കണ്ണുകൾ വിടർന്നു.
മുഖത്ത് അവിശ്വാസം നിറഞ്ഞു.
ഞാൻ അമ്പരന്ന് അവരെ തന്നെ നോക്കി.
ഇവരെന്താ ഇങ്ങനെ നോക്കുന്നേ…..?
ആലോചിച്ച് തീരുന്നതിന് മുമ്പേ, അവരുടെ കൈയിലുണ്ടായിരുന്ന ട്രേ കൈവിട്ട് നിലത്തുവീണു.
ടണാർ…!
ആ ശബ്ദം മുറിയാകെ മുഴങ്ങി.
അടുത്ത നിമിഷം അവർ തിരിഞ്ഞോടി.
“ഡോക്ടർ…! ഡോക്ടർ…!”
ഇടനാഴിയിലൂടെ ഓടിക്കൊണ്ടുള്ള അവരുടെ ഭയവും ആവേശവും കലർന്ന അലർച്ച എന്റെ ചെവിയിൽ വ്യക്തമായി പതിച്ചു.
ഞാനാകട്ടെ…
ഒന്നും മനസ്സിലാകാതെ, അന്തംവിട്ട് അവിടെ തന്നെ ഇരുന്നു…
കുറച്ചുനേരം കഴിഞ്ഞപ്പോൾ മുറിയുടെ വാതിൽ വീണ്ടും തുറന്നു.
അകത്തേക്ക് പ്രായം ചെന്ന ഒരാൾ നടന്നു വന്നു.
നീല നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമായിരുന്നു വേഷം. ഷർട്ട് ഭംഗിയായി പാന്റിനുള്ളിലേക്ക് ഇൻ ചെയ്തിരുന്നു.
നെറ്റിയുടെ മുൻഭാഗത്ത് മുടി കൊഴിഞ്ഞ് കഷണ്ടി തുടങ്ങിക്കഴിഞ്ഞിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണട മുഖത്ത് കിടന്നു. കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പും തൂങ്ങിയിരുന്നു.
ഓഹ്… അപ്പോ ഡോക്ടറാണല്ലേ.
അദ്ദേഹത്തിന്റെ പിന്നാലെ കുറച്ചുമുമ്പ് എന്നെ കണ്ട് ഞെട്ടി ഓടിപ്പോയ അതേ നഴ്‌സും അകത്തേക്ക് വന്നു. ഇപ്പോഴും അവളുടെ കണ്ണുകൾ എന്നിൽ നിന്നു മാറുന്നുണ്ടായിരുന്നില്ല.
ഡോക്ടർ വാതിൽ പതിയെ അടച്ച ശേഷം നേരെ എന്റെ അടുത്തേക്ക് നടന്നു വന്നു.
എന്നെ ഒന്ന് സൂക്ഷിച്ചുനോക്കിയ ശേഷം, ചെറുപുഞ്ചിരിയോടെ ചോദിച്ചു.
“Sir… Are you okay?”
വളരെ താഴ്ന്ന സ്വരത്തിൽ, എന്നോട് അസാധാരണമായ ബഹുമാനം പ്രകടിപ്പിച്ചുകൊണ്ടാണ് അയാൾ അത് ചോദിച്ചത്.
ഒരു നിമിഷം ഞാൻ അയാളുടെ മുഖത്തേക്ക് തന്നെ അമ്പരന്ന് നോക്കി.
സാറോ…? ഞാനോ…?
ഇങ്ങേർ എന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ച് നിൽക്കുന്നത്…?
അയാളുടെ മുഖത്ത് ചെറിയൊരു പരിഭ്രമം വ്യക്തമായിരുന്നു. ഞാൻ എന്ത് മറുപടി പറയുമെന്നറിയാൻ കാത്തുനിൽക്കുന്നതുപോലെ തോന്നി.
വീണ്ടും ഒന്ന് മടിച്ച ശേഷം അദ്ദേഹം ചോദിച്ചു.
“സാറിന് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ…? എന്തെങ്കിലും അസ്വസ്ഥത…?”
എന്റെ അന്തംവിട്ട നോട്ടം കണ്ടതും അങ്ങേര് വീണ്ടും ചോദിച്ചു.
“സാർ…? എല്ലാം ഒക്കെയല്ലേ…?”
ഞാൻ ഒന്ന് ചുമച്ച് തൊണ്ട ശരിപ്പെടുത്തി.
“എ… എനിക്ക് കുഴപ്പമൊന്നുമില്ല…”
ഡോക്ടറുടെ ടെൻഷൻ കയറി നിൽക്കുന്ന മുഖത്തേക്ക് നോക്കിക്കൊണ്ട് ഞാൻ മറുപടി നൽകി.
അത് കേട്ടതും ആൾക്ക് മുഖത്ത് ഒരു ആശ്വാസം വിരിഞ്ഞു. നെഞ്ചിലുണ്ടായിരുന്ന വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെ അയാൾ പതിയെ ശ്വാസം വിട്ടു.
പിന്നെ എന്റെ അടുത്തേക്ക് വന്ന് പതിവ് പരിശോധനകൾ നടത്താൻ തുടങ്ങി.
കണ്ണുകൾ പരിശോധിച്ചു.
നാഡിയിടിപ്പ് നോക്കി.
സ്റ്റെതസ്കോപ്പ് നെഞ്ചിൽ വെച്ച് ശ്വാസോച്ഛ്വാസം ശ്രദ്ധിച്ചു.
എല്ലാം കഴിഞ്ഞ ശേഷം അങ്ങേര് ചെറുപുഞ്ചിരിയോടെ തലയാട്ടി.
“കുഴപ്പമൊന്നുമില്ല, സാർ. കുറച്ച് ദിവസം നന്നായി വിശ്രമിച്ചാൽ മതി.”
അതിനുശേഷം തൊട്ടരികിൽ നിന്നിരുന്ന
നഴ്‌സിനെ ചൂണ്ടിക്കാട്ടി പറഞ്ഞു.
“എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സാർ മീരയെ വിളിച്ചാൽ മതി. ഇവർ ഇവിടെ തന്നെ ഉണ്ടായിരിക്കും.”
അപ്പോഴാണ് എന്റെ ശ്രദ്ധ ആദ്യമായി ആ നഴ്‌സിലേക്ക് തിരിഞ്ഞത്
ഡോക്ടറുടെ വാക്കുകൾ കേട്ടതും നഴ്‌സ് ഒന്ന് പതറി.
അവൾ പെട്ടെന്ന് ഡോക്ടറുടെ മുഖത്തേക്ക് നോക്കി, കണ്ണുകൾകൊണ്ടും ചെറിയ മുഖഭാവങ്ങൾകൊണ്ടും എന്തൊക്കയോ പറയാൻ ശ്രമിച്ചു.
ആ ചുമതല ഏറ്റെടുക്കാൻ അവൾക്ക് തീരെ താൽപര്യമില്ലെന്ന് ആ മുഖം കണ്ടാൽ തന്നെ മനസ്സിലാകുമായിരുന്നു.
ആ കാഴ്ച കണ്ട ഞാൻ നെറ്റി ചുളിച്ചു.
“എന്തെങ്കിലും പ്രശ്നമുണ്ടോ…?”
എന്റെ ചോദ്യം കേട്ടതും ഇരുവരും ഒരുപോലെ ഒന്ന് ഞെട്ടി എന്നെ തിരിഞ്ഞുനോക്കി.
ഡോക്ടർ പെട്ടെന്ന് ഒരു മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു.
“നോ… നോ… ഒരു പ്രശ്നവും ഇല്ല, സാർ.”
“സാർ ആദ്യം നന്നായി റസ്റ്റ് എടുക്കൂ. ഞാൻ മാഡത്തിനെ ഒന്ന് വിവരമറിയിച്ചിട്ട് വരാം.”
അതും പറഞ്ഞ് ആള് നഴ്‌സിനെ ഒന്ന് നോക്കി.
