അവളോട് സംസാരിക്കുമ്പോളും, മറുപടി പറയുമ്പോഴും, അവളുടെ ശബ്ദത്തിൽ ഒരു ആദരവുണ്ട്.
അവൾ ചിരിക്കുമ്പോൾ പോലും അതിൽ ഒരു ലാളിത്യം ഉണ്ടായിരുന്നു ശ്രദ്ധ പിടിക്കാൻ ശ്രമിക്കാത്ത, പക്ഷേ ശ്രദ്ധിച്ചാൽ മറക്കാൻ പറ്റാത്ത ഒരു ഭംഗി.
മനുവിന്റെ ഓർമ്മ പെട്ടെന്ന് ഓണം സെലിബ്രേഷൻ ദിനത്തിലേക്ക് നീങ്ങി.
അന്ന് സ്കൂളിൽ മുഴുവൻ നിറങ്ങളും ചിരികളും ആയിരുന്നു.
കുട്ടികൾ സെറ്റ് സാരിയിലും, പട്ടു പാവാടയിലും കുർത്തയിലും, ചന്ദനക്കുറിയുമായി വരാന്തകൾ നിറച്ചു നടന്ന ദിവസം.
അവൻ പലരും ചോദിച്ചതോടെ അവരുടെ കൂടെ നിന്ന് ഫോട്ടോ എടുത്തിരുന്നു.
പക്ഷേ എയ്ഞ്ചലിനൊപ്പം എടുത്ത ആ ഫോട്ടോ… എന്തുകൊണ്ടോ അവന്റെ ഓർമ്മയിൽ വ്യക്തമായി നിന്നു.
അന്ന് അവൾ അല്പം മടിച്ച് അവന്റെ മുന്നിൽ നിന്നത്.
എന്തോ ചോദിക്കാൻ ഉണ്ടായിരുന്നെന്ന് അവന് മനസിലായി…
അവളുടെ ആ ലജ്ജ കണ്ട് മനുവാണ് അവളോട് പറഞ്ഞത് തന്നെ വാ ഒരു ഫോട്ടോ എടുക്കാം എന്ന്….
ഫോട്ടോ എടുത്തപ്പോൾ അവൾ നേരെ ക്യാമറയിലേക്ക് നോക്കിയിരുന്നില്ല. അല്പം ചിരിച്ചു, അല്പം നാണിച്ചു.
ആ നിമിഷത്തിലെ ആ ഇന്നസെൻസ് ഇപ്പോൾ മനുവിന്റെ മനസ്സിൽ തെളിഞ്ഞു.
അവൻ വാട്ട്സ്ആപ്പിൽ എയ്ഞ്ചലിന്റെ ചാറ്റ് തുറന്നു.
ഓണം സെലിബ്രേഷൻ ദിനം.
അവനും എയ്ഞ്ചലും ഒരേ ഫ്രെമിൽ.
അവൻ ആ ചിത്രം കുറച്ച് നേരം നോക്കി നിന്നു.
അന്ന് അവൾ അത് അയച്ചപ്പോൾ, അവൻ മറുപടി ഒന്നും നൽകിയിരുന്നില്ല.
ജസ്റ്റ് ഓപ്പൺ ആക്കി വിട്ടിരുന്നു.
അന്ന് അത് ഒരു സാധാരണ ഫോട്ടോ ആയി തോന്നിയിരുന്നു.
പക്ഷേ ഇപ്പോൾ…
അത് നോക്കുമ്പോൾ എന്തോ ചെറിയൊരു കുറ്റബോധം തോന്നി.
അവൾ അയച്ച ഫോട്ടോയ്ക്ക് ഒരു ചെറിയ റിപ്ലൈ പോലും കൊടുക്കാതിരുന്നത്…
അവളുടെ ആ ചെറിയ സന്തോഷത്തെ താൻ ശ്രദ്ധിക്കാതെ പോയതുപോലെ തോന്നി.
അവൻ കുറച്ച് നേരം വിരൽ സ്ക്രീനിൽ നിർത്തി.
റിപ്ലൈ ചെയ്യണോ?
ഇപ്പോൾ?
ഇത്രയും ദിവസങ്ങൾക്ക് ശേഷം?
അവൻ ഒന്ന് മടിച്ചു.
പിന്നെ, ഒരു വലിയ മെസ്സേജ് ഒന്നും ടൈപ്പ് ചെയ്യാൻ അവന്റെ മനസ് അനുവദിച്ചില്ല….
ആ ഫോട്ടോയ്ക്ക് താഴെ ഒരു ചെറിയ ഹാർട്ട് റിയാക്ഷൻ മാത്രം നൽകി.
❤️
അത് അയച്ചതോടെ അവൻ ഫോൺ സ്ക്രീനിലേക്കു കുറച്ച് നിമിഷം നോക്കി നിന്നു.
ഒരു സാധാരണ റിയാക്ഷൻ മാത്രം.
എന്നാൽ എന്തോ…
അത് സാധാരണയായി തോന്നിയില്ല.
മനു ഫോൺ പതുക്കെ മേശപ്പുറത്ത് വച്ചു.
പക്ഷേ മനുവിന്റെ ഉള്ളിൽ,
ലക്ഷ്മിയുടെ തീക്ഷണമായ നോട്ടവും…
എയ്ഞ്ചലിന്റെ മൃദുവായ ചിരിയും…
രണ്ട് വ്യത്യസ്ത ലോകങ്ങളായി അവനെ ചുറ്റി നിൽക്കുകയായിരുന്നു.
അവൻ കണ്ണുകൾ അടച്ചു ഒരു നിമിഷം ഇരുന്നു.
മെഹർ പറഞ്ഞ വാക്കുകൾ വീണ്ടും മനസ്സിലേക്ക് വന്നു.
“നീ ഓരോ നോട്ടത്തെയും കുറ്റമായി കാണുന്നത് നിർത്തണം…”
പക്ഷേ ഇപ്പോൾ മനുവിന് തോന്നിയത് മറ്റൊന്നായിരുന്നു.
ചില നോട്ടങ്ങൾ കുറ്റമല്ലായിരിക്കാം…
പക്ഷേ അവയ്ക്ക് പിന്നാലെ വരുന്ന ചിന്തകളാണ്
ഒരാളെ അപകടത്തിലേക്ക് വലിക്കുന്നത്.
ഉച്ച കഴിഞ്ഞതോടെ മെഹർ സ്റ്റാഫ് റൂമിൽ എത്തി, എന്നാൽ മറ്റു അധ്യാപകർ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അന്നത്തെ ദിവസം മനുവിനും മെഹറിനും മറ്റൊന്നും സംസാരിക്കാൻ സാധിച്ചില്ല..
——————————————
ചെറിയൊരു വിഷമത്തോടെയാണ് എയ്ഞ്ചൽ വീട്ടിൽ എത്തിയത്.
മനു സാർ ലക്ഷ്മിയോട് അങ്ങനെ പറഞ്ഞത്…
അവളുടെ ഫോട്ടോ കണ്ടത്…
അതിനെ കുറിച്ച് ചിരിച്ചുകൊണ്ട് സംസാരിച്ചത്…
അതെല്ലാം ഒരു കനമായി അവളുടെ മനസ്സിൽ കിടന്നു.
ഇതുവരെ അവൾക്ക് അങ്ങനെ ഒരു വിഷമം തോന്നിയിട്ടില്ലായിരുന്നു.
അന്ന് സ്റ്റാഫ് റൂമിൽ മെഹർ മിസ്സിന്റെ കൂടെ മനു സാറിനെ കണ്ടപ്പോഴും ഇത്രയും ഉള്ളിൽ കുത്തിയിരുന്നില്ല.
പക്ഷേ ഇപ്പോൾ…
“എനിക്ക് എന്താണ് പറ്റിയത്…?”
അവൾ സ്വയം ചോദിച്ചു.
ഫ്രഷ് ആയി വന്നിട്ട് അവൾ ബെഡിലേക്ക് ചുമ്മാ കിടന്നു.
സ്കൂളിലേക്ക് അവൾ ഫോൺ കൊണ്ടുപോകാറില്ല.
അതുകൊണ്ട് വീട്ടിൽ എത്തിയ ശേഷം മാത്രമാണ് പതിവായി മെസ്സേജുകളും വാട്ട്സ്ആപ്പും നോക്കാറുള്ളത്.
