മീനാക്ഷി കല്യാണം – 5അടിപൊളി  

ബെസ്സൻനഗറുള്ള ബീച്ചിൽ വൈകുന്നേരം ഞങ്ങൾ കൈകൾ കോർത്ത് കൊണ്ട് നടന്നു. ഇപ്പോൾ അവൾ പൂർണ്ണമായും എൻ്റെ മീനാക്ഷിയാണ്, എൻ്റെ മാത്രം മീനാക്ഷി. ഞങ്ങൾ അവിടെയുള്ള അഷ്ടലക്ഷ്‌മി അമ്പലത്തിന് തെക്ക് ഭാഗത്ത് കൂടി നടന്ന്. പ്രൗഢിയോടെ നിലകൊള്ളുന്ന സ്മിഡ്ത്ത് സ്മാരകത്തിൽ (Schmidt Memorial, നാടോടിക്കാറ്റിൽ കാണിക്കുന്ന മന്ദിരം) സമുദ്രത്തിന് അഭിമുഖമായ അറ്റത്ത് അസ്‌തമന സൂര്യനെയും നോക്കിയിരുന്നു. ഉപ്പ് കയ്ക്കുന്ന തണുത്തൊരു കാറ്റ്, അവളുടെ മുടിയിഴകളെ തൊട്ട്തലോടി കടന്ന്പോയി. ചുമന്ന് തുടത്ത അസ്‌തമന സൂര്യൻ ശോഭയിൽ അവളോട് പരാജിതനായി നിറഞ്ഞ കടലിൽ ചാടി ആത്മാഹുതി ചെയ്തു. അവളെൻ്റെ തോളിൽ തലചായ്ച്ച് അന്തമില്ലാത്ത കടലിനെയും നോക്കികിടന്നു.

“ ഞാൻ ഒരു ദിവസം ഇല്ലാതെയായാൽ ഉണ്ണിയേട്ടൻ എന്ത് ചെയ്യും.” അവളെൻ്റെ മുഖത്ത് നോക്കാതെ തന്നെ ചോദിച്ചു.

“ മീനാക്ഷി നിനക്കീ ബീച്ചിൻ്റെ, നമ്മളീയിരിക്കുന്ന സ്മാരകത്തിൻ്റെ കഥയറിയുമോ , മരിക്കുമെന്നുറപ്പുണ്ടായിട്ടും കടലിലിറങ്ങി നീന്തി ഒരു കൊച്ചുകുട്ടിയെ രക്ഷിച്ച ധീരനായ, കാൾ സ്മിഡ്ത്ത് എന്നയാളുടെ ഓർമ്മക്കുള്ള സ്മാരകമാണിത്. മരണമെന്നത് നമ്മുടെ കൈപിടിയിലൊതുങ്ങുന്നൊരു കാര്യമല്ല. എങ്കിലും നിനക്കായി നീന്താനെനിക്കൊരു അവസരം തന്നുകൂടെ.

നീ എന്നോട് പറ, നീ ഒരുപാട് മരുന്നുകൾ കഴിക്കുന്നുണ്ട്. നീ എന്തിനെയാണ് ഇത്രയേറെ ഭയക്കുന്നത്, ആരില്ലെങ്കിലും നിനക്കൊപ്പം അതിനെ നേരിടാൻ ഞാനുണ്ടായിരിക്കും.”

അവൾ എന്നെ നോക്കിയില്ല. കടലിനെ തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു. എങ്കിലും ആ വക്കുകൾ അവളിൽ നേരിയൊരു സ്പന്ദനമുണ്ടാക്കി.

അവൾ പെട്ടന്നൊരു ചിരി വരുത്തികൊണ്ട് പറഞ്ഞു,

“ഞാൻ എന്തിനെയാണ് ഭയക്കുന്നതെന്ന് പറയാൻ തന്നെയാണ് നമ്മളിന്നിവിടേക്ക് വന്നത്, അതൊരിക്കലും ഒരു വ്യാധിയല്ല. കഴിക്കുന്ന മരുന്നുകളെല്ലാം വിറ്റമിൻ ഗുളികകളാണ്. ഇത്രയും ചൂടും, വരണ്ട കാലാവസ്ഥയും എന്റെ ജീവിതത്തിൽ ആദ്യമായാണ്. ഇതൊന്നും താങ്ങാൻ എന്നെ കൊണ്ട് കഴിയുന്നില്ല അതാണ് മരുന്നുകൾ വച്ച് പിടിച്ച് നിൽക്കുന്നത്. ഇനി അതിൻ്റെ പ്രശ്നമില്ല, അതാണ് ഞാൻ പറയാൻ വന്നത്”

അവളെന്താണ് പറയാൻ പോകുന്നതെന്ന് ഓർത്ത് എൻറെ നെഞ്ച് ശക്തിയിൽ മിടിച്ച് തുടങ്ങി.

“നമ്മുക്ക് പിരിയാം ഉണ്ണിയേട്ടാ, എനിക്ക് ഇങ്ങനെ ജീവിക്കാൻ താൽപര്യമില്ല. എനിക്ക് ആരുടേയും ഭാര്യയായിരിക്കണ്ട. എനിക്ക് ഞാനായിരിക്കണം. മുഴുവനായും ഞാൻ. ഉണ്ണിയേട്ടനൊപ്പം എന്റെ ജീവിതം അപൂർണ്ണമാണ്.”
ഞാൻ കളിവാക്ക് പറയുകയാണോ എന്നറിയാതെ അവളെ നോക്കി. അവളുടെ മുഖത്ത് ഇന്ന് വരെ കാണാത്ത നിശ്ചയദാർഢ്യം.

“നീയെന്ത് പ്രാന്താണീ പറയുന്നത്”

“ഭ്രാന്തല്ല. ഞാൻ കുറേനാളായി പറയണമെന്ന് വിചാരിക്കുന്നു. പരമാർത്ഥമതാണ്. എനിക്ക് ആരെയും വിവാഹം കഴിച്ച്, ഒരു സ്ഥലത്ത് ഒതുങ്ങി കൂടാൻ താൽപര്യമില്ല. എനിക്ക് ഒരുപാട് സഞ്ചരിക്കണം, ലോകം കാണണം, പല മനുഷ്യരെ പരിചയപ്പെടണം, ബന്ധങ്ങളൊന്നും ബാക്കി വയ്ക്കാതെ പറവകളെ പോലെ പറന്നുയരണം.”

“ മീനാക്ഷി നീ ഒരുമാതിരി സിനിമാ ഡയലോഗ് പറയരുത്, എല്ലാം നേരെയായി വരുമ്പോൾ നീ മനഃപൂർവ്വം അകലാൻ നോക്കുന്നതാണ്. നിനക്കീ പറഞ്ഞതിലൊന്നും യാതൊരുവിധ തൽപര്യവുമില്ലെന്ന് എന്നെ പോലെ തന്നെ നിനക്കും അറിയാം. എന്നിട്ടും എന്തിന് ?…” എനിക്ക് ദേഷ്യവും കരച്ചിലും എല്ലാം വരുന്നുണ്ട്.

“ ഡാർജിലിംങിൽ ഒരു കോളേജിൽ ജോലി ശരിയായിട്ടുണ്ട്, ഞാൻ അങ്ങോട്ട് പോകും, കുറച്ച്നാൾ ഒരു ബുദ്ധിമുട്ടുണ്ടാകും, എങ്കിലും പതിയെ ഉണ്ണിയേട്ടൻ എന്നെ മറക്കും.”

“നിന്നെ ഞാൻ എങ്ങനെ മറക്കും, അത് എന്നെ കൊണ്ട് കഴിയുന്ന കാര്യമാണോ.” എൻ്റെ നിറഞ്ഞ കണ്ണുകളിലേക്ക് അവൾ നിർവികാരയായി നോക്കി.

ഞാൻ കണ്ണ് രണ്ട് വശത്തേക്ക് തുടച്ച് മാറ്റി കടലിനെ നോക്കി പറഞ്ഞു;

“പോകാനാണ് നിൻ്റെ തീരുമാനമെങ്കിൽ ഞാൻ എതിർക്കില്ല. എവിടെ വേണമെങ്കിൽ പോകാം, ഈ ലോകത്തിൻ്റെ അറ്റം വരെയും, ഇഷ്ടമുള്ളതെന്തും ചെയ്യാം. പക്ഷെ ഒരിക്കൽ, എല്ലാം മടുക്കുമ്പോൾ തിരിച്ച് വരണമെന്ന് തോന്നുകയാണെങ്കിൽ, ഇങ്ങോട്ട് വരണം എൻറെ ഒറ്റമുറി വീട്ടിലേക്ക്. കാത്തിരിക്കുന്നുണ്ടാവും,… അത് എന്നാണെങ്കിലും , ഒരുവേള വന്നില്ലെങ്കിലും…” എൻ്റെ ശബ്ദം വിറച്ചു കൊണ്ടാണ് അവസാനിച്ചത്. അതിൻ്റെ ആഴം വ്യർത്ഥമാണെങ്കിലും അഗാധമായിരുന്നു.

അവൾക്കതിനെ എതിർക്കണമെന്നുണ്ടായിരുന്നിട്ടും അതിന് മുതിർന്നില്ല എന്നതാണ് അവളെന്നോട് കാണിച്ച ഏറ്റവും വലിയ കാരുണ്യം. അത്രയും തകർന്ന എനിക്ക് അത് കൂടി താങ്ങുമായിരുന്നില്ലെന്നവൾക്ക് ഉറപ്പായിരുന്നിരിക്കണം. അത്രക്കെങ്കിലും അനുകമ്പ ഞാനപ്പോൾ അർഹിച്ചിരുന്നു.

അവൾ പഴയത് പോലെ എൻ്റെ തോളിൽ തലവച്ച്, തിരതല്ലുന്ന കടലിനെയും നോക്കിയിരുന്നു .

“എന്നെ ഒന്ന് നാട്ടിൽ കൊണ്ട് പോകോ, എനിക്ക് സരുവിനോട് യാത്ര പറയണം.”
“മ്മ്” ഞാൻ ശാന്തനായി മൂളി.

കൈവെള്ളയിൽ വിരലുകൾക്കിടയിലൂടെ ജീവിതം പിടിച്ച് നിർത്താൻ കഴിയാതെ ഒഴുകിയൊലിച്ച് പോയി കൊണ്ടിരുന്നു.

ഏറെ നേരത്തേ മൗനത്തിന് ശേഷം അവള് ചോദിച്ചു,

“അവർക്കെന്താ പറ്റിയത്, അന്നത്തെ കഥയിലെ മുത്തുലക്ഷ്മിക്കും മുനിയാണ്ടിക്കും.”

“അതൊരു കഥയല്ല ശരിക്കും നടന്ന ഒരു സംഭവമാണ്. 1959 ൽ അന്നത്തെ മുഖ്യമന്ത്രി കെ.കാമരാജൻ വൈഗൈ ഡാം പണി കഴിപ്പിച്ച് സമ്മർപ്പിക്കും മുൻപെ, 1955 ൽ വൈഗൈ ആറ്റിലൊരു വെള്ളപൊക്കമുള്ളായി. അന്ന് ഒഴുക്കിൽ പെട്ട് കാണാതെയായ 26 പേരിൽ ഒരാൾ മുത്തുലക്ഷ്മി ആയിരുന്നു. മറ്റുള്ളവരെല്ലാം മരണണോട് പൊരുത്തപ്പെട്ടപ്പോൾ മുനിയാണ്ടി മാത്രം അതിനു വഴങ്ങി കൊടുത്തില്ല. മുത്തുലക്ഷ്മി എന്നെങ്കിലും തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അയാൾ എന്നും വൈഗയ്ക്ക് കരയിൽ വന്നിരിക്കും, അന്നുണ്ടായ കഥകൾ പറഞ്ഞ് കേൾപ്പിക്കും, തന്റെ പൊട്ട പാട്ടുകൾ പാടും , ഇടയിൽ മുത്തുലക്ഷ്മി വന്ന് വായപൊത്തി അവ ഈണത്തിൽ പാടി മുഴുവിപ്പിക്കുമെന്ന പ്രതീക്ഷയിൽ. മുത്തുലക്ഷ്മി ഒരിക്കലും വന്നില്ല. വൈഗയാറ്റിൻ്റെ കരയിലെവിടെയോ സ്ഥാപിച്ച മുനിയാണ്ടിയുടെ ഇരുമ്പ്പ്രതിമ ഇപ്പോഴും അവൾ വരുന്നതും കാത്തിരിപ്പാണ്.”

മീനാക്ഷി ഒന്നും മിണ്ടിയില്ല. എങ്കിലും എന്റെ തോളിലൂടെ അവളുടെ ചൂടുള്ള കണ്ണുനീർ ധാരധാരയായി ഒഴുകിയിറങ്ങി.

ഞങ്ങൾ കടലാകാശത്തിനെ വിഴുങ്ങും വരെ, അവിടെ ഒരു സാലഭഞ്ജിക കണക്കെയിരുന്നു.

അങ്ങകലെ ചക്രവാളസീമകളിൽ, കടലിൻ്റെ ഹൃദയത്തിൽ മുഴങ്ങിയിരുന്നത് ഒരു ചങ്ങമ്പുഴ കവിതയിലെങ്ങോ, രമണൻ്റെ വരികളായിരുന്നു.

‘അവളപങ്കില ദൂരയാണെങ്കിലും,

അരികിൽ ഉണ്ടെനിക്കെപ്പോഴും കൂട്ടിനായി

Leave a Reply

Your email address will not be published. Required fields are marked *