വല്യമ്മയുടെ വീട്ടീന്ന് നാല് വീട് മാറിയാണ് ഡെയ്സിയുടെ വീട്. എന്റെ വല്യമ്മയും സോഫിയ ആന്റിയും (ഡെയ്സിയുടെ അമ്മ) അവരുടെ കുട്ടിക്കാലം തൊട്ടേ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. പണ്ടേ അവരുടെ ആ സൗഹൃദം അവരുടെ രണ്ട് കുടുംബത്തിനകത്തേക്കും പടർന്നു വളര്‍ന്നിരുന്നു.
വല്യമ്മക്കും വല്യച്ചന്നും സ്വന്തമായി ഞാൻ മാത്രമേയുള്ളു. സോഫിയ ആന്റിക്ക് ഇരട്ടക്കുട്ടികളായ രണ്ട് പെൺകുട്ടികൾ ആയിരുന്നു. ഡെയ്സിയും ഡാലിയയും. അവർ എന്നെക്കാൾ മൂന്ന് വയസ്സിന് ഇളയതാണ്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് കളിച്ചു വളര്‍ന്നത്.
ഒന്നാം ക്ലാസില്‍ പഠിക്കുന്ന കാലം തൊട്ടെ എനിക്ക് കരാട്ടേയും കളരിയും മര്‍മ്മ ശാസ്ത്രത്തോടും ഹരമായിരുന്നു. അതുകൊണ്ട് എന്റെ വല്യച്ചൻ അപ്പോഴേ അതൊക്കെ പഠിക്കാനുള്ള സാഹചര്യം എനിക്ക് ഒരുക്കിത്തന്നിരുന്നു. സ്കൂളും, കളരിയും, കരാട്ടേ ക്ലാസും, മര്‍മ്മ ശാസ്ത്ര പഠനവും, കവിത എഴുത്തും കൂടാതെ… വീടിന് പുറകിലത്തെ ഞങ്ങളുടെ പറമ്പില്‍ പല തരത്തിലുള്ള കൃഷി പരീക്ഷണങ്ങൾ നടത്തിയും, ഡാൻസ് ടീച്ചറായ വല്യമ്മയിൽ നിന്ന് ഡാൻസ് പഠിച്ചും, വല്യമ്മയ്ക്കൊപ്പം ഡാൻസ് കളിച്ചും,, അപ്പോഴേ തിരക്കു പിടിച്ച ജീവിതമായിരുന്നു എന്റേത്.
എന്റെ വല്യമ്മയും വല്യച്ചനും ഞാനും തമ്മിലുള്ള ബന്ധത്തെ എങ്ങനെ വിവരിക്കണം എന്നറിയില്ല. വല്യമ്മ എന്റെ അമ്മയും ചേച്ചിയും അനിയത്തിയും മോളും കൂട്ടുകാരിയും ഒക്കെയാണ്. ചെറിയ പെണ്‍കുട്ടിയെ പോലെ വല്യമ്മ ഉത്സാഹത്തോടെ എന്റെ കൂടെ കൃഷി സ്ഥലങ്ങളില്‍ ഓടി ചാടി വരുന്നത് കാണുമ്പോ എനിക്ക് ചിരിയും, പക്ഷേ അതിലേറെ സന്തോഷവും തോന്നാറുണ്ട്. വല്യമ്മയെ കണ്ടാൽ ഇപ്പോഴും ചെറുപ്പക്കാരി എന്നെ പറയൂ. എന്റെ കൂടെ ഡാൻസ് കളിക്കുന്നത് വല്യമ്മയ്ക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്കും ഇഷ്ട്ടമാണ്. ഞാൻ വല്യമ്മയുടെ പ്രാണനും, ഡാൻസ് വല്യമ്മയുടെ ശ്വാസവുമാണ്.
വല്യച്ചനും ഒരുപാട് കാര്യങ്ങൾ എനിക്ക് പറഞ്ഞും പഠിപ്പിച്ചും തന്നിട്ടുണ്ട്. കൂട്ടുകാരനെ പോലെ എന്റെ കൂടെ നടന്നിട്ടുണ്ട്. അദ്ദേഹം കേ.എസ്.ഇ.ബി യില്‍ ചീഫ് എന്‍ജിനീയര്‍ ആയിരുന്നു. രണ്ട് കൊല്ലം മുന്‍പാണ് റിട്ടയരായത്.
പിന്നേ ഡെയ്സി……. ചെറു പ്രായത്തില്‍ തന്നെ ഞാനും ഡെയ്സിയും പ്രണയബന്ധരായി കഴിഞ്ഞിരുന്നു. ഡെയ്സി എന്റെ ജീവനാണെന്ന പോലെ ഞാൻ അവള്‍ക്ക് പ്രാണനായിരുന്നു.
എന്റെ അമ്മ മരിച്ച ശേഷം അച്ഛൻ ശെരിക്കും തകർന്ന് പോയിരുന്നു. പക്ഷേ എന്നിട്ടും അച്ഛൻ എന്നെ കാണാന്‍ എപ്പോഴും കേരളത്തിലേക്ക് വരുമായിരുന്നു. അച്ഛനെയും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്. അച്ഛന് എന്നെ ജീവനുമാണ്. ഇടയ്ക്കിടയ്ക്ക് അച്ഛൻ എന്നെ തമിഴ്‌നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി, അച്ഛന്റെ ബിസിനസ്സിനെ കുറിച്ചൊക്കെ പറഞ്ഞു തരുമായിരുന്നു. അച്ഛന്റെ ഒരുപാട് വിഐപി സുഹൃത്തുക്കളെയും എനിക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ടായിരുന്നു.
അച്ഛന് ഞാൻ ജീവ നായിരുന്നു . പക്ഷേ എന്നിട്ടും അമ്മ മരിച്ചതിനു ശേഷം അച്ഛന് ജീവിക്കാനുള്ള ആഗ്രഹവും അസ്തമിച്ചിരുന്നു. സ്വന്തം ആരോഗ്യം നോക്കാതേയും, ജീവിതത്തെ അതിന്റെ പോക്കിന് വിട്ടുകൊടുത്തും, ദിവസങ്ങളോളം ഉറക്കമിളച്ചും, ഭക്ഷണം കഴിക്കാതേയും, അസുഖം ചികില്‍സിക്കാതേയുമാണ് അച്ഛൻ ജീവിച്ചത്. അച്ഛനെ ഉപദേശിക്കാനും സഹായിക്കാൻ ശ്രമിച്ചവരേയും അച്ഛൻ അടുപ്പിച്ചിട്ടില്ല. എന്റെ ഉപദേശം കേള്‍ക്കാന്‍ പോലും അച്ഛൻ തയ്യാറായിരുന്നില്ല.
ഒടുവില്‍ ജീവിച്ച് മതിയായെന്ന് തോന്നിയതും വിഷം കഴിച്ച് അച്ഛൻ ആത്മഹത്യ ചെയ്തു. ഞാൻ എം.ബി.എ. കഴിഞ്ഞു നില്‍ക്കുന്ന സമയമായിരുന്നു അത്.
ആത്മഹത്യ ചെയ്യും മുന്‍പ് അവസാനമായി അച്ഛൻ എന്നെ നീലഗിരിയിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നീലഗിരിയിലുള്ള അച്ഛന്റെ വലിയ ലോഡ്ജും, പതിനൊന്ന് കാറുകളും, ആറ് ഏക്കറോളം വരുന്ന തേയില തോട്ടവും, പല സ്ഥലങ്ങളിലായി സ്ഥിതി ചെയ്യുന്ന കുറെ കോട്ടേജുകളും, അത് കൂടാതെ മറ്റും ചിലതുമൊക്കെ എന്റെ പേരില്‍ അച്ഛൻ മാറ്റിയെഴുതുകയുണ്ടായി. അച്ഛന്റെ ബാങ്ക് ബാലന്‍സ് പോലും മൊത്തമായി എന്റെ അക്കൌണ്ടിലേക്ക് ട്രാൻസ്ഫറും ചെയ്തു.
