മീനാക്ഷി കല്യാണം – 5അടിപൊളി  

അവൾ പുറംകൈയിൽ കണ്ണു തുടച്ച് ചെരിഞ്ഞ് എന്നെ നോക്കി.

“എന്നെ ആരും കാത്തുനിക്കണ്ട, ന്നെ ഉണ്ണിയേട്ടൻ കാത്തു നിന്നാ മതി.”

“ശരി ഞാ മാത്രാ കാത്ത് നിക്കണുള്ളൊ, ഇനി അതിന് ചിണുങ്ങണ്ട”
“എന്നാലും എനിക്കറിയാ ….”

“എന്തറിയാന്നാ ൻ്റെ വാര്യംമ്പിളളിലെ മീനാക്ഷിക്കുട്ടിക്ക്”

“ ന്നെ ഒത്തിരി ഇഷ്ടാന്ന് ”

“ അതെന്താ?? ”

“ ഇന്നലെ ന്നെ ന്തൊക്കെയാ ചെയ്തതേ, ഇഷ്ടം ഇല്ലാത്തോരെ അങ്ങനെ ഒക്കെ ആരെങ്കിലും ചെയ്യോ ദുഷ്ടാ… ”

“ ൻ്റെ മീനാക്ഷി ഒന്നു പതുക്കെ പറ, പറ്റിപ്പോയി, ഇഷ്ടയോണ്ടെന്ന്യാ.” അവൾ അത് കേട്ട് ഒരു വിജയിയെ പോലെ ചിരിച്ചു. “ അല്ലേ….. എന്താ വിളിച്ചേ, ദുഷ്ടാ ന്നൊ ”

“ അതെ ദുഷ്ടനെന്ന്യാ, ന്നെ കരയിപ്പിച്ചില്ലെ ” അവൾ കെച്ചുകുട്ടികൾ പിണങ്ങും പോലെ ചുണ്ട്കൂർപ്പിച്ചു.

ബാലചാപല്യങ്ങൾ വിട്ട് മാറാത്ത ആ ദേവമനോഹരിയായ കോളേജ് അധ്യാപികയെ ഞാൻ അത്ഭുതത്തോടെ നോക്കി. ഇവളെന്നും എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിൽ ജീവിതം എത്ര അർത്ഥവത്തായേനെ.

“ വാ…., ദുഷ്ടൻ നിനക്ക് തൃഗരാജൻ സാറിനെ കാട്ടിത്തെരാം, ബാ….മേളെ ബാ…”

ഞാൻ അവളെയും അണച്ച് പിടിച്ച് നടന്നു.

എന്തായാലും വിവരങ്ങൾ എവിടെയും അധികം ഇല്ലാതിരുന്നത് കൊണ്ടു നേരത്തേ തന്നെ അന്വേഷിച്ച് എല്ലാം തയ്യാറാക്കി വച്ചത് വളരെ നന്നായി. അതോണ്ടിപ്പൊ ചാടിക്കേറിപ്പോയി ഇൻ്റർവ്യൂ എടുക്കാൻ പറ്റി.

*************

ത്യാഗരാജൻ സാറിൻ്റെ വിൻ്റേജ് സെറ്റപ്പിലുള്ള വീടിനുള്ളിലെ വലിയ പഠന മുറിയിൽ, ഒരുപാട് പുസ്തകങ്ങളുള്ള ഒരു ഷെൽഫ് ബാക്ഗ്രൗണ്ട് സെറ്റ് ചെയ്ത് ഇൻ്റർവ്യൂ തുടങ്ങി.

ഒരു ഓരത്ത് സ്ക്രീൻ സെറ്റ് ചെയ്തു അദ്ദേഹത്തെ കാണിക്കാൻ തയ്യാറാക്കി വച്ചിരുന്ന വീഡിയോകളും ഫോട്ടോകളും കാണിക്കാൻ. മീനാക്ഷി തൻ്റെ പ്രിയനടനെ അടുത്ത് കണ്ട വിഹ്വലതയിൽ അരികിൽ ഞങ്ങളെയും നോക്കി നിൽപ്പുണ്ട്. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി, എൻ്റെ അഭിമുഖങ്ങളൊന്നു വിടാതെ കാണുന്ന ഒരാളാണെന്നു. പ്രേക്ഷകൻ എന്നതിലുപരി, അദ്ദേഹം ഒരു അരാധകൻ എന്ന കണക്കെ എന്നോട് സംസാരിച്ചു. എത്ര വലിയ മനുഷ്യനാണ് എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ വിനയത്തോടെ സംസാരിക്കാൻ കഴിയുന്നത് എന്നെനിക്ക് അത്ഭുതമായി. ഒരു യുവാവിൻ്റെ ചുറുചുറുക്കും സൗഹൃദവുമായി അദ്ദേഹം എനിക്ക് മുന്നിൽ നിന്നു. അത് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ലളിതമായ സൗഹൃത സംഭാഷണങ്ങളിലൂടെ ഞങ്ങൾ അഭിമുഖം തുടങ്ങി.
ഏതൊരു യുവനടനേക്കൾ എളുപ്പമായിരുന്നു അദ്ദേഹവുമായുള്ള ആശയവിനിമയം. വളരെ പോസ്റ്റീവ് ആയി ജീവിതത്തെ കാണുന്ന, അത്മവിശ്വാസം നിറഞ്ഞ് നിൽക്കുന്ന ഒരു മനുഷ്യൻ. ഒരു നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കൂടുന്ന ഒരാളിൽ ഇത്രയും സരസമായ തുഷ്ടിജന്യമായ മനസ്ഥിതി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സാത്വികമായ നിർവൃതിയുടെ വീചികൾ അദ്ദേഹത്തിൽ നിന്നും അനന്തമായി പ്രസരിച്ചിരുന്നു എന്നെനിക്ക് തോന്നിപ്പോയി.

വളരെ കുറഞ്ഞ സമയത്തിൽ ഞങ്ങൾ രണ്ടു സുഹൃത്തുകളെന്നോണം അടുപ്പത്തിലായി. ഒരു പുഴയോരത്തോ, പീടികത്തിണ്ണയില്ലോ, വയൽവരമ്പത്തോ രണ്ടു സമപ്രായക്കാരായ കൂട്ടുക്കാർ ഏറെ നേരത്തെ നീന്തി തുടിക്കലിനോ, കാൽപ്പന്ത് കളിക്കളിക്കോ ശേഷം ഒരു സിഗരറ്റും പുകച്ച് സ്വസ്ഥമായിരുന്നു ജീവിതം ചർച്ചചെയ്യും പോലെ, ഏറെനേരം നിറുത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു. അതിൽ ചോദ്യങ്ങളോ ഉത്തരങ്ങളോ ഉണ്ടായിരുന്നില്ല. രണ്ടു മനസ്സുകൾ തമ്മിൽ സ്നേഹം പങ്കുവയ്ക്കുന്നു. ഉള്ളുതുറന്ന് സംസാരിക്കാൻ ഒരാളെ കിട്ടുക എന്നതാണെല്ലോ ഈ പോസ്റ്റ് മോഡേൺ കലിയുഗത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തന്നെ.

പഴയ കാലഘട്ടം, ജീവിതം, സിനിമ, നാനാവിധ മനുഷ്യർ, അനുഭവങ്ങൾ, അബദ്ധങ്ങൾ, ഒരുപാട് ചിരിച്ച നർമ്മങ്ങൾ, സങ്കടങ്ങൾ, മനോരാജ്യങ്ങൾ, സുഹൃത്തുക്കൾ, ആദ്യ പ്രണയം, അദ്ദേഹം വികാരാധീനനായി സംസാരിച്ചു കൊണ്ടേയിരുന്നു. സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്ന ചിത്രങ്ങളും, വീഡിയോകളും അദ്ദേഹം അത്ഭുതത്തോടെ നിരീക്ഷിച്ചു, എല്ലാതിനെ പറ്റിയും കഥകൾ പറഞ്ഞ് വിവരിച്ചു കൊണ്ടിരുന്നു. അദ്ദേഹം ഓർമ്മകളിൽ ഒഴുകി നടക്കുകയായിരുന്നു. ആദ്യപ്രണയിനിയുടെ ചിത്രം കണ്ടതും ആ വൃദ്ധൻ വിതുമ്പിപ്പോയി.

“അവൾ അറുപതാം വയസ്സിലും ഇത്രയേറെ തന്നെ സുന്ദരിയായിരുന്നു. ആരു കണ്ടാലും ഒറ്റനോട്ടത്തിൽ തന്നെ പ്രണയിച്ച് പോകുമായിരുന്നു.” അദ്ദേഹം ഭൂതകാലത്തിലെങ്ങോ ഇഹലോകവാസം വെടിഞ്ഞ തൻ്റെ ആദ്യവും അതിരുമായ പ്രണയിനി, പ്രിയപത്നിയുടെ സ്മൃതിയിൽ മിഴികോണിൽ പടർന്ന നനവൊപ്പി.

“ആദ്യ പ്രണയിനിയെ സ്വന്തമാക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല, അതിന് കഴിയുന്നവർ അത്രയേറെ ഭാഗ്യവാൻമാരാണെന്ന് ഞാൻ നിസ്സംശയം പറയും, ഞാൻ ഒരു ഭാഗ്യവാനായിരുന്നു”

അദ്ദേഹത്തിൻ്റെ വാക്കുകളിൽ ശ്രദ്ധിച്ചിരുന്ന ഞാൻ ഒരുവേള മീനാക്ഷിയെ നോക്കിപ്പോയി. ഞങ്ങൾക്കിടയിൽ അവശേഷിച്ചിരുന്ന ശ്യൂന്യതയിൽ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി.

‘ഞാൻ ഏറ്റവും വലിയ നിർഭാഗ്യവാനും!!’

ആകസ്മികമെന്ന് തന്നെ പറയട്ടെ മീനാക്ഷിയുടെ മനസ്സിലും ആ ഒരു നിമിഷം കടന്നുപോയ ചിന്ത മറ്റൊന്നായിരുന്നില്ല, ‘അവൾ ആയിരിക്കും, ഈ ലോകത്ത് ഏറ്റവും നിർഭാഗ്യവതി’ എന്ന് തന്നെയായിരുന്നു.
സർവ്വവിധ വികാരതലങ്ങളിലൂടെയും ആ അഭിമുഖം കടന്നുപോയി പരിസമാപ്തിയിലെത്തിച്ചേർന്നു. കണ്ടിരുന്നവരെല്ലാം തന്നെ വികാരവിവശരായിരുന്നു, പലരും കണ്ണുനീരൊപ്പുന്നുണ്ട്. മീനാക്ഷിയുടെ വിഴികളും നിറഞ്ഞിരിക്കുന്നു. അദ്ദേഹത്തിൻ്റെ മക്കൾക്ക് അനന്ദത്തിൻ്റെ പാരമ്യത്തിൽ എങ്ങനെ എന്നോട് നന്ദി പറയും എന്ന അവസ്ഥയിൽ ആയിരുന്നു. അവരുടെ അച്ഛൻ ഇത്രയേറെ സംസാരിച്ച്, സന്തോഷവാനായി, യുവത്വത്തിൻ്റെ ഉൻമേഷത്തോടെ, അവർ ആദ്യമായി കാണുകയായിരുന്നു. അതിൽപരം എന്താണ് മക്കളെന്ന നിലയിൽ ഒരാൾക്ക് നേടാൻ ഉള്ളത്. ഞാൻ വെറുതെ എൻ്റെ അച്ഛനെ ഓർത്തു പോയി.

ഒരുപാട് നേരം നീണ്ട അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നെ ഇറുക്കി കെട്ടിപുണർന്നു. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

“ അഭിമുഖമാണെന്ന് ഒട്ടും തോന്നീല്ല്യ, പഴേയൊരു സ്നേഹിതനെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട്മുട്ടി, അങ്ങനെയേ തോന്നിയുള്ളൂ. ഇനിയും വരണം സമയം കിട്ടുമ്പോഴെല്ലാം, എനിക്കത് ഒരു പാട് സന്തോഷമാകും” അദ്ദേഹം വികാരാധീനനായി.

എനിക്കതെല്ലാം കേട്ട് വിഷമം തോന്നി തുടങ്ങിയിരുന്നു. ഒരു അഭിമുഖത്തിന് ശേഷം ഇത്ര ആത്മാർത്ഥമായി വാക്കുകൾ കൊണ്ട് ഒരാൾ ഇത്രയേറെ എൻ്റെ മനസ്സിനെ സ്വാധീനിക്കുന്നത് ആദ്യമായിട്ടായിരുന്നു.

“ഞാൻ ഇനിയും വരും, ഇടയ്ക്ക് വിളിക്കുകയും ചെയ്യും, എനിക്കിനിയും സാറിനോട് സംസാരിച്ചിരിക്കണം.” അദ്ദേഹം അതുകേട്ട് നിറഞ്ഞ് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *