മൈ ഡിയർ യക്ഷി – 6 3അടിപൊളി  

ആൻ്റി വീണ്ടും ഓരോന്നായി എണ്ണിപ്പെറുക്കാൻ തുടങ്ങി…

“ഒന്ന് മിണ്ടാതിരിക്കോ…. ഒരു നേരോം തലക്ക് സ്വൈര്യം തരേമില്ല… ഇങ്ങ….”

അവസാനം അമ്മു ദേഷ്യംകൊണ്ട് പിറുപിറുത്തു.. അമ്മ അവളെ നോക്കി എന്തോ കാണിച്ചു തലയനക്കിയാതെയൊള്ളു അന്നേരം പറഞ്ഞുവന്നത് ബാക്കി വിഴുങ്ങി അടങ്ങി ഇരുന്നു….

അമ്മയുടെ ഒരു നോട്ടം മതി അവൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ… അത്രക്ക് ബോണ്ടാണ് രണ്ടും…

എന്നാലിതെത്ര കണ്ടതാ എന്ന ഭാവത്തിൽ സ്വന്തം സന്തതിയെ നോക്കി ആൻ്റി ഒരു പുച്ഛം വിതറിയ ചിരിയങ് കൊടുത്തു..

“ജിത്തൂട്ടാ… ആ അച്ചാറിങ്ങെടുത്തേ…”

അൽപ്പ നേരത്തെ ഇടവേളക്ക് ശേഷം ആൻ്റി എൻ്റെടുത്തായി ഇരുന്ന അച്ചാറ് പാത്രം ചൂണ്ടിക്കൊണ്ട് പറഞ്ഞു…

“ആൻ്റീ… ഇന്ന് ഇവളെങ്ങാനും ആൻ്റിടെ കൂടെ കിച്ചണിൽ കേറിയായിരുന്നോ…?”

ഞാൻ അച്ചാർ എടുത്ത് ആൻ്റിക്ക് നീട്ടിക്കൊണ്ട് വളരെ കാര്യമായ ഭാവത്തിൽ ചോദിച്ചു.

അത് കേട്ടതും എല്ലാവരും ഒരേപോലെ എന്നെ നോക്കി.

അതിൽ ഏറ്റവും സംശയം അമ്മുവിനാണ്

“മ്മ്…?”

അച്ചാറ് വിളമ്പുന്നതിനിടെ ആൻ്റി എന്താന്നു മൂളി…

“ഏയ്…അല്ലാ.. ആൻ്റി വെച്ചുണ്ടാക്കുന്നത് കഴിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല… അതുകൊണ്ട് വേറാരെങ്കിലും അതുവഴി പോയൊന്നറിയാൻ ചോദിച്ചതാ…”

ഞാനത് മെപ്പോട്ട് നോക്കി പറഞ്ഞപ്പോൾ ആദ്യം അവർക്കങ് കത്തിയില്ല….

സെക്കൻഡുകൾക്ക് ശേഷം കുശുമ്പെടുത്ത മുഖവുമായി എന്നെ കലിപ്പിച്ച് നോക്കുന്ന അമ്മൂനെ കണ്ടതും അമ്മക്കും

ആൻ്റിക്കും ചിരി പൊട്ടി… അമ്മ വാ പൊത്തി ചിരിച്ചപ്പോ ആൻ്റിക്ക് ചിരിച്ചിട്ട് ശ്വാസം കിട്ടാത്ത പോലെ നെഞ്ചത്ത് കൈവെച്ച് ചിരിച്ചു…

“സ്.. ഹാ…”

അവരുടെ ചിരിക്കിടെ അൽപ്പം കഴിഞ്ഞപ്പോ എൻ്റെ തുടയിൽ യക്ഷി പിച്ചി വലിച്ചു… എന്നിട്ടെന്നെ നോക്കി ഇളിച്ചു… ആ മോന്ത കണ്ടാലറിയാം ശരിക്കും കൊണ്ടെന്ന്…

പക്ഷേ എന്തോ ഈ പിശാശിനെ ഇങ്ങനെ കാണുന്നതും എനിക്കൊത്തിരിയിഷ്ടാ…

“ഹ്… നിൻ്റൊരു കാര്യം…. അതോണ്ടല്ലേ ഇതിനെ ഞാനങ്ങോട്ട് അടുപ്പിക്കാത്തെ… ഹഹ..”

ആൻ്റി അമ്മൂനിട്ട് താങ്ങിക്കൊണ്ട് ചിരി തുടർന്നു…

“അന്നേരം എന്തെലും വെയ്ക്കാനൊരുങ്ങിയതാ… പിന്നെ നേരം പോയോണ്ട് ചേച്ചിയാ പറഞ്ഞേ ഇവിടുന്ന് കഴിക്കാന്നു…”

അല്പം നേരത്തെ ചിരിക്ക് ശേഷം ആൻ്റി അമ്മയെ നോക്കിക്കൊണ്ട് പറഞ്ഞു…..

“ആ… അപ്പൊ അതാണ്… ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…”

ഞാൻ കുറച്ച് കാര്യമായി ഭാവിച്ചുകൊണ്ട് പറഞ്ഞു… എൻ്റെ ഉള്ളിൽ ചിരിയാണ് എന്ന് ആൻ്റിക്കും അമ്മയ്ക്കും മനസ്സിലായി… പക്ഷേ ഞാൻ ഇനി ചിരിച്ചാൽ യക്ഷിടെ കയ്യീന്ന് മൊത്തം വാങ്ങേണ്ടി വരും…

പിന്നെയും ഓരോന്ന് പറഞ്ഞു ആൻ്റി ചിരി നിർത്താതെ തുടർന്നപ്പോ അവസാനം അമ്മു അമ്മക്ക് സിഗ്നൽ കൊടുത്തു… ആൻ്റിയില്ലെങ്കിൽ അവൾക്ക് ഇതൊന്നും വിഷയമല്ല…

പക്ഷേ ഞങൾ ആൻ്റിടെകൂടെ ഇരുന്ന് ചിരിച്ച് കളിയാക്കിയാൽ പെണ്ണിന് പെട്ടെന്ന് മൂച്ചാട്ട കേറും…

“മതി എൻ്റെമോളെ കളിയാക്കിയത്… വാചകടി നിർത്തി കഴിച്ചേ എല്ലാരും….”

പതിവുപോലെ അമ്മ ഇടപെട്ടു…

“ഹ്മ്… നിർത്തി…”

ഞാൻ മൂളിക്കൊണ്ട് കഴിപ്പ് തുടർന്നു…

……………………..,,,,,,,,,,,,,,…….……..…….

“ആൻ്റീ… അങ്കിളായിട്ടെന്താ വിഷയം… . നേരത്തെ അമ്മയോട് പറയുന്ന കേട്ടു…”

നേരത്തെ ആൻ്റിക്ക് ബാധയിളകിയതോർത്ത് ഞാൻ തിരക്കി..

ഊണിന് ശേഷം സോഫയിലിരുന്ന് ഉച്ചമയക്കത്തിലേക്ക് തയ്യാറെടുക്കുവാണ്

എല്ലാരും… അമ്മയും ആൻ്റിയും ഒരു സോഫയിലും അമ്മുവും നന്ദുട്ടനും ഞാനും ഇപ്പുറത്തെ സോഫയിലും.. L ഷേപ്പിലാണ് ഇരു സോഫയും കിടക്കുന്നത്.

നടുക്ക് ഒരു ഗ്ലാസ് ഇട്ട ടീപ്പോയും ഉണ്ട്… ടിവിയിൽ പഴയ മലയാള ഗാനങ്ങൾ ഓരോന്നായി പതിഞ്ഞ ശബ്ദത്തിൽ ഒഴുകുന്നു…

നന്ദുട്ടൻ നേരത്തെ എൻ്റെ ഫോണും കൊണ്ട് ഗസ്റ്റ് റൂമിലേക്ക് പോയി.. ഇപ്പോ അവിടന്ന് അനക്കമില്ല… ആളവിടെ കിടന്ന് ഉറങ്ങിയെന്ന് തോന്നുന്നു… അമ്മു എൻ്റെ ഇടത്ത് വശത്ത് എൻ്റെ കയ്യും പിടിച്ച് വെച്ച് പാതി മയക്കത്തിൽ എൻ്റെ തോളിൽ കിടപ്പുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *