“എന്റെ ഡെയ്സിയേക്കാൾ വിലപ്പെട്ട നിധിയെ എനിക്ക് കിട്ടില്ല, വല്യച്ചാ. മറ്റൊരു നിധിയെ അന്വേഷിച്ച് സ്വന്തമാക്കാനും എനിക്ക് താല്പര്യമില്ല.”
വല്യച്ചന്റെ കണ്ണില്‍ നോക്കി ഞാൻ അങ്ങനെ പറഞ്ഞതും ആ മുഖം വാടി. വല്യച്ചൻ ഒന്നും പറയാതെ നിന്നു.
“പക്ഷേ ഇത്രയും മാസം നിങ്ങളില്‍ നിന്നൊക്കെ അകന്നു നിന്നതിൽ എനിക്ക് കുറ്റബോധമുണ്ട്. ഇനി അങ്ങനെ സംഭവിക്കില്ല.”
സാവധാനം പുഞ്ചിരിയോടെ പറഞ്ഞിട്ട് തിരിഞ്ഞ് പടി കേറുമ്പോൾ വല്യമ്മ അടുക്കള നടയില്‍ വിഷമിച്ച് നിന്ന് എന്നെയും വല്യച്ചനെയും മാറിമാറി നോക്കുന്നത് കണ്ടു.
എന്റെ റൂമിൽ കേറി ഷവറിന് താഴെ നിൽക്കുമ്പൊ, എപ്പോഴും ഞാനും ഡെയ്സിയും ഷവറിന് താഴെ കെട്ടിപ്പിടിച്ചു നിന്ന് കുളിക്കാറുള്ള കാര്യം ഓര്‍ത്തു പോയി. പിന്നെയും മനസ്സിൽ വേദന നിറഞ്ഞു.
ഡെയ്സി മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് അവള്‍ പറഞ്ഞ കാര്യത്തെ പിന്നെയും ഞാൻ ഓര്‍ത്തു.
“ഞാനും റൂബി ചേട്ടന്റെ അമ്മയെ പോലെ പ്രസവത്തിനിടെ മരിച്ചാല്‍ ചേട്ടൻ ഒരിക്കലും ചേട്ടന്റെ അച്ഛനെ പോലെ മാറരുത്, കേട്ടല്ലോ..!!” എന്റെ മടിയില്‍ എന്നെയും കെട്ടിപിടിച്ച് ഇരിക്കുമ്പോഴാണ് ഡെയ്സി പെട്ടന്ന് അങ്ങനെ പറഞ്ഞത്.
അവളുടെ വാക്കുകൾ ഒരു പ്രഹരമായിട്ടാണ് എന്റെ ഹൃദയത്തിൽ കൊണ്ടത്. എന്റെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞതും ഡെയ്സി വേവലാതിപ്പെട്ട് എന്നെ കൂടുതൽ മുറുകെ ചേർത്തു പിടിച്ചു. “ഞാൻ ഭയങ്കര സീരിയസായിട്ടാ പറഞ്ഞത്.” അവളുടെ സ്വരം ഇടറിയിരുന്നു.
പ്രസവത്തിനിടയ്ക്ക് അവള്‍ മരിക്കുമെന്ന് ഉള്‍വിളി ലഭിച്ചു കാണും. അതുകൊണ്ടാവാം അവൾ ജീവിച്ചിരുന്ന അവസാനത്തെ ആ ആഴ്ച മുഴുവനും അവളെനിക്ക് ഒരുപാട് ഉപദേശങ്ങള്‍ തന്നത്. ആ അവസാനത്തെ ആഴ്ച്ച എന്റെ ശരീര ഭാഗം പോലെ എന്നോട് പറ്റിച്ചേർന്നാണ് അവള്‍ ജീവിച്ചത്. ആ ഒരു ആഴ്ചയും അവള്‍ ഇരിക്കുന്നത് എന്റെ മടിയില്‍ മാത്രവും, കിടക്കുന്നത് എന്റെ മാറിൽ മാത്രവും ആയിരുന്നു. ഭക്ഷണം പോലും ഞാൻ വാരി കൊടുക്കണമെന്ന് ശാഠ്യം പിടിച്ചിരുന്നു. അവളുടെ എന്ത് ആവശ്യവും സന്തോഷത്തോടെ തന്നെ നിറവേറ്റി ഞാൻ കൊടുത്തിരുന്നു.
അവസാനം, ഒരാഴ്ച കഴിഞ്ഞ് എന്റെ ഡെയ്സി എന്നെ വിട്ടു പോകുക തന്നെ ചെയ്തു, ഒപ്പം ഞങ്ങളുടെ കുഞ്ഞും. എന്നെന്നേക്കുമായി അവർ രണ്ടുപേരും എന്നെ വിട്ടു പോയി.
ഷവറിൽ നിന്നും ചീറ്റുന്ന തണുത്ത വെള്ളത്തിന് വേദനയില്‍ പൊള്ളുന്ന എന്റെ മനസ്സിനെ തണുപ്പിക്കാന്‍ കഴിഞ്ഞില്ല. എന്റെ കണ്ണുനീര്‍ ആ തണുത്ത വെള്ളത്തിൽ അലിഞ്ഞു ചേര്‍ന്ന് കൊണ്ടിരുന്നു.
“മരണം നിന്നെ കീഴ്പ്പെടുത്താൻ പോകുന്നുവെന്ന് ശെരിക്കും നിനക്കറിയാമായിരുന്നു, അല്ലേ?” കണ്ണുകൾ ഇറുക്കിയടച്ച് ഞാൻ വേദനയോടെ ചോദിച്ചു.
പക്ഷേ മറുപടി തരേണ്ട ദൂരത്തല്ലായിരുന്നു അവള്‍.
“മോനെ…?” വല്യമ്മ ബാത്റൂം വാതിലിൽ മുട്ടി സ്നേഹത്തോടെ വിളിച്ചു. “ഒരു മണിക്കൂറായി മേളിൽ നീ വന്നിട്ട്. കുളി കഴിഞ്ഞില്ലേ?”
“കഴിഞ്ഞു, വല്യമ്മേ. വേഗം ഞാൻ താഴോട്ട് വരാം.” സങ്കടം ഉള്ളിലൊതുക്കി ഞാൻ വിളിച്ചു പറഞ്ഞതും ഒരു മൂളല്‍ മാത്രമാണ് കേട്ടത്.
ഞാൻ വേഗം കുളിച്ച് പുറത്ത് വന്നു.
ഞങ്ങളുടെ വിവാഹം കഴിഞ്ഞ്, ആദ്യമായി ഡെയ്സി എനിക്ക് സമ്മാനിച്ച ടീ ഷര്‍ട്ടും കാർഗോ പാന്റും എടുത്തിട്ടിട്ട് റൂമിന് പുറത്ത് വന്നപ്പോ, പാട്ടും പാടി പടിക്കെട്ടിലിരുന്ന് പത്രവും വായിച്ചു കൊണ്ടിരുന്നു വല്യച്ചനെയാ കണ്ടത്.
ഞാൻ വാരുന്ന ശബ്ദം കേട്ട് പുഞ്ചിരിയോടെ പുള്ളി എഴുനേറ്റ് തിരിഞ്ഞ് നോക്കി. പക്ഷേ എന്റെ വസ്ത്രം കണ്ടതും ചെറിയൊരു ദുഃഖം ആ മുഖത്ത് മിന്നി മറഞ്ഞു.
“വാ, കഴിക്കാം.” വല്യച്ചൻ വിളിച്ചു. ഞാൻ നാല് പടികള്‍ ഇറങ്ങി വല്യച്ചൻ നില്‍ക്കുന്ന സ്റ്റെപ്പിൽ എത്തിയതും വല്യച്ചൻ എന്റെ തോളത്ത് കൈയിട്ടു.
“നിനക്ക് എന്നെക്കാൾ ഉയരം ഉണ്ടെന്ന അഹങ്കാരം അല്ലേടാ നിന്റെ കണ്ണില്‍ ഞാൻ കാണുന്നത്?” പുരികം ഉയർത്തി എന്റെ ചന്തിക്കിട്ട് ഒരടി തന്നതും ഞാൻ ചിരിച്ചുപോയി. അതോടെ മനസ്സിന് ഒരു ആശ്വാസം കിട്ടി.
