എൻ്റെ വിശേഷങ്ങളും പ്രശ്നങ്ങളും അമ്മ അറിയുന്നത് ഈ പരിപാടിയിലാണ്…. ഇടക്ക് കൊച്ച് കൊച്ച് പിണക്കത്തിലും പരിഭവത്തിലും ആണ് തീരാറ്…
“ഞാനോ..?. എന്ത് ചെയ്തെന്ന്…?”
ഞാനൊന്നു സംശയിച്ചു… ഇനി ഈ പൊട്ടി പെണ്ണെങ്ങാനും എന്തേലും…? ഏയ് ഇല്ല…. അവളത്രക്ക് ബോധമില്ലാത്തവളല്ല…
“ആ… എനിക്കറിയില്ല… ഒരുമാതിരി പൊട്ടൻകടിച്ച പോലെയാ കൊച്ച് ഓരോന്ന് കാട്ടുന്നേ… നിതേം പറഞ്ഞു രണ്ടോസായിട്ട് എന്തോ പറ്റീണ്ടെന്ന്….”
അമ്മ സാരി തുമ്പുകൊണ്ട് കൈ തുടച്ചിട്ട് പറഞ്ഞ് മെല്ലെ ചിരിച്ചു…
ഈ പെണ്ണ് തുടക്കം തന്നെ മനുഷ്യനെ കുഴീല് ചാടിക്കും… ഞാൻ മനസ്സിൽ പറഞ്ഞു…
“ആ… എനിക്കറിയില്ലേ….”
ഒന്നുമറിയാത്ത പോലെ ഞാൻ കയ്യൊഴിഞ്ഞു…
“ഹ്മ്… ഉവ്വ… നേരത്തേം കണ്ടു…. കണ്ണും നിറച്ച് ചിരിച്ചോണ്ട് തുള്ളിചാടി പോകുന്നത്…”
ഞാൻ ചുമ്മാ ചിരിച്ചു നിന്നെയൊള്ളു… എന്തേലും മിണ്ടിയാൽ തൂക്കും…
“എന്താന്ന് ചോദിച്ചപ്പോ എനിക്കൊരു ഉമ്മയും തന്നു…. ഹഹ…”
അമ്മക്ക് വാത്സല്യം തുളുമ്പി… അല്ലേലും അറിയാല… അമ്മു എന്ന് പറയുമ്പോഴേക്കും അമ്മയുടെ വായിൽ തേൻ വരും…
“അമ്മേടെ മോളല്ലേ…. അപ്പൊ ലേശം പിരി ഇളകിയേണ്ടാവും… അതായിരിക്കും…”
അറിയാതെയൊരു തൂക്കിയ വർത്താനം എൻ്റെ വായിൽവന്നു…
“ഒന്ന് പോടാ ചെറുക്കാ… നിനക്ക് അസൂയയാ… എന്നെ ഭയങ്കരിഷ്ടാ എൻ്റെ മോൾക്ക്… അതാണ്…. അല്ലാണ്ട് നിന്നെപ്പോലല്ല….”
അമ്മ പൊരുവിളി തുടങ്ങി…
“ഓ… ശരി സമ്മതിച്ചു… നിങ്ങളൊരു അമ്മേം മോളും… ഞാൻ പോട്ടെ…”
ഫ്രിഡ്ജിൽ നിന്ന് ഒരു ആപ്പിള് എടുത്തുകൊണ്ട് ഞാൻ മെല്ലെ ഒഴിവാകാൻ നോക്കി….
“നീ വേഗമൊരണ്ണത്തിനെ കെട്ടിക്കൊണ്ട് വാടാ… അപ്പൊ എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും സൊന്തായിട്ടൊരു മോളെ കിട്ടുലോ…”
സ്ഥിരം ആക്കലോടെ അമ്മ തുടങ്ങി… എന്നിട്ട് ചുമ്മാ മുഖം ചുളിച്ചു…
അമ്മ പേടിക്കണ്ട… വൈകാതെ തന്നെ അമ്മേടെ അമ്മുക്കുട്ടി തന്നെ അമ്മേടെ മോളായിട്ട് വരും…അന്നേരം എന്നെ കൊള്ളാതിരുന്നാൽ മതി… ഞാൻ മനസ്സിൽ പറഞ്ഞു ചിരിച്ചു…
“ഉവ്വ… ഒരു മോളുള്ളത് തന്നെ സഹിക്കാൻ പറ്റണില്ല… പിന്നെയാ അടുത്തത്…”
അമ്മുനെ പറഞ്ഞ് ചുമ്മാ തട്ടി വിട്ടു… പിന്നെ മെല്ലെ അമ്മേടെ അടുത്ത് ചെന്നു….
“ഹ്മ്.. നിനക്ക് തമാശ… ഞാനെൻ്റെ വിഷമം ആരോടാ പറയാ…”
അമ്മ സെൻ്റിയായി… ഇടക്ക് എന്നെ കളിയാക്കും എന്നുള്ളത് ശരിയാ.. ഒരു മോളില്ലാത്തത് അമ്മക്ക് വലിയ വിഷമം ഒക്കെയുണ്ട്… പക്ഷേ ഇങ്ങനെ ഒരു സീരിയൽ സ്റ്റൈൽ സെൻ്റി ആദ്യമായിട്ടാണ്…
ഇത്രക്ക് കൊതിയുണ്ടോ ഒരു മരുമോളെ കിട്ടാൻ..ഞാൻ മനസ്സിൽ ഓർത്തു… അന്നേരം എന്തോ
എനിക്കും ചെറിയ സങ്കടായി…
“അയ്യേ… എൻ്റെ സുമക്കൊച്ച് കരഞ്ഞോ…. ശ്ശേ…”
അമ്മയെ വശത്ത് നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു…
“എൻ്റെ ജോലിയൊക്കെ റെഡിയായി ഞാനൊന്നു സെറ്റ് ആവട്ടെ. എന്നിട്ട് അമ്മക്ക് നല്ലൊരു മരുമോളെ തന്നെ തന്നേക്കാം… പോരെ…”
അമ്മക്ക് കവിളിൽ അമർത്തിയൊരു മുത്തം കൊടുത്തിട്ട് ഞാൻ പറഞ്ഞു….
“പോടാ… അവൻ്റെയൊരു ജോലി…. നീ സമ്പാദിച്ചിട്ട് വേണോലോ ഇവിടെ അരി വേവാൻ….”
എൻ്റെ കയ്യിൽ മെല്ലെ തല്ലിക്കൊണ്ട് അമ്മ ചിരിച്ചു…
“പിന്നെ എത്രയെന്ന് വെച്ചാ അമ്മേടെ കെട്ടിയോനെ ബുദ്ധിമുട്ടിക്കാ…. പ്രായായില്ലേ പുള്ളിക്ക്… ഹിഹി…”
ലേശം കാര്യായിട്ട് പറഞ്ഞ് തുടങ്ങി മെല്ലെ ചിരിച്ചുകൊണ്ട് അമ്മേനെ വിട്ടുമാറി.. ചിലപ്പോ വല്ലതും ചെയ്ത് കളയും…. അച്ഛനെ കളിയാക്കിയാൽ അമ്മ ഓണാവും…
“ഡാ ഡാ… വേണ്ടാട്ടോ…”
അമ്മേടെ സ്വരം മാറി… അച്ഛൻ ഇച്ചിരി പരുക്കൻ ആണെങ്കിലും രണ്ടാളും ഭയങ്കര അണ്ടർസ്റ്റാൻഡിങ് ആണ്…. അതുപോലെ തന്നെ തമ്മിലുള്ള കരുതലും സ്നേഹവും….
“എൻ്റെ സുമക്കുട്ടി… ഒരു നല്ല ജോലിയൊക്കെ ഉണ്ടെങ്കിലെ ആണുങ്ങൾക്ക് ഡിമാൻഡ് ഒള്ളു… അപ്പൊ അത് കഴിഞ്ഞു നമ്മക്ക് നോക്കാന്നെ…”
