“ദേ… തുറന്നോട്ടാ… ഇല്ലേൽ എൻ്റെന്ന് കിട്ടുവേ….. ഹും ഏട്ടാ…”
അമ്മു വീണ്ടും കിടന്ന് ഒച്ചവെച്ചു…
“ഈ… ഹാ… ഹാ..ഹാ….ഹ….
ഞാൻ ഉച്ചത്തിൽ അവൾക്ക് കേൾക്കാനായി വാതിലിൻ്റെ അടുത്ത് നിന്ന് ഉറക്കെ ചിരിച്ചു…
“എടി പെണ്ണേ…. ഞാനങ്ങ് വന്നാലെൻ്റെ കയ്യീന്ന് ഇനീം മേടിക്കും നീ….”
അതിലും വലിയ ഒച്ചയിൽ അപ്പുറത്ത് നിന്ന് ആൻ്റിയും അലറി…
“ഞാൻ കാണിച്ച് തരാട്ടാ.. പട്ടി തെണ്ടി കൊരങ്ങാ… ഹും..”
അമ്മു ദേഷ്യൻകൊണ്ട് ഓരോന്ന് എന്നിപ്പെറുക്കി ഒരു കൊട്ടും കൂടി വാതിലിന് കൊടുത്തു…
“ബുഹഹഹാ…. പോടി…”
വീണ്ടും അട്ടഹസിച്ചുകൊണ്ട് ഞാനും തിരിച്ചടിച്ചു… മ്യായാവിയിലെ സ്രാങ്കിനെ പോലെ… തത്കാലം മുറിയുടെ സുരക്ഷ ഉള്ളതുകൊണ്ട് എന്തും പറയാം…
അവൾക്ക് ദേഷ്യമൊന്നുമില്ല… അതെനിക്ക് നല്ലോണം അറിയാം… ഞാനിങ്ങനെ കാണിക്കുന്നതൊക്കെ പണ്ടേ വല്യ ഇഷ്ടാണ് കക്ഷിക്ക്… പിന്നെ ദേഷ്യപ്പെട്ട് എന്നെ തിരിച്ച് എന്തെങ്കിലും ചെയ്ത് കെട്ടിപ്പിടിച്ച് മറയാനാണ് അതിലേറെ ഇഷ്ടം…
എനിക്കും അങ്ങനെ തന്നെ… ഇപ്പോ പിന്നെ
അതിലും കൂടുതലിഷ്ടാണെന്ന് പ്രത്യേകിച്ച് പറയണ്ടല്ലോ…
കുറച്ച് കഴിഞ്ഞ് വാതിൽ തുറന്ന് നോക്കിപ്പോ ആള് പോയിട്ടുണ്ട്.. ഇല്ലേൽ ആൻ്റിടെ കയ്യീന്ന് മേടിച്ച് കൂട്ടേണ്ടി വരും… പക്ഷേ ഉടനെ തന്നെ അവളൊരു തിരിച്ചുവരവ് നടത്തും…
എന്നെ കടിച്ച് കൊല്ലാൻ… എൻ്റെ പാവം യക്ഷി… അങ്ങനെ ഓരോന്ന് ആലോചിച്ച് ചുമ്മാ കിടന്നു….
പെട്ടെന്ന് ഫോണിൽ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ടു…. എടുത്ത് നോക്കിപ്പോ ബിബിയാണ്… നാളെ വൈകുന്നേരം കൂടാനാണ്…. വേറൊന്നോല്ല വീക്കെൻഡ് കൂടിക്കാഴ്ച തന്നെ… ചുമ്മാ ഞങൾ മൂന്നാളും ചായ അല്ലെങ്കിൽ എന്തേലും ഫുഡ് കഴിച്ചിട്ട് ഓരോന്ന് പറഞ്ഞിരിക്കും…
പഠിത്തം കഴിഞ്ഞതിന് ശേഷം ഇതൊക്കെയാണ് ഞങൾ ഒത്തുള്ള നിമിഷങ്ങൾ…. ഇടയ്ക്ക് അമ്മുനേം നന്ദൂനേയും കൊണ്ടോവാറുണ്ട്…
…………………….,……………….,……,……..
പിന്നീട് അമ്മു എന്നെ തിരക്കി വന്നെങ്കിലും എൻ്റെ അച്ഛൻപുള്ള ഉള്ളതുകൊണ്ട് കലിപ്പിച്ചുളള നോട്ടം മാത്രം തന്നിട്ട് ഒരു പാവത്തെപോലെ തിരിച്ചുപോയി… അച്ഛനുള്ളപ്പോ അമ്മു മാതൃകാ യുവതിയാണ്…
അവൾ ഊമയാണെന്ന് വരെ തോന്നും… അച്ഛൻ എന്തേലും ചോദിച്ചാൽ വളരെ ഭക്തി ബഹുമാനത്തോടെയാണ് സംസാരിക്കുക… ഇതിൻ്റെ ഒരു തരി പോലും ജയൻ അങ്കിളിനു അവൾ കൊടുത്തിട്ടില്ല എന്നതാണ് സാരം…
പുള്ളി അവളുടെ അടുത്ത കൂട്ടുകാരൻ എന്നപോലെയാണ്… അങ്കിളും അങ്ങനെ തന്നെ…
ഭക്ഷണം കഴിച്ചപ്പോൾ അച്ഛൻ്റെ വക സ്ഥിരം ചോദ്യങ്ങൾ ഉണ്ടായി… ഒപ്പം ഷോപ്പിനായുള്ള ബിൽഡിംഗ് പോയി നോക്കിയോ എന്ന ചോദ്യവും… അവിടെ പോയി നോക്കിയതും രഘു ചേട്ടനോട് ചർച്ച ചെയ്തതും ചുരുക്കി അങ്ങ് പറഞ്ഞു…
“മ്മ്… നീയധികം ഇതിലിടപെട്ട് നിൻ്റെ സമയം ചുമ്മാ കളയണ്ടാ…. അതൊക്കെ ഞാനും ജയനും കൂടി നോക്കിക്കോളാം…”
അൽപ്പം വെള്ളം കുടിച്ചിട്ട് പുള്ളി പറഞ്ഞു…
“ഏയ്… അത് സാരമില്ലച്ചാ…”
അൽപ്പം വിനയം കാട്ടി ഞാനും പറഞ്ഞു…
“വേണ്ടെടാ… ഇത് ഞങ്ങടെയൊരു നേരമ്പോക്കായി കണ്ടാമതി…. നിനക്ക് ഇൻ്റർവ്യൂം എക്സാമും വേറെം കാര്യങ്ങളൊക്കെ ഉള്ളതല്ലേ… അത് നല്ലപോലെ നടക്കട്ടെ…..”
എൻ്റെ ഭാവിയെ ഓർത്ത് ഒരുപദേശം പോലെ പറഞ്ഞു…
“ഓ… അത് ഞാൻ നോക്കുന്നുണ്ട്…”
ഞാൻ എളിമയോടെ മറുപടി കൊടുത്തു…
“ഹ്മ്… ശരി… ഞാൻ എഴുന്നേക്കുവാ…”
ഒന്ന് മുരണ്ട ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അച്ഛൻ എണീറ്റു…. അമ്മ നേരത്തെ കഴിച്ച് കഴിഞ്ഞ് ഞങ്ങടെ കഥയും കേട്ട് ഇരിക്കാണ്…
…………………..,,………..,..,……,…………
“അമ്മൂനെ നീയെന്തുട്ടാ ചെയ്തേ ജിത്തൂ….”
പാത്രം കഴുകി ഓരോന്ന് ഷെൽഫിൽ വയ്ക്കുന്നതിനിടെ അമ്മ ചോദിച്ചു…
കിച്ചണിൽ അമ്മേടെ അടുത്ത് നിന്ന് സംസാരിക്കാർന്ന് ഞാൻ… എല്ലാ ആൺമക്കളും പോലെ ഞാനും അമ്മയും പ്രത്യേകം കൂടുന്ന ടൈം ആണിത്… എന്തൊക്കെ നടന്നാലും ഈ പരിപാടി മുടങ്ങാറില്ല…
