മീനാക്ഷി കല്യാണം – 5 1അടിപൊളി  

നാശം, ചത്തില്ല. ഈ മറുത എന്നെ രക്ഷിച്ചു ഞാൻ അവളെ നിസ്സംഗമായി നോക്കി. അവൾക്കിതൊന്നും പുത്തരിയല്ല എന്ന് അവളുടെ മുഖം കണ്ടാൽ അറിയാം, ഒരു പക്ഷെ അവൾ രക്ഷിച്ചവരിൽ ഏറെപേരും സ്വസ്ഥമായി മരിക്കാൻ ആഗ്രഹിച്ചിരുന്നവർ ആയിരിക്കും. അല്ലെങ്കിൽ തുടർച്ചയായ ജനനവും മരണവും അതിനിടയിലെ ദുരിതപൂർണ്ണമായ ജീവിതവും കണ്ട് കണ്ട്
മനംമടുത്ത് പോയി ജീവിതത്തിൻ്റെ ഫിലോസഫി തെറ്റിയവളായിരിക്കും. ഇതൊന്നുമല്ലെങ്കിൽ കൂടിയും, രാവും പകലും മാറുന്നതറിയാതെ തൊഴിൽ ചെയ്ത് തുഛമായ ശമ്പളവും വാങ്ങി, പ്രാരാബ്ധം തള്ളിനീക്കുന്ന പിഞ്ഞിയ ഗൗണിട്ട, വാട്ട്സ് അപ്പ് സ്റ്റാറ്റസുകളിൽ സ്ഥിരമായി കാണുന്ന മാലകയാണ് അവളെന്ന് ഒട്ടും ആലോചിക്കാതെ തന്നെ എനിക്ക് പറയാൻ കഴിയും.

എൻ്റെ കാട്ടികൂട്ടിലുകൾ കണ്ട് അവൾക്ക് ചിരിപൊട്ടിയെങ്കിലും, വലത് കാലിനോരത്ത് നിർത്താതെയുള്ള ഏങ്ങലടികൾ കേട്ട് ഞാൻ അങ്ങോട്ട് എത്തിനോക്കി. കരഞ്ഞ് കുതിർന്ന്, വെള്ളത്തിൽ നിന്നും പിടിച്ചു കരയില്ലിട്ട മീനെന്ന കണക്കെ മീനാക്ഷി. അതൊന്നും കണ്ട് നിൽക്കാൻ ഉള്ള ത്രാണി എനിക്കുണ്ടായിരുന്നില്ല ഞാൻ ചാഞ്ഞ് ആംബൂലൻസിൻ്റെ മച്ചിലും നോക്കി കിടന്നു. എന്നാലും ആംബുലൻസിൽ പോലും ICU സെറ്റപ്പ് ഉള്ള ആശുപത്രി ഇതേത്. തലക്ക് പെട്ടന്നൊരു വെള്ളിടിവെട്ടി. ആണ്ടവാ…, നെപ്പോളോ, സുഭാഷ്.

എം. ജി. ആറും, ജയലളിതയും വലിയ വലിയ ആളുകൾ കിടന്ന ഹോസ്പിറ്റൽ. വെറും പനിക്കു പോലും മിനിമം പതിനായിരം ബില്ലുവരും, അത്യാസന്നനിലയിൽ ബോധം പോലും ഇല്ലാതെയാണ് എന്നെ കൊണ്ടു പോകണത്, പോരാത്തതിന് ആ നാറി ഡീഫിബ്രിലേറ്ററിൽ ജെല്ലെടുത്ത് തേക്കുകയും ചെയ്തു, അതിനും ചേർത്ത് ബില്ല് വരും. മിക്കവാറും അടിയിലിട്ടിരിക്കണ വള്ളിനിക്കറു വരെ അവര് ഊരി വാങ്ങും. ഇറങ്ങി ഓടിയാലോ, വേണ്ട ഇപ്പൊ ഉള്ള പരിക്കെന്നെ ധാരാളമാണ് ഇനി ഇതിന്ന് എടുത്ത് ചാടി കയ്യും കാലും കൂടി ഒടിഞ്ഞാ ഒരു മാസം അവരു പിടിച്ച് കിടത്തും. ഞാൻ ബോധംപൂവാതിരിക്കാൻ പ്രത്യേകം ശ്രദ്ധകൊടുത്ത് മുകളിലോട്ട് നോക്കി കണ്ണുമുരുട്ടി കിടന്നു. ഇവർക്കീ നിലവിളിശബ്ദം ഒന്ന് നിറുത്തിക്കൂടെ, ഞാൻ ചത്തില്ലല്ലോ, ചത്തിട്ട് ഇട്ടാ പോരെ.

ആശുപത്രിയിൽ എത്തിയപ്പോൾ ഞാൻ തന്നെ അവർക്ക് എൻ്റെ ശ്വാസമുട്ടിനെ പറ്റിയും, അത് ട്രിഗർ ചെയ്യാൻ കാരണമായ പൊടിയും, തലേദിവസത്തെ അമിതമദ്യപാനവും അതുമൂലം ഉണ്ടായ ഡീഹൈഡ്രേഷനും, ഭക്ഷണം കഴിക്കാൻ മറന്നതും, ഇൻഹേലർ തിരക്കിൽ എടുക്കാൻ വിട്ടുപോയതും വിശദമായി വിവരിച്ചു കൊടുത്തു. എല്ലാം കേട്ട്, എല്ലാം എൻ്റെ കുത്തികഴിപ്പിൻ്റെ ഭാഗമായി ഉണ്ടായതാണെന്ന് മനസ്സിലാക്കി അവർ എന്നെ അപമാനിച്ചു തുടങ്ങി. അപമാനിച്ച് മതിയായപ്പോൾ അറഞ്ചം പൊറഞ്ചം മരുന്നും എഴുതി , എൻ്റെ ഡെബിറ്റ് കാർഡ് വാങ്ങി അക്കൗണ്ട് ക്ലീനായി തന്നു. മീനാക്ഷി കൊടുക്കാമെന്ന് ഒരു പാട് വട്ടം പറഞ്ഞു. അത് അങ്ങനെ അല്ലല്ലോ നമ്മള് കാണിച്ച കന്നന്തിരിവിന് മീനാക്ഷി എന്തിനാണ് ഫൈൻ അടക്കണത്. എന്തായാലും പണിക്ക് പൂവാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയായി.
എന്നെ വിഷമിപ്പിച്ചത് ഈ പ്രണയമാണ്, അതിൻ്റെ മൂലമായ ഭാവം സന്ദേഹമാണ്. പ്രണയമെന്താണെന്ന് വേർത്തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ. നേടിയെടുക്കുന്നതാണൊ, വിട്ടുകൊടുക്കുന്നതാണോ പ്രണയം. അത് ശരിതെറ്റുകൾ പോലെ തന്നെ നിർവചിക്കാൻ കഴിയാത്തൊരു ആശയമാണ്. വരുന്നിടത്ത് വച്ച് കാണം എന്ന് മാത്രമേ പറയാൻ കഴിയൂ. പ്രണയം നേടുന്നവരുടെയോ, വിട്ടുകൊടുക്കുന്നവരുടെയോ എന്ന വിശ്വപ്രസിദ്ധമായ ഉത്തരമില്ലാത്ത തർക്ക വിഷയത്തിൽ ഞാനും ഭാഗമായി എന്നു മാത്രം.

രണ്ടിനും അതിൻ്റേതായ മനോവലിപ്പവും ധൈര്യവും ആവശ്യമുള്ളത് തന്നെ. എങ്കിലും വിട്ടുകൊടുക്കുന്നവന് കാലംകൽപ്പിച്ച് നൽകിയിട്ടുള്ള ഒരു നായക പരിവേഷം ഉണ്ടെന്നുള്ളത്ത് ഒരു സത്യം തന്നെയാണ്. ഒരു യുദ്ധകളത്തിൽ ഒൻപത് ജീവൻ എടുക്കാൻ സാധ്യതയുള്ള ഒരാളെ കൊല്ലുന്നവനെക്കാൾ, സ്വന്തം ജീവൻ കൊടുത്ത് ഒരു ജീവൻ രക്ഷിക്കുന്നവനു തന്നെയല്ലെ നായകസ്ഥാനം.

Leave a Reply

Your email address will not be published. Required fields are marked *