ലോഗിൻ ചെയ്ത് കയറിയപ്പോൾ തന്നെ ശിവയുടെ ഫോണിൽ നിന്നും നേരിട്ട് അവൾക്ക് കാൾ വന്നു
‘ താൻ താഴെ ഉണ്ട് എന്നറിയിച്ചു ‘
അവൾ സൈഡ് ബാഗും ലാപ്ടോപ്പും എടുത്ത് താഴേക്ക് തിരിച്ചു.
ഓഫീസിന്റെ ഒരുവശത്തായി നിർത്തിയിട്ടിരിക്കുന്ന കാറിലേക്ക് വന്നതും ഡ്രൈവർ സീറ്റിൽ ശിവ മാത്രമാണ് ഉണ്ടായിരുന്നത്.
അവൾ സംശയത്തോടെ കാറിന്റെ ഉൾ വശത്തേക്ക് നോക്കി.. ഒന്നുകൂടി ആലോചിച്ച ശേഷം മുന്നിലെ പാസഞ്ചർ സീറ്റിലേക്ക് കയറിയിരുന്നു.
” പി എ ഇന്ന് ലീവ് ചോദിച്ചിരുന്നു പിന്നെ രാവിലെ മുതൽ ഭഗത്തിന് ചെറിയ സുഖമില്ല. ജോലി മുടങ്ങാൻ പാടില്ലല്ലോ.. അതുകൊണ്ട് ഞാൻ തന്നെ ഇങ്ങ് പോന്നു..!! എന്താ എൻറെ കൂടെ വരാൻ മടിയുണ്ടോ ?? ”
ശിവ ഡ്രൈവിങ് സീറ്റിൽ ഇരുന്ന് കൊണ്ട് അവളോട് കാഷ്വൽ ആയി സംസാരിച്ചു.
” ഇല്ല ശിവ…!! നമുക്ക് പൊകാം ”
കഴിഞ്ഞ ദിവസങ്ങളിലെ അവന്റെ നീറ്റ് ആയ പെരുമാറ്റം അവൾക്ക് ശിവയോട് ഉള്ള ഭയം പരിധി വരെ അകറ്റിയിരുന്നു.
വണ്ടി അവരെയും കൊണ്ട് മുന്നോട്ട് ഓടി കൊണ്ടിരുന്നു.. പതിവിന് വിപരീതമായി ശിവ സിൽക്ക് ബോർഡിൽ കൂടിയാണ് പോകാൻ തീരുമാനിച്ചത്.
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും സിൽക്ക് ബോർഡിലേക്ക് എത്തി അവിടെനിന്നും അഗാര- അപാർട്മെന്റ് വഴി ചുറ്റിവളഞ്ഞു പോകുന്നത് എന്തിനാണ് എന്ന് സ്റ്റെല്ലക്ക് മനസ്സിലായില്ല എങ്കിലും പോകുന്ന വഴിയേ മറ്റെന്തെങ്കിലും കാര്യമുണ്ടാകാമെന്ന് അവൾ വിചാരിച്ചു…!!
ഒരു കണക്കിന് ഇത് നന്നായി തങ്ങൾക്ക് വന്ന ഗിഫ്റ്റിനെ പറ്റി ചോദിക്കുവാൻ ഇതാണ് കൃത്യമായ സമയം എന്ന് അവൾക്ക് മനസ്സിലായി.
” ശിവ ഞാനൊരു കാര്യം ചോദിക്കട്ടെ ? ”
” യെസ്..! പ്ലീസ് ”
” എൻറെ മോളുടെ ബർത്ത്ഡേക്ക് ഞങ്ങൾക്ക് കുറച്ച് എക്സ്പെൻസിവ് ആയ ചോക്ലേറ്റ്സ് ഗിഫ്റ്റ് ആയി വന്നിരുന്നു..!! അത് ശിവ ആണോ അയച്ചത് ? ”
അവൾ ചോദ്യത്തിന് പുറമെ അവന്റെ മുഖ ഭാവം ശ്രെദ്ധിച്ചു കൊണ്ടിരുന്നു.
” ചോക്ലേറ്റ് ഇഷ്ടപ്പെട്ടോ ? ”
അവളുടെ ചോദ്യത്തിന് ഒരു മറു ചോദ്യമാണ് ശിവ നൽകിയത്.
” യെസ്..! ഗുഡ്… ചോക്ലേറ്റ്സ് നന്നായിരുന്നു ”
” അത് ഞാൻ തന്നെയാണ് അയച്ചത് സ്റ്റെല്ലയുടെ വാട്സ്ആപ്പ് സ്റ്റാറ്റസിൽ കുഞ്ഞിൻറെ ബർത്ത് ഡേ സ്റ്റോറി ഞാൻ കണ്ടിരുന്നു..!! പിന്നെ അയക്കുമ്പോൾ നല്ലത് അയക്കണ്ടേ അതുകൊണ്ടാണ് തുർക്കിഷ് ചോക്ലേറ്റ് തന്നേ സെലക്ട് ചെയ്തത് ”
” ഓഹ്.. ഒക്കേ..!! താങ്ക്യു ”
അവൻറെ ഉത്തരം അവൾക്ക് സ്വീകാര്യമായിരുന്നു.
” എന്താ ഇഷ്ടമായില്ലേ ?? ”
” അത് കൊണ്ടല്ല..!! നേരിട്ട് ഒരു താങ്ക്സ് പറയാൻ വേണ്ടിയാണ് ചോദിച്ചത് അല്ലാതെ മറ്റൊന്നുമില്ല. ”
തന്റെ സംശയം മുഴുവൻ ആയി തീർന്നില്ല എങ്കിലും അവൾ പിന്നീട് ഒന്നും ചോദിക്കാൻ പോയില്ല.
കാർ പതിവിലും വിപരീതമായി പതുക്കെയാണ് പോകുന്നതെന്ന് ഇതിനകം സ്റ്റെല്ല തിരിച്ചറിഞ്ഞിരുന്നു എങ്കിലും അവൾ ഒന്നും മിണ്ടാതെ വണ്ടിയിൽ തന്നെ ഇരുന്നു.
കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ തന്നെ ആൽബിന്റെ കോൾ വന്നത് അവൾ അപ്പോൾ തന്നെ അറ്റൻഡ് ചെയ്തു.
” പെണ്ണെ.. എന്നാ പരിപാടി ?? ”
” ഒന്നുമില്ല ആൽബി സൈറ്റിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്..!! ”
” ആരൊക്കെയുണ്ട് ?? ”
” ഞാനും ശിവയും ആൾടെ പി എയും ഉണ്ട് ഞാൻ പറഞ്ഞിട്ടില്ലേ.. ? ”
സ്റ്റെല്ല ശിവയുടെ മുഖത്ത് നോക്കാതെ ആൽബിനോട് ഒരു കള്ളം പറഞ്ഞു.
” ആണോ തിരക്കിലാണോ ? എങ്കിൽ പിന്നെ വിളിക്കാം ”
അതും പറഞ്ഞ് ആൽബിൻ കോൾ കട്ട് ചെയ്തു.
” എന്തിനാ നുണ പറഞ്ഞത് ? ”
ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് തിരിക്കുന്നതിനിടയിൽ ശിവ ചോദിച്ചു.
” ഒന്നുമില്ല കുറച്ചുപേർ കൂടെയുണ്ടെന്ന് അറിഞ്ഞാൽ പുള്ളിക്ക് ഒരു ധൈര്യം ആയിരിക്കും ”
അവളുടെ മറുപടിക്ക് അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്.
സിൽക്ക് ബോർഡിലെ ട്രാഫിക്കിൽ കുരുങ്ങിക്കിടക്കുമ്പോൾ ആണ് അവർക്കിടയിലേക്ക് ഒരു കൊട്ടപ്പൂവുമായി ഒരു സ്ത്രീ നടന്നു അടുത്തത്.
ഡ്രൈവിംഗ് സീറ്റും ലക്ഷ്യമാക്കി വന്ന ആ സ്ത്രീയെ കണ്ടതും ശിവ ഗ്ലാസിന്റെ ഡോർ താഴ്ത്തി.
