അതിന് മറുപടിയായി ആന്റി ഒന്നും പറഞ്ഞില്ല. കുറെ നേരം ഞങ്ങൾ മിണ്ടാതിരുന്നു.
“സമയം രണ്ട് കഴിഞ്ഞു മോനെ. നി ചെല്ല്… ചെന്ന് നിങ്ങളുടെ റൂമിൽ കിടക്ക്.”
മുകളില്‍ ഞാനും ഡെയ്സിയും ഉപയോഗിച്ചിരുന്ന റൂമിനെയാണ് ആന്റി ഉദേശിച്ചത്. ഡെയ്സി മരിച്ച ശേഷം ആ റൂമിൽ ഞാൻ കേറിയിട്ടില്ല. ആ മുറിയില്‍ കേറിയാല്‍ എന്റെ പിടിവള്ളി പൊട്ടി ദുഃഖത്തിന്റെ അഗാധങ്ങളിൽ മുങ്ങി പോകുമെന്ന് അറിയാം. അതുകൊണ്ടാണ് വല്യമ്മയുടെ വീട്ടിലും ആന്റിയുടെ വീട്ടിലുമുള്ള ഞങ്ങളുടെ മുറിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാൻ കേറാത്തത്. നീലഗിരിയിൽ ഞാനും ഡെയ്സിയും ജീവിച്ചിരുന്ന കോട്ടേജ് പോലും ഇപ്പോഴും പൂട്ടിയാണ് കിടക്കുന്നത്.
“ആ മുറി എനിക്ക് വേണ്ട, ആന്റി.” ഞാൻ പറഞ്ഞതും മറുപടി പറയാൻ കഴിയാതെ ആന്റി വിഷമിച്ചു.
“അല്‍പ്പം കൂടി ഞാൻ ഇവിടെ ഇരുന്നോട്ടെ. പിന്നീട് ഞാൻ ഹാളില്‍ കിടന്നോളാം.”
ആന്റി ഒന്നും മിണ്ടിയില്ല. അല്‍പ്പനേരം എന്റെ കൂടെ ഇരുന്നിട്ട് ആന്റി എഴുനേറ്റ് പോയി.
ആന്റി പോയതും ഡാലിയ പുറത്തേക്ക് വന്ന് എന്റെ മുന്നില്‍ നിന്നു. ഞാൻ അവളെ നോക്കാതെ അങ്ങനെതന്നെ ഇരിക്കുന്നത് കണ്ടിട്ട് ഡാലിയ കുനിഞ്ഞ് എന്റെ കൈ പിടിച്ചു വലിച്ചു.
“ഇങ്ങനെ ഇരുന്നത് മതി. ചേട്ടൻ വന്നേ.” അവൾ പിന്നെയും പിടിച്ചു വലിച്ചു.
“ഞാൻ ഇവിടെ ഇരുന്നോളാം.” ഞാൻ വാശിപിടിച്ചു.
“പ്ലീസ് ചേട്ടാ.” ദയനീയമായി അവള്‍ കെഞ്ചി.
ഡെയ്സിയുടേയും ഡാലിയയുടെ വോയ്സ് പോലും സെയിമാണ്. അവരുടെ നടത്തവും സംസാരവും പെരുമാറ്റവും പോലും ഒരുപോലെ ഇരിക്കും.
ഇപ്പോൾ ഡെയ്സിയുടെ പോലുള്ള ശബ്ദത്തില്‍ ഡാലിയയുടെ കെഞ്ചൽ കേട്ടപ്പോ എനിക്ക് വേദന സഹിച്ചില്ല… അവളെ അനുസരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ പതിയെ എഴുനേറ്റു.
ഡാലിയ എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. അനുസരണയുള്ള കുട്ടിയെ പോലെ ഞാനും കൂടെ നടന്നു.
ഡാലിയ എന്നെ അവളുടെ മുറിയിലാണ് കൂട്ടിക്കൊണ്ടു പോയത്.
“ചേട്ടൻ ഇവിടെ കിടന്നോ. ഞാൻ നിങ്ങളുടെ മുറിയില്‍ കിടന്നോളാം.” സങ്കടം നിറഞ്ഞ ഒരു പുഞ്ചിരിയോടെ ഡാലിയ പോയി.
ഞാൻ ഡാലിയയുടെ ബെഡ്ഡിൽ കിടന്നു. ചിന്തകൾ പിന്നെയും ഡെയ്സിയിലേക്ക് തിരിഞ്ഞെങ്കിലും ഉറങ്ങാൻ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല.
രാവിലെ പതിനൊന്ന് മണി കഴിഞ്ഞാണ് ഞാൻ ഉണര്‍ന്നത്. ബാത്റൂമിൽ കേറി ഫ്രെഷായി പുറത്ത് വന്നിട്ട് കുറെ നേരം വെറുതെ ബെഡ്ഡിലിരുന്നു.
പുറത്തേക്ക് പോകാൻ ഒരു മടി പോലെ. പക്ഷേ എത്ര നേരം ഇങ്ങനെ ഇരിക്കും. ഒടുവില്‍ എഴുനേറ്റ് ഞാൻ പുറത്തു വന്ന് ഞാനും ഡെയ്സിയും ജീവിച്ചിരുന്ന റൂമിന് മുന്നില്‍ നിന്നു. വാതിൽ തുറന്നാണ് കിടന്നത്. ഞാൻ എത്തി നോക്കി. ഡാലിയ ഇല്ലായിരുന്നു. അല്‍പ്പനേരം മടിച്ചു നിന്ന ശേഷം ഞാൻ താഴേക്ക് വന്നു.
ഹാളില്‍ കുട്ടികൾ ഓടി കളിക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.
“ഇന്നും ഐസ്ക്രീം വാങ്ങി തരില്ലേ, അങ്കിള്‍?” അശ്വതിയുടെ മോള് കീര്‍ത്തി എന്നെ കണ്ടതും ചോദിച്ചു.
“വാങ്ങി തരാമല്ലോ.” അവളുടെ കവിളിൽ എന്റെ വിരൽ കൊണ്ട് പതിയെ ഞാൻ തൊട്ടതും അവള്‍ കുണുങ്ങി ചിരിച്ചു.
ഞാൻ അഞ്ചു കുട്ടികളെയും കുസൃതിയോടെ നോക്കി. “നിങ്ങൾ അഞ്ചു പേരും ഒരുപോലെ രണ്ടു കൈയും രണ്ടു പ്രാവശ്യം പൊക്കി താഴ്ത്തണം . രണ്ട് തവള ചാട്ടം ചാടണം. എന്നിട്ട് രണ്ട് ഇടുപ്പിലും കൈകള്‍ കുത്തി, ഒരു കാല്‍ പൊക്കി പിടിച്ചിട്ട്, ഐസ്ക്രീം വേണമെന്ന് ഉറക്കെ പറയണം.” അങ്ങനെ ചെയ്താല്‍ ഐസ്ക്രീം മാത്രമല്ല നിങ്ങളെ ഞാൻ കൊണ്ടു പോകുന്ന ബേക്കറിയിലുള്ള എന്തു കാണിച്ചാലും അതൊക്കെ ഞാൻ വാങ്ങിത്തരും.
കുട്ടികൾ അഞ്ചും ഒരു മടിയും കൂടാതെ ചിരിച്ചു കൊണ്ട് രണ്ടു പ്രാവശ്യം കൈകൾ പൊക്കുകയും താഴ്ത്തുകയും ചെയ്തു…. രണ്ട് തവള ചാട്ടവും ചാടി…. അവസാനം, രണ്ടു കൈകളും അവർ ഇടുപ്പിൽ കുത്തിപ്പിടിച്ചു, ഓരോ കാലുകള്‍ ഉയർത്തി പിടിച്ചു. “ഞങ്ങൾക്ക് ഐസ്ക്രീം വേണം…” അവർ വിളിച്ചു കൂവി.
അപ്പോൾ വീട്ടു നടയില്‍ നിന്നും ഭയങ്കര പൊട്ടിച്ചിരി കേട്ട് ഞാൻ നോക്കി. ഡാലിയയും, കൂട്ടുകാരികളും, അവരുടെ ഭർത്താക്കന്മാരും എല്ലാം പൊട്ടിച്ചിരിക്കുന്നു. ഞാൻ ചമ്മലോടെ അവരെ നോക്കി നിന്നു.
