തന്നെ നിശ്ചലമായതുപോലെ എല്ലാവരും മരവിച്ചുനിന്നു.
പെട്ടെന്ന്…
അവിടെ നിന്നിരുന്ന ഒരു വയോധിക ആകാശത്തിലേക്ക് ഒന്ന് നോക്കി. പിന്നെ ചങ്കുപൊട്ടി അലറിനിൽക്കുന്ന അഭിഷേകിലേക്ക് ദൃഷ്ടി തിരിച്ചു.
വിറയുന്ന കൈകൾ അവൾ നെഞ്ചിന് മുന്നിൽ കൂപ്പിപ്പിടിച്ചു.
വാർധക്യം തൊട്ട വരണ്ട ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
“ഭഗവാനേ…”
ആ ഒറ്റ വാക്ക് ആ മരണനിശ്ശബ്ദതയിൽ വ്യക്തമായി മുഴങ്ങി.
ഒരു നിമിഷം ചുറ്റുമുണ്ടായിരുന്നവർ അമ്പരപ്പോടെ ആ വയോധികയെ നോക്കി.
പിന്നെ, ഒരാളുടെ പിന്നാലെ മറ്റൊരാളായി, അവരും കൈകൾ കൂപ്പി അഭിഷേകിലേക്ക് നോക്കി നിന്നു. അവരുടെ മുഖങ്ങളിൽ ഭയവും വിസ്മയവും ഭക്തിയും ഒരുമിച്ച് കലർന്നിരുന്നു….
ആകാശം കരയുന്നതുപോലെ മഴത്തുള്ളികൾ പതിയെ ഭൂമിയിലേക്ക് വീഴാൻ തുടങ്ങി.
ആ തണുത്ത മഴത്തുള്ളികൾ അഭിയുടെ രക്തം പുരണ്ട ശരീരത്തിലേക്ക് പതിച്ചുകൊണ്ടിരുന്നു.
അവന്റെ അലർച്ച പതിയെ നേർത്തു… ഒടുവിൽ പൂർണമായും നിലച്ചു.
ശരീരത്തിലെ മുഴുവൻ ശക്തിയും വറ്റിപ്പോയതുപോലെ അഭിയുടെ മുട്ടുകൾ തളർന്നു.
അടുത്ത നിമിഷം…
അവൻ ബോധം നഷ്ടപ്പെട്ട് നിലത്തേക്ക് കുഴഞ്ഞുവീണു…
“അഭി…”
ഉള്ളിലെ ഭയമെല്ലാം മറന്ന് അശ്വതി അവന്റെ നേരെ ഓടിച്ചെന്നു.
നിലത്തുവീണുകിടന്ന അഭിയുടെ മുഖം അവൾ വിറയ്ക്കുന്ന കൈകളാൽ കോരിയെടുത്ത് തന്റെ മടിയിൽ ചേർത്തുവച്ചു.
“അഭി… കണ്ണുതുറക്ക്… അഭി…”
കരച്ചിലിൽ വാക്കുകൾ ഇടറിയെങ്കിലും അവൾ വീണ്ടും വീണ്ടും അവനെ വിളിച്ചുകൊണ്ടിരുന്നു.
കണ്ണുനീർ തുള്ളികൾ അവന്റെ മുഖത്തേക്ക് ഇറ്റുവീണു.
അപ്പോഴേക്കും ബാക്കിയുള്ളവരും ഓടിയെത്തി അവരെ ചുറ്റിനിന്നു.
ആരുടെയും മുഖത്ത് ആശ്വാസമുണ്ടായിരുന്നില്ല…
നിറഞ്ഞൊലിച്ച കണ്ണുകളുമായി അവർ അവനെ വിളിച്ചു കൊണ്ടേ ഇരുന്നു…
“മോനെ…അഭി കണ്ണു തുറക്കടാ…അമ്മേടെ പൊന്നേ… ഒന്ന് കണ്ണ് തുറക്കടാ… ഈശ്വര എൻറെ കുട്ടി…”
നെഞ്ചു പൊട്ടി സുനിത അവനെ കുലുക്കി വിളിച്ചു കൊണ്ടിരുന്നു…
എന്നാൽ അവന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല.
എത്ര വിളിച്ചിട്ടും ആ കൊട്ടിയടച്ച കണ്ണുകൾ തുറന്നില്ല. ഇമകൾ പോലും അനങ്ങിയില്ല.
പതിയെ അവന്റെ ശരീരത്തിലെ ചൂട് കുറഞ്ഞുതുടങ്ങി.
കൈകളിൽ തണുപ്പ് പടർന്നു. ആ തണുപ്പ് ഓരോ നിമിഷവും കൂടിക്കൊണ്ടിരുന്നു.
രാജീവൻ രണ്ടു കൈകളും കൊണ്ട് അവനെ കോരി എടുക്കാൻ ശ്രമിച്ചു…പക്ഷേ മകൻ്റെ ശരീരഭാരം ഒറ്റയ്ക്ക് ചുമക്കാൻ മാത്രം അദ്ദേഹത്തിന് ആരോഗ്യം ഉണ്ടായിരുന്നില്ല…
വീണ്ടും വീണ്ടും ശ്രമിച്ചിരുന്നു എങ്കിലും ഒരു ഫലവും ഉണ്ടായില്ല…
“ആരെങ്കിലും ഒന്നു ഓടി വരണേ…”
നിസ്സഹായനായ ചുറ്റും നോക്കി വിളിച്ചു… എന്നാൽ ആരും മുന്നോട്ടു വന്നില്ല… എല്ലാവരുടെയും മുഖത്ത് കുറച്ചു മുന്നേ കണ്ട കാഴ്ചകൾ മിന്നിമറഞ്ഞു അതിൻറെ ഭയത്തിൽ അവർ മടിച്ചു നിന്നു…
“പ്ലീസ്… ആരെങ്കിലും ഒന്ന് സഹായിക്കണേ…”
രാജീവൻ അവർക്കു നേരെ തിരിഞ്ഞ് കൈകൾ കൂപ്പി അപേക്ഷിച്ചു…കണ്ണുകൾ നിറഞ്ഞൊഴുകിയുള്ള ആ അച്ചൻ്റെ അഭേക്ഷ ഏതൊരാളുടെയും മനസ്സാലിയിപ്പിക്കുന്നതായിരുന്നു..
പെട്ടെന്ന് വിറച്ചു കൊണ്ടായിരുന്നു എങ്കിലും ആൾക്കൂട്ടത്തിനിടയിൽ നിന്ന് രണ്ടു ചെറുപ്പക്കാർ രാജീവൻറെ അടുത്തേക്ക് ഓടിയെത്തി…
എന്നിട്ട് അവർ
അഭിയുടെ ശരീരം നിലത്ത് നിന്നും ഉയർത്താൻ സഹായിച്ചു അപ്പോഴേക്കും അവർക്ക് സഹായമായി കുറച്ചുപേർ കൂടി അവിടേക്ക് എത്തിയിരുന്നു…
കൂട്ടത്തിൽ നിന്നും ഒരാളുടെ ജീപ്പിലേക്ക് അഭിയുടെ ബോധമില്ലാത്ത ശരീരം എടുത്തു കേറ്റി കിടത്തി…
തകർത്തു പെയ്യുന്ന മഴയിൽ ആ ജീപ്പ് അടുത്തുള്ള ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു മറഞ്ഞു പോകുന്നത് അവിടെ നിന്നവർ നോക്കിനിന്നു…
*************************************
ഇതേ സമയം മറ്റൊരിടത്ത്…
ഇരുട്ടിൽ കത്തി അമരുന്ന പച്ച ഇലകൾക്കിടയിൽ നിലത്ത് ചോര വാർന്നു കിടക്കുവാണ് ഭാസ്കരൻ….
ചുറ്റും സംഭവിക്കുന്നത് എന്താണ് എന്ന് അയാൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല…
