“”…കുഞ്ഞിനെതന്നേച്ച് നീയും കൈകഴുകിവാ..!!”””_ എന്നുംകൂട്ടിച്ചേർത്ത് കുഞ്ഞിനെയവന്റെ കയ്യീന്നുമേടിച്ചിട്ട് അവനെതള്ളി റൂമിലേയ്ക്കുവിട്ടു…
“”…ജോക്കുട്ടാ… ക്യാഷ്..!!”””_ അവൻ റൂമിലേയ്ക്കുകേറാൻ തുടങ്ങുമ്പോൾ പെട്ടെന്നോർമ്മവന്ന ഞാൻ ബാഗുമായി പിന്നാലെചെന്നു…
“”…ആഹ്.! എടീ… അതുമേടിച്ചലമാരയിൽ വെച്ചേക്ക്..!!”””_ കേട്ടതും കുഞ്ഞിനേംകൊണ്ട് റൂമിലേയ്ക്കുവന്ന ചേച്ചി എന്റെകയ്യിൽനിന്നും ബാഗുവാങ്ങി…
അലമാരയിലേയ്ക്കു വെയ്ക്കാനായിതുടങ്ങീതും എനിയ്ക്കുസംശയം;
“”…അപ്പോളെണ്ണി നോക്കുന്നില്ലേ..??”””
“”…നീയെണ്ണിയില്ലേ..??
“”…എണ്ണി..!!”””
“”…പിന്നെന്തോത്തിനാ ഇനീമെണ്ണുന്നേ..?? എപ്പോഴുമെണ്ണിയാലിതു പൊലിച്ചു വരുവൊന്നുമില്ലല്ലോ..!”””_ എന്റെ ചോദ്യത്തിനവൻ മറുചോദ്യംചോദിച്ചതും എന്റെ കണ്ണുനിറഞ്ഞു…
ജീവിതത്തിലിതുവരെ സ്വന്തംതന്തയോ വീട്ടുകാരോ തന്നിട്ടില്ലാത്തവിശ്വാസം ആ മലമൂട്ടിൽക്കിടന്ന ഒരാഴ്ച്ചമാത്രം പരിചയമുള്ളൊരുത്തൻ കാണിയ്ക്കുന്നെന്നു പറയുമ്പോൾ…
“”…ചോദിയ്ക്കാൻ വിട്ടുപോയി… നിനക്കു വഴിച്ചിലവിനു കാശുവല്ലതുംവേണോ..??”””_ ഷർട്ടൂരിക്കൊണ്ടവൻ വീണ്ടും ചോദ്യമിട്ടതും, കണ്ടദിവസംമുതൽ മനസ്സിലവനെ തെറിപറഞ്ഞതിനും പുച്ഛിച്ചതിനും മനസ്സുകൊണ്ടു ക്ഷമപറയുവായ്രുന്നു…
കൂട്ടത്തിലവന്റെ ചോദ്യത്തിന്,
“”…വേണ്ട..!!”””_ ന്നു മറുപടിയുംകൊടുത്തു…
“”…വേണേലെടുത്തോടാ… കൂടുതൽ ജാഡയൊന്നും കാണിക്കണ്ട..!!””
“”…ഏയ്.! എന്റെലുണ്ട്… അതുകൊണ്ടാ..!!”””
“”…ആം.! ഇനിയെപ്പോളേലും വേണോന്നുതോന്നിയാൽ ഇവളോടുചോദിച്ചാ മതി..!!”””_ ചേച്ചിയെ ചൂണ്ടിപ്പറഞ്ഞതിന് തലയുംകുലുക്കിക്കൊണ്ടിറങ്ങി നടക്കുമ്പോൾ ശെരിയ്ക്കുമെന്റെ കണ്ണുനനഞ്ഞിരുന്നു…
കാരണം, ഇതിനുമുന്നേ അങ്ങനൊരുവാക്കെന്നോടു പറഞ്ഞിട്ടുണ്ടേൽ അതെന്റെ കീത്തുവേച്ചിമാത്രമാ…
“”…എന്തോപറ്റി..?? എന്തായിത്രേം ലേറ്റായെ..??”””_ റൂമിൽവന്ന് ഫ്രഷാവാനായി അലമാരയിൽനിന്നും ഡ്രസ്സെടുക്കുമ്പോഴാണ് പിന്നാലെകേറിവന്ന മീനാക്ഷിയുടെചോദ്യം…
“”…അവടെ നൈസാ.! ഇരുന്നാൽ സമയമ്പോണതറിയൂല..!!”””_ മാറിയിടാനുള്ള ഷോർട്സും ബനിയനുമായി ബാത്ത്റൂമിലേയ്ക്കു കേറുന്നതിനിടയിലായ്രുന്നൂ എന്റെമറുപടി…
“”…ഷോപ്പെങ്ങനാ..?? ഒത്തിരിവലുതാണോ..??”””_ പിന്നാലെവന്നയവൾ ബാത്ത്റൂം ഡോറിനുപുറത്തുനിന്ന് ചോദിച്ചപ്പോൾ അതേന്നു മറുപടികൊടുത്തെങ്കിലും മനസ്സിൽ, ഇവൾക്കിതെന്തോപറ്റിയെന്ന ചിന്തയായ്രുന്നു…
തൊട്ടടുത്തനിമിഷം താഴെനിന്നും ചേച്ചിയെന്നെ വിളിച്ചതിന്,
“”…അവൻ കുളിയ്ക്കുവാ..!!”””_ ന്നുള്ള മറുപടിയും അവൾതന്നെ പറഞ്ഞപ്പോൾ,
…കട്ടുതിന്നുന്ന കൂട്ടത്തിൽ ഇവളിനി വാക്കല്ലാതെന്തേലും വാരി വായിലിട്ടോന്നൊരു സംശയവുമെനിയ്ക്കു തോന്നാതിരുന്നില്ല…
പിന്നെ പെട്ടെന്നുതന്നെ കുളിച്ചുവേഷവുംമാറി ഇട്ടിരുന്നത് ബക്കറ്റിലെ വെള്ളത്തിലേയ്ക്കു മുക്കിവെച്ച് ഞാനും താഴത്തേയ്ക്കുചെന്നു…
അവനന്നേരം കഴിയ്ക്കാനിരുന്നിരുന്നു…
എന്നെക്കണ്ടതും ചേച്ചിയെന്നേയും വിളിച്ചിരുത്തി ചോറുവിളമ്പി…
“”…അങ്കിളോ..??”””_ കഴിയ്ക്കാനുള്ള ചോറുകുഴച്ചുകൊണ്ട് ഞാൻചോദിച്ചു…
അതിന്,
“”…അച്ഛനു കൃത്യമൊരുമണിയാകുമ്പോൾ ഭക്ഷണംകിട്ടണം… അതും പറമ്പിലാണേൽ പറമ്പിൽകൊടുക്കണം… അതുഞങ്ങളാരേലും കൊണ്ടോയ്ക്കൊടുക്കും..!!”””_ ചേച്ചിയാണു മറുപടിപറഞ്ഞത്…
“”…ഇന്ന് ഞാനും മീനൂട്ടീയുംകൂടിയാ ചോറുംകൊണ്ടുപോയെ..!!”””_ ഇടയ്ക്കുകേറിയ അമ്മയൊന്നു മീനാക്ഷിയെ തള്ളിയപ്പോൾ,
…ഓഹ്.! വല്യ കാര്യായ്പ്പോയ്.!എന്നമട്ടിൽ ഞാനവളെയൊന്നു നോക്കി…
അവളപ്പോൾ ഡയനിങ്ഹോളിന്റെ വശത്തായുള്ള സെറ്റിയ്ക്കുമേൽ തക്കുടൂന്റെയൊരു ടെഡ്ഡിയുമായിരിപ്പുണ്ടായ്രുന്നു…
“”…ചേച്ചി കഴിച്ചോ..??”””_ വിളമ്പിത്തരുന്നയാളോടുള്ള സാമാന്യമര്യാദ കാണിയ്ക്കാന്നുവെച്ചതും, അമ്മയും ജോയുമെന്തോ വലിയതമാശകേട്ടപോലെ ചിരിച്ചോണ്ടെന്നെനോക്കി…
ശേഷം,
“”…എന്റെമോനേ… അവക്കിവൻവന്നു കഴിച്ചിട്ട് അവന്റെച്ചിൽപാത്രത്തീന്നു കഴിയ്ക്കാതെ ഒരു സമാധാനോങ്കിട്ടൂല..!!”””_ അമ്മയതുപറഞ്ഞപ്പോൾ ചേച്ചിയുടെ മുഖമൊന്നുചുവന്നു…
