കൈയ്യും ,മുഖവും ,പേശിയെല്ലാം അമ്മയെ ആലോചിച്ചു ആകെ മുറുകി. ദേഷ്യം
ആകെ കേറി. പറമ്പിൽ കുഴിയെടുക്കാൻ പറ്റില്ലാന്ന് അങ്ങു പറഞ്ഞു പോയാ അത് കേട്ട് മിണ്ടാതെ കുനിഞ്ഞു നിൽക്കാൻ ആളുണ്ടാവും!
നിലക്കൽ തറവാട്ടിലെ ശ്രീദേവിയുടെ മകനാണ് ഞാൻ. എനിക്കാരെയും പേടിക്കേണ്ട കാര്യമില്ല!എനിക്കുമുണ്ട് ചിലതു ചെയ്യാൻ!!!
“സെന്തിലേ….” മുന്നിലേക്ക് വന്നു ഞാൻ അവനെ വേഗം വിളിച്ചു. ഇത്തിരി ഒച്ചയുണ്ടായിയുന്നു. ഉള്ളിൽ വല്ലാത്ത ധൈര്യവും. എന്റെ ഒച്ചകേട്ട് എല്ലരും തിരിഞ്ഞെന്നെ നോക്കി.
“ഇവിടെ അടക്കം ചെയ്യാൻ പറ്റില്ലാന്ന് പറഞ്ഞ അങ്ങു നോക്കി നിക്കാ..അങ്ങനെ പറഞ്ഞത് ആരായാലും പോവാൻ പറയണം! ആ പറഞ്ഞ സ്ത്രീയുടെ മോനാ ഞാൻ..ഒരു പേടിയും പേടിക്കണ്ടാ..നിങ്ങൾക്ക് എവിടെയാ കുഴിക്കേണ്ടെന്ന് വെച്ച അവിടെ ചെയ്യാ!!..മനസിലായോ….”
ഒച്ച വല്ലാതെ കനത്തിരുന്നു.എല്ലാരുടെ മുഖത്തും അങ്കലാപ്പും പേടിയും എല്ലാം കടന്നു പോയി. വെറുപ്പോടെ നോക്കിയ നസീമത്തയും ഹിബയും വാ പൊത്തിയെന്നെ വിടർന്ന കണ്ണോടെ നോക്കുന്നത് ഇടയിൽ ഞാൻ കണ്ടു.
പക്ഷെ കുഴിയെടുക്കാൻ വന്നവർ എന്നിട്ടും തല താഴ്ത്തി നിന്നു. ഈ ഉറപ്പൊന്നും അവർക്ക് മതിയാവാത്ത പോലെ! ഞാൻ അവരുടെ അടുത്തേക്ക് പെട്ടന്ന് ചെന്നു.
“ചേട്ടാ ഞാനാ പറയുന്നേ…നിങ്ങൾക്ക് ഒരു പ്രശ്നവും വരാതെ ഞാൻ നോക്കിക്കോളാം..ആ കിടക്കുന്നത് എന്റെ കൂടെ അച്ഛനാ..അത്രേം വേഷമള്ളോണ്ട. .സമയം പോവാ ചെല്ല്.
ആ കുട്ടീടെ കരച്ചിൽ കാണുന്നില്ലേ ” അവരൊന്നു ചെയ്യാൻ വേണ്ടി കാലു പിടിക്കുന്ന പോലെയാ ഞാൻ പറഞ്ഞത്. എന്നിട്ടും അവരുടെ മുഖം മെല്ലെയൊന്ന് പൊന്തിയത് മാത്രമേയുള്ളൂ..അമ്മയോടുള്ള അടങ്ങാത്ത പേടി എല്ലാവരിലും ഞാൻ കണ്ടു.പ്രാന്ത് കേറി.
“നിങ്ങൾ ചെയ്തില്ലേൽ ഞാൻ കേറി ചെയ്യുട്ടോ….” കരച്ചിൽ വന്നോണ്ട്..ഒരു ചിരിയായി അത് പറയാനേ എനിക്ക് കഴിഞ്ഞുള്ളു. എത്ര പറഞ്ഞാലും കാലു പിടിച്ചാലും അവർ ഇനി വരുമെന്ന് തോന്നുന്നില്ല.
ഞങ്ങളെ വിട്ടേക്ക് മോനേന്നുള്ള ദയനീയമായ നോട്ടം എത്ര നേരം ഞാൻ നോക്കി നിക്കും.
ആർക്കും പറ്റീല്ലേൽ ഒറ്റക്ക് ചെയ്യണം! അമ്മ ചെയ്ത് കൂട്ടിയതിനുള്ള പരിഹാരം ആയിക്കോട്ടെ…സൈഡിൽ മാറ്റിവെച്ച പിക്കാസും
കൈക്കോട്ടും മൺ കൊട്ടയും..ഞാൻ എടുക്കാൻ പോയി.എല്ലരും കാഴ്ചക്കാരെ പോലെ നോക്കി നിൽക്കുന്നു. ചെലപ്പോ എല്ലാർക്കും ഞാനൊരു പ്രാന്തനായി തോന്നുന്നുണ്ടാവും.
കയ്യിൽ കിട്ടിയത് എടുത്തു ഞാൻ സെന്തിലിന്റെ മുന്നിൽ നിന്നു.
“ആർക്കും പറ്റൂല്ലേൽ വേണ്ടടാ..നമുക്ക് ചെയ്യാ..നമ്മുടെ വൈഷ്ണവിയല്ലേ…?…” വിഷമത്തോടെ ഞാൻ അവനോട് പറഞ്ഞു. പെട്ടന്ന് അവന്റെ തല മെല്ലെ താഴ്ന്നു.അവനൊന്നും പറയുന്നില്ല കുഴി എടുക്കാൻ അവനും പേടിയോ?
അമ്മയോടുള്ള പേടി അവന്റെ മുഖത്തും ഞാൻ കണ്ടു.
തോറ്റു പോയി. എല്ലാരെ മുന്നിലുംഎന്റമ്മയെന്നെ തോൽപ്പിച്ചു കളഞ്ഞു. ഉറ്റ കൂട്ടുകാരനും,സ്നേഹവും ശരീരവും തന്ന് കൊതിപ്പിച്ച പെണ്ണുങ്ങളും സ്നേഹത്തോടെ നോക്കിയ നാട്ടുകാരും എല്ലാരും എന്നെ ഒറ്റക്കാക്കി.
ആരും സഹായത്തിനില്ല.കരയാൻ തോന്നിയില്ല. തൊണ്ടയിൽ പിടിച്ചു ഞെക്കിയ വേദന തോന്നി.
“എവിടെയാന്ന് പറഞ്ഞാ മതി.ഞാനൊറ്റക്ക് ചെയ്തോളാം…..” സെന്തിലിനെ നോക്കാതെ ഞാൻ പറഞ്ഞു. അവൻ പറമ്പിലേക്ക് വിരൽ നീട്ടി ഒരു സ്ഥലം കാണിച്ചു തന്നു . മതിയായിരുന്നു നിറഞ്ഞ കണ്ണോടെ ഞാൻ നടന്നു.
ആ അച്ഛന് കിടക്കാനൊരു കുഴി വേണം അത്രേം എനിക്ക് അറിയായിരുന്നുള്ളൂ..കിട്ടിയത് എല്ലാം വെച്ച് ഞാൻ ആഞ്ഞു മണ്ണിൽ കൊത്തി. കുറേ മണ്ണ് കോരി…വിങ്ങിപ്പൊട്ടുന്ന വിഷമവും വേദനയും കൊണ്ട് കണ്ണു നിറഞ്ഞു ഒഴുകായിരുന്നു.
അമ്മയോടുള്ള ദേഷ്യം വാശിയായി വരുമ്പോ കയ്യിലെ പിക്കാസ് ആഞ്ഞു മണ്ണിൽ പതിഞ്ഞു.
വല്ലാതെ കിതച്ചു പോയി.ശ്വാസം പൊട്ടുന്ന പോലെ. എത്ര കൊത്തിയിട്ടും മണ്ണങ്ങു തീരുന്നില്ല.എന്നാലും ഞാൻ ആഞ്ഞു കൊത്തിക്കൊണ്ടിരുന്നു. വാശിയായിരുന്നു വാശിമാത്രമായി.
