ഒരുപാട് നേരം നീണ്ട അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നെ ഇറുക്കി കെട്ടിപുണർന്നു. ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
“ അഭിമുഖമാണെന്ന് ഒട്ടും തോന്നീല്ല്യ, പഴേയൊരു സ്നേഹിതനെ ഒരുപാട് നാളുകൾക്ക് ശേഷം കണ്ട്മുട്ടി, അങ്ങനെയേ തോന്നിയുള്ളൂ. ഇനിയും വരണം സമയം കിട്ടുമ്പോഴെല്ലാം, എനിക്കത് ഒരു പാട് സന്തോഷമാകും” അദ്ദേഹം വികാരാധീനനായി.
എനിക്കതെല്ലാം കേട്ട് വിഷമം തോന്നി തുടങ്ങിയിരുന്നു. ഒരു അഭിമുഖത്തിന് ശേഷം ഇത്ര ആത്മാർത്ഥമായി വാക്കുകൾ കൊണ്ട് ഒരാൾ ഇത്രയേറെ എൻ്റെ മനസ്സിനെ സ്വാധീനിക്കുന്നത് ആദ്യമായിട്ടായിരുന്നു.
“ഞാൻ ഇനിയും വരും, ഇടയ്ക്ക് വിളിക്കുകയും ചെയ്യും, എനിക്കിനിയും സാറിനോട് സംസാരിച്ചിരിക്കണം.” അദ്ദേഹം അതുകേട്ട് നിറഞ്ഞ് പുഞ്ചിരിച്ചു.
തിരിഞ്ഞ് നോക്കുമ്പോൾ കരച്ചിലിൻ്റെ വക്കിൽ നിൽക്കുന്ന മീനാക്ഷിയേ കണ്ടു. ഞാൻ അവളെ അടുത്തേക്ക് വിളിച്ചു. അവളൊന്ന് പരുങ്ങി, എന്നിട്ട് അടുത്ത് വന്നു.
“ ഇത് മീനാക്ഷി, എൻ്റെ ഭാര്യയാണ്. സാറിൻ്റെ വലിയൊരു ആരാധികയാണ് എല്ലാ പടങ്ങളും ഒരുപാട് വട്ടം കണ്ടിട്ടുണ്ട്. ദിൽബരിൻ്റെ ഇൻ്റർവ്യൂ എല്ലാം സാറിൻ്റെ ഇൻ്റർവ്യൂന്ന് ശേഷം മാത്രം മതീന്ന് പറഞ്ഞ് ഇവളാണ് എന്നെയിന്നിങ്ങോട്ട് കൊണ്ട് വന്നത്.” ഭാര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖം നാണം കൊണ്ട് ചുവന്നു വന്നു.
അവൾക്ക് ത്യാഗരാജൻസാറിനെ പരിചയപ്പെടാൻ പറ്റിയത് വളരെ സന്തോഷമായി.
അദ്ദേഹം അവളോട് വാത്സല്യത്തോടെ കവിളിൽ തട്ടി വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
മക്കളിൽ പലരും എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവർക്ക് അറിയാവുന്ന അച്ഛൻ ഒരുപാട് നാളുകളായി ചിരിക്കാറില്ലായിരുന്നു. ആ മുറിയും പുസ്തകങ്ങളും മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ലോകം. അദ്ദേഹത്തിനിനുണ്ടായ മാറ്റം അവരെ അത്ഭുതപ്പെടുത്തിയിരുന്നു. എനിക്കും മനസ്സിൽ വളരെ ആഴത്തിൽ പതിഞ്ഞ ഒരു ഇൻ്റർവ്യൂ ആയി മാറിയിരുന്നു ഇന്നത്തെ ഇൻ്റർവ്യൂ. മീനാക്ഷി പറഞ്ഞതു കൊണ്ടു മാത്രമാണ് ഇന്നിവിടെ വന്നത്. എൻ്റെ എല്ലാ സന്തോഷത്തിൻ്റെയും തുടക്കം അവളാണ്. എനിക്ക് അങ്ങനെയാണ് മനസ്സിൽ തോന്നിയത്. ഞാൻ ഇളംവയലറ്റ് കോട്ടൻ സാരിയിൽ സുന്ദരിയായി നിലകൊണ്ടിരുന്ന അവളെ ചേർത്ത് പിടിച്ചു. അവിടെ നിന്നും നടന്നു. എൻ്റെ മനസ്സ് വായിച്ചിട്ടെന്നപോലെ, അവൾ എന്നെ നോക്കി പുഞ്ചിരിച്ചു. ഇന്നത്തെ ദിവസം അവൾക്കും മറക്കാൻ പറ്റാത്ത ഒന്നാണെന്നു എനിക്കുറപ്പായിരുന്നു. അവളെൻ്റെ തോളിൽ ചാരി നടന്നു. പുറത്തേക്കിറങ്ങി ആരും കാണാതെ, ഞാൻ അവളുടെ കവിളിൽ നുണക്കുഴിയിൽ അമർത്തി ചുംബിച്ചു. അവളുടെ താമരപൂവൊത്ത കപോലങ്ങൾ വീണ്ടും ചുവന്നു തുടുത്തു. ഞാൻ നോക്കി നിൽക്കെ മൂക്കിൻ തുമ്പിലേക്ക് പോലും രക്തമിരച്ചു കയറി ചുവന്ന് മാതളപ്പൂവിൻ്റെ നിറമായി.
പ്രഥമദൃഷ്ടിയിൽ ഉണ്ടാകുന്നതാണോ പ്രണയം!!! അല്ലേയല്ല എന്നതാണ് ഉത്തരം…..
അത് മനോഹരമായ ലക്ഷോപലക്ഷം നിമിഷങ്ങളുടെ സംഗമമാണ്. പുറമേയുള്ളവർക്ക് അത് ഒരുപക്ഷെ നിസ്സാരമായി തോന്നാം.
ലോകത്ത് ഏറ്റവും മാരകമായവയെല്ലാം നിസ്സാരമായവയാണെന്ന് കേട്ടിട്ടില്ലെ.
നിസ്സാരമായ ചിത്രശലഭത്തിൻ്റെ ചിറകടിയിൽ നിന്നുണ്ടാവുന്ന ചെറിയ മർദ്ദവ്യതിയാനം, മറ്റൊരിടത്ത് ഭീകരമായ ചക്രവാതങ്ങൾ പോലുള്ള പ്രകൃതിക്ഷോഭങ്ങൾക്ക് വരെ കാരണമാകുമെന്ന് നിങ്ങൾ കേട്ടിട്ടില്ലെ.
അതെ, ഇതും അതുപോലൊരു വിശ്വവിഖ്യാദ്ധമായ ‘ബട്ടർഫ്ലൈ ഇഫക്ട്’ ആണ്.
****************
പറഞ്ഞിരിക്കലെ രാത്രിയായി, ഞങ്ങൾ ചെന്നൈ നഗരത്തിൻ്റെ തനതായരുചികൾ പലതും മാറിമാറിരുചിച്ചു കൊണ്ട് മുന്നേറുകയായിരുന്നു..
രാത്രി എല്ലാത്തിനും ഇരട്ടി വർണ്ണാഭതോന്നിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം. ദിനരാത്രം അദ്ധ്വാനിച്ച ഒരാളുടെ മുഖത്ത് ചിരിയുണ്ടാകാൻ സാധ്യത കുറവാണ്. എങ്കിലും ഒരു തമിഴൻ്റെ മുഖത്ത് അതുണ്ടായിരിക്കും. ലോകത്ത് മറ്റൊരിടത്തും നമുക്കത് കാണാൻ ബുദ്ധിമുട്ടാണ്.
അദ്ധ്വാനികുന്നവരുടെ നഗരം. നിഷ്കളങ്കമായി മനസ്സു തുറന്ന് ചിരിക്കുന്നവരുടെ നഗരം. ഞങ്ങൾ അതിനിടയിൽ കൂടി കവാത്ത് തുടർന്നു.
