“ഓ… അതൊന്നുല്ലട… നിൻ്റെ അങ്കിളിനു പണ്ടേയുള്ള സ്വഭാവമാ… എന്നിങ്ങനെയിട്ട് വട്ടുകളിപ്പിക്കുന്നത്…”
ആൻ്റി ചെറിയ നീരസത്തോടെ പറഞ്ഞുകൊണ്ട് മെല്ലെ എന്നെ നോക്കി ചിരിച്ചു…
“ഓഹോ… എന്നാ അതറിഞ്ഞിട്ട് തന്നെ കാര്യം… എൻ്റെ ആൻ്റിപ്പെണ്ണിന് നൊന്താൽ അങ്കിളാണെന്നൊന്നും ഞാൻ നോക്കില്ല… ഹാ….”
ഒരു വില്ലൻ സ്റ്റൈലിൽ പറഞ്ഞുകൊണ്ട് ഞാൻ നിവർന്നിരുന്നു… ഞാൻ നിവർന്നതും ഉറക്കപ്പീചിയിൽ ഇരുന്ന അമ്മു എന്നെ പിന്നോട്ട് വലിച്ചു ചിണുങ്ങി… ക്യാരക്ടർ മാറിയപ്പോ മേലേകിടന്ന സാധനത്തിനെ ഓർത്തില്ല…
“കളിയാക്കല്ലേ ജിത്തൂട്ടാ….”
ആൻ്റി ചിരിച്ചുകൊണ്ട് ചിണുങ്ങി…തനി അമ്മൂനെ പോലെ തന്നെ.. അമ്മുന് കുറച്ച് പ്രായം ചെന്നാലെങ്ങനെയിരിക്കും അതേപോലെ തന്നെയാ ആൻ്റിയും…
“അത്ശരി.. ഞാൻ സീരിയസാണ്… വേണേൽ നമുക്ക് കെട്ടിയോന് കൊട്ടേഷൻ കൊടുക്കാം….”
ഞാൻ ചിരിച്ചുകൊണ്ട് കണ്ണിറുക്കി.. അത് കേട്ടിട്ട് അമ്മുന് ചിരിവന്നു… അതെൻ്റെ തോളിൽ അറിയാം…
” ദേ… ചെക്കാ കിട്ടുമെൻ്റേന്നു…. ”
ആൻ്റി ചിരിച്ചുകൊണ്ട് എന്നെ തല്ലാൻ കയ്യോങ്ങി.. അമ്മയും ചിരിക്കുന്നുണ്ട്….
എത്രയൊക്കെ ആയാലും കെട്ടിയോനെ പറഞ്ഞാല് ഭാര്യമാർക്ക് പിടിക്കില്ലല്ലോ… അത് തന്നെ ഇവിടേം…
“എന്നാലെൻ്റെ
ആൻ്റിപ്പെണ്ണ് കാര്യം പറ…. എന്താ സംഭവം?”
ഞാൻ വീണ്ടുമൊരു ചിരിയോടെ തിരക്കി…
“എൻ്റെ ചേച്ചിടെ അമ്മായമ്മ വയ്യാതെ കിടക്കാൻ തുടങ്ങീട്ട് കുറച്ചായി.. ഞാനന്ന് മുതലേ ജയേട്ടനോട് പറയുന്നതാ ഒന്നവിടം പോയിട്ട് വരാന്ന്… എല്ലാ ഞാറാഴ്ചയും പോകാം പോകാന്ന് പറയും…
അവസാനം എന്തേലും പറഞ്ഞ് പിന്നത്തേക്ക് മാറ്റിവെക്കും… ഒറ്റക്ക് പോകാന്നു കരുതിയാ എന്നെ വിടെമില്ലാ… എല്ലാരും ഇടയ്ക്കിടയ്ക്ക് കാണാൻ ചെല്ലും… ഞാൻ മാത്രം അങ്ങോട്ട് കടന്നുചെന്നിട്ടില്ല… മോശല്ലേ ചെല്ലാതിരിക്കണത്…”
ആൻ്റി ഒറ്റശ്വാസത്തിൽ നീരസം പ്രകടിപ്പിച്ചു… ആ ന്യായമായ ആവശ്യത്തിന് മുന്നിൽ ഞാൻ തലയാട്ടി…
“എൻ്റെ വീട്ടാരുടെ കാര്യം വരുമ്പോ എപ്പഴും ഇങ്ങനാ… മാത്രല്ല ചേച്ചിയേം കണ്ടിട്ട് ഒത്തിരിയായി…”
ഉള്ളിലെ സങ്കടങ്ങളൊരൊന്നായി പുറത്ത് ചാടിയപ്പോ അതിനൊപ്പം ആൻ്റിയുടെ മുഖവും വാടി.
“ഒന്ന് ചുമ്മാതിരി പെണ്ണേ… ഞാമ്പറഞ്ഞില്ലേ… അവനൊന്നിങ് വന്നോട്ടെ…”
അമ്മ ആൻ്റിയെ തോളിലൂടെ ചേർത്ത് പിടിച്ചുകൊണ്ട് ആശ്വസിപ്പിച്ചു… എനിക്കും ചെറിയ വിഷമം തോന്നാതിരുന്നില്ല…
“ആൻ്റീ… ദേ… ഇന്ന് അങ്കിള് വരുമ്പോ എന്തേലും മുടക്ക് പറഞ്ഞാല്… ആൻ്റി പറയണ സ്ഥലത്തേക്ക് നാളെ ഞാൻ കൊണ്ടോവാം… പോരെ…”
ആൻ്റിക്കായി ഞാനൊരു ഓഫർ നീട്ടി…അമ്മയും അത് ശരിവച്ചു.. അന്നേരം ആൻ്റിയുടെ വിഷമിച്ചിരുന്ന മുഖം ഒന്നു തെളിഞ്ഞു… പക്ഷേ അമ്മു ഇതിനിടയിൽ പതിയെ തലപൊക്കി എന്നെ നോക്കുന്നുണ്ട്…
“വേണ്ട ജിത്തുട്ടാ… മറ്റെന്നാള് ഇൻ്റർവ്യൂം കാര്യങ്ങളൊക്കെ ഉള്ളതല്ലേ… മോനതൊരു ബുദ്ധിമുട്ടാവും… ”
എൻ്റെ ഓഫർ ആൻ്റി സ്നേഹപൂർവ്വം നിഷേധിച്ചുകൊണ്ട് എന്നെ നോക്കി… ആ നോട്ടത്തിൽ എന്നോടുള്ള വാത്സല്യവും സ്നേഹവും എല്ലാം കാണാം…
“ഓ പിന്നെ… അതൊന്നും സാരോല്യ… ഞാൻ കൊണ്ടോവാന്ന് പറഞ്ഞാ കൊണ്ടാവും…”
ഞാൻ തീർത്ത് പറഞ്ഞു…
“എന്നാ…. ഞാനും വരാം…”
അത്രയും നേരം ഉറക്കം നടിച്ച് മിണ്ടാതെ കിടന്ന അമ്മു പെട്ടെന്ന് ഞെട്ടി നേരെയിരുന്നുകൊണ്ട് പറഞ്ഞു…
അത് കേട്ട് ഞാനും അമ്മയും ആൻ്റിയും ഒരേപോലെ അവളെ നോക്കി… അമ്മ ചിരിക്കുന്നുണ്ട്… ആൻ്റി കടുപ്പിച്ച് ഒരു നോട്ടവും…
“ഓ വേണ്ട… എൻ്റെ മോളങ്ങനിപ്പോ എഴുന്നള്ളണ്ട…”
ആൻ്റി ഓൺ തി സ്പോട്ടിൽ അമ്മുൻ്റെ നേർക്ക് ചാടി… അമ്മു പെട്ടെന്ന് പതറുകയും ചെയ്തു.
“അതെന്താ ഞാൻ വന്നാല്…. എനിക്കവരെയൊന്നും കാണണ്ടേ… ഹേ… ”
മുഖത്ത് വന്ന പതറിച്ച മറച്ചുകൊണ്ട് അമ്മു ചിണുങ്ങി… ആൻ്റിയാണെൽ അമ്മുൻ്റെ വർത്താനം കേട്ടിട്ട് മുഖം ചുളിച്ചു…
