അപ്പോൾ ഫോണിലൊരു നോട്ടിഫിക്കേഷൻ വന്നു. ടോണിയുടെ മെസ്സേജ് ആണ്. ഒരു യൂട്യൂബ് ലിങ്ക് ആണ്. എന്താണാവോ, ഈ രാത്രി അവൻ ഇത്ര കാര്യമായി അയക്കാൻ മാത്രം. ഞാൻ അതിൽ ക്ലിക്ക് ചെയ്യ്തു. അതൊരു വാർത്ത ലിങ്ക് ആയിരുന്നു. അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് ഞാനും, നെഞ്ചിൽ തലവച്ചിരുന്ന മീനാക്ഷിയും ഒരുപോലെ ഞെട്ടി.
“പ്രശസ്ത മുൻകാല സൂപ്പർസ്റ്റാർ, ത്യാഗരാജൻ അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. വൈകീട്ട് ഏഴരയോടെ ചൈന്നൈയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച്, ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ ……”
ഞാൻ ആ വീഡിയോ ക്ലോസ് ചെയ്തു. അതിൽ കാണിച്ചതെല്ലാം എൻ്റെ ഇൻ്റവ്യൂവിലെ ഫൂട്ടേജ്‌കളും, പഴയ അദ്ദേഹത്തിൻ്റെ നിത്യഹരിത സിനിമ നിമിഷങ്ങളുമായിരുന്നു. എനിക്കൊപ്പം മനസ്സറിഞ്ഞ് ചിരിച്ച് അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ത്യാഗരാജൻ സാർ. ഞാൻ നിശബ്ദമായി കിടന്നു. മീനാക്ഷി നിറുത്താതെ തേങ്ങുന്നുണ്ടായിരുന്നു. അവൾ അവ്യക്തമായി എന്തൊക്കെയോ, എണ്ണിപെറുക്കി കൊണ്ട് കരഞ്ഞ് കൊണ്ടേയിരുന്നു.
“ഞാനാ…. ഞാനാ എല്ലാത്തിനും കാരണം, ഞാ ഇൻ്റർവ്യൂന് വന്ന കാരണാ. ഞാ ..ഞാനാ… ഞാൻ ഒരു ദുർഭാഗ്യാ..… എവിടെ ചെന്നാലും അവിടെ ദോഷംമാത്രേ ഇണ്ടാവൂ. ജനിച്ചന്ന് മുതല് തുടങ്ങിയ ദുരിതാ. ഞാ കാരാണാ, എല്ലാം ഞാ കാരണാ, ആദ്യം സരു, ഇപ്പൊ സാറ്….. ഞാ….. ഞാ മരിച്ചാ മതിയാർന്നു….” (അതെല്ലാം എനിക്കു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു, പെട്ടന്നു വന്ന അടക്കാനാവാത്ത സങ്കടത്തിൽ ഞാൻ അവളുടെ വായപൊത്തി)
“ അങ്ങനെ പറയല്ലെ മോളെ, നീ എങ്ങനെയാ ദുർഭാഗ്യം ആവാ… ഇന്നത്തെ ദിവസം അദ്ദേഹം എത്ര സന്തോഷിച്ചൂന്ന് നീയും കണ്ടതല്ലെ. നീ ഇല്ലെങ്കിൽ അതു നടക്കാരുന്നോ. മരണം മനുഷ്യന് നിയന്ത്രിക്കാൻ പറ്റണതല്ലല്ലോ. പക്ഷെ ജീവിതം അത് നമ്മുക്ക് മാറ്റാൻ കഴിഞ്ഞില്ലെ. ഒരായുസ്സിനുള്ള സന്തോഷം അദ്ദേഹം ഇന്ന് അനുഭവിച്ചിട്ടുണ്ട്, അവസാനം അദ്ദേഹം പറഞ്ഞത് മോളും കേട്ടതല്ലെ. അതല്ലെ ഏറ്റവും വലിയ മോക്ഷം. അത് എല്ലാവർക്കും സാധിക്കില്ലല്ലോ. അദ്ദേഹത്തിന് അത് സാധിച്ചു. ഞാനും മോളുമൊക്കെ അതിനൊരു നിമിത്തമായി അങ്ങനെ കണ്ടാമതി. അതിന് മോളെന്തിനാ വിഷമിക്കണത്”
(ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, മൂർദ്ധാവിൽ തലോടി)
“മോളല്ല, എല്ലാം ഞാനാണെങ്കിൽ കൂടിയും അത് മോളല്ല, കാരണം മോള് ദുർഭാഗ്യം അല്ല, സ്നേഹം ആണ്, കറയില്ലാത്ത സ്നേഹം. നീ ഇല്ലെങ്കിൽ ഞങ്ങൾക്കൊക്കെ ആരാണ് ഉള്ളത് ഭാഗ്യമായിട്ട്.”
അതവളുടെ കരച്ചിലിൻ്റെ ആക്കം കൂട്ടിയതേയുള്ളു, അവൾ നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ചുടുകണ്ണുനീർ എൻ്റെ നെഞ്ചിനകത്തും പുറത്തും ഒരു പോലെ പടർന്നിറങ്ങി. ഞാൻ അവളുടെ നേർത്ത കവിളിണകളിൽ തഴുകി കൊണ്ടിരുന്നു. എത്ര നേരം കഴിഞ്ഞു എന്നറിയില്ല, അവളുടെ ശ്വാസതാളം ഏറിവന്നു, ശരീരത്തിന് ഭാരം കൂടി. അവളൊരു വാടിതളർന്ന തമരയല്ലി പോലെ എൻ്റെ നെഞ്ചിൽ ചായ്ഞ്ഞുറങ്ങി.
പതിയെ വളരെ ശ്രദ്ധയോടെ നെഞ്ചിൽ നിന്നവളെ തലയിണയിലേക്കു പകർന്ന് കിടത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു.
തിരിച്ച് പോരുമ്പോൾ ഞാൻ ചിന്തിച്ചത് ജീവിതത്തെ കുറിച്ചായിരുന്നു. പ്രവചനാതീതമായ അതിനു മുൻപിൽ നമ്മളെല്ലാം എത്ര നിസ്സാരജീവികളാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിയുമായിരുന്നെങ്കിൽ നാം ഇതിലും ആത്മാർത്ഥമായി പരസ്പരം സ്നേഹിക്കില്ലെ, ദേഷ്യങ്ങളെല്ലാം മറന്നുകളയില്ലെ, നാണക്കേടുകൾ കണക്കിലെടുക്കാതെ കെട്ടിപുണർന്നൊന്നു കരയില്ലെ, എല്ലാം മറന്ന് പങ്ക്ചേർന്ന് ചിരിക്കില്ലെ, അതല്ലെ നമുക്ക് ജീവനോടെയിരിക്കുമ്പോൾ ചെയ്യാൻ കഴിയാതെ പോകുന്നത്.
ഉലകനിയതിയുടെ ഈ പെർമ്യൂട്ടേഷൻസ് ഏൻഡ് കോമ്പിനേഷൻസിൽ നമ്മളെല്ലാം ഭാഗ്യബിന്ധുക്കൾ മാത്രമാണ്, ഒന്നിടവിട്ട് വരാനിരിക്കുന്ന മരണത്തെ കാത്തിരിക്കുന്നവർ.
