ആ വാക്കുകൾ കാറ്റിൽ അലിഞ്ഞുപോയെങ്കിലും, അതിന്റെ ഭാരം എന്റെ നെഞ്ചിൽ തറച്ചുനിന്നു.
“അവൻ അന്ന് ആ യുദ്ധഭൂമിയിൽ വീണിരുന്നില്ലെങ്കിൽ…”
അയാൾ ഒരു നിമിഷം ദൂരേക്ക് നോക്കി.
“…ഇന്നും സിമാറ അതിന്റെ പൂർണ പ്രൗഢിയോടെ നിലനിന്നേനെ.”
ആ വാക്കുകൾക്കുശേഷം വീണ്ടും നിശ്ശബ്ദത.
ഞാൻ കുറച്ചുനേരം അയാളെ തന്നെ നോക്കി നിന്നു.
പിന്നെ ഉള്ളിൽ കെട്ടിക്കിടന്ന ദേഷ്യം മുഴുവൻ പുറത്തുവന്നു.
“അതെ ചേട്ടാ… ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്?”
“നിങ്ങളൊക്കെ ആരാണ്? എന്തിനാണ് എന്നെ ഈ കാര്യങ്ങളിലൊക്കെ വലിച്ചിഴച്ച് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ?”
എന്റെ ശബ്ദത്തിൽ ദേഷ്യവും ആശയക്കുഴപ്പവും ഒരുപോലെ ഉണ്ടായിരുന്നു.
സത്യം പറഞ്ഞാൽ…
ഇതൊക്കെ
കണ്ടും കേട്ടും ഞാൻ മടുത്തിരുന്നു.
ഏതാണ് സ്വപ്നം… ഏതാണ് റിയാലിറ്റി…
ഒന്നും മനസ്സിലാകുന്നില്ല.
ഞാൻ മനസ്സിൽ തന്നെ പിറുപിറുത്തു.
അയാൾ ഒന്നും പറയാതെ എന്നെ തന്നെ നോക്കിനിന്നു.
അൽപനേരത്തിന് ശേഷം പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
“നിനക്ക് നിന്റെ ശക്തി എന്താണെന്ന് അറിയില്ല, മർത്യ…”
“നിന്റെ ഓരോ അശ്രദ്ധയും നിന്റെ ജീവനെ മാത്രമല്ല… അനേകരുടെ വിധിയെയും അപകടത്തിലാക്കും.”
ദൈവമേ… ഇങ്ങേർ വിടുന്ന ലക്ഷണമില്ലല്ലോ…
ഞാൻ ഉള്ളിൽ പറഞ്ഞു.
പിന്നെ കൈകൾ രണ്ടും മലർത്തിക്കൊണ്ട് ചിരിച്ചപോലെ പറഞ്ഞു.
“അതെ ബ്രോ… എനിക്ക് നിങ്ങളുടെ ഈ പഞ്ചായത്ത് നാടകം കണ്ടിരിക്കാനുള്ള ഒരു ഇന്ററസ്റ്റും ഇല്ല.”
“എനിക്ക് അവിടെ പോയി കുറച്ച് അത്യാവശ്യ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട്… ഞാൻ പോട്ടെ.”
അതും പറഞ്ഞ് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.
പക്ഷേ…
രണ്ട് ചുവടുപോലും വയ്ക്കാൻ കഴിഞ്ഞില്ല.
മിന്നൽവേഗത്തിൽ ആ രൂപം എന്റെ മുന്നിലെത്തി.
അടുത്ത നിമിഷം, ഞാൻ നിലത്തായിരുന്നു.
അയാൾ എന്റെ നെഞ്ചിൽ പിടിച്ച് താഴേക്ക് അമർത്തി. മുഖം എന്റെ മുഖത്തോട് തൊട്ടടുത്ത് നിർത്തി.
ആ നീലക്കണ്ണുകളിൽ ആദ്യമായി ഞാൻ ഭയം കണ്ടു.
എന്നെയല്ല…
മറ്റെന്തോ ഒന്നിനെ.
“എനിക്കധികം സമയമില്ല, മർത്യ…”
ഓരോ വാക്കും അയാൾ ഉറപ്പിച്ചുപറഞ്ഞു.
“ഓർക്കുക…”
“സിമാറയിൽ നശിച്ചുവീണ അറ്റ്ലസിന്റെ ഭാഗങ്ങൾ നിങ്ങളുടെ ലോകത്താണ് ചെന്നു പതിച്ചിരിക്കുന്നത്.”
“അത് കറുത്ത കരങ്ങളിൽ എത്തിയാൽ…”
ഒരു നിമിഷം അയാൾ നിശ്ശബ്ദനായി.
ശേഷം ഇടിമുഴക്കംപോലെ ശബ്ദം ഉയർന്നു.
“സിമാറയ്ക്ക് സംഭവിച്ച അതേ വിധി തന്നെ ആയിരിക്കും നിങ്ങളുടെ ലോകത്തിനും…!”
ആ ശബ്ദം എന്റെ ചെവികളിൽ ശക്തമായി മുഴങ്ങി.
ലോകം മുഴുവൻ കറങ്ങുന്നതുപോലെ തോന്നി.
ചെവികളിൽ അസഹ്യമായ മൂളൽ നിറഞ്ഞു.
വേദന സഹിക്കാനാവാതെ ഞാൻ കണ്ണുകൾ മുറുകെ അടച്ചു.
പതിയെ…
എല്ലാ ശബ്ദങ്ങളും അകന്നുപോയി…
ഞാൻ പതിയെ കണ്ണുകൾ തുറന്നു.
അവസാനമില്ലാതെ നീണ്ടുകിടന്ന ആ മരുഭൂമിയും, കാറ്റിൽ പാറിനടന്ന മണൽത്തരികളും എല്ലാം മാഞ്ഞുപോയിരുന്നു….
ഇടതുവശത്തെ ജനാലയിലൂടെ അകത്തേക്ക് പതിച്ച പ്രഭാതവെളിച്ചം എന്റെ കണ്ണുകളിൽ തട്ടി. ഇളംകാറ്റിൽ ജനാലയുടെ കർട്ടനുകൾ പതിയെ ആടിക്കൊണ്ടിരുന്നു.
ചുറ്റും നോക്കിയപ്പോഴാണ് ഞാൻ ഒരു വെളുത്ത നിറത്തിൽ പെയിന്റ് അടിച്ച ആശുപത്രിമുറിയിലാണെന്ന് മനസ്സിലായത്.
എന്റെ തൊട്ടരികിൽ ഗ്ലൂക്കോസ് കുപ്പി സ്റ്റാൻഡിൽ തൂങ്ങിയിരുന്നു. അതിൽ നിന്നിറങ്ങിയ ട്യൂബ് എന്റെ ഇടത് കൈയിലെ സിറിഞ്ചുമായി ബന്ധിപ്പിച്ചിരുന്നു.
എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ കുറച്ചുനേരം അങ്ങനെ കിടന്നു.
പിന്നെ നീല നിറമുള്ള കിടക്കയിൽ കൈകുത്തി പതിയെ എഴുന്നേറ്റിരുന്നു.
ശരീരമാകെ തളർന്നിരുന്നു. ഓരോ ചലനത്തിനും അസാധാരണമായ ക്ഷീണം അനുഭവപ്പെട്ടു.
ഞാൻ ഉടുത്തിരുന്ന ആ നീല ഡ്രെസ്സിന്റെ ഷർട്ട് ഒന്ന് പൊക്കി നോക്കി… കുത്തു കൊണ്ട ഭാഗം…പക്ഷെ അവിടെ ഒരു കോപ്പും ഉണ്ടായിരുന്നില്ല….
ഒരു പാട് പോലും…
അപ്പോഴാണ്…
മുറിയുടെ വാതിൽ പതിയെ തുറന്നത്.
ഒരു നഴ്‌സ്
അകത്തേക്ക് കയറി വന്നു.
റോസ് നിറത്തിലുള്ള യൂണിഫോം ധരിച്ചിരുന്ന ആ സ്ത്രീയുടെ മുഖം എന്റെ നേരെ തിരിഞ്ഞ നിമിഷം തന്നെ അവർ അവിടെ നിശ്ചലമായി.
