“ഒന്ന് പൊയ്ക്കേ അമ്മേ… എനിക്കല്ലേ ഇപ്പോ കല്ല്യാണം… അതും ഇവള്…. നടന്നത് തന്നെ…”
ഒരു വിധത്തിൽ എൻ്റെ ഞെട്ടൽ മറച്ചുകൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു… പക്ഷേ അമ്മുവിനെ പുച്ഛിച്ച് പറഞ്ഞപ്പോൾ അവളുടെ മുഖം ഇരുണ്ടു… അത് കണ്ടതും എനിക്കും വല്ലാതായി..
പാവം… തമാശയ്ക്കെങ്കിലും ഞാനങ്ങനെ പറയുന്നത് സഹിക്കാൻ കഴിഞ്ഞുകാണില്ല… അതാരെക്കാളും നന്നായി എനിക്കറിയാം… സോറി പെണ്ണെ… തൽക്കാലം മോള് ചേട്ടനോട്
ക്ഷമിക്ക്… മോളുടെ പിണക്കം വൈകാതെ തന്നെ ചേട്ടൻ മാറ്റിത്തരാം… ഞാൻ മനസ്സിൽ പറഞ്ഞു…
“അതെന്തട.. എൻ്റെ മോൾക്കെന്താ കുഴപ്പം.. ഏഹ്…?”
അമ്മ എന്നോട് തിരിച്ചടിച്ചു… ഞാൻ വീണ്ടും വാക്കുകൾക്കായി പതറി…. അമ്മു മതി നിർത്ത് എന്ന ഭാവത്തിൽ അമ്മേടെ കയ്യിൽ ഞെക്കിയും പിച്ചിയും തടുക്കാൻ ശ്രമിക്കുന്നുണ്ട്… എൻ്റെ പതറിച്ച അവൾക്കറിയാൻ കഴിയുന്നുണ്ടെന്ന് തോന്നുന്നു…
“പിന്നെ പിന്നേ… ഒരു കുഴപ്പോമില്ല… വളരേ നല്ല മോളാ…. ഹഹ…”
എൻ്റെ നിസ്സഹായത മനസ്സിലാക്കി എന്നോണം എനിക്ക് തുണയായി ആൻ്റി രംഗത്തിറങ്ങി… ഭാഗ്യം… ഇനി ആൻ്റി നോക്കിക്കോളും…
“എൻ്റെ പൊന്നേച്ചി… അവനെന്ത് തെറ്റാ ചെയ്തേ ഇങ്ങനെ ശിക്ഷിക്കാൻ…?”
അമ്മുവിനിട്ട് താങ്ങിക്കൊണ്ട് ആൻ്റി മുഖത്ത് ദയനീയമായ ഭാവം വരുത്തിക്കൊണ്ട് ചോദിച്ചു… ഉള്ളിൽ ചിരിയാണെന്ന് ആ മോന്ത കണ്ടാൽ മനസ്സിലാകും…
അമ്മു ദേഷ്യംകൊണ്ട് ആൻ്റിയെ തുറിച്ച് നോക്കുന്നുണ്ട്… അത് കണ്ടിട്ട് എനിക്കും പെട്ടെന്ന് ചിരിവന്നു…
“എൻ്റെ മോളെ കെട്ടുന്നതിലും ഭേദം ഇവന് വല്ല വിഷം കൊടുക്കുന്നതാ നല്ലത്…”
അവസാന ആണി അടിച്ചുകൊണ്ട് ആൻ്റി വീണ്ടും ചിരിച്ചു… പക്ഷേ കെട്ടിയില്ലെങ്കിൽ അവളെനിക്ക് വിഷം തരുമെന്ന കാര്യം ആൻ്റിക്കറിയില്ലല്ലോ…
“അമ്മേ….”
അമ്മുവിൻ്റെ ക്ഷമ കെട്ടു.. ദേഷ്യംകൊണ്ട് അവളിരുന്ന് വിറക്കുകയാണ്… ആ നോട്ടം കണ്ടാലറിയാം എൻ്റമ്മ ഇല്ലായിരുന്നെങ്കിൽ ഇന്ന് ആൻ്റിയുടെ അടക്കം കഴിഞ്ഞേനെ… അമ്മുവിൻ്റെ അവസ്ഥ കണ്ട് അന്നേരം അമ്മക്കും ചിരിവന്നു…
“എന്ത് കമ്മേ… ഞാൻ ഉള്ളതല്ലേ പറഞ്ഞേ…”
ആൻ്റി അവളെ പുച്ഛിച്ചുകൊണ്ട് വീണ്ടും എരി കേറ്റി…
“നോക്കിയേ വല്യമ്മേ…”
അമ്മു ചിണുങ്ങിക്കൊണ്ട് അമ്മേടെ മേലേക്ക് ചാഞ്ഞു…
“ഒന്നു പോടി… നീയെൻ്റെ കൊച്ചിനെ അങ്ങനങ്ങ് കൊച്ചാക്കല്ലേ… ഇന്നത്തെ കാലത്ത് ഇതിലും
നല്ല പെൺകൊച്ചിനെ എവിടെ കിട്ടൂടി…”
അമ്മ ചിരി ഒതുക്കിക്കൊണ്ട് അവളുടെ താടിയിൽ പിടിച്ച് പുന്നാരിച്ചുകൊണ്ട് പറഞ്ഞു… വിടർന്ന കണ്ണുകളും മുഖവുമായി അമ്മയെ ഒന്നു നോക്കിയ ശേഷം നാണം കൊണ്ടവൾ അമ്മയുടെ തോളിൽ മുഖം ഒളിപ്പിച്ചു… എന്ത് പെട്ടെന്നാ ദേഷ്യമൊക്കെ പമ്പ കടന്നത്…
“ആ.. ചേച്ചിയിങ്ങനെ ഓരോന്ന് പറേണ കേട്ടിട്ടാ അവൾക്കിത്ര ഇളക്കം… ഇനി ഇവിടെങ്ങും ആയിരിക്കില്ല പെണ്ണ്…”
ആൻ്റി ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു…
“മതിടി അതിനെ പറഞ്ഞത്… നീ പോയി ഉച്ചയ്ക്ക് വെയ്ക്കാനുള്ളത് നോക്ക്.. മണി പതിനൊന്ന് കഴിഞ്ഞു…”
അവസാനം അമ്മ തന്നെ ആ ചർച്ചയ്ക്ക് കർട്ടനിട്ടു… ഇപ്പോ ഈ കാര്യം വിളമ്പേണ്ട ഒരു കാര്യമില്ല അമ്മക്ക്… ചുമ്മാ ഓരോന്ന് പറഞ്ഞ് അതിനെ വിഷമിപ്പിച്ചു…
“ഈശ്വരാ സമയം പോയി.. ഓരോന്ന് പറഞ്ഞിരുന്ന് ആ കാര്യം ഞാനങ്ങു മറന്നു… ശ്ശോ ഇനിയെന്തൊക്കെ ചെയ്യണം…”
ധൃതി പിടിച്ച് ആൻ്റി സോഫയിൽ നിന്നെണീറ്റ് ഗ്ലാസും പ്ലേറ്റും എടുക്കാൻ തുടങ്ങി…
“ആ… കുഞ്ഞിപ്പിള്ളേരുടെ കൂടെ തുള്ളലും കഴിഞ്ഞ് എന്നെ കുറ്റോം പറഞ്ഞിരിക്കുമ്പോ ഓർക്കണം… ഹും”
അമ്മു ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് തല ചൊറിഞ്ഞു.. വേറെന്തു വേണേലും ആൻ്റി സഹിക്കും… പക്ഷേ ഡാൻസിനെ കുറിച്ച് വല്ലതും പറഞാൽ ആൻ്റി സഹിക്കില്ല… അതിപ്പോ ജയനങ്കിള് ആയാലും അതിലൊരു മാറ്റവുമില്ല…
“ആ പറഞ്ഞോ… സ്വന്തം തള്ളയെ തന്നെ പറഞ്ഞോ..”
