മീനാക്ഷി കല്യാണം – 5അടിപൊളി  

“ശ്ശൊ… ഒരു നാണോം നാളികേരോം ഇല്ലാത്ത മനുഷ്യൻ, തനി വഷളൻ, എന്നെ അങ്ങോട്ട് കയറ്റി വിട്, ഇല്ലെങ്കി ഞാൻ ഉണ്ണിയേട്ടനെ തള്ളി താഴെയിടും. അപ്പൊ ആവി ശരിക്കും ആവിയാവും.

ആ പറഞ്ഞതിലെ ലോജിക്ക് എനിക്ക് ശരിക്ക് കിട്ടിയില്ല. എന്നെ തള്ളി താഴെയിട്ടാ അവളും കൂടെ പോരൂല്ലെ. വല്ലാണ്ട് ചിന്തിക്കാൻ നിന്നില്ല. അവളത്രക്കങ്ങട് ചിന്തിച്ചിട്ടില്ലെങ്കിൽ, പിന്നെ ചിന്തിക്കണ്ടി വരില്ല. ഞാനവളെ ഉന്തിതള്ളി കയറ്റിവിട്ട്, പോകാൻ തിരികെ നടന്നു. അപ്പൊ പിന്നീന്ന് വിളിച്ചു.
“ ഉണ്ണിയേട്ടോയ് …..” ( ഞാൻ തിരിഞ്ഞ് നോക്കി, ജനൽപ്പടിയിൽ കൈകുത്തി ഇളിച്ച് നിൽപ്പുണ്ട്, എന്തോ കാര്യസാധ്യത്തിനാണ്. )

“ എന്തോയ് ”

“നിക്ക് ഒരു കഥ പറഞ്ഞ് തെരോ….?” ( അവൾ കൊച്ചുകുഞ്ഞെന്ന പോലെ ചിണുങ്ങി)

ഞാൻ ഇവക്കെന്താ പ്രാന്തായോ എന്ന് നിരീച്ച് ശ്രദ്ധിച്ച് നോക്കി.

“ സൂക്ഷിക്ക് നോക്കണ്ട ഉണ്ണിയേട്ട, ഞാൻ ഉണ്ണിയേട്ടനെ കെട്ടിയേൻ്റെ മഹ്റായി കൂട്ടിയാ മതി.”

“ മഹ്റോ !!! സ്ത്രീധനം ആയിട്ട് നിൻ്റെ അച്ഛനും ചേട്ടൻമാരും, എനിക്ക് തന്നത് നല്ല പൂവൻപഴം പോലത്ത ഇടിയാണ്. അതെന്ന അങ്ങട് തന്നാ മതിയോ.”

അവള് നിർത്താതെ ചിരിക്കുന്നുണ്ട്, ഞാൻ ജനലിൽ പിടിച്ച് ഉള്ളിലേക്ക് കയറി തുടങ്ങി.

ഒറക്കത്തീന്ന് എണീക്കാൻ പോയ എന്നെ ഇടിച്ച് കുരുകളഞ്ഞതും പോര. ആ ഇടി വാങ്ങിയതിന് ഞാൻ പെറ്റിയും അടക്കണോ.

“ചെലപ്പൊ അടക്കണ്ടി വരും, വെറുതെ അല്ലല്ലോ മിസ്റ്റർ നല്ല പൂവൻപഴം പോലത്തെ പ്രാണപ്രേയസിയെ അങ്ങ്ട് കിട്ടിയില്ലെ.”

“ഹൊ, ഇതിലും ഭേദം ബഷീറിൻ്റെ പൂവൻപഴത്തിലെ ഭാര്യയായിരുന്നു.”

“അതോതാ ആ പെണ്ണുമ്പിള്ള, എന്നാ ആദ്യം ആ കഥ പറയ്.”

അവിടന്ന് തുടങ്ങിയ കഥയാണ്, പറഞ്ഞ് പറഞ്ഞ് നാക്കുളുക്കി തുടങ്ങി. ഞാൻ അത് കാര്യമാക്കിയില്ല. അവൾക്ക് വാശി പിടിക്കാനും ഞാൻ അല്ലെ ഉള്ളൂ. കഥ പറഞ്ഞ് കൊടുക്കാൻ എനിക്കു അവളും. ഇടത്കൈ തലയിൽ ചാരി അവള് അനന്തശയനത്തിലാണ്. ഒരാൾക്ക് കിടക്കാനുള്ള സ്ഥലമേ കഷ്ടി ആ കട്ടിലിനുള്ളു അതിലെന്നെ നിർബന്ധിച്ചവൾ കിടത്തിയിട്ടുണ്ട്. തിങ്ങിഞ്ഞെരുങ്ങി അവളുടെ മാറിൻ ചൂടേറ്റ് ഞാൻ അതിൽ ബദ്ധപ്പെട്ടു കിടന്നു.

കഥകളുടെ രസചരടുപ്പൊട്ടാതെ മുന്നേറിയപ്പോൾ അവളെൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ്കിടന്നു വട്ടം കെട്ടിപ്പിടിച്ചു. ഒരു കൊച്ച് കുഞ്ഞ്, അച്ഛൻ്റെ നെഞ്ചിൽ തലചായ്ച്ചു കഥകേട്ട് ഉറങ്ങും പോലെ. ബാല്യകാല സ്മൃതിപഥങ്ങളിലെങ്ങും അവൾക്ക് അനുഭവിക്കാൻ കഴിയാതെ പോയ ഒരു അച്ഛൻ്റെ സ്നേഹം ആസ്വദിച്ച് അവളെൻ്റെ നെഞ്ചിൻ്റെ ചൂടിൽ ആലസ്യത്തിൽ കിടന്നു. ഇത്തരം പരമരഹസ്യമായ ഒരുകുന്ന് ബാലിശസ്വപ്നങ്ങളുടെ കൂട്ടമാണ് മീനാക്ഷി എന്നെനിക്ക് തോന്നിപോയി. ഈ നാട്യങ്ങളുടെ അരങ്ങഴിഞ്ഞ് വീണാൽ അവളൊരു വെറും എട്ട് വയസ്സ്കാരി പൊട്ടി കുട്ടിയാണ്.
അവളുടെ മുടിയിഴകളിൽ തലോടി ഞാൻ കഥ പറഞ്ഞു കൊണ്ടിരുന്നു, പെരുംനാഗത്തെ നാഭിയിലൊളിപ്പിച്ച രാജക്കുമാരിയുടെ കഥ, പയറുചെടിയിൽ കയറി സ്വർഗ്ഗത്തിൽ പോയ ബാലൻ്റെ കഥ, ആലിബാബയുടെയും വെന്ത് മരിച്ച നാൽപ്പത്തൊന്ന് കള്ളൻമാരുടേയും കഥ, കുറുക്കൻ കാട്ടിലെ രാജാവായ കഥ, സുമോറോ ദ്വീപിലെ കടൽകിഴവൻ്റെ കഥ, പല്ലവൻകാട്ടിലെ കുടവയറൻ ഭൂതത്താൻ്റെ കഥ, രാത്രികളിൽ മാനം നിറയെ നക്ഷത്രങ്ങൾ പൂത്തുലഞ്ഞ കഥ, ഞാൻ നിറുത്താതെ പറഞ്ഞു കൊണ്ടിരുന്നു. അവളത് കേട്ട് കിടന്നു. നെഞ്ചിൽ കണ്ണീരിൻ്റെ ചൂടെനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അവൾക്കിനിയും എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിലുണ്ട്. അവയൊക്കെ എന്നോട് അവൾക്ക് പറയാൻ കഴിയുന്ന അത്രയും ഞാൻ അവളെ സ്നേഹിക്കുന്ന കാലം വരും. ഞാൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ച് നെറുകിൽ തലോടി മൂർദ്ധാവിൽ മുത്തമിട്ടു.

അപ്പോൾ ഫോണിലൊരു നോട്ടിഫിക്കേഷൻ വന്നു. ടോണിയുടെ മെസ്സേജ് ആണ്. ഒരു യൂട്യൂബ് ലിങ്ക് ആണ്. എന്താണാവോ, ഈ രാത്രി അവൻ ഇത്ര കാര്യമായി അയക്കാൻ മാത്രം. ഞാൻ അതിൽ ക്ലിക്ക് ചെയ്യ്തു. അതൊരു വാർത്ത ലിങ്ക് ആയിരുന്നു. അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് ഞാനും, നെഞ്ചിൽ തലവച്ചിരുന്ന മീനാക്ഷിയും ഒരുപോലെ ഞെട്ടി.

“പ്രശസ്ത മുൻകാല സൂപ്പർസ്റ്റാർ, ത്യാഗരാജൻ അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. വൈകീട്ട് ഏഴരയോടെ ചൈന്നൈയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച്, ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ ……”

ഞാൻ ആ വീഡിയോ ക്ലോസ് ചെയ്തു. അതിൽ കാണിച്ചതെല്ലാം എൻ്റെ ഇൻ്റവ്യൂവിലെ ഫൂട്ടേജ്‌കളും, പഴയ അദ്ദേഹത്തിൻ്റെ നിത്യഹരിത സിനിമ നിമിഷങ്ങളുമായിരുന്നു. എനിക്കൊപ്പം മനസ്സറിഞ്ഞ് ചിരിച്ച് അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ത്യാഗരാജൻ സാർ. ഞാൻ നിശബ്ദമായി കിടന്നു. മീനാക്ഷി നിറുത്താതെ തേങ്ങുന്നുണ്ടായിരുന്നു. അവൾ അവ്യക്തമായി എന്തൊക്കെയോ, എണ്ണിപെറുക്കി കൊണ്ട് കരഞ്ഞ് കൊണ്ടേയിരുന്നു.

“ഞാനാ…. ഞാനാ എല്ലാത്തിനും കാരണം, ഞാ ഇൻ്റർവ്യൂന് വന്ന കാരണാ. ഞാ ..ഞാനാ… ഞാൻ ഒരു ദുർഭാഗ്യാ..… എവിടെ ചെന്നാലും അവിടെ ദോഷംമാത്രേ ഇണ്ടാവൂ. ജനിച്ചന്ന് മുതല് തുടങ്ങിയ ദുരിതാ. ഞാ കാരാണാ, എല്ലാം ഞാ കാരണാ, ആദ്യം സരു, ഇപ്പൊ സാറ്….. ഞാ….. ഞാ മരിച്ചാ മതിയാർന്നു….” (അതെല്ലാം എനിക്കു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു, പെട്ടന്നു വന്ന അടക്കാനാവാത്ത സങ്കടത്തിൽ ഞാൻ അവളുടെ വായപൊത്തി)
“ അങ്ങനെ പറയല്ലെ മോളെ, നീ എങ്ങനെയാ ദുർഭാഗ്യം ആവാ… ഇന്നത്തെ ദിവസം അദ്ദേഹം എത്ര സന്തോഷിച്ചൂന്ന് നീയും കണ്ടതല്ലെ. നീ ഇല്ലെങ്കിൽ അതു നടക്കാരുന്നോ. മരണം മനുഷ്യന് നിയന്ത്രിക്കാൻ പറ്റണതല്ലല്ലോ. പക്ഷെ ജീവിതം അത് നമ്മുക്ക് മാറ്റാൻ കഴിഞ്ഞില്ലെ. ഒരായുസ്സിനുള്ള സന്തോഷം അദ്ദേഹം ഇന്ന് അനുഭവിച്ചിട്ടുണ്ട്, അവസാനം അദ്ദേഹം പറഞ്ഞത് മോളും കേട്ടതല്ലെ. അതല്ലെ ഏറ്റവും വലിയ മോക്ഷം. അത് എല്ലാവർക്കും സാധിക്കില്ലല്ലോ. അദ്ദേഹത്തിന് അത് സാധിച്ചു. ഞാനും മോളുമൊക്കെ അതിനൊരു നിമിത്തമായി അങ്ങനെ കണ്ടാമതി. അതിന് മോളെന്തിനാ വിഷമിക്കണത്”

(ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, മൂർദ്ധാവിൽ തലോടി)

“മോളല്ല, എല്ലാം ഞാനാണെങ്കിൽ കൂടിയും അത് മോളല്ല, കാരണം മോള് ദുർഭാഗ്യം അല്ല, സ്നേഹം ആണ്, കറയില്ലാത്ത സ്നേഹം. നീ ഇല്ലെങ്കിൽ ഞങ്ങൾക്കൊക്കെ ആരാണ് ഉള്ളത് ഭാഗ്യമായിട്ട്.”

അതവളുടെ കരച്ചിലിൻ്റെ ആക്കം കൂട്ടിയതേയുള്ളു, അവൾ നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ചുടുകണ്ണുനീർ എൻ്റെ നെഞ്ചിനകത്തും പുറത്തും ഒരു പോലെ പടർന്നിറങ്ങി. ഞാൻ അവളുടെ നേർത്ത കവിളിണകളിൽ തഴുകി കൊണ്ടിരുന്നു. എത്ര നേരം കഴിഞ്ഞു എന്നറിയില്ല, അവളുടെ ശ്വാസതാളം ഏറിവന്നു, ശരീരത്തിന് ഭാരം കൂടി. അവളൊരു വാടിതളർന്ന തമരയല്ലി പോലെ എൻ്റെ നെഞ്ചിൽ ചായ്ഞ്ഞുറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *