ് കിട്ടി.”

“നിനക്ക് മീൻ പിടിക്കാൻ ഞാൻ മണ്ണിര ല്ലെ, നിന്നെ കാണിച്ച് തരാടാ എൻ്റെ ടോണി മോന്റെ അടുത്ത് എത്തട്ടെ”

“ആ, എന്നാ അങ്ങട് വിട് അവൻ്റെ പുതിയ പട്ടീനെ കാട്ടിതെരാ”

“ഓഹ്, ഐ ലവ് ഡോഗ്സ്.” അവൻ വണ്ടി ടോണിയുടെ ഫ്ലാറ്റിലേക്ക് എടുത്തു.

ഇവന് സാധാരണ നായകനടൻമാരുടെ ഈഗോയോ, അഹങ്കാരമോ ഒന്നും ഇല്ലാത്തൊരു പാവം ചെക്കൻ. എന്തും പറയാം അവനോട്.

*************

വാതിൽ തുറന്ന് കിടപ്പുണ്ട് ടോണി അടിച്ചു ഫിറ്റാണ്. ഞാനും ദിൽബറും ചെല്ലുമ്പോൾ അവൻ ഷർട്ടിടാതെ നാല് കാലിൽ നിന്ന് പട്ടിക്ക് ഡോഗ് ഫുഡ് എടുക്കുകയാണ്. ദിൽബറിന് അത്ഭുതം.

“യേയ് ഇതതല്ലെ”

“യേത്”

“അർജ്ജുൻ ഷെൺഡി”

“പിന്നേ….. അർജ്ജുൻ ഷെൺഡിയല്ല, അർജ്ജുൻ്റെ അണ്ടി, ഇതപ്പറത്തെ വീട്ടിലെ തലക്ക് വെളിവില്ലാത്ത തള്ള ഇവൻ്റെടുത്ത് ആകീട്ട് പോയതാ. ഇവനിത് വല്ലതും അറിഞ്ഞിട്ടാണാവോ ചെയ്യണത്.”

ടോണി ഡോഗ് ഫുഡ് മേശപുറത്ത് വച്ച് അത് ഇരുന്നു കഴിക്കാൻ തുടങ്ങി, ശ്രദ്ധിച്ച് നോക്കിയപ്പോൾ നായയുടെ മുന്നിൽ ഇലയിട്ടു ചോറ് വിളമ്പിയിട്ടുണ്ട്. അത് പതിവ് പോലെ ചമ്രംപടിഞ്ഞ് ഗുരുവായൂര് ഊട്ടുപുരയിൽ സദ്യയുണ്ണാൻ ഉണ്ണിശാന്തിയിരിക്കും പോലെ ഇരുപ്പുണ്ട്. ഞാൻ തലക്ക് കൈവച്ചു. ദിൽബറിന് ചിരിച്ചിട്ട് ഒരു ബോധമില്ല. പിന്നിൽ നിന്ന് ടോണി ഡോഗ് ഫൂഡ് കടിച്ച് മുറിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്.

ഞാൻ ചെന്ന് അവൻ്റെന്നു കൊറേ പിടിവലികൾക്ക് ശേഷം ഡോഗ് ഫൂഡ് പിടിച്ച് വാങ്ങി പട്ടിയ്ക്ക് വച്ചു കൊടുത്തു. അവന് ചോറ് വിളമ്പി കൊടുത്തു.

“ ഇതാ തള്ള ഏതങ്ങാണ്ട് വിദേശത്ത് ഇറക്കിയ നായയാ, ഇതിന് ഇതൊന്നും കൊടുക്കാൻ പാടില്ല. ഇവന് വല്ല ബോധമുണ്ടോ, ഇതു തിന്നു ഈ നായ അങ്ങാനം തട്ടിലായിരുന്നെങ്കിലാ.” ദിൽബറ് ഇതൊക്കെ കേട്ട് നായയേയും കളിപ്പിച്ചിരുപ്പുണ്ട്.

കഴിച്ച് കഴിഞ്ഞപ്പോൾ ഞാൻ ടോണിയെ കൊണ്ട് കിടത്തി, അവനു ബോധം വരാൻ ഇനിയും സമയം എടുക്കും.
‘ഹൊ, കണ്ടട്ട് തന്നെ കൊതിയാവണു, മീനാക്ഷിയൊന്നും ഇല്ലായിരുന്നെങ്കിൽ രണ്ടെണ്ണം അടിച്ച് ഇവിടെ തന്നെ കിടക്കായിരുന്നു, ടച്ചിങ്സ് ആയി ഡോഗ് ഫുഡും കഴിച്ച്’

ഞങ്ങൾ അവിടന്നും ഇറങ്ങി, നേരെ വീട്ടിലേക്ക് വച്ചടിച്ചു.

**********

വണ്ടി അടിയിൽ പാർക്ക് ചെയ്ത് ഞങ്ങൾ കയറുമ്പോ ദിൽബറിന് എന്തോ കോള് വന്നു അവനവിടെ നിന്നു. അതേതായാലും നന്നായി ഈ സമയം കൊണ്ട് മീനാക്ഷിയുടെ പിണക്കം മാറ്റാം ഞാൻ വേഗം പടികൾ ഓടികയറി.

വീട്ടിൽ കയറിയപ്പോൾ, ഹാളിൽ ഡൈനിംങ് ടേബിളിൽ നിരത്തിവച്ച പാത്രങ്ങൾക്കിടയിൽ തലചായ്ച്ച് മീനാക്ഷി കിടപ്പുണ്ട്. കണ്ണെല്ലാം കരഞ്ഞുകലങ്ങി വീർത്തിട്ടുണ്ട്. ഞാൻ മെസ്സേജ് അയച്ചതാണല്ലോ ഒന്നും കുഴപ്പമില്ലാന്നു എന്നിട്ടും എന്തിനാണ് കരഞ്ഞത്. ഞാൻ അവൾക്കു ചുറ്റും നോക്കി, ഇതു മുഴുവൻ ഇവള് വച്ചുണ്ടാക്കിയതാണോ, ഞാൻ ക്യാരറ്റ് ഉപ്പേരി എഴുത്ത് രുചിച്ച് നോക്കി നല്ല രുചി. ഉരുളകിഴങ്ങ് സ്‌റ്റുവും, അവിയലും, സാമ്പാറും, പാവക്ക പച്ചക്കരിഞ്ഞ് മുളകിട്ട് വറുത്തതും, വറ്റൽ മുളകിട്ടരച്ച ചമ്മന്തിയും എല്ലാം ഒന്നിനൊന്ന് മെച്ചം. അടുത്ത് തന്നെ നല്ല ആവി പറക്കുന്ന ചെമ്പാവരി ചോറുമുണ്ട്. ഇവളു കൊളാവല്ലോ, എൻ്റെ കൂടെ കൂടി വളരെ മെച്ചപ്പെട്ടു.

ദിൽബറിന് നല്ല വായറ് ഭാഗ്യമുണ്ട്. ഇല്ലെങ്കിൽ വല്ല കട്ടൻചായയും ഇട്ട് കുടിച്ച് സന്തോഷമായി പോണ പയ്യനാ. ഇന്ന് സദ്യയാണ്. തലകറങ്ങി വീഴാവോ, ഇതൊക്കെ കണ്ടിട്ടു.

ഞാൻ അവൾക്കരികിൽ കസേരയിൽ ഇരുന്ന് മേശയിൽ കൈകുത്തി അതിൽ തലതാങ്ങിയിരുന്ന് അവളെ നോക്കി. നല്ലോണം ബുദ്ധിമുട്ടിയിട്ടുണ്ട് പാവം. ഞാൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന കുറുന്നിര മാടിയൊതുക്കി ആ കാതിന് പിന്നിലായി വച്ചു. അവൾ ഉണർന്ന് എൻ്റെ മുഖത്തേക്ക് നോക്കി ചുണ്ട് പിളർത്തി പരിഭവം കാണിച്ചു. ഞാൻ അവളുടെ ശിരസ്സിൽ തലോടികൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു. അവളുടെ സങ്കടം പൊട്ടിയൊഴുകി, എൻ്റെ ഷർട്ട് വലിച്ചടുപ്പിച്ച് തോളിൽ തലചായ്ച്ച് കരഞ്ഞ് കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *