ഏഹ്, എന്താണ് ഇപ്പൊ സംഭവിച്ചത്. എന്തിനാണ് ഗോൾഡ മിസ്സ് എന്നോട് ദേഷ്യപ്പെട്ടത്?! എനിക്കൊന്നും മനസ്സിലായില്ല. ആദ്യമായിട്ടാണ് ഗോള്‍ഡ മിസ്സ് എന്നോട് ഇത്രയും ദേഷ്യം പ്രകടിപ്പിക്കുന്നത്. ആദ്യമായിട്ടാണ് ഇങ്ങനെ കോൾ പെട്ടന്ന് കട്ടാക്കുന്നത്, അതും ദേഷ്യത്തില്‍.
ഒരുപക്ഷേ നിത്യ ടീച്ചറോട് ഞാൻ അങ്ങനെ സംസാരിച്ചത് കൊണ്ടാവമോ?! മിസ്സ് എന്നെ മോശമായി കരുതിയിട്ടുണ്ടാവും. എനിക്ക് നല്ല വിഷമം തോന്നിപ്പോയി. കുറേനേരം അങ്ങനെ നിന്നുതന്നെ ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി.
ഒടുവില്‍ മൊബൈൽ ചാർജ് ചെയ്യാൻ വച്ചിട്ട് ഞാൻ കുളിക്കാന്‍ കേറി. കുളി കഴിഞ്ഞ് വന്നിട്ട് ഒരു ലുങ്കിയൂം അടിബെനിയനും മാത്രം എടുത്തിട്ടു. ശേഷം അടുക്കളയില്‍ കേറി നല്ലോരു ഹെർബൽ ടീ ഉണ്ടാക്കി കുടിച്ചു. എന്നിട്ട് പുറത്ത് വന്ന് കാറിൽ വച്ചിരുന്ന എന്റെ ട്രോളി ബാഗ് തുറന്ന് അതിൽ വേണ്ടതൊക്കെ ഉണ്ടോന്ന് പരിശോധിച്ച ശേഷം, ആവശ്യമുള്ള കുറെ സാധനങ്ങള്‍ അതിലേക്ക് ഞാൻ ആഡ് ചെയ്യുകയും ചെയ്തു.
ഒടുവില്‍ 4:15 ആയതും ഞാൻ ഡ്രെസ്സ് മാറി റെഡിയായി വീട് പൂട്ടിയിറങ്ങി. മൊബൈലില്‍ അവർണയുടെ വീട് സ്ഥിതി ചെയ്യുന്ന ലൊക്കേഷൻ നന്നായി നോക്കിയ ശേഷം കാറുമെടുത്ത് നേരെ അവർണയുടെ വീട് ലക്ഷ്യമാക്കി വിട്ടു.
പാറശ്ശാല ഗ്രാമ പഞ്ചായത്തിന്റെ അധീനതയിൽ പെട്ട ഗ്രാമമാണ് പരശുവൈക്കൽ. അവിടെയാണ് അവർണയുടെ വീട്. ഇവിടെ നിന്നും 15 കിലോമീറ്റര്‍ പോണം, മാക്സിമം ഒരു 30 മിനിറ്റ് കാർ യാത്ര. ഞാൻ ഒരു ആവറേജ് സ്പീഡിലാണ് ഓടിച്ചത്.
പാറശ്ശാല മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക് പോകുന്ന ആ ചെമ്മൺ റോഡില്‍ കേറ്റി നിര്‍ത്തിയ ശേഷം ഞാൻ വീണ്ടും അവർണയുടെ ലൊക്കേഷൻ ഓപ്പണ് ചെയ്ത് പരിശോധിച്ചു.
ഈ ചെമ്മണ്‍ റോഡ് തന്നെയാണ്. 300 മീറ്റർ ഉള്ളിലേക്ക് പോയി ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 300 മീറ്റർ ചെന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ പോയാൽ വലതുവശത്ത് കാണുന്ന വീട്. ഞാൻ ആ റൂട്ട് മാപ്പ് ഫോളോ ചെയ്ത് ഒരു വലിയ വീടിന്റെ വലിയ സ്ലൈഡിങ് ഗേയിറ്റിന് മുന്നിലെത്തി. ഗെയിറ്റിന് പുറത്ത് സിസിടിവി ക്യാമറ സംവിധാനങ്ങൾ പോലും ഉണ്ടായിരുന്നു.
ഞാൻ വണ്ടി നിര്‍ത്തി 10 സെക്കന്‍ഡിനകം ആ വലിയ ഗെയിറ്റ് താനെ ഒരു വശത്തേക്ക് സ്ലൈഡായി തുറക്കാൻ തുടങ്ങി, എന്റെ വണ്ടിക്ക് അകത്ത് കേറാന്‍ വേണ്ടത്ര പാത ലഭ്യമായതും ആ ഗെയിറ്റ്ന്റെ സ്ലൈഡിങ് നിന്നു. ഞാൻ അകത്തു കേറ്റി മുന്നില്‍ കണ്ട ഇന്റർ ലോക്ക് പാതയിലൂടെ മുന്നോട്ട് നീങ്ങി.
പാതയുടെ രണ്ട് വശത്തും പലതരം മരങ്ങളും ചെടികളും വളര്‍ന്നു നിന്നു. വലതുവശത്തുള്ള മരങ്ങൾക്ക് ഇടയിലായി സ്വിമ്മിംഗ് പൂളും ഞാൻ കണ്ടു. ഇടതുവശത്ത് നാല് പേര്‍ക്ക് ഒരുമിച്ചിരിക്കാനുള്ള വലിയ ഊഞ്ഞാലും, അങ്ങിങ്ങായി കോണ്ക്രീറ്റ് ഇരുപ്പിടങ്ങളും പണിത് വെച്ചിരുന്നത് കണ്ടു.
ഞാൻ മുന്നോട്ട് നീങ്ങി. ഗെയിറ്റിൽ നിന്ന് ഏകദേശം 250 അടി ഉള്ളിലാണ് ആ വലിയ വീട്…. ശെരിക്കും അതിനെ വീടെന്നല്ല, വില്ല എന്നുവേണം പറയാൻ.
ഒടുവില്‍ ആ വില്ലയ്ക്ക് മുന്നില്‍ കിടക്കുന്ന രണ്ട് വിലയുയർന്ന കാറുകളിൽ നിന്നും അല്‍പ്പം മാറ്റിയാണ് ഞാൻ എന്റെ കാർ നിര്‍ത്തിയത്.
പുറത്ത് വിശാലമായ സിറ്റൗട്ടിൽ മൂന്ന് വലിയ സോഫ സെറ്റും, വലിയ രണ്ട് കോഫി ടേബിളും, കുറെ കുഷൻ ചെയറുകളും ഇട്ടിരുന്നു. അവിടെ 80 – 85 വയസ്സ് തോന്നിക്കുന്ന ഒരു അമ്മച്ചിയും, ഒരു അപ്പച്ചനും, 60 വയസ്സ് തോന്നിക്കുന്ന ഒരു സീരിയസ് മുഖമുള്ള പുരുഷനും – 55 വയസ്സ് തോന്നിക്കുന്ന അല്‍പ്പം സൗമ്യ മുഖമുള്ള സ്ത്രീയും, 25, 27 വയസ്സ് തോന്നിക്കുന്ന രണ്ട് സുന്ദരി പെണ്‍കുട്ടികളും, പിന്നെ സുന്ദരിയായ അവർണയും ഉണ്ടായിരുന്നു. അവർണയ്ക്ക് 24 വയസ്സാണ്. അവരെയൊക്കെ കൂടാതെ 6 വയസ്സിന് താഴെ 4 വ്യത്യസ്ത പ്രായത്തിലുള്ള കുട്ടികൾ ഓടിച്ചാടി കളിക്കുന്നുണ്ടായിരുന്നു.
ആ അപ്പച്ചൻ അമ്മച്ചിക്ക് കൈമുട്ട് തൊട്ട് കൈത്തണ്ട വരെ ഒരു തൈലം പുരട്ടി തടവി കൊടുക്കുകയായിരുന്നു.
