ഞാൻ നിന്റെ മുന്നിൽ വെച്ച് ഒന്നും പറയാൻ നിൽക്കണ്ട എന്ന് വിചാരിച്ചിട്ടാ പ്രതികരിക്കാഞ്ഞത്. പോരാത്തതിന് അവന്മാരോട് ഞാൻ ആദ്യമേ പറഞ്ഞിട്ടുമുള്ളതാ വർത്തമാനം പറയുമ്പോൾ ശ്രദ്ധിക്കണം എന്ന്.”
ഞാൻ അവളുടെ ചുമലിൽ താടി ഊന്നി പതുക്കെ പറഞ്ഞു.
ഹൻസിബ കണ്ണാടിയിലൂടെ എന്നെ നോക്കി
ചെറുതായി പുഞ്ചിരിച്ചു. എന്നിട്ട് എന്റെ നേരെ തിരിഞ്ഞ് എന്റെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു:
“ഇക്കാ…എനിക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ടുമില്ല! സത്യം പറഞ്ഞാൽ ആദ്യം ഇതൊക്കെ കേട്ടപ്പോൾ എനിക്കുമൊരു പ്രയാസം ഉണ്ടായിരുന്നു. പക്ഷേ പിന്നീട് ചിന്തിച്ചപ്പോഴാ മനസ്സിലായത്, നിങ്ങളൊക്കെ എത്രകാലമായി ഒന്നിച്ച് കഴിയുന്ന അടുത്ത സുഹൃത്തുക്കളാണെന്ന്.
ഞാൻ വന്നതുകൊണ്ട് നിങ്ങളുടെ ഇടയിലുള്ള സൗഹൃദത്തിൽ ഒരു അകൽച്ച ഉണ്ടാകേണ്ട കാര്യമില്ലല്ലോ. ഇതൊക്കെ തമാശയായി എടുത്താൽ പോരേ എന്ന് എനിക്കും തോന്നി.”
അവൾ എന്റെ മുഖത്തേക്ക് നോക്കി തുടർന്നു:
“പിന്നെ… അവർ പറഞ്ഞതിലും കാര്യമുണ്ടല്ലോ, നമ്മൾ കുറച്ചൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു. പിന്നെ… ഇങ്ങനെയൊക്കെ തമാശ പറയുന്നത് നിങ്ങൾ ആണുങ്ങളിൽ മാത്രം ഉള്ള
കാര്യമൊന്നുമല്ലല്ലോ. നാട്ടിൽ ഞങ്ങളുടെ കൂട്ടത്തിൽ കല്യാണം കഴിഞ്ഞ കൂട്ടുകാരികൾ വരുമ്പോഴൊക്കെ അവരും ഇങ്ങനത്തെ
തമാശകളൊക്കെ ഇടയ്ക്ക് പറയാറുണ്ട്. അപ്പോൾ പിന്നെ നമ്മൾ ഇതൊരു തമാശയായി എടുത്താൽ പോരേ?
ഞാൻ വന്നതുകൊണ്ട് നിങ്ങളുടെ കൂട്ടത്തിൽ സംസാരിക്കുമ്പോഴുള്ള ആ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാവരുത്. എനിക്കതിൽ ഒരു കുഴപ്പവുമില്ല ഇക്കാ…”
ഹൻസിബയുടെ ആ വാക്കുകൾ കേട്ടപ്പോൾ എനിക്ക് അത്ഭുതവും സന്തോഷവും ഒരുപോലെ തോന്നി.
“നീ കാര്യങ്ങൾ ഇത്രയും വ്യക്തമായി മനസ്സിലാക്കിയത് നന്നായി മോളെ…” ഞാൻ അവളുടെ മുഖം ഇരു കൈകളിലും കോരിയെടുത്ത് പറഞ്ഞു. “നീ ഇത്ര പെട്ടെന്ന് കാര്യങ്ങളൊക്കെ മനസ്സിലാക്കി പക്വതയോടെ ചിന്തിക്കുമെന്ന് ഞാൻ സത്യത്തിൽ വിചാരിച്ചതേയില്ല!”
“എല്ലാം എന്റെ ഇക്ക തന്ന ധൈര്യമല്ലേ…” അവൾ നാണത്തോടെ കണ്ണ് ചിമ്മി വശ്യമായി പുഞ്ചിരിച്ചു.
രാവിലെ അലാറം അടിച്ചപ്പോൾ തന്നെ എല്ലാവരും എഴുന്നേറ്റു. വെള്ളിയാഴ്ചത്തെ അവധിക്ക് ശേഷം ശനിയാഴ്ച എല്ലാവർക്കും ഡ്യൂട്ടിയുള്ള ദിവസമായതുകൊണ്ട് ഫ്ലാറ്റിൽ പതിവിലും നേരത്തെ ബഹളം തുടങ്ങിയിരുന്നു. റെഡി ആകാനുള്ള തിരക്കിലായിരുന്നു എല്ലാവരും.
ഹൻസിബ പതിവിലും നേരത്തെ എഴുന്നേറ്റ് അടുക്കളയിൽ എല്ലാവർക്കും പ്രാതലും ഉച്ചയ്ക്കുള്ള ഭക്ഷണവും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. കുളിയൊക്കെ കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ നല്ല ചൂട് ചായയുടെ മണം അന്തരീക്ഷത്തിൽ പടർന്നിരുന്നു.
“ഇക്കാ… ഇത്ര നേരത്തെ എഴുന്നേറ്റോ? ഇന്ന്
ഓഫീസിൽ പോകുന്ന ദിവസമല്ലേ, ഇന്നലത്തെ ക്ഷീണം മാറിയിട്ടുണ്ടാകില്ലല്ലോ,” അവൾ ചായ കപ്പിലേക്ക് പകരുന്നതിനിടയിൽ ചോദിച്ചു.
“ഏയ്, അതൊന്നും സാരമില്ലടി. പ്രവാസികളല്ലേ… അവധി കഴിഞ്ഞാൽ പിന്നെ കൃത്യസമയത്ത് ജോലിക്ക് എത്തിയേ പറ്റൂ,” ഞാൻ അവളുടെ അരക്കെട്ടിലൂടെ പതുക്കെ ചേർത്തുപിടിച്ച് കവിളിൽ ഉമ്മവെച്ചു.
“ഇക്കാ… മാറ്, അവന്മാരൊക്കെ എപ്പോഴാ അടുക്കളയിലേക്ക് വരിക എന്ന് പറയാൻ പറ്റില്ല,” അവൾ നാണത്തോടെ എന്നെ തള്ളി മാറ്റി.
ഹാളിൽ രാമേന്ദ്രൻ ചേട്ടൻ ഷർട്ടിന്റെ ബട്ടൺസ് ഇടുന്നതിനിടയിൽ വാച്ചിലേക്ക് നോക്കി. ശ്രീരാഗും ഫാസിലും ബാഗും സാധനങ്ങളുമൊക്കെ എടുക്കുന്ന തിരക്കിലായിരുന്നു. ഹൻസിബ എല്ലാവർക്കും ചൂട് ദോശയും ചമ്മന്തിയും മേശപ്പുറത്ത് വിളമ്പി വെച്ചു.
“ആഹാ… ഇത്രയും പെട്ടെന്ന് പ്രാതൽ റെഡിയാക്കിയോ മോളെ!” രാമേന്ദ്രൻ ചേട്ടൻ സന്തോഷത്തോടെ ഇരുന്നു.
“അതെയതേ… ഇന്നലെ രാത്രി വൈകി കിടന്നിട്ടും ഇത്ര നേരത്തെ എഴുന്നേറ്റു ഭക്ഷണം ഉണ്ടാക്കിയ ഇത്തയുടെ ആ ഒരു പരിശ്രമത്തെ സമ്മതിക്കണം,” ഫാസിൽ ദോശ കഴിക്കുന്നതിനിടയിൽ പറഞ്ഞു.
“ഇന്നലെ മാളിൽ നടന്ന് നടന്ന് കാലൊക്കെ നല്ലോണം ക്ഷീണിച്ചു,” ശ്രീരാഗ് കൂടി പറഞ്ഞു. “പക്ഷേ രാവിലെ എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോവാൻ നിൽക്കുമ്പോൾ ഈ ചൂട് ദോശയും ചായയും കിട്ടുമ്പോൾ ആ ക്ഷീണമൊക്കെ പമ്പകടക്കും!”
