കത്തിയമരുന്ന സൂര്യന്റെ ചൂടിൽ മണൽപ്പരപ്പുകൾ വിറച്ചുലഞ്ഞു. ചൂടുകാറ്റ് മുഖത്തേക്ക് അടിച്ചുകയറി.
ചുറ്റും നോക്കി…
ജീവന്റെ ഒരു സൂചന പോലും അവിടെയുണ്ടായിരുന്നില്ല.
“നമ്മൾ… തോറ്റുപോയി, ഇന്ദ്ര…”
വേദനയും നിസ്സഹായതയും നിറഞ്ഞ ആ ശബ്ദം എന്റെ പിന്നിൽ നിന്ന് ഉയർന്നു.
ഞാൻ പെട്ടെന്ന് തിരിഞ്ഞുനോക്കി.
അപ്പോഴാണ്…
ഇത്രയും നേരം എന്റെ കണ്ണിൽപ്പെടാതിരുന്ന ഒരു വലിയ പാറയുടെ ചുവട്ടിൽ ഒരാൾ ചാരിക്കിടക്കുന്നത് ഞാൻ കണ്ടത്.
അയാളുടെ ശരീരം മുഴുവൻ ആഴമേറിയ മുറിവുകളാൽ നിറഞ്ഞിരുന്നു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരുന്നു. ഓരോ ശ്വാസവും അവസാന പോരാട്ടം പോലെ നെഞ്ചിൽ നിന്ന് പുറത്തുവന്നു.
ജീവന്റെ അവസാന തുടിപ്പുകളിൽ അയാൾ തളർന്നുകിടക്കുകയായിരുന്നു.
ആ മുഖം വ്യക്തമായ നിമിഷം എന്റെ ഹൃദയം ഒന്ന് നിശ്ചലമായി.
അത് മറ്റാരുമല്ല…
ഇത്രകാലമായി എന്റെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന, ആ രക്തച്ചുവപ്പ് കണ്ണുകളുള്ള മനുഷ്യൻ.
അയാളുടെ തൊട്ടരികിൽ മറ്റൊരാൾ മുട്ടുകുത്തി ഇരുന്ന്, അവനെ വീഴാതിരിക്കാൻ വേണ്ടി താങ്ങിപ്പിടിച്ചുനിന്നു.
വിറയുന്ന ശബ്ദത്തിൽ അയാൾ വീണ്ടും പറഞ്ഞു.
“സിമാറയെ… നമുക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല…”
ആ വാക്കുകളിൽ നിരാശ മാത്രമായിരുന്നില്ല.
ജീവിതകാലം മുഴുവൻ ചുമന്ന ഒരു ദൗത്യം കൈവിട്ടുപോയ യോദ്ധാവിന്റെ തകർന്ന ഹൃദയവും അതിലുണ്ടായിരുന്നു.
ഞാൻ ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു.
മനസ്സിൽ ചോദ്യങ്ങൾ ഒന്നിന് പിന്നാലെ
ഒന്നായി ഉയർന്നുവന്ന കൊണ്ടേ ഇരുന്നു…
“ആരാ… ഇവരൊക്കെ…?”
ഒന്നും മനസ്സിലാകാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു.
അപ്പോഴാണ് മുറിവേറ്റ് കിടന്നിരുന്ന ആ മനുഷ്യൻ വീണ്ടും സംസാരിക്കാൻ ശ്രമിച്ചത്.
“ഒരു കാരണവശാലും…”
“ആഹ്…”
വേദന ശരീരം മുഴുവൻ കീറിമുറിക്കുന്നതുപോലെ അയാൾ ഒന്ന് ഞരങ്ങി. ശ്വാസം നേരെയാക്കാൻ ഒരു നിമിഷം പാടുപെട്ട ശേഷം വീണ്ടും വിറയുന്ന ശബ്ദത്തിൽ പറഞ്ഞു.
“ഗറോഡിനെ… ആ തടങ്കലിൽ നിന്ന് ഒരിക്കലും പുറത്തുവരാൻ… അനുവദിക്കരുത്…”
ഓരോ വാക്കും പറയാൻ പോലും അയാൾക്ക് അത്യന്തം പ്രയാസമായിരുന്നു.
അയാൾ വിറയ്ക്കുന്ന കൈ പതിയെ അരികിലേക്ക് നീട്ടി.
അവിടെ കിടന്നിരുന്ന ത്രികോണാകൃതിയിലുള്ള ഒരു വിചിത്ര വസ്തു എടുത്ത്, മുട്ടുകുത്തിനിന്ന ആളുടെ നേരെ നീട്ടി.
ആ വസ്തുവിൽ നിന്ന് അസ്വാഭാവികമായ ഒരു പ്രകാശം പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
അത് കണ്ട നിമിഷം എന്റെ കണ്ണുകൾ അറിയാതെ അതിലുടക്കി.
“ഇത്… നശിപ്പിച്ചുകളഞ്ഞേക്ക്…”
“ഒരിക്കലും… അവന്റെ കൈകളിൽ ഇത് എത്തരുത്…”
വളരെ നേർത്ത, ജീവൻ അസ്തമിക്കുന്ന ശബ്ദത്തിലായിരുന്നു ആ വാക്കുകൾ.
അടുത്ത നിമിഷം…
കാറ്റ് ശക്തിയായി വീശിയടിച്ചു.
മണൽത്തരികൾ ചുഴലിപോലെ ഉയർന്ന് ആ കാഴ്ചയെ മുഴുവൻ വിഴുങ്ങിത്തുടങ്ങി.
കുറച്ച് നിമിഷങ്ങൾക്കുള്ളിൽ അവരുടെ രൂപങ്ങൾ മങ്ങിമറഞ്ഞു…
അവസാനം, ആ മരുഭൂമിയിൽ ബാക്കിയായത് പറന്നുനടക്കുന്ന മണൽത്തരികൾ മാത്രം.
“തന്റെ ലോകത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും ബലിയർപ്പിച്ച യോദ്ധാവായിരുന്നു അവൻ…”
പിന്നിൽ നിന്ന് മുഴങ്ങിയ ഗംഭീരമായ ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞുനോക്കി.
അവിടെ…
എന്റെ സ്വപ്നങ്ങളിൽ ഓരോ തവണയും പ്രത്യക്ഷപ്പെട്ട് എന്നോട് സംസാരിക്കാറുള്ള, നീലക്കണ്ണുകളുള്ള ആ പടച്ചട്ടയണിഞ്ഞ യോദ്ധാവ് നിന്നിരുന്നു.
അവന്റെ മുഖം പതിവുപോലെ ശാന്തമായിരുന്നെങ്കിലും, കണ്ണുകളിൽ പറഞ്ഞറിയിക്കാനാകാത്ത ഒരു ദുഃഖം നിറഞ്ഞിരുന്നു.
അവൻ പതിയെ എന്റെ നേരെ നടന്നു.
ഓരോ ചുവടും മരുഭൂമിയുടെ നിശ്ശബ്ദതയിൽ വ്യക്തമായി മുഴങ്ങി.
“പക്ഷേ…”
അവൻ ഒരു നിമിഷം നിശ്ശബ്ദനായി.
“വിധി അവന് അനുകൂലമായിരുന്നില്ല.”
വളരെ താഴ്ന്ന ശബ്ദത്തിൽ അത്ര മാത്രം പറഞ്ഞു.
ശേഷം എന്റെ കണ്ണുകളിലേക്ക് നേരെ നോക്കിക്കൊണ്ട് തുടർന്നു.
“സ്വന്തം സഹോദരനാണെന്ന് വിശ്വസിച്ചിരുന്ന… തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വഞ്ചനയിലാണ് അവൻ വീണത്.”
