കുറെ നേരം മൗനമായി ഞാൻ കരഞ്ഞു. ഒടുവില്‍ മനസ്സിന് ആശ്വാസം ലഭിച്ചതും ഞാൻ വല്യമ്മയ്ക്ക് കവിളിൽ ഉമ്മ കൊടുത്തിട്ട് മാറി നിന്ന് പുഞ്ചിരിച്ചു.
“നിങ്ങൾ രണ്ടുപേരുടെ കാലമൊന്നും കഴിയാറായിട്ടില്ല.” ഞാൻ പറഞ്ഞതും വല്യമ്മ പുഞ്ചിരിച്ചു. “വല്യമ്മയ്ക്ക് മുപ്പത് പോലും തോന്നിക്കില്ല. പക്ഷേ വല്യച്ചന് പെണ്ണ് പിടി കൂടിയത് കൊണ്ട് വല്യച്ചനെ കളഞ്ഞിട്ട് വല്യമ്മ വേറെ—”
“എടാ…. ഡാ…. നിന്നെ സ്നേഹിച്ച് വളര്‍ത്തിയ എന്നോട് തന്നെ നീ ഈ ചതി കാണിക്കണം..!!” പുറകില്‍ നിന്ന് വല്യച്ചന്റെ വിലാപം ഉയർന്നത് കേട്ട് ഞാൻ ഇളിച്ചു കാണിച്ചതും വല്യമ്മ പൊട്ടിച്ചിരിച്ചു.
“ശെരി ചെല്ല്. നല്ലതുപോലെ ഒന്ന് ഉറങ്ങി എണീക്ക്.” വല്യമ്മ എന്റെ തോളില്‍ തട്ടി പറഞ്ഞതും എന്റെ ക്ഷീണം ഒന്നുകൂടി വര്‍ധിച്ചു. ഞാൻ മെല്ലെ പടികള്‍ കയറി മുകളിലേക്ക് ചെന്ന് ബെഡ്ഡിൽ വീണത് മാത്രമേ ഓര്‍മയുള്ളു.
******************
ഡെയ്സി എന്നെ വിട്ടു പോയത് മുതൽ, എന്റെ മനസ്സിന്റെ വേദനയും, ഹൃദയ ഭാരവും, തുടർച്ചയായുള്ള അസ്വസ്ഥതയും, വേദനിപ്പിക്കുന്ന സ്വപ്നങ്ങളും കാരണം, കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് സ്വസ്ഥമായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. പക്ഷേ ഇന്നു ഞാൻ പ്രശ്‌നങ്ങള്‍ കൂടാതെ നല്ലോണം ഉറങ്ങി.
നല്ല ഉന്മേഷവാനായിട്ടാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ സമയം നോക്കിയപ്പഴാ ഞെട്ടിയത്.
“ഇരുപത്തിയേഴ് മണിക്കൂറുകൾ ഞാൻ ഉറങ്ങി യോ?!” വെറുതേയല്ല മനസ്സിന് തെളിച്ചവും ശാന്തതയും ഉണര്‍വ്വും ലഭിച്ചിരിക്കുന്നത്.
ഞാൻ എഴുനേറ്റ് അല്‍പ്പനേരം ഇരുന്നു. നാളെ അത്തമാണ്, ഓണത്തിന്റെ തുടക്കം. കഴിഞ്ഞ മൂന്ന് വര്‍ഷമായി എനിക്ക് ഓണാഘോഷമൊന്നും ഇല്ലായിരുന്നു. പക്ഷേ എല്ലാവരുമൊത്ത് ഈ ഓണം ശെരിക്കും ആഘോഷിക്കണം.
ഞാൻ എഴുനേറ്റ് കുളിച്ച് ഡ്രസ് മാറി താഴെ വന്നപ്പോൾ ആരെയും കണ്ടില്ല. അപ്പോ പുറത്തുനിന്നും കലപില ശബ്ദങ്ങള്‍ കേട്ടതും ഞാൻ അങ്ങോട്ട് ചെന്നു.
പൂമുഖത്ത് വന്ന് മുറ്റത്തേക്ക് നോക്കിയ ഞാൻ വലുതായി പുഞ്ചിരിച്ചു. മധ്യവയസ്ക്കരായ സ്ത്രീകളും, പെണ്‍കുട്ടികളും, ചെറിയ കുട്ടികളുമടക്കം മുപ്പതോളം പേര്‍ ചേര്‍ന്ന് മുറ്റത്ത് പൂക്കളം ഒരുക്കുന്നതാണ് കണ്ടത്. കൂട്ടത്തില്‍ വല്യമ്മയും സോഫിയ ആന്റിയും ഉണ്ടായിരുന്നു. എന്നാല്‍ ആണായി ഒരു കുഞ്ഞിനെ പോലും കാണാന്‍ കഴിഞ്ഞില്ല.
അവസാനം, എന്റെ ഭാര്യയുടെ ഐഡൻഡിക്കൽ ട്വിന്നായ ഡാലിയയെ കണ്ടതും എന്റെ ശ്വാസം നിലച്ചത് പോലെയായി. അവളുടെ രൂപസാദൃശ്യം കാരണമല്ല… ഞാൻ ഇഷ്ട്ടപ്പെട്ട് ഡെയ്സിക്ക് എടുത്തു കൊടുത്ത ആഷ് കളർ കുർത്തിയും സ്കൈ ബ്ലൂ പല്ലാസോ പാന്റുമാണ് ഡാലിയ ധരിച്ചിരുന്നത്. അത് കണ്ടപ്പോഴാ എന്റെ ശ്വാസം നിലച്ചത്.
എന്റെ ഭാര്യയുടെ അതേ ചിരി, അതേ ഭംഗി, അതേ ശരീര പ്രകൃതം, അതേ കേശ സ്റ്റൈലും ഭംഗിയും നീളവും … പെട്ടന്ന് എന്റെ ഹൃദയം നീറി പുകഞ്ഞു.
നിറഞ്ഞു പോയ കണ്ണുകളെ ഞാൻ പെട്ടന്ന് തുടച്ചു. ഇമ വെട്ടാതെ ഞാൻ ഡാലിയയെ നോക്കി നിന്നു. ദൈവം എന്നോട് ഇത്ര വലിയ ക്രൂരത കാണിക്കരുതായിരുന്നു.
പൂക്കളം ഒരുക്കുന്ന തിരക്ക് കാരണം ഇതുവരെ ഞാൻ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. അവരുടെയൊക്കെ കളി പറച്ചിലും, ചിരിയും, അഭിപ്രായങ്ങളും ഒന്നുംതന്നെ എന്റെ ചെവിയില്‍ വീണില്ല. എന്റെ ചിന്ത മുഴുവനും ഡെയ്സി ആയിരുന്നു. നോട്ടം ഡാലിയയുടെ മേലും.
ഒരുപാട് നേരം കഴിഞ്ഞാണ് ഡാലിയ എന്നെ കണ്ടത്. ഉടനെ വിശ്വസിക്കാനാവാത്ത പോലെ അവൾ കണ്ണുകൾ തിരുമ്മി പിന്നെയും നോക്കി. ഞാൻ അവിടെതന്നെ ഉണ്ടെന്ന് കണ്ടതും അവള്‍ എന്റെ അടുക്കലേക്ക് ഓടി വന്ന് മുന്നില്‍ നിന്നു. ഡാലിയ ഓടിയത് കണ്ടിട്ടാണ് മറ്റുള്ളവരുടെ ശ്രദ്ധയിലും ഞാൻ പെട്ടത്.
മുറ്റത്ത് കൂടിയിരിക്കുന്ന ചില ചെറിയ കുട്ടികളെ ഒഴിച്ച് മറ്റെല്ലാവരേയും എനിക്കറിയാം. അവർ എല്ലാവരും എനിക്കൊരു പുഞ്ചിരി തന്നിട്ട് അവരുടെ ജോലിയിൽ മുഴുകി. വല്യമ്മ പുഞ്ചിരിയോടെ കണ്ണ് ചിമ്മി കാണിച്ചു. സോഫിയ ആന്റി അതിശയത്തോടെ എന്നെ നോക്കി നിന്നു. ചിലപ്പോ, ഞാൻ നാട്ടിലേക്ക് വരുമെന്ന് അവർ പ്രതീക്ഷിച്ചു കാണില്ല. അവര്‍ക്ക് ഞാനൊരു പുഞ്ചിരി നല്‍കി. പക്ഷേ പെട്ടന്ന് ദേഷ്യവും സങ്കടവും ആ മുഖത്ത് നിറഞ്ഞു. ഉടനെ ആന്റി മുഖം വെട്ടി തിരിച്ചു.
