ട്വിൻ ഫ്ലവർസ് – 1 31അടിപൊളി  

ഏഴര വരെ ഞങ്ങൾ ഓരോന്ന് പറഞ്ഞ്‌ അവിടെ തന്നെ ഇരുന്നു.

“അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു.” ഗായത്രി വളരെ സന്തോഷത്തോടെ പറഞ്ഞു.

“ഇത്ര എൻജോയ്മെന്റ് ഞാൻ പ്രതീക്ഷിച്ചില്ല.” അതികാംക്ഷയോടെ അഭിനവ് അല്‍പ്പനേരം വെള്ളത്തില്‍ നോക്കി നിന്നിട്ട് നെടുവീര്‍പ്പിട്ടു.

കുട്ടികൾ ഉറക്കം തുടങ്ങാൻ തുടങ്ങിയതും ഞങ്ങൾ പോകാൻ തീരുമാനിച്ചു.

അങ്ങനെ ഓരോരുത്തരും അവരവരുടെ അഭിപ്രായം പറഞ്ഞു കൊണ്ടാണ് തിരികെ നടന്നത്. വണ്ടി പാർക്ക് ചെയ്തിരുന്നു സ്ഥലത്ത്‌ വന്നതും കുടിക്കാന്‍ വെള്ളവും ജ്യൂസും ഞാൻ എല്ലാവർക്കും വാങ്ങി കൊടുത്തു.

അതുകഴിഞ്ഞ്‌ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി അവര്‍ക്ക് കഴിക്കാൻ ഉള്ളതും കളിക്കാന്‍ ഉള്ളതും ഒരുപാട്‌ വാങ്ങിച്ചു കൊടുത്തു. അവരുടെ സന്തോഷവും ചിരിയും കണ്ടപ്പോ വല്ലാത്ത തൃപ്തി എനിക്ക് കിട്ടി. എന്റെ മനസ്സ് നിറഞ്ഞു.

“എന്തിനാ ബ്രോ ഇത്രയും കാശ് ചിലവാക്കി ഇതൊക്കെ വാങ്ങിച്ചു കൊടുത്തത്?” വാങ്ങിച്ചു കൂട്ടിയ കളിപ്പാട്ടങ്ങളും കഴിക്കാനുള്ള സാധനങ്ങളും കണ്ട് കണ്ണു തള്ളിയ രാഹുല്‍ ചോദിച്ചു.

സത്യത്തിൽ അവന്റെ ചോദ്യം എന്റെ ഉള്ളില്‍ ദേഷ്യത്തേയാണ് ഉണര്‍ത്തിയത്.

ഒരു ദിവസത്തെ ആയുസ് പോലും എന്റെ മോൾക്ക് ഉണ്ടായിരുന്നില്ല. അവളെ കൊതി തീരെ കാണാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. അവളെ പൊന്ന് പോലെ വളര്‍ത്താനും, അവള്‍ക്ക് കളിപ്പാട്ടങ്ങള്‍ വാങ്ങി കൊടുക്കാനും, സ്നേഹത്തോടെ അവളെ മാറോട് ചേര്‍ത്തു പിടിച്ച് കൊഞ്ചിക്കാനും, എന്നെ പപ്പാ എന്ന് വിളിച്ചു കേള്‍ക്കാനുമൊക്കെ എത്രമാത്രം ഞാൻ ആഗ്രഹിച്ചു എന്ന് എനിക്കേ അറിയൂ. പക്ഷേ ആ ഭാഗ്യം ഒന്നും എനിക്ക് പറഞ്ഞിട്ടില്ല.

“കളിപ്പാട്ടങ്ങള്‍ എന്തിന് വാങ്ങിയെന്ന് കുട്ടികൾ അതു വച്ച് കളിക്കുമ്പോ നിങ്ങള്‍ക്ക് മനസ്സിലായിക്കോളും. പിന്നെ കഴിക്കാനുള്ളത് കുട്ടികള്‍ മത്സരിച്ച് കഴിക്കുമ്പോ നിങ്ങൾ അതിനെ കണ്ട് ആസ്വദിച്ചാൽ മതി.” അല്‍പ്പം കടുപ്പിച്ച് ഞാൻ പറഞ്ഞതും അവരൊക്കെ അസ്വസ്ഥതയോടെ പരസ്പരം നോക്കി.

ഞാൻ ആരെയും മൈന്റ് ചെയ്യാതെ കുട്ടികളുടെ സന്തോഷിച്ച് ചിരിക്കുന്ന മുഖങ്ങളെ നോക്കി നിന്നു.

ഡാലിയ അവരെ മാറ്റി നിര്‍ത്തി കുറച്ചുനേരം എന്തോ സംസാരിച്ചു. അത് കഴിഞ്ഞ് അവള്‍ എന്റെ അടുത്തേക്ക് വന്നു.

“സോറി ഡാലിയ, നിന്റെ കൂട്ടുകാരോട് ഞാൻ അങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു.” ഞാൻ അവളോട് ക്ഷമ ചോദിച്ചു.

“എന്താ ചേട്ടാ ഇത്… എന്നോട് ഇങ്ങനെ ക്ഷമ ഒന്നും ചോദിക്കല്ലേ.” ഡാലിയ സങ്കടപ്പെട്ടു.

അപ്പോഴേക്കും ഞങ്ങൾക്ക് ചുറ്റും കൂടിയ രാഹുലും മറ്റുള്ളവരെയും ഞാൻ നോക്കി. “സോറി രാഹുല്‍ ബ്രോ… ഒന്നും ചിന്തിക്കാതെ പെട്ടന്ന് ഞാൻ എന്തൊക്കെയോ പറഞ്ഞു പോയി.”

“ഹാ, ബ്രോ വിഷമിക്കേണ്ട.” രാഹുല്‍ എന്റെ തോളില്‍ തട്ടി. “ബ്രോയ്ക്ക് കുട്ടികളോടുള്ള സ്നേഹം കാരണം അതൊക്കെ വാങ്ങി കൊടുത്തു. ഞാൻ അത് മനസ്സിലാക്കാതെ ചോദ്യം ചെയ്തു. നിന്റെ വായിൽ നിന്ന് എനിക്ക് കിട്ടേണ്ടത് കിട്ടിയപ്പോ എനിക്ക് സമാധാനമായി.”

അവന്‍ പറഞ്ഞ ആ രീതി കേട്ട് ഞാൻ ചിരിച്ചുപോയി. ഉടനെ മറ്റുള്ളവരും ആശ്വാസത്തോടെ ചിരിച്ചു.

“ശെരി, ഇനി വീട്ടില്‍ പോകാം. കുട്ടികള്‍ക്ക് ഇറങ്ങാനുള്ള സമയമായി.” അശ്വതി പറഞ്ഞതും പോകാൻ ഞങ്ങൾ തയാറായി.

“പിന്നേ ബ്രോ, ഇപ്പൊ വണ്ടി ഞാൻ ഓട്ടിക്കാം.” താക്കോലിനായി അഭിനവ് കൈ നീട്ടി. ഞാൻ ചാവി കൊടുത്തു.

അവന്റെ ഭാര്യ അശ്വതിയും അവരുടെ മോളും, പിന്നെ ഡാലിയയും ബാക് സീറ്റില്‍ കേറി. ഞാൻ മുന്നിലും. വണ്ടി അവന്‍ എടുത്തു.

“ചേട്ടന്റെ മനസ്സ് ഭയങ്കര സോഫ്റ്റാണ്, കേട്ടോ.” ചിരിച്ചുകൊണ്ട് അശ്വതി പിന്നില്‍ നിന്നും പറഞ്ഞു. “ആദ്യം കണ്ടപ്പോ ആരോടും അടുക്കില്ല എന്ന് ഞാൻ വിചാരിച്ചു.”

അതുകേട്ട് ഞാൻ പൊട്ടിച്ചിരിച്ചു. “അത്ര സോഫ്റ്റ് ഒന്നുമല്ല. ഒരു കാര്യവുമില്ലാതെ ഞാൻ രാഹുലിന്റെ മെക്കിട്ടു കേറിയത് കണ്ടില്ലേ?”

“അശ്വതി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.” അഭിനവും പറഞ്ഞു. “ആദ്യം കണ്ടപ്പോ മുഖത്ത് അത്ര ചിരിയില്ല…. ഒരു സീരിയസ് ഭാവം…. കണ്ണില്‍ കനത്ത ഗൗരവം…. ആരോടും സംസാരിക്കാന്‍ താല്‍പര്യം ഇല്ലാത്ത വ്യക്തിയെ പോലെ തോന്നി. പക്ഷേ അങ്ങനെ അല്ലെന്ന് ഇപ്പൊ മനസ്സിലായി.”

അതൊക്കെ കേട്ട് ഞാൻ പുഞ്ചിരിക്കുക മാത്രമാണ്‌ ചെയ്തത്‌.

പുറകില്‍ ഡാലിയ അശ്വതിയോട് ശബ്ദം താഴ്ത്തി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. വല്ലപ്പോഴും ചില വാക്കുകൾ മാത്രം എന്റെ കാതില്‍ വീണു. അതിൽ നിന്നും അവള്‍ എന്നെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് മനസ്സിലായി. പക്ഷേ ഞാൻ അത് ശ്രദ്ധിക്കാതെ ഇരുന്നു.

ഡാലിയയുടെ വീട്ടുമുറ്റത്ത് അഭി വണ്ടി നിര്‍ത്തിയതും ആന്റി പുറത്തേക്ക്‌ വന്നു.

മൂന്ന്‌ വണ്ടികളിൽ നിന്നും ഞങ്ങൾ എല്ലാവരും ഇറങ്ങി. ഞാൻ ചെന്ന് എന്റെ വണ്ടിയുടെ ഡ്രൈവിങ് സീറ്റില്‍ കേറാന്‍ പോയതും ഡാലിയ എന്റെ മുന്നില്‍ കേറി നിന്ന് എന്നെ തടഞ്ഞു.

“ചേട്ടൻ വീട്ടില്‍ കേറുന്നില്ലേ?”

“ഇല്ല. വല്ലാത്ത ക്ഷീണം. ഞാൻ പോണു.”

എന്റെ മറുപടി കേട്ട് എല്ലാ മുഖങ്ങളും വാടിയത് കണ്ട് ആശ്ചര്യം തോന്നി. പരിചയപ്പെട്ട് ഏതാനും മണിക്കൂറുകൾ മാത്രമേ ആയുള്ളു. പോരാത്തതിന് രാഹുലോടും ദേഷ്യപ്പെട്ടു. എന്നിട്ടും എന്നോട് ഇത്ര അടുപ്പം എന്തിനാണ് തോന്നുന്നത്!!

“എന്തു ക്ഷീണം..!” ആന്റി മുഖം കോട്ടി ചോദിച്ചു.

“അതുപിന്നെ.. ആന്റി—”

“എനിക്കൊന്നും കേള്‍ക്കേണ്ട. മര്യാദയ്ക്ക് വണ്ടി ഓഫാക്കി വീട്ടില്‍ കേറ്. ഇന്നു രാത്രി നീ ഇവിടെ കിടക്കുമെന്ന് നിന്റെ വല്യമ്മയോട് ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞു.”

“അടിപൊളി.” രാഹുല്‍ സന്തോഷത്തോടെ പറഞ്ഞു. “എന്റെ ബ്രോ, ഇന്ന് ഇവിടെ നമുക്ക് കഥയും പറഞ്ഞിരിക്കും.”

“ഓണപ്പാട്ടും ഓണത്തല്ലും ഒക്കെ വേണം.” രാഹുല്‍ അഭിപ്രായപ്പെട്ടു.

“നമ്മുടെ ജിം അഭിനവ് ഉണ്ടല്ലോ, അവനെ കൊണ്ട്‌ ആരെയെങ്കിലും തല്ലിക്കാം.” ഫ്രാന്‍സിസ് പറഞ്ഞതും എല്ലാവരും ചിരിച്ചു.

“ആന്റി, ഞാൻ വീട്ടില്‍ പോയിട്ട് വരാം.”

“വേണ്ട. നി പോകും, പക്ഷേ തിരിച്ചു വരില്ല.” ആന്റി പറഞ്ഞത് കേട്ട് ആരൊക്കെയോ അടക്കി ചിരിച്ചു.

“ഞാൻ പോയി കുളിച്ചിട്ട് വരാം ആന്റി.” ഞാൻ തല ചൊറിഞ്ഞു.

“ഇവിടെ ഏഴു റൂമുണ്ട്, ഏഴ് ബാത്റൂമുണ്ട്, കുളിക്കാന്‍ വെള്ളവുമുണ്ട്.” ആന്റോ ഗൗരവത്തിലായി.

എല്ലാവരും എന്റെയും ആന്റിയുടെയും സംഭാഷണമെല്ലാം വളരെ കൗതുകത്തോടെയാണ് നോക്കി നിന്നത്. ചിലരൊക്കെ ചിരിക്കുന്നത് കേട്ടു. ഏതു നിമിഷവും പൊട്ടിച്ചിരിക്കുമെന്ന പോലെയാണ് ഡാലിയ നിന്നത്.

“കുളിച്ചിട്ട് മാറാൻ എനിക്ക് ഡ്രസ് ഇല്ലല്ലോ, ആന്റി. അതുകൊണ്ടാ വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞത്.”

Leave a Reply

Your email address will not be published. Required fields are marked *