അങ്കിളും ആൻ്റിയും എന്തോ ഉടക്കുണ്ട്… അതിൻ്റെയാ അങ്കിളിനും ചേർത്ത് താങ്ങിയത്… അമ്മു പിന്നെ മെയിൻ ഇരയായതുകൊണ്ട് ഇവിടെ അതൊരു വിഷയമല്ല…
“എന്തോന്നാ നിതേ… ചുമ്മാ പിള്ളേരുടെ മെക്കിട്ട് കേറുന്നേ… നീ ജയനെ വിളിച്ച് ഒന്നൂടെ കാര്യം പറയ്… അല്ലാതെ ചുമ്മാ…”
അമ്മ ആൻ്റിയെ കരുതലോടെ ശകാരിച്ചു…
“ഞാനെത്ര നാളായിട്ട് പറേണതാ…. ചേച്ചിക്കറിയാവുന്നതല്ലേ…”
ആൻ്റി തലയാട്ടി എല്ലാം അനുസരണയോടെ കേട്ടു നിന്നു…
ചെറിയ എന്തോ കേസായിരിക്കും… പിന്നെ ആൻ്റിക്ക് ചെറിയതെന്തെങ്കിലും മതി മുഖം വീർപ്പിക്കാൻ… മോളും അക്കാര്യത്തിൽ ഒട്ടും മോശല്ല…
പക്ഷേ അന്നേരം എൻ്റെ ശ്രദ്ധ കിച്ചണിൽ നിന്ന് വെരുകുന്ന അമ്മുവിലായിരുന്നു.. ഒരു പിടിമില്ലാതെ പൊട്ടൻകടിച്ചോണം എന്തൊക്കെയോ ചെയ്യുന്നുണ്ട് യക്ഷി…
“നീയൊന്നു വിളിച്ച് നോക്ക്.. പറ്റീല്ലെങ്കി വൈകീട്ട് വരട്ടെ… ഞാൻ സംസാരിക്കാം…”
അമ്മ വീണ്ടും ആൻ്റിയെ സമാധാനിപ്പിച്ചു… ആൻ്റി ഫോൺ കയ്യിലെടുത്ത് ഡയൽ ചെയ്തു…
“ഡാ… നോക്കി നിക്കാതെ കൊച്ചിനെ വിളിച്ചോണ്ട് വാടാ… എന്നിട്ട് വേണം ഊണ് കഴിക്കാൻ….”
അമ്മൂനെ നോക്കി നിക്കുന്ന എൻ്റെ കയ്യിൽ തട്ടിക്കൊണ്ട് അമ്മ പറഞ്ഞു…
“ആ… ശെരി.. പോകുവാ…”
ഒരു തണുപ്പൻ മട്ടിൽ പറഞ്ഞുകൊണ്ട് ഞാൻ പുറത്തേക്ക് നടന്നു…
“ജിത്തേട്ടാ… നിക്ക് ഞാനും വരുന്നു…”
ഡോറിനരികിൽ എത്തിയതും അമ്മു കൂവിക്കൊണ്ട് പാഞ്ഞെത്തി…
അത് ശരി… മുഖത്തെ കള്ളച്ചിരി കണ്ടിട്ട്
സോഫയിൽ ബാക്കി വച്ചത് തിരിച്ച് തരാനാണെന്നെന്ന് തോന്നുന്നു യക്ഷിയുടെ പ്ലാൻ…
“നീ എങ്ങോട്ടാ…”
ഫോൺ ചെവിയിൽ വെച്ചുകൊണ്ട് ആൻ്റി പെട്ടെന്ന് ദേഷ്യത്തോടെ തട്ടിക്കയറി…
“ഏട്ടൻ്റെ കൂടെ… നന്ദൂനെ വിളിക്കാൻ…”
ആൻ്റിയുടെ പെട്ടെന്നുള്ള ആക്രമണം ആയതുകൊണ്ട് അമ്മു ഒന്നു പതറി…
“പിന്നേ… ഈ കോലത്തിലല്ലേ അവള് തെണ്ടാൻ പോണേ… അകത്ത് കേറി പൊടി….”
ആൻ്റിക്ക് ഒട്ടുമിഷ്ടമല്ല വീട്ടിലെ വസ്ത്രമിട്ട് അമ്മൂനെ ഫ്ലാറ്റിനു വെളിയിലേക്ക് വിടുന്നത്.. അതിൻ്റെ കൂടെ അങ്കിള് കോൾ എടുക്കാത്തതിൻ്റെ ദേഷ്യവും… കത്തി ജ്വലിക്കുകയാണ് ആൻ്റി… എളുപ്പം അണയുന്ന ലക്ഷണമില്ല…
ഞാനും അമ്മയും ഇത് തീർന്നില്ലേ എന്ന ഭാവത്തിലാണ്…
“ഇതിനെന്താ പ്രശ്നം… ഞാൻ പോകും…”
ഇട്ടിരിക്കുന്ന വസ്ത്രം ഒന്ന് സ്വയം വിലയിരുത്തിക്കൊണ്ട് അമ്മു തർക്കിച്ചു…
“ദേ… എൻ്റെന്ന് കിട്ടും നിനക്ക്… മര്യാദക്ക് പോയി ചോറ് വിളമ്പി വക്ക്… അവള് തുള്ളാൻ നിക്കുന്നു.. ഒരു ബോധോമില്ല… വെളിവുമില്ല….”
ആൻ്റി വീണ്ടും പഴയ ട്രാക്കിലേക്കായി… ഒന്നടങ്ങി വന്നതാ ഈ പെണ്ണായിട്ട് വീണ്ടും എരി കയറ്റി…
“മോളെ…അമ്മ പറയണ കേക്ക്… ഈ വേഷത്തില് പോണ്ട…”
അമ്മ കാര്യമായി തന്നെ അമ്മുവിനോട് പറഞ്ഞു…
കൺകണ്ട ദൈവം പറഞാൽ അനുസരിക്കാതിരിക്കാൻ പറ്റില്ലല്ലോ… അതുകൊണ്ട് ആൻ്റിയെ ഒന്ന് തുറിച്ച് നോക്കിയിട്ട് അമ്മു ചവിട്ടിത്തുള്ളി കിച്ചണിലേക്ക്…കൂട്ടത്തിൽ എന്നെയും നോക്കി.. എന്തോ വെച്ചിട്ടുണ്ടെന്ന ഭാവം…
ഞാൻ മെല്ലെ അവിടന്ന് ഒഴിവായി… ഇനിയെല്ലാം കൂടി ഇപ്പോഴാവോ തിരിച്ച് കിട്ടുക…
“ജിത്തൂ… ഡാ ഒന്നെളുപ്പം പോയിട്ട് വന്നേ…”
അത് കേട്ടതും ഞാനും സ്ഥലംവിട്ടു…
,………….,,,,,,,……..,…….,…,..
ഞങ്ങൾ എല്ലാവരും കൂടി ഊണ് കഴിക്കാനിരുന്നു.
എൻ്റെ ഇടതുവശത്ത് അമ്മുവും, എതിർവശത്ത് ആൻ്റിയും അമ്മയും. നന്ദുട്ടനാണെങ്കിൽ
എങ്ങനെയെങ്കിലും എൻ്റെ അടുത്ത് തന്നെ ഇരിക്കണം എന്ന വാശിയിൽ ടേബിളിൻ്റെ മൂലയിൽ ഒരു കസേര വലിച്ചിട്ട് സ്ഥാനം പിടിച്ചിട്ടുണ്ട്.
വരാൻ നേരം വൈകിയതുകൊണ്ട് ആൻ്റിയുടെ കയ്യിൽ നിന്ന് ലേശം കിട്ടിയിട്ടുണ്ട്. അതിൻ്റെ ബാക്കി ഇപ്പോഴും മുഖത്തുണ്ട്. ചുണ്ടൊക്കെ വീർപ്പിച്ച്, ആരോടും മിണ്ടാതെ, ചോറിൽ കറിയൊഴിച്ച് കുത്തിക്കുത്തി കഴിക്കുകയാണ്.
